Showing posts with label മാങ്ങാ വിഭവങ്ങൾ. Show all posts
Showing posts with label മാങ്ങാ വിഭവങ്ങൾ. Show all posts
Saturday, September 28, 2013

മാങ്ങാത്തൊലികൊണ്ട് കൂട്ടാൻ

മാങ്ങാത്തൊലിയെപ്പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. ഭാവിയിലെ ഉപയോഗത്തിനുവേണ്ടി പച്ചമാങ്ങ ഉണക്കിവയ്ക്കുന്നതിനെയാണ് മാങ്ങാത്തൊലി എന്നു പറയുന്നത്. ഇതുകൊണ്ട് വ്യത്യസ്തമായ  വിഭവങ്ങളുണ്ടാക്കാം. ഇപ്പോൾ ഇവിടെ പറയുന്നത് മാങ്ങാത്തൊലിയും വെളുത്തുള്ളിയും ചേർന്ന രുചികരമായ ഒരു കൂട്ടാനേപ്പറ്റിയാണ്.

നോക്കാമല്ലേ...?

ആവശ്യമുള്ള സാധനങ്ങൾ:
  • മാങ്ങാത്തൊലി - ഏകദേശം 8-10 കഷ്ണങ്ങൾ.
  • വെളുത്തുള്ളി - ഒരു 15-20 അല്ലിയൊക്കെ ആവാം(വലുത്). വെളുത്തുള്ളി ഒട്ടും കുറക്കേണ്ട. അതാണ് ഈ കറിയുടെ ഒരു ഇത്.
  • വറുത്തിടാനുള്ള കറിവേപ്പില, മുളക്, കടുക്
  • മുളകുപൊടി - ആവശ്യത്തിന്
  • കുറച്ചു മഞ്ഞൾപ്പൊടി
  • ഒരു സ്പൂൺ കായം
  • ഒരു സ്പൂൺ ഉലുവാപ്പൊടി
ഉണ്ടാക്കുന്ന വിധം:

മാങ്ങാത്തൊലി വെള്ളത്തിലിട്ട് നാലഞ്ചുമണിക്കൂർ കുതിർക്കുക.
അതിനുശേഷം കഷ്ണങ്ങൾ ചെറുതായി അരിയുക. കുതിർത്ത വെള്ളം കളയേണ്ട. അവിടെ ഇരിക്കട്ടെ.
വെളുത്തുള്ളി ചതച്ചു വയ്ക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചതിട്ട് വഴറ്റുക. വഴന്നു വരുമ്പോൾ മാങ്ങാത്തൊലിക്കഷ്ണങ്ങളും ഇട്ട് വഴറ്റുക.
ബ്രൗൺ നിറമാവാൻ തുടങ്ങിയാൽ മുളകുപൊടിയും ചേർത്ത് ഇളക്കുക. കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. തീ കുറച്ചു വച്ചാൽ മതി. അല്ലെങ്കിൽ മുളകുപൊടി പെട്ടെന്ന് കരിഞ്ഞുപോകും.
മുളകുപൊടി നന്നായി മൂത്ത മണം വന്നാൽ ഇതിലേക്ക് മാങ്ങാത്തൊലി കുതിരാനിട്ട വെള്ളം ഒഴിക്കുക. കായവും ചേർക്കുക. (മാങ്ങാത്തൊലിയിൽ ഉപ്പുള്ളതുകൊണ്ട് ഇനി ഉപ്പു ചേർക്കേണ്ടിവരില്ല). പോരാത്ത വെള്ളവും ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കുറുകാൻ തുടങ്ങിയാൽ വാങ്ങാം. മാങ്ങാത്തൊലി അസ്സലൊരു വെള്ളംകുടിയനായതുകൊണ്ട് ഈ കറി തണുക്കുന്തോറും കട്ടിയാവും. അതുകൊണ്ട് അധികം കുറുകാൻ നിൽക്കേണ്ട.
വാങ്ങിവച്ചശേഷം ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. വളരെ രുചികരമാണ് ഈ കറി. പെട്ടെന്ന് കേടാകുകയുമില്ല. ഉണ്ടാക്കിയ അന്നത്തേക്കാൾ രുചികൂടും പിറ്റേദിവസം ഉപയോഗിച്ചാൽ.

Thursday, July 07, 2011

ഉപ്പുമാങ്ങ അരച്ചുകലക്കി

അരയ്ക്കുക, കലക്കുക. അതാണ് അരച്ചുകലക്കി. തേങ്ങയാണ് പ്രധാന ചേരുവ. തേങ്ങയുടെ കൂടെ ഉപ്പുമാങ്ങ, നെല്ലിക്ക ഇത്യാദികൾ ചേർത്തരച്ചാണ് സാധാരണ അരച്ചുകലക്കി ഉണ്ടാക്കുക. ഇനി, ഇതൊന്നുമില്ലെങ്കിൽ തേങ്ങ മാത്രം അരച്ചും ഉണ്ടാക്കാം. വളരെ ലളിതമായ, പെട്ടെന്നുണ്ടാക്കാവുന്ന, ഒരു കൂട്ടാനാണിത്. ഉപ്പുമാങ്ങ സ്റ്റോക്കുണ്ടെങ്കിൽ ഉപ്പുമാങ്ങ അരച്ചുകലക്കി ഉണ്ടാക്കാം. എങ്ങിനെയെന്ന് പറയാം:
ആവശ്യമുള്ള സാധനങ്ങൾ: 
  • ഉപ്പുമാങ്ങ - വലുപ്പമനുസരിച്ച് ഒന്നോ രണ്ടോ.
  • തേങ്ങ - ഒരു മുറിയുടെ പകുതി
  • കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന് 
  • മുളകുപൊടി, ഉപ്പ് - പാകത്തിന്
  • മോര് - പുളിപ്പിന് ആവശ്യമായത്ര
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉപ്പുമാങ്ങ പൂളിയെടുക്കുക. ഇത് തേങ്ങയും കാന്താരിമുളകും മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. പുളിപ്പിനാവശ്യമായ മോരും ചേർത്തശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒഴിച്ചുകൂട്ടാന്റെ പരുവത്തിൽ കലക്കിയെടുക്കുക. പാകത്തിന് ഉപ്പും ചേർക്കുക.(ഉപ്പുമാങ്ങയിൽ ഉപ്പുള്ളതുകൊണ്ട് അധികം ഉപ്പ് ചേർക്കേണ്ടിവരില്ല)

ഇത് അടുപ്പത്ത് ചെറുതീയിൽ വയ്ക്കുക. പതഞ്ഞുവരുമ്പോൾ വാങ്ങുക. തിളയ്ക്കരുത്.

ഇനി വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഗതി റെഡി. എന്തെളുപ്പം അല്ലേ? വളരെ രുചികരവുമാണ് ഈ വിഭവം. ചോറിന് പറ്റിയത്. ചുട്ട പപ്പടവും കടുമാങ്ങയും പയറില തോരനുമാണ് അരച്ചുകലക്കിയ്ക്ക് പറ്റിയ കൂട്ട്. പണ്ട് ഞങ്ങളുടെ വീട്ടിൽ മിഥുനം-കർക്കിടകമാസങ്ങളിലാണ് അച്ചാർ ഭരണികളും ഉപ്പുമാങ്ങ , ഉലുമാങ്ങ ഭരണികളുമൊക്കെ തുറക്കുന്നത്. അതുകൊണ്ട് അക്കാലത്തെ സ്ഥിരം വിഭവങ്ങളിലൊന്നായിരുന്നു ഈ അരച്ചുകലക്കി.

Saturday, May 21, 2011

ഉപ്പുമാങ്ങ

 ഞങ്ങളുടെ തറവാട്ടുവളപ്പില്‍ മാമ്പഴസമൃദ്ധിയുടെ ഒരു കാലമുണ്ടായിരുന്നു. ചെറിയൊരു കാറ്റു വീശിയാല്‍ മതി, മാമ്പഴം മഴപോലെ പൊഴിയുമായിരുന്നു. ഇറയത്ത് കുന്നുകൂടുന്ന മാങ്ങ പിന്നെ ഉപ്പുമാങ്ങ, ഉലുമാങ്ങ, മാങ്ങാത്തൊലി ഒക്കെയായി രൂപാന്തരപ്പെടും. പഞ്ഞമാസക്കാലത്തേക്കുള്ള കരുതിവയ്ക്കല്‍........ഇതില്‍ ഉപ്പുമാങ്ങയാണ് ഏറ്റവും കൂടുതല്‍  ഉണ്ടാക്കാറ്. വലിയ വലിയ ചീനഭരണികളില്‍..........

പതിവുകളൊക്കെ ഇപ്പോഴും ചെറിയതോതില്‍ തുടരുന്നു...മിക്കവാറും വിലകൊടുത്ത് വാങ്ങിയ മാങ്ങകൊണ്ടായിരിക്കുമെന്നു മാത്രം....നല്ല മാങ്ങ കിട്ടിയപ്പോള്‍ കുറച്ചുപ്പുമാങ്ങയിട്ടു. എങ്ങനെയാണെന്നു പറയാം:

ആവശ്യമുള്ള സാധനങ്ങള്‍:
  • നല്ലയിനം നാട്ടുമാങ്ങ - 5 കിലോ (പൊട്ടിയതും ചതഞ്ഞതുമായ മാങ്ങ ഉപയോഗിക്കരുത്. ഉപ്പുമാങ്ങയ്ക്ക് പച്ചമാങ്ങയാണ് സാധാരണ ഉപയോഗിക്കുക. എന്നിരുന്നാലും, പഴുക്കാന്‍ തുടങ്ങിയ മാങ്ങയും ഞങ്ങള്‍ ഉപ്പിലിടാറുണ്ട്. മധുരവും ഉപ്പും പുളിയുമെല്ലാം കൂടി കലര്‍ന്ന സവിശേഷ രുചിയായിരിക്കും ഈ  ഉപ്പുമാങ്ങയ്ക്ക്).
  • ഉപ്പ് - കൃത്യമായ കണക്ക്  പറയാന്‍ പറ്റില്ല. പച്ചമാങ്ങയാണെങ്കില്‍ ഏകദേശം അരക്കിലോ മതിയാവും. പഴുത്ത മാങ്ങയാണെങ്കില്‍ ഉപ്പ് അതിനനുസരിച്ച് കുറയ്ക്കണം.
  • തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം:
ഉപ്പുമാങ്ങ ഇടാനുദ്ദേശിക്കുന്ന ഭരണി/സ്ഫടികഭരണി വൃത്തിയായി കഴുകി വെയിലത്തുവച്ച് നന്നായി ഉണക്കിയെടുക്കണം.
വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഇത് തണുക്കാന്‍ വയ്ക്കുക.
മാങ്ങ കഴുകി വൃത്തിയാക്കുക.
ഭരണിയിലേക്ക് മാങ്ങ ഇട്ട്  തിളപ്പിച്ചാറിയ ഉപ്പുവെള്ളം ഒഴിക്കുക. മാങ്ങകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കണം. വെള്ളം പോരെങ്കില്‍ വീണ്ടും തിളപ്പിച്ച് ഒഴിക്കണം.
ഏറ്റവും മുകളിലായി കുറച്ചു പച്ചക്കശുവണ്ടി രണ്ടായി മുറിച്ച് (നെയ്യോടുകൂടി) നിരത്തിവയ്ക്കുന്നത് മാങ്ങ കേടാവാതിരിക്കാനും പുഴു വരാതിരിക്കാനുമൊക്കെ നല്ലതാണ്.

ഇനി ഭരണി അടച്ചുവയ്ക്കാം. ചുമ്മാ അടച്ചാല്‍ പോരാ. മെഴുക് ഉരുക്കി ഒഴിച്ചോ മറ്റോ ഭരണി നന്നായി സീല്‍ ചെയ്യണം. അതിനുശേഷം ഏറ്റവും പുറമേ ഒരു തുണിയോ പ്ലാസ്റ്റിക്ക് ഷീറ്റോ വച്ച് മൂടിക്കെട്ടുകയും ചെയ്യാം. ഇനി ഭരണിയെ ശല്യപ്പെടുത്താതെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ സ്ഥാപിക്കുക.
ഒരു മാസമൊക്കെ കഴിഞ്ഞാല്‍ വേണമെങ്കില്‍ ഉപ്പുമാങ്ങ പുറത്തെടുക്കാം. പണ്ടുകാലത്ത് കര്‍ക്കിടകമാസത്തിലാണ് ഉപ്പുമാങ്ങ/ഉലുമാങ്ങ ഭരണിയുടെയൊക്കെ സീല്‍ പൊട്ടിക്കുന്നത്.

ദാ, ഇതാണ് ഉപ്പുമാങ്ങ.
ഉപ്പുമാങ്ങ പിഴിഞ്ഞ് കാന്താരിമുളകും കൂട്ടി ചാലിച്ചെടുത്താല്‍ ഒരു കിണ്ണം ചോറുണ്ണാന്‍ പിന്നെ വേറൊന്നും വേണ്ട.
ഇനി അതല്ല, ഇതുകൊണ്ട്  കൂട്ടാനുകളുണ്ടാക്കണമെങ്കില്‍ അതും ആവാം. (അത് പിന്നീട് പറയാം).

Wednesday, May 04, 2011

പുതുമയുള്ള ഒരു അവിയൽ

ചക്കയും മാങ്ങയും ചീരയും വെള്ളരിയുമൊക്കെ സുലഭമായ വേനല്‍ക്കാലത്ത് ഉണ്ടാക്കാന്‍ പറ്റിയ ഒരു സ്പെഷ്യല്‍ അവിയലാണ് ഇത്തവണ. കാഴ്ചയിലും രുചിയിലും  സാധാരണ അവിയലില്‍നിന്നും ഏറെ വ്യത്യസ്തമാണിത്.
ആവശ്യമുള്ള സാധനങ്ങള്‍:
  • ചക്കക്കുരു, വെള്ളരി, ചുവന്ന ചീര (തണ്ടും ഇലയും വേണം), മുരിങ്ങക്കായ - എല്ലാം തുല്യ അളവില്‍ (ഓരോ പിടി എന്നു വയ്ക്കുക).
  • പച്ചമാങ്ങ - ഒന്ന്
  • കുറച്ച്  മഞ്ഞള്‍പ്പൊടി, മുളകുപൊടി
  • തേങ്ങ - ഒരു മുറിയുടെ പകുതി
  • ജീരകം - ഒരു സ്പൂണ്‍
  • പച്ചമുളക് - 2-3 എണ്ണം
  • പാകത്തിന് ഉപ്പ്
  • കറിവേപ്പില, വെളിച്ചെണ്ണ


ഉണ്ടാക്കുന്ന വിധം:
പച്ചക്കറികളെല്ലാം അവിയലിന് പാകത്തിന് നീളത്തില്‍ അരിയുക. ചീരയുടെ തണ്ടും ഇലയും വെവ്വേറെയും. മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കഷ്ണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. ചക്കകുരു ആദ്യം ഇട്ട് ഒരു വേവാകുമ്പോള്‍ മറ്റു കഷ്ണങ്ങള്‍ ഇട്ടാല്‍ മതി. ചീരയില അവസാനവും. മാങ്ങാക്കഷ്ണങ്ങള്‍ പുളിപ്പിന് ആവശ്യമായത്ര ചേര്‍ത്താല്‍ മതി.  നല്ല പുളിയന്‍ മാങ്ങയാണെങ്കില്‍ വളരെ കുറച്ചുമാത്രം മതിയാവും. പുളി അധികമായാല്‍ സകല സ്വാദും പോവും, പറഞ്ഞേക്കാം.

കഷ്ണങ്ങള്‍ വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും കൂടി ഒതുക്കിയെടുത്തത്  ചേര്‍ത്ത് യോജിപ്പിക്കുക. ( തേങ്ങയുടെ കൂടെ   2-3 ചുവന്നുള്ളിയും ചേര്‍ക്കാം. എനിക്കിഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ ചേര്‍ത്തില്ല).  വാങ്ങിവച്ചശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി, കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ അടച്ചുവയ്ക്കുക. ഇത്രേയുള്ളു!

ഈ പാചകക്കുറിപ്പിന് കടപ്പാട് : ആഗ്നേയ




Monday, May 02, 2011

ഉലുമാങ്ങ

മാങ്ങ ധാരാ‍ളമുള്ള കാലത്ത് ഭാവിയിലേക്ക് കരുതിവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഉണക്കിയും വരട്ടിയും ഉപ്പിലിട്ടുമൊക്കെ പല പല രീതികളിലാണ് ഇത് ചെയ്തിരുന്നത്. അതിലൊന്നാണ് ഉലുമാങ്ങയാക്കി ഭരണിയില്‍ സൂക്ഷിച്ചു വയ്ക്കുക എന്നത്. ഉപ്പും മുളകും ഉലുവയും ചേര്‍ന്ന മിശ്രിതത്തില്‍ മാങ്ങ ഇട്ടുവയ്ക്കുന്നതാണ് ഉലുമാങ്ങ.

ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാം:

അവശ്യമുള്ള സാധനങ്ങള്‍:

  • നല്ല നാട്ടുമാങ്ങ - രണ്ടു കിലോ (ചെറുതായി മധുരം വച്ചു തുടങ്ങിയ മാങ്ങയാണെങ്കില്‍ കൂടുതല്‍ നന്നാവും)
  • കല്ലുപ്പ് - കൃത്യമായ അളവ് പറയാന്‍ പറ്റില്ല. ഏകദേശം150/200 ഗ്രാം
  • മുളകുപൊടി - 100-120 ഗ്രാം
  • ഉലുവാപ്പൊടി -  4-5 സ്പൂണ്‍
  • കായം‌പൊടി - 4-5 സ്പൂണ്‍
  • കുറച്ചു നല്ലെണ്ണ 
  • തിളപ്പിച്ചാറിയ വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:

മാങ്ങ കഴുകി വൃത്തിയാക്കി, ഇരു വശങ്ങളും പൂളുക.  പൂളുകള്‍ മാങ്ങയില്‍നിന്ന് വേര്‍പെടുത്തേണ്ട. ദാ, ഇതുപോലെ:


അതിനുശേഷം മാങ്ങകള്‍ ഉപ്പും ചേര്‍ത്ത് നല്ല അടപ്പുള്ള ഒരു പാത്രത്തില്‍ രണ്ടുദിവസം അടച്ചുവയ്ക്കണം.രണ്ടുദിവസം കഴിഞ്ഞാല്‍ പാത്രത്തില്‍ ഉപ്പുവെള്ളം ഊറിവന്നിട്ടുണ്ടാവും.

ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ മുളകുപൊടി ഇട്ട് നന്നായി ഇളക്കുക. നല്ല മൂത്ത മണം വരണം,എന്നാല്‍ നിറം മാറുകയുമരുത്. ആ ഘട്ടത്തില്‍ തീ അണച്ചശേഷം ഉലുവാപ്പൊടിയും,കായവും, മാങ്ങയിലെ ഉപ്പുവെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. (പഴയ രീതിയില്‍ മുളകുപൊടി വറുക്കുന്ന പരിപാടി അല്ല. മുളകും ഉലുവയും കൂടി വറുത്ത് പൊടിക്കുകയാണ് ചെയ്യുക).

ഇതിലേക്ക് മാങ്ങ ഇട്ടിളക്കുക. വെള്ളം പോരെങ്കില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കാം. മാങ്ങയില്‍ ചാറ് നന്നായി പുരണ്ടിരിക്കണം. ചാറില്‍ ഉവുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനില്‍ക്കണം.

ഉലുമാങ്ങ റെഡിയായി. ഇനി ഇത് നല്ല അടപ്പുള്ള ഒരു ഭരണിയിലോ മറ്റൊ ഇട്ട് നന്നായി അടച്ചുവയ്ക്കുക. ഞാന്‍ ഒരു സ്ഫടികഭരണിയിലാണ് ഇട്ടത്. ഭരണിയുടെ മുകള്‍പ്പരപ്പില്‍ നല്ലെണ്ണയില്‍ മുക്കിയ ഒരു തുണിക്കഷ്ണം വിരിച്ചിടുന്നതും, വക്ക് വിനാഗിയില്‍ മുക്കിയ തുണികൊണ്ട് തുടയ്ക്കുന്നതും പൂപ്പല്‍ വരാതിരിക്കാന്‍ നല്ലതാണ്.

ഒരു മാസം കഴിഞ്ഞാല്‍ ഉപയോഗിച്ചുതുടങ്ങാം. അപ്പോഴേക്കും മാങ്ങ നല്ല മൃദുവായി,  ഉപ്പും എരിവുമൊക്കെ നന്നായി പിടിച്ച്, സൊയമ്പനായിട്ടുണ്ടാവും. (പണ്ടുകാലത്ത് ഇത്തരം സാധനങ്ങളൊക്കെ ഭരണിയിലായിക്കഴിഞ്ഞാല്‍ പിന്നെ വെളിച്ചം കാണുന്നത് കര്‍ക്കിടകമാസത്തിലാണ്).

ഉലുമാങ്ങയും കുത്തരിച്ചോറും തൈരും. ആഹാ...!!!

Monday, April 25, 2011

പച്ചമാങ്ങാക്കറി (മാങ്ങ പച്ചടി)

പച്ചമാങ്ങകൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പച്ചടിയാണിത്. ഒരു തൊടുകറിയായി അച്ചാറിനു പകരം ഉപയോഗിക്കാം. ഞങ്ങളിതിനെ പച്ചമാങ്ങാക്കറി എന്നാണ് പറയുന്നത്. എന്റെ ഭര്‍തൃഗൃഹത്തില്‍ പച്ചക്കടുമാങ്ങ എന്നും. വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല...

ആവശ്യമുള്ള സാധനങ്ങള്‍:
  • തൊലിക്ക് ചവര്‍പ്പില്ലാത്ത,അധികം പുളിയില്ലാത്ത  പച്ചമാങ്ങ - ഒന്ന് (ഭയങ്കര പുളിയുള്ള മാങ്ങയാണെങ്കില്‍ ഒരെണ്ണം മുഴുവനും എടുക്കേണ്ട).
  • തേങ്ങ ചിരകിയത്. - ഒരു മുറിയുടെ പകുതി
  • ചുവന്ന മുളക് - 2-3 എണ്ണം
  • കാന്താരിമുളക് - 2-3 അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത്ര
  • കടുക് - അര ടീസ്പൂണ്‍
  • കുറച്ചു മോര്
  • പാകത്തിന് ഉപ്പ്


ഉണ്ടാക്കുന്ന വിധം:
വിസ്തരിക്കാനും മാത്രം ഒന്നുമില്ലെന്നേ....മാങ്ങ തൊലിയോടെ കഷ്ണങ്ങളാക്കി, തേങ്ങയും മുളകുകളും കടുകും  ഉപ്പും ചേര്‍ത്തങ്ങ് നന്നായി അരയ്ക്കുക. അവസാനം പാകത്തിന് മോരും ചേര്‍ത്ത് (പുളിപ്പ് അധികമാവരുത്. കുറേശ്ശെ ചേര്‍ത്ത് പാകത്തിനാക്കുക) നന്നായി യോജിപ്പിക്കുക. കഴിഞ്ഞു! ഇത്രേയുള്ളു സംഗതി! അടുപ്പു പോലും വേണ്ട! വളരെ ലളിതമായ ഈ പച്ചടി ഏറെ രുചികരവുമാണ്. പരീക്ഷിച്ചു നോക്കൂ...

Monday, April 11, 2011

മാങ്ങാത്തൊലി

മാങ്ങാത്തൊലി!!!
നമ്മള്‍ ദേഷ്യം/പുച്ഛം ഒക്കെ സൂചിപ്പിക്കാന്‍ ചിലപ്പോള്‍ മാങ്ങാത്തൊലി, തേങ്ങാക്കൊല, മണ്ണാങ്കട്ട, ഒലയ്ക്കേടെ മൂട് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ആ മാങ്ങാത്തൊലിയല്ല ഈ മാങ്ങാത്തൊലി.
പച്ചമാങ്ങ ദീര്‍ഘകാല സൂക്ഷിപ്പിനായി ഉണക്കി വയ്ക്കുന്നതിനെയാണ് ഞങ്ങള്‍ മാങ്ങാത്തൊലി എന്നു പറയുന്നത്. ഇതിന് മറ്റിടങ്ങളില്‍ വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല...
പച്ചമാങ്ങയും നല്ല വെയിലും കൂടിയാല്‍ മാങ്ങാത്തൊലിയായി.

ആവശ്യമുള്ള സാധനങ്ങള്‍:
  • നല്ല പുളിയുള്ള, അധികം കഴമ്പില്ല്ലാത്ത പച്ചമാങ്ങ - 5 കിലോ
  • കല്ലുപ്പ് - അര/മുക്കാല്‍ കിലോ ( എകദേശ അളവാണ്. ഉപ്പിന്റെ അളവ് കൃത്യമായി പറയാന്‍ പറ്റില്ല. മാങ്ങയുടെ പുളിപ്പിനനുസരിച്ച്  അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവരും).
  • മുളകുപൊടി - 150-200 ഗ്രാം
  • കായം - 50 ഗ്രാം
  • ഉലുവാപ്പൊടി - 50 ഗ്രാം.
  • വെയില്‍ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
മാങ്ങ പൂളി കഷ്ണങ്ങളാക്കുക.


ഈ കഷ്ണങ്ങളില്‍ ഉപ്പിട്ട്, സ്വല്പം വെള്ളവുമൊഴിച്ച് ഇളക്കിയശേഷം ഒരു പാത്രത്തിലാക്കി ഒരു ദിവസം  മുഴുവനും അടച്ചുവയ്ക്കുക. ഇടയ്ക്കിടെ ഇളക്കുന്നത് നല്ലതാണ്. പിറ്റേ ദിവസം നോക്കിയാല്‍ ഉപ്പുവെള്ളം ഊറിവന്നിരിക്കുന്നതു കാണാം.


മാങ്ങാക്കഷ്ണങ്ങള്‍ രാവിലെ ഉപ്പുവെള്ളത്തില്‍ നിന്ന് ഊറ്റിയെടുത്ത് വെയിലത്തു വയ്ക്കുക. വൈകുന്നേരം തിരികെ ഉപ്പുവെള്ളത്തിലിടണം. പിറ്റേദിവസം കഷ്ണങ്ങള്‍ വീണ്ടും വെയിലത്തു വയ്ക്കുക. ഇങ്ങനെ 3-4 ദിവസം ആവര്‍ത്തിക്കുക.


മൂന്നുനാലു ദിവസം കഴിയുമ്പോള്‍ കഷ്ണങ്ങള്‍ ഈ പരുവത്തിലാവും.


ഇനി, അവശേഷിച്ചിട്ടുള്ള ഉപ്പുവെള്ളത്തില്‍ മുളകുപൊടിയും ഉലുവാപ്പൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചശേഷം ഈ കൂട്ട് മാങ്ങാക്കഷ്ണങ്ങളില്‍ നന്നായി പുരട്ടി വീണ്ടും വെയിലത്തു വയ്ക്കുക.


ഒരു മൂന്നുനാലു ദിവസം കൊണ്ട് മാങ്ങ നന്നായി ഉണങ്ങിക്കിട്ടും. ഇത് ഒരു ഭരണിയിലോ, നല്ല അടപ്പുള്ള മറ്റേതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചു വയ്ക്കാം. എത്രനാള്‍ വേണമെങ്കിലും കേടാവാതെ ഇരിക്കും. മാങ്ങാത്തൊലിക്ക് എരിവ് വേണ്ടെങ്കില്‍ അവസാനത്തെ ഘട്ടം ഒഴിവാക്കി നല്ലപോലെ ഉണക്കിയെടുക്കുക.


മാങ്ങയുടെ സീസണല്ലാത്തപ്പോള്‍ മാങ്ങാത്തൊലി കുതിര്‍ത്തിയെടുത്ത് കൂട്ടാനോ അച്ചാറോ ഒക്കെ ഉണ്ടാക്കാം(അത് പിന്നീട് പറയാം). ഇത് വെറുതെ തിന്നാനും നല്ല രസമാണ്.


Friday, April 08, 2011

മാ‍ങ്ങാച്ചമ്മന്തി

മാങ്ങാച്ചമ്മന്തി എല്ലാര്‍ക്കും അറിയാവുന്നതുതന്നെ. ഏതുതരം മാങ്ങയും ചമ്മന്തിയുണ്ടാക്കാനെടുക്കാം. എങ്കിലും, മൂവാണ്ടന്‍ മാങ്ങയാണ് ഏറ്റവും അനുയോജ്യമെന്നാണ് ഞാന്‍ പറയുക.

ആവശ്യമുള്ള സാധനങ്ങള്‍:



  • പച്ചമാങ്ങ തൊലി ചെത്തിക്കളഞ്ഞ് കഷ്ണങ്ങളാക്കിയത്
  • കാന്താരി മുളക്/പച്ചമുളക്
  • തേങ്ങ ചിരകിയത്
  • ചുവന്ന മുളക്
  • ചെറിയ ഉള്ളി തൊലികളഞ്ഞത്
  • കറിവേപ്പില, ഉപ്പ്
  • വെളിച്ചെണ്ണ
(അളവുകളൊന്നും പറയുന്നില്ല. ഒക്കെ നിങ്ങളുടെ പാകത്തിന് എടുക്കുക. തേങ്ങ കൂടിപ്പോവരുത്. മാങ്ങയുടെ സ്വാദാണ് മുന്നിട്ടുനില്‍ക്കേണ്ടത്)

ഉണ്ടാക്കുന്ന വിധം:

ഉണ്ടാക്കാനെന്താ...ഒന്നുമില്ല. എല്ലാംകൂടി അമ്മിയില്‍ വച്ച് അരച്ചെടുക്കുക.അത്രതന്നെ. മിക്സിയിലും അരയ്ക്കാം. വെള്ളമൊഴിക്കരുത്.

അരച്ചശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് യോജിപ്പിച്ചാല്‍ നല്ല സൊയമ്പന്‍ ചമ്മന്തിയായി.




Monday, April 04, 2011

മാമ്പഴം പിഴിഞ്ഞുകൂട്ടാൻ


ധാരാളം നീരുള്ള നല്ല നാടന്‍ മാമ്പഴംകൊണ്ട് ഉണ്ടാക്കുന്ന വളരെ ലളിതമായ കൂട്ടാനാണിത്. ഉണ്ടാക്കാന്‍ എളുപ്പവുമാണ്.
ആവശ്യമുള്ള സാധനങ്ങള്‍
  • ചെറിയ ഇനം നാട്ടുമാമ്പഴം - 4
  • തേങ്ങ ചിരകിയത് - അര മുറി
  • നല്ല പുളിയുള്ള മോര് - കുറച്ച്
  • ചുവന്ന മുളക്, കാന്താരി മുളക് - എരിവ് വേണ്ടത്ര
  • പാകത്തിന് ഉപ്പ്
  • വറുത്തിടാനാവശ്യമായ വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
മാമ്പഴം കഴുകി, തൊലിമാറ്റി, പിഴിഞ്ഞെടുത്ത് നീരും മാങ്ങയണ്ടിയും കൂടി ഒരു പാത്രത്തിലിടുക.
മറ്റൊരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് മാമ്പഴത്തൊലി അതിലിട്ട് സത്തുമുഴുവന്‍ വെള്ളത്തിലേയ്ക്ക് പിഴിഞ്ഞെടുക്കുക. ഈ വെള്ളത്തില്‍ മാമ്പഴം വേവിയ്ക്കാന്‍ വയ്ക്കുക. (വേറെ വെള്ളമൊഴിയ്ക്കേണ്ട).

നന്നായി തിളച്ചാല്‍  തേങ്ങ കാന്താരിമുളകും ചുവന്ന മുളകും കൂട്ടി അരച്ചെടുത്തത് ചേര്‍ക്കുക. തീ കുറച്ചുവച്ചതിനുശേഷം പാകത്തിന് മോരും  ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. ഉപ്പും പുളിപ്പും എരിവുമൊക്കെ പാകത്തിനാണോന്ന് നോക്കി ക്രമീകരിക്കുക.  മധുരത്തിനോടൊപ്പം എരിവും പുളിയുമൊക്കെ നന്നായിട്ട് വേണം. അതാണ് അതിന്റെ ഒരു ഇത്. ഏത്?

ഇനി അനക്കാതെ ചെറുതീയില്‍ കുറച്ചു നേരം വച്ചാ‍ല്‍ മോര് പതഞ്ഞുവരാന്‍ തുടങ്ങും. ഈ ഘട്ടത്തില്‍ വാങ്ങാം. മോര് തിളയ്ക്കരുത്. പതയുമ്പോള്‍ തന്നെ വാങ്ങണം

ഇനി ലേശം വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടാല്‍ കൂട്ടാന്‍ റെഡി! ചെത്തുമാങ്ങ ഇതിനു പറ്റിയ കോമ്പിനേഷനാണ്.
Wednesday, January 19, 2011

മാങ്ങാക്കറി

പച്ചമാങ്ങ കുരുകുരാന്ന് നുറുക്കി ഉണ്ടാക്കുന്ന അച്ചാറാണ് ഇത്. സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവം.... മാങ്ങാക്കറി എന്നാണ് ഞങ്ങൾ പറയുന്നത്. മാങ്ങാഅച്ചാറുകളിൽ വച്ച് ഏറ്റവും ലളിതം;ഉണ്ടാക്കാൻ വളരെ എളുപ്പം. മാങ്ങ നുറുക്കിയെടുക്കേണ്ട താമസമേയുള്ളൂ.
ആവശ്യമുള്ള സാധനങ്ങൾ:

  • പച്ചമാങ്ങ - രണ്ടെണ്ണം (മൂവാണ്ടൻ മാങ്ങയാണ് ഏറ്റവും യോജിച്ചത്)
  • മുളകുപൊടി - പാകത്തിന് (ഞാൻ ഏകദേശം 4 റ്റീ സ്പൂൺ എടുത്തു). കാശ്മീരി മുളകുപൊടിയാണെങ്കിൽ നല്ല ചുവപ്പുനിറം കിട്ടും.
  • കായം പൊടി - 3/4 - 1 ടീ സ്പൂൺ
  • ഉലുവാപ്പൊടി -  3/4 - 1 ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • വറുത്തിടാനാവശ്യമായ നല്ലെണ്ണ, കടുക്, മുളക്, കറിവേപ്പില

ഉണ്ടാക്കുന്ന വിധം:
മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക.

മാങ്ങാക്കഷ്ണങ്ങളിൽ പാകത്തിന് ഉപ്പ് ചേർത്തിളക്കി 2-3 മണിക്കൂർ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ഉലുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനിൽക്കണം. അതാണ് അതിന്റെയൊരു ഇത്.
സാധാരണയായി മാങ്ങാക്കറിയുണ്ടാക്കുമ്പോൾ ഇത്രയുമേ പതിവുള്ളു. സ്വല്പം ആർഭാടം വേണമെങ്കിൽ നല്ലെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർത്തിളക്കുക. സ്വാദും കൂടും. ഞാൻ ചെയ്യാറുണ്ട്.

പെട്ടെന്നു കേടായിപ്പോകുമെന്നൊരു ദോഷം മാങ്ങാക്കറിക്കുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം(ഒന്നോ രണ്ടോ മാങ്ങകൊണ്ട്)ഉണ്ടാക്കുന്നതാണു നല്ലത്. കൂടുതലുണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
Monday, April 19, 2010

മാങ്ങ സാമ്പാർ

മാങ്ങകൊണ്ട് ഒരു സാമ്പാർ ആവട്ടെ ഇത്തവണ. എന്താ...?



ആവശ്യമുള്ള സാധനങ്ങൾ:

  • ചിനച്ച മാങ്ങ - നാലെണ്ണം (മാങ്ങയ്ക്ക് ഇളം മധുരവും പുളിപ്പും ഉണ്ടായിരിക്കണം. കൂട്ടാനിൽ നമ്മൾ വേറെ പുളി ചേർക്കുന്നില്ലെന്ന് ഓർക്കുക).
  • തുവരപ്പരിപ്പ് - 150 ഗ്രാം.
  • പച്ചമുളക് - 4-5
  • സാമ്പാർപൊടി - പാകത്തിന്
  • മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:

സാമ്പാറുണ്ടാക്കാൻ മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല. അതാണ് സ്വാദും. തൊലിയ്ക്ക് ചവർപ്പില്ലാത്ത മാങ്ങയായിരിക്കണമെന്നുമാത്രം.
ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ രണ്ടുവശവും പൂളി, പൂളുകൾ ചെറിയകഷ്ണങ്ങളാക്കുക.


പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചുവയ്ക്കുക.
മാങ്ങാക്കഷ്ണങ്ങളും മാങ്ങയും കൂടി നികക്കെ വെള്ളമൊഴിച്ച്, മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളക് രണ്ടായി കീറിയതും ചേർത്ത് വേവിക്കുക.


വെന്താൽ പരിപ്പും സാമ്പാർപൊടിയും (സാമ്പാർപൊടി ചേർക്കുന്നതിനുപകരം വറുത്തരച്ച സാമ്പാറാണ് ഉണ്ടാക്കുന്നതെങ്കിൽ അരപ്പിനുള്ള ചേരുവകൾ ഇവിടെ പോയി നോക്കുക) പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചശേഷം വാങ്ങിവച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. ഇത്രേയുള്ളൂ! വളരെ എളുപ്പമല്ലേ...?

Thursday, April 08, 2010

തേങ്ങയരച്ച മാങ്ങാക്കൂട്ടാൻ


ആവശ്യമുള്ള സാധനങ്ങൾ:

നല്ല ചിനച്ച മൂവാണ്ടൻ മാങ്ങ - 4 എണ്ണം ( പഴുത്തതുമല്ല, പച്ചയുമല്ല എന്ന പരുവമാണ് ചിനച്ചത്. പുളിപ്പും മധുരവും ഇടകലർന്ന രുചിയായിരിക്കും ഈ ഘട്ടത്തിൽ. ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചാലിച്ചത് പുരട്ടി കഴിക്കാൻ പറ്റിയ പരുവം). ചിനച്ചതിന് കരിമ്പഴുപ്പ് എന്നും ചിലയിടങ്ങളിൽ പറയും.

തേങ്ങ ചിരകിയത് - അര മുറി
കാന്താരിമുളക് - ആവശ്യത്തിന്

മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില - പാകത്തിന്

ഉണ്ടാക്കുന്ന വിധം:

മാങ്ങ തൊലി കളഞ്ഞ് രണ്ടുവശം മാത്രം പൂളുക.




പൂളുകൾ ചെറിയ കഷ്ണങ്ങളാക്കിയതും മാങ്ങയും കൂടി നികക്കെ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും സ്വല്‍പ്പം മുളകുപൊടിയും ചേർത്ത് വേവിക്കുക. വെന്തശേഷം കഷ്ണങ്ങൾ ഒന്നുടച്ചു യോജിപ്പിച്ച് തേങ്ങയും കാന്താരിമുളകും കൂടി നന്നായി അരച്ചത് ചേർക്കുക. ഒന്നു തിളച്ചാലുടനെ വാങ്ങിവയ്ക്കാം. അവസാനം കറിവേപ്പില ഇട്ട്, വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. കറിവേപ്പിലയുടേയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാൻ അനുവദിക്കാതെ ഉടനെ തന്നെ അടച്ചു വയ്ക്കുക.

കൂട്ടാൻ റെഡി! എത്ര എളുപ്പം അല്ലേ..?

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP