Showing posts with label എണ്ണപ്പലഹാരം. Show all posts
Showing posts with label എണ്ണപ്പലഹാരം. Show all posts
Monday, August 27, 2012

ശർക്കരയുപ്പേരി (ശർക്കരവരട്ടി)

എന്റെ സുഹൃത്തും ബ്ലോഗറുമായ ദ്യുതിയുടെ  ബ്ലോഗിൽ ഓണം സ്പെഷ്യലായി ഇട്ട അതിഥിപ്പോസ്റ്റാണിത്. അത് ഇവിടെയും പകർത്തിയെഴുതുന്നു എന്നു മാത്രം. സ്വന്തം ബ്ലോഗിൽ എനിക്കായി ഒരിടം നൽകിയ ദ്യുതിക്ക് ഒത്തിരിയൊത്തിരി നന്ദി....,സ്നേഹം....
ദ്യുതിയുടെ ബ്ലോഗ്: Melange!!


  ഓണപ്പാചകത്തേക്കുറിച്ച് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം അമ്മാവന്റേതാണ്. ഓണം, വിഷു, പിറന്നാളുകൾ മുതലായ വിശേഷാവസരങ്ങളിൽ അടുക്കളയുടെ നിയന്ത്രണം അമ്മാവന്റെ കീഴിലായിരിക്കും. ഒരു പാചകവിദഗ്ദ്ധനെന്നു തന്നെ വിശേഷിപ്പിക്കാവുന്ന അമ്മാവനാണ് വിഭവങ്ങളൊക്കെ ഒരുക്കുക. അമ്മയ്ക്കും മറ്റുള്ളവർക്കുമൊക്കെ സാധനങ്ങൾ അടുപ്പിച്ചുകൊടുക്കൽ, തേങ്ങ ചിരകൽ, അരയ്ക്കൽ മുതലായ പണികളുമായി സഹായികളായി നിൽക്കേണ്ട കാര്യമേയുള്ളു. ഞങ്ങൾ കുട്ടികളെക്കൊണ്ട് അല്ലറ ചില്ലറ പണികൾ ചെയ്യിക്കുന്നതോടൊപ്പം, പാചകത്തിന്റെ വിവിധ വശങ്ങൾ കണ്ടുമനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു, അമ്മാവൻ. പാചകാഭിരുചി ഉള്ളവർക്ക് ഒന്നാന്തരം കളരികളായിരുന്നു അന്നൊക്കെ അത്തരം അവസരങ്ങൾ.  വിഭവങ്ങളുടെ രുചിനിലവാരം  ഞാനിന്നും നിശ്ചയിക്കുന്നത് അന്നത്തെ ആ പഴയ രുചികളുമായി താരതമ്യം ചെയ്താണ്. അമ്മാവൻ ഉണ്ടാക്കിയിരുന്നതിന്റെ അതേ രുചി ഒത്തുവന്നാൽ മനസ്സിന് നല്ല  സംതൃപ്തിയുണ്ടാവും. അങ്ങനെ ആയില്ലെങ്കിലോ, എവിടെയോ എന്തോ പിശകു പറ്റിയെന്നർത്ഥം!

ഓണക്കാലത്ത് ഉപ്പേരികൾ, പുളിയിഞ്ചി മുതലായവയൊക്കെ നേരത്തേ തയ്യാറാക്കിവയ്ക്കും. നേന്ത്രക്കായ വട്ടത്തിൽ നുറുക്കിയുള്ള ഉപ്പേരി ഓണത്തിന് പതിവില്ലായിരുന്നു. പകരം നാലാക്കി നുറുക്കിയ ഉപ്പേരിയാണ് ഉണ്ടാക്കുക. പിന്നെ ശർക്കര ഉപ്പേരിയും. ആദ്യത്തെ തവണ ഉപ്പേരി വറുത്തുകോരിയാലുടനെ “ഉപ്പും മൂപ്പുമൊക്കെ പാകത്തിനാണോന്ന് നോക്കിനെടാ പിള്ളേരെ” എന്നൊരു വിളി വരും, അടുക്കളയിൽ നിന്ന്.  ഞങ്ങൾ കാതോർത്തിരിക്കുന്ന വിളിയായിരിക്കുമത്. കൊച്ചുകൊച്ചു ഇലച്ചീന്തുകളിൽ ഓരോ പിടി ഉപ്പേരി ഞങ്ങളെ കാത്ത് അടുക്കളത്തളത്തിൽ നിരന്നിരിക്കുന്നുണ്ടാവുമപ്പോൾ.....

ഓർമ്മകൾ....ഓർമ്മകൾ......
ഓണം ഓർമ്മകളുടെ ഉത്സവമാണ്......കൊടിയേറ്റവും പാണികൊട്ടും ശീവേലിയും വാദ്യമേളങ്ങളും  എഴുന്നള്ളിപ്പും വെടിക്കെട്ടും ആറാട്ടുമൊക്കെയുള്ള ഒരു ഉത്സവം......!! 

വിശേഷാവസരങ്ങളിൽ സദ്യയൊരുക്കുമ്പോൾ മിക്കവാറും വിഭവങ്ങളൊക്കെ ഒന്നുതന്നെ. എങ്കിലും ഓണക്കാലത്ത് ഒട്ടും ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ് അടയും പഴം നുറുക്കും ശർക്കരയുപ്പേരിയുമൊക്കെ. നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കരപ്പാവിലിട്ടു തയ്യാറാക്കിയെടുക്കുന്ന ശര്‍ക്കരയുപ്പേരി ഏവര്‍ക്കും സുപരിചിതമാണല്ലൊ.  ശർക്കരവരട്ടി, ശർക്കരപുരട്ടി എന്നിങ്ങനെയും പേരുകളുണ്ട്.  ഇതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?  അത്ര വലിയ ബുദ്ധിമുട്ട് എന്നൊന്നും പറയാനില്ല. ശ്രമിച്ചാൽ നടക്കാവുന്ന കാര്യമേയുള്ളു.

ആവശ്യമുള്ള സാധനങ്ങൾ:
  •  നേന്ത്രക്കായ - ഒരു കിലോ
  •  ശര്‍ക്കര - 300 ഗ്രാം
  •  ചുക്കുപൊടി - ഒന്നര ടീസ്പൂണ്‍
  •  ജീരകപ്പൊടി - ഒന്നര ടീസ്പൂണ്‍
  •  നെയ്യ് - രണ്ടു ടീസ്പൂണ്‍
  •  പഞ്ചസാര - ഒരു  ടേബിൾ സ്പൂണ്‍
  •  സ്വല്പം മഞ്ഞൾപ്പൊടി
  •  വെളിച്ചെണ്ണ - വറുക്കാനാവശ്യമായത്

ഉണ്ടാക്കുന്ന വിധം:
നേന്ത്രക്കായ തൊലികളഞ്ഞശേഷം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പതിനഞ്ചു മിനിട്ടോളം മുക്കിവയ്ക്കുക.
 അതിനുശേഷം രണ്ടാക്കി വട്ടത്തില്‍ നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാള്‍ കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങള്‍
ചൂടായ വെളിച്ചെണ്ണയിൽ കഷ്ണങ്ങളിട്ട് വറുക്കുക. ഇട്ട ഉടനെ നന്നായി ഇളക്കിക്കൊടുത്താൽ കഷ്ണങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കും.
കനത്തിലുള്ള കഷ്ണങ്ങളായതിനാല്‍ നന്നായി മൂത്തുകിട്ടാന്‍ കുറച്ചു സമയമെടുക്കും. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നല്ല പാകമായാല്‍ ഒരു ഇളം ബ്രൗണ്‍ നിറമായിരിയ്ക്കും; കണ്ണാപ്പയിൽ കോരിയെടുത്ത് കുലുക്കിനോക്കിയാൽ നല്ല കിലുകിലാ ശബ്ദം ഉണ്ടാവും.
വറുത്ത കഷ്ണങ്ങള്‍ ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാന്‍ വയ്ക്കുക
 ഈ സമയംകൊണ്ട് ശർക്കരപ്പാവ് തയ്യാറാക്കാം. ശര്‍ക്കര കുറച്ചു വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്തശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോള്‍ വെള്ളം വറ്റി കുറുകാന്‍ തുടങ്ങും. അപ്പോള്‍ തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച് അതില്‍ നിന്നു ഇറ്റുവീഴുന്ന തുള്ളികള്‍ നിരീക്ഷിയ്ക്കുക. ഇറ്റുവീഴല്‍
ക്രമേണ സാവധാനത്തിലായിവന്ന് അവസാനം ഒരു നൂല്‍പോലെ ആവുന്നതാണ് പാകം. ഈ പരുവത്തില്‍ വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശര്‍ക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തില്‍ നന്നായി ഇളക്കണം.

ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞ പരുവത്തിലായിരിയ്ക്കുമെങ്കിലും ചൂടാറുന്തോറും കട്ടിയാവാന്‍ തുടങ്ങും. അപ്പോള്‍ ഒന്നുകൂടി നന്നായി ഇളക്കി,  കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങളുണ്ടെങ്കിൽ അവ ചൂടാറുന്നതിനുമുമ്പേതന്നെ വേര്‍പെടുത്തിവയ്ക്കണം. തണുത്തശേഷം വേർപെടുത്താൻ നോക്കിയാൽ പൊട്ടിപ്പോയെന്നുവരാം.
നന്നായി ചൂടാറിയാല്‍ ശര്‍ക്കര‌ഉപ്പേരി റെഡി!

എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ...!

കുറിപ്പ്:
  1. വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ പഴകിയതോ, മറ്റെന്തെങ്കിലും വറുക്കാനുപയോഗിച്ചതോ ആയിരിക്കരുത്
  2. നേന്ത്രക്കായ നല്ലവണ്ണം മൂത്തതായിരിക്കണം; എന്നാൽ പഴുപ്പ് തട്ടിയതായിരിക്കരുത്.
  3. വറുത്തുകോരിയ ഉപ്പേരിയുടെ ഏകദേശം പകുതി അളവാണ് ശർക്കര ഞാനെടുത്തിരിക്കുന്നത്. അതായത്, ഒരു കിലോ കായ വറുത്ത ഉപ്പേരി ഏകദേശം 600 ഗ്രാം ഉണ്ടായിരുന്നു. അങ്ങനെ ശർക്കര 300 ഗ്രാം എടുത്തു. ഈ അളവിൽ എടുത്താൽ ശർക്കരപ്പാവ് ഏതാണ്ട് കൃത്യമായിരിക്കും. ശർക്കരയുടെ അളവ് കൂടിപ്പോയാൽ അവസാനം ശർക്കരപ്പൊടി ബാക്കിയാവും. (പണ്ട് അമ്മാവൻ ഉണ്ടാക്കുമ്പോൾ ശർക്കരപ്പൊടി ഇങ്ങനെ ചിലപ്പോൾ ബാക്കി ഉണ്ടാവാറുണ്ട്. അത് പുളിയിഞ്ചി ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കാറാണ് പതിവ്)

Tuesday, January 10, 2012

മിക്സ്ചർ

എരിവുള്ളത്, മധുരമുള്ളത്, എരിവ് തീരെ ഇല്ലാത്തത്  എന്നിങ്ങനെ മിക്സ്ചർ ഒരുപാടു തരത്തിലുണ്ട്.  ചേരുവകളുടെ അടിസ്ഥാനത്തിലും വ്യത്യസ്തത ഉണ്ടാവാം. അവിൽ കൊണ്ടുണ്ടാക്കുന്ന മിക്സ്ചറിനെ പറ്റി നേരത്തേ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് കേരള മിക്സ്ചർ എന്നറിയപ്പെടുന്ന, നമ്മൾ പൊതുവേ മിക്സ്ചർ എന്നു വിളിക്കുന്ന, സാദാ മിക്സ്ചറിനെപ്പറ്റിയാണ്. കടലമാവാണിതിന്റെ പ്രധാന ചേരുവ. പിന്നെ കുറച്ചു കപ്പലണ്ടി, പൊട്ടുകടല, അങ്ങിനെ അല്ലറ ചില്ലറ ചേരുവകളും വേണം. മിക്സ്ചറുണ്ടാക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു പണിയാണെന്നൊക്കെ തോന്നാം. പക്ഷേ സത്യത്തിൽ ഇത് വല്യ മെനക്കേടൊന്നുമില്ലാത്ത പരിപാടിയാണ്. നമുക്കൊന്നു നോക്കാമല്ലേ?

ആവശ്യമുള്ള സാധനങ്ങൾ
  • കടലമാവ് -  3 ഗ്ലാസ്
  • അരിപ്പൊടി - അര ഗ്ലാസ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • കായം പൊടി - ആവശ്യത്തിന്
  • മുളകുപൊടി - ആവശ്യത്തിന്
  • ഒരു നുള്ള് സോഡാപ്പൊടി
  • കറിവേപ്പില, ഉപ്പ് - പാകത്തിന്
  • അവിൽ - അര ഗ്ലാസ് (നിർബന്ധമില്ല)
  • പൊട്ടുകടല -  ഒരു പിടി
  • കപ്പലണ്ടി -  രണ്ടു പിടി
  • പകുതി ഏത്തക്കായ (നിർബന്ധമില്ല)
  • ഒരു ചെറിയ ഉരുളക്കിഴങ്ങ് (നിർബന്ധമില്ല)
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
  • സേവനാഴി, ദ്വാരങ്ങളുള്ള ഒരു പാത്രമോ കണ്ണാപ്പയോ.
 ഉണ്ടാക്കുന്ന വിധം:

കടലമാവും അരിപ്പൊടിയും രണ്ടു തുല്യഭാഗങ്ങളാക്കുക.
ഒരു ഭാഗത്തിൽ സ്വല്പം മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ കുഴച്ചെടുക്കുക.

സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക. (ഞാനിവിടെ ഇടിയപ്പത്തിന്റെ അച്ചും അതിനേക്കാൾ സ്വല്പം കൂടി വലുപ്പത്തിൽ ദ്വാരങ്ങളുള്ള അച്ചും ഉപയോഗിച്ച് രണ്ടു തരത്തിൽ ഉണ്ടാക്കിയിട്ടുണ്ട്).


ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.

ഇനി മറ്റേ പകുതി മാവിൽ ഇതേപോലെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു പാത്രമോ വലിയ കണ്ണാപ്പയോ തിളക്കുന്ന എണ്ണയുടെ മുകളിൽ പിടിച്ച് (ചൂടുള്ള ആവി കയ്യിലടിച്ച് പൊള്ളാതിരിക്കാൻ ഇടയ്ക്കിടെ ഊതുക) ഈ മാവ് കുറേശ്ശെയായി ഒഴിച്ച് വിരലുകൾ കൊണ്ട് ഒന്നു ഇളക്കിക്കൊടുക്കുക.  അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക. (മിക്സ്ചർ ഉണ്ടാക്കുമ്പോൾ ഇതാണ് കുറച്ചു ബുദ്ധിമുട്ടുള്ള പണി).
ബൂന്ദി ഉണ്ടാക്കാനായി പ്രത്യേകം വാങ്ങാൻ കിട്ടുന്ന പാത്രമാണ് താഴെ കാണുന്നത്.
ഇനി, അവിൽ ഒരു ചീനച്ചട്ടിയിട്ട് എണ്ണയില്ലാതെ വറുക്കുക. കറുമുറാന്നായാൽ വാങ്ങാം.
പൊട്ടുകടലയും കപ്പലണ്ടിയും സ്വല്പം എണ്ണയിൽ വറുത്തുമാറ്റുക.
അടുത്തതായി, തീരെ കനം കുറച്ച് നാലായി നുറുക്കി, ഉപ്പു പുരട്ടിയ ഏത്തക്കായയും ഉരുളക്കിഴങ്ങും  വറുത്തുകോരുക.
അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകൊറുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!


കുറിപ്പ് : 
  • മിക്സ്ചറിന് എരിവ് കൂടുതൽ വേണമെന്നുള്ളവർ ഓരോ ഇനവും വറുത്തുകോരിയ ഉടനെ, ആ ചൂടിൽത്തന്നെ കുറച്ചു മുളകുപൊടി തൂവുക. (ചൂടാറിയാൽ മുളകുപൊടി ശരിക്ക് പിടിക്കില്ല)
  • നല്ല കരുകരുപ്പ് കിട്ടാനാണ് അരിപ്പൊടി ചേർക്കുന്നത്. 
  • മഞ്ഞൾപ്പൊടി ചേർക്കുന്നത് നല്ല മഞ്ഞനിറം കിട്ടാനാണ്. വേണമെങ്കിൽ ഫുഡ് കളർ ചേർക്കാം. മഞ്ഞ, ചുവപ്പ്, പച്ച എന്നിങ്ങനെ പല കളറുകളിൽ ഉണ്ടാക്കി ബഹുവർണ്ണ മിക്സ്ചർ തയ്യാറാക്കാം.
  • വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ മേന്മയുള്ളതും ഒട്ടും പഴകാത്തതുമായാലേ മിക്സ്ചറിന് സ്വാദുണ്ടാവൂ.
Wednesday, December 21, 2011

വട പാവ് (Vada Pav)

പാവ് എന്നാൽ ബൺ. പാവിന്റെ ഉള്ളിൽ വട വച്ചാൽ വട-പാവ് ആയി. ചുരുക്കത്തിൽ, ബർഗറിന്റെ ഇന്ത്യൻ രൂപമാണ് വട-പാവ് എന്നു വേണമെങ്കിൽ പറയാം. ബോബെയിലും മറ്റും വട-പാവ് ചൂടോടെ ഉണ്ടാക്കിവിൽക്കുന്ന തെരുവോര കച്ചവടക്കാരെ ധാരാളം കാണാം. അതിശയകരമായ വേഗതയിലാണ് അവരിതുണ്ടാക്കുക. രാവിലെ ജോലിക്കും മറ്റും  പോകാനിറങ്ങുന്നവർ വട-പാവ് വാങ്ങി ധൃതിയിലകത്താക്കി റെയിൽ‌വേസ്റ്റേഷനിലേക്കോടുന്നത് ബോബെയിൽ സ്ഥിരം കാഴ്ചയാണ്. നല്ല കനപ്പെട്ട ആഹാരമാണിത്. ഒരെണ്ണം കഴിച്ചാൽ മതി; ഉച്ചവരെ അവിടെ കിടന്നോളും.

വട-പാവ് ഉണ്ടാക്കുന്നതിനുമുമ്പ് ഇതിലുപയോഗിക്കുന്ന മൂന്നുതരം ചട്ണികൾ നേരത്തേ തയാറാക്കിവയ്ക്കണം.
1. തേങ്ങ-കപ്പലണ്ടി ചട്ണിപ്പൊടി (Peanut-coconut chutney powder)
2. ഗ്രീൻ ചട്ണി (green chutney)
3. മീഠാ ചറ്റ്ണി (Meeta chutney)
ഇതിൽ ഗ്രീൻ ച്ട്ണി ഒഴിച്ചുള്ള മറ്റു രണ്ടു ചട്ണികളും ഫ്രിഡ്ജിൽ എത്രനാൾ വേണമെങ്കിലും സ്റ്റോക്ക് ചെയ്യാവുന്നതാണ്.

തേങ്ങ-കപ്പലണ്ടി ചട്ണിപ്പൊടി:
ഒരു ഗ്ലാസ് തേങ്ങ ചിരകിയത്, അര ഗ്ലാസ് കപ്പലണ്ടി, കാൽ ഗ്ലാസ് എള്ള് എന്നിവ വെവ്വേറെ വറുത്തെടുക്കുക. 8-10 വെളുത്തുള്ളിയല്ലി പച്ചമണം മാറുന്നതുവരെ ഒന്നു ചൂടാക്കുക. എല്ലാം കൂടി പാകത്തിന് മുളകുപൊടിയും ഉപ്പും ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.

ഗ്രീൻ ചട്ണി:
രണ്ടു പിടി മല്ലിയില, ഒരു പിടി പുതിനയില, ഒരു സവാളയുടെ പകുതി, ഒരു സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 2-3 പച്ചമുളക്, ഒരു നുള്ള് ജീരകപ്പൊടി, ഒരു സ്പൂൺ ചെറുനാരങ്ങാനീര് എന്നിവ പാകത്തിന് ഉപ്പു ചേർത്ത് അരച്ചെടുക്കുക.
മീഠാ ചട്ണി:
കുറച്ച് പുളി പിഴിഞ്ഞെടുത്ത ചാറിൽ, പുളിയുടെ  പകുതിയോളം (കുരു കളഞ്ഞ) ഈന്തപ്പഴവും ഇത്തിരി ശർക്കരയും ചേർത്ത് അടുപ്പത്തു വയ്ക്കുക. ഈന്തപ്പഴം ഒന്നു മൃദുവായാൽ വാങ്ങാം. ഇതിൽ ഒരു സ്പൂൺ ജീരകപ്പൊടിയും പാകത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് അരച്ചെടുക്കുക.

ഉത്തരേന്ത്യക്കാർ പാവ് എന്നു വിളിക്കുന്നതരം ബണ്ണാണ് താഴെ ഫോട്ടോയിലുള്ളത്. ഇപ്പോ നമ്മുടെ നാട്ടിലെ സൂപ്പർമാർക്കറ്റുകളിലും കിട്ടാറുണ്ട്. സാധാരണ ബണ്ണിനേക്കാൾ ചെറുതും, എതാണ്ടൊരു ചതുരാകൃതിയുമായിരിക്കും പാവിന്.  മിക്കവാറും ആറെണ്ണം കൂടിച്ചേർന്നിരിക്കുന്ന രൂപത്തിലായിരിക്കും കിട്ടുക. (അറിയാത്തവർക്കുവേണ്ടി പറഞ്ഞെന്നേയുള്ളു. ഇത് കിട്ടിയില്ലെങ്കിൽ സാധാരണ ബണ്ണുപയോഗിച്ചാലും മതി)
കൂടിച്ചേർന്നിരിക്കുന്ന പാവ് എളുപ്പത്തിൽ വേർപെടുത്താൻ കഴിയും. ദാ, നോക്കൂ:

ഇത്രയുമായില്ലേ...ഇനി വട ഉണ്ടാക്കാം:

ആവശ്യമുള്ള സാധനങ്ങൾ:
1.
  • ഉരുളക്കിഴങ്ങ് - രണ്ടോ മൂന്നോ
  •  ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരച്ചത് - ഒരു വലിയ സ്പൂൺ
  • അല്‍പ്പം മഞ്ഞൾപ്പൊടി, കായം‌പൊടി, ജീരകപ്പൊടി
  • മല്ലിയില അരിഞ്ഞത് - ഒരു പിടി
  • ഒരു സ്പൂൺ ചെറുനാരങ്ങാനീര്.
  • വറുക്കാനുള്ള കടുക്, എണ്ണ (വെളിച്ചെണ്ണ വേണ്ട)
  • പാകത്തിന് ഉപ്പ്
2.
  • കടലമാവ് - ഒന്ന്/ഒന്നര കപ്പ്
  • കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി
  • പാകത്തിന് ഉപ്പ്, വെള്ളം
  • ഒരു നുള്ള് സോഡാപ്പൊടി
  • കുറച്ച് മല്ലിയില അരിഞ്ഞത്. 
3.
  • വറുക്കാനാവശ്യമായ എണ്ണ.
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് ഉപ്പ് ചേർത്തുവയ്ക്കുക. 
എണ്ണയിൽ കടുക് പൊട്ടിച്ചശേഷം ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും കായവും ചേർത്ത് യോജിപ്പിച്ചശേഷം വാങ്ങുക.  ഈ കൂട്ട് ഉരുളക്കിഴങ്ങും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൈകൊണ്ട് കുഴച്ച് യോജിപ്പിക്കുക. ഇത് ചെറിയ ഉരുളകളായി എടുത്ത് കയ്യിൽ‌വച്ച് ഒന്നമർത്തി വടയുടെ ഷേപ്പിലാക്കി വയ്ക്കുക.

കടലമാവ് പാകത്തിന് വെള്ളവും മറ്റു ചേരുവകളും ചേർത്ത് നല്ല കട്ടിയിൽ കലക്കിവയ്ക്കുക.
ഉരുളക്കിഴങ്ങ് മിശ്രിതം ഓരോന്നെടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. വട തയ്യാറായി. ബട്ടാട്ട വട എന്നാണിതിന് പറയുന്നത്.


ഇനി, പാവ് എടുത്ത്, കഴിയുന്നതും അറ്റം വിട്ടുപോരാത്ത രീതിയിൽ  കുറുകെ രണ്ടായി മുറിക്കുക. (അറ്റം വിട്ടുപോന്നാലും കുഴപ്പമൊന്നുമില്ല. നല്ല പരിചയമുള്ളവർക്കേ ഇത് കൃത്യമായി ചെയ്യാൻ പറ്റൂ. ഞാനുണ്ടാക്കിയപ്പോഴും ഒന്നുരണ്ടെണ്ണം ശരിയായില്ല.)

ഒരു ദോശക്കല്ലിൽ ഒരു സ്പൂൺ വെണ്ണയൊഴിച്ച് ഉരുകിപ്പരന്നു തുടങ്ങിയാൽ പാവിന്റെ മുറിച്ച വശം കീഴോട്ട് വരത്തക്കവിധം വെണ്ണയിലേക്ക് കമഴ്ത്തിവച്ച് വെണ്ണ മുഴുവൻ പാവ് കൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ഓരോ പാവും ചെയ്തെടുക്കുക. (പാവിന്റെ ഉള്ളിൽ സാധാരണ പോലെ കുറച്ചു വെണ്ണ പുരട്ടിയാലും മതി. ശരിയായ രീതി പറഞ്ഞെന്നേയുള്ളു)
ഇനി, പാവിന്റെ രണ്ടുപകുതിയിലും യഥാക്രമം മീഠാ ചട്ണി, ഗ്രീൻ ചട്ണി, ചട്ണിപൗഡർ എന്നിവ പുരട്ടുക. അതിനുമുകളിൽ ഒരു വട വച്ചശേഷം മറ്റേ പകുതികൊണ്ട് അടച്ച്, എല്ലാം കൂടി ചേർന്നിരിക്കാൻ വേണ്ടി ഒന്നമർത്തുക.
ഇങ്ങനെ ഓരോ പാവും ചെയ്യുക.
ദാ, നമ്മുടെ ഇന്ത്യൻ ബർഗർ റെഡി! ചൂടോടെ കഴിക്കുക.


അത്ര വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ലാട്ടോ ഇത്. ഞാൻ ഒരുപാട് നീട്ടിവലിച്ച് എഴുതിയതുകണ്ട് പേടിക്കണ്ട. ചട്ണിപ്പൊടിയും മീഠാചട്ണിയും നേരത്തെ ഉണ്ടാക്കി ഫ്രിഡ്ജിൽ സ്റ്റോക്കു ചെയ്യാവുന്നതേയുള്ളു. ഈ ചട്ണിപ്പൊടി അത്യാവശ്യം ദോശയുടെ കൂടെയൊക്കെ കഴിയ്ക്കാവുന്നതുമാണ്. പിന്നെ, നോർത്ത് ഇന്ത്യൻ വിഭവങ്ങളിലൊക്കെ  ജീരകപ്പൊടി ചേർക്കുന്നത് പതിവാണ്. അതുകൊണ്ട് കുറച്ചു ജീരകം വറുത്തുപൊടിച്ച് സ്റ്റോക്കു ചെയ്യുന്നതും നല്ലതുതന്നെ.
Thursday, December 15, 2011

സുഖിയൻ

പരിപ്പുവടയും  ഉണ്ടൻപൊരിയുമൊക്കെ പോലെ സുഖിയനും ഒരു തനിനാടൻ പലഹാരമാണ്. ചെറുപയറും ശർക്കരയുമാണ് പ്രധാന ചേരുവകൾ.

ആവശ്യമുള്ള സാധനങ്ങൾ:
  • ചെറുപയർ - ഒരു ഗ്ലാസ്
  • ശർക്കര - നിങ്ങളുടെ പാകത്തിന് ഏകദേശം 200-250 ഗ്രാം മതിയാവും
  • തേങ്ങ ചിരകിയത് - ഒരു പിടി (കൂടുതൽ വേണമെങ്കിൽ ആവാം)
  • സ്വല്പം ഏലയ്ക്കാപ്പൊടി
  • മൈദ(ചിലർ അരിപ്പൊടിയാണ് ഉപയോഗിക്കുക) - കൃത്യമായ അളവ് പറയാൻ സാധിക്കില്ല. ഒരു 100-150 ഗ്രാം മതിയാവും.
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം :
ചെറുപയർ നികക്കെ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വല്ലാതെ വെന്തു കുഴയരുത്.
ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തശേഷം ഇതിലേക്ക് ചെറുപയർ വേവിച്ചതും തേങ്ങയും ചേർത്ത് തുടരെ ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക.
വെള്ളമയം നിശ്ശേഷം വറ്റി, ഉരുട്ടാൻ പാകത്തിലാവുമ്പോൾ വാങ്ങാം.
മൈദ വെള്ളമൊഴിച്ച് കട്ടയില്ല്ലാതെ ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കിവയ്ക്കുക.
ചെറുപയർ കൂട്ട്  ചൂടാറിയാൽ ഓരോ പിടിയെടുത്ത് ഉരുട്ടിവയ്ക്കുക.
ഈ ഇരുളകൾ മൈദമാവിൽ മുക്കി, ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.
ഇത്രേയുള്ളു! സംഭവം റെഡി!
ചൂടോടെയോ അല്ലാതെയോ ചായയുടെ കൂടെ കഴിക്കാം. എനിക്ക് നന്നായി ചൂടാറിയ സുഖിയനാണ് ഇഷ്ടം.


Monday, December 05, 2011

ഉണ്ടൻ പൊരി

നാടൻ ചായക്കടകളിലെ ചില്ലലമാരിയിൽ പഴം പൊരിക്കും സുഖിയനുമൊപ്പം അടുക്കിവച്ചിട്ടുള്ള ഉണ്ടൻ പൊരി കണ്ടിട്ടില്ലേ....? കഴിച്ചിട്ടില്ലേ....?

ഉണ്ണിയപ്പത്തിന്റെ ലളിതരൂപമാണ് ഉണ്ടൻ പൊരിയെന്നു പറയാം.. ഉണ്ണിയപ്പം അരിമാവുകൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ ഉണ്ടൻപൊരി ഗോതമ്പുമാവുകൊണ്ടാണ് ഉണ്ടാക്കുന്നത്.

എങ്ങിനെയെന്ന് പറയാം:
ആവശ്യമുള്ള സാധനങ്ങൾ:
  • ഗോതമ്പുപൊടി - ഒരു ഗ്ലാസ്
  • ശർക്കര - പാകത്തിന് (ഒരു 100-150ഗ്രാം മതിയാവും)
  • പാളയങ്കോടൻ പഴം - ഒന്ന്
  • കുറച്ച് തേങ്ങാക്കൊത്ത് 
  • ഏലയ്ക്കാപ്പൊടി
  • സോഡാപ്പൊടി - ഒരു നുള്ള് 
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്നവിധം:
ശർക്കര ഉരുക്കി അരിച്ച് പാനിയാക്കുക.

ഗോതമ്പുപൊടിയിൽ സോഡാപ്പൊടിയും തേങ്ങാക്കൊത്തും പഴവും ഏലയ്ക്കാപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം പാകത്തിന് ശർക്കരപ്പാനി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
ഈ മാവ് കുറേശ്ശെയെടുത്ത് ചെറിയ ഉരുളകളാക്കി വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക. തീ കുറച്ചു വച്ചാൽ മതി. അല്ലെങ്കിൽ പെട്ടെന്ന് കരിയുമെന്ന് മാത്രമല്ല, അകം വേവുകയുമില്ല..

ഇത്രേയുള്ളു! വളരെ എളുപ്പമല്ലേ...? നാലുമണിച്ചായക്ക് പറ്റിയ വിഭവമാണിത്.

Thursday, October 21, 2010

ഉഴുന്നുവട

ഇന്ന് കുറച്ചു ഉഴുന്നുവട ഉണ്ടാക്കിനോക്കാം അല്ലേ...?

ആവശ്യമുള്ള സാധങ്ങൾ:
  • ഉഴുന്ന് - കാൽ കിലോ
  • കറിവേപ്പില, പച്ചമുളക്, ഇഞ്ചി - ആവശ്യത്തിന്
  • കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീ സ്പൂൺ
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ
  • പാകത്തിന് ഉപ്പ്
  • വറുക്കാനാവശ്യമുള്ള വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:

ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ്  ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന്  രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും. ഹൈദ്രാബാദിൽ താമാസിക്കുമ്പോൾ തെലുങ്കർ ഉഴുന്നുവട ഉണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളുണ്ടാവും ഉണ്ടാക്കാൻ. ഉഴുന്നരയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും എണ്ണ ചൂടാക്കാൻ വച്ചിട്ടുണ്ടാവും. മാവ് അദ്യത്തെ ട്രിപ്പ് റെഡിയായാൽ ഉടനെ  അടുത്ത ആൾ വട ഉണ്ടാക്കാൻ തുടങ്ങുകയായി!!

അപ്പോൾ, പറഞ്ഞപോലെ ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.

ഇനി, കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. (ചിലർ തേങ്ങാക്കൊത്തും ഉള്ളി അരിഞ്ഞതും ചേർക്കാറുണ്ടെന്നു തോന്നുന്നു). നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക.

അരിയാനുള്ളതൊക്കെ അരിഞ്ഞുവച്ചശേഷം ഉഴുന്ന് അരയ്ക്കാൻ തുടങ്ങാം. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറിൽ കുറേശ്ശെയായി ഇട്ട് അരച്ചാൽ വെള്ളമില്ലാതെ അരഞ്ഞുകിട്ടും).
ദാ, അരച്ച മാവ് ഈ പരുവത്തിലിരിക്കും:  (വെള്ളമില്ലാതെ അരച്ചാലും ഉഴുന്നുമാവ് ഇങ്ങനെ കുഴഞ്ഞ പരുവത്തിലേ ഇരിക്കൂ).

ഇനി ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. (ചില സ്ഥലങ്ങളിൽ കുരുമുളക് പൊടിക്കാതെ ഇടുന്നത് കണ്ടിട്ടുണ്ട്. അതിഷ്ടമുള്ളവർ അങ്ങിനെ ചെയ്തോളൂ. പക്ഷേ, സത്യം പറയാലോ, ഇടയ്ക്കിടെ കുരുമുളക് കടിക്കേണ്ടി വരുന്നത് ഒരു “കല്ലുകടി”യായിട്ടാണ് എനിക്ക് തോന്നാറ്). അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്. വേറെ ദുരുദ്ദേശമൊന്നുമില്ല). :)

ഇനി താമസിപ്പിക്കണ്ട....വെളിച്ചെണ്ണ ചൂടാവാൻ വച്ചോളൂ....
ചൂടായോ...?
എന്നാലിനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. ഇതു കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു കേട്ടോ... ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും. ജാഗ്രതൈ!
എന്നുവച്ച് പേടിക്കാനൊന്നൂല്ലാട്ടോ...ആദ്യമായി ഉണ്ടാക്കുന്നവരെ ഉദ്ദേശിച്ച് പറഞ്ഞെന്നേയുള്ളൂ.
വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് അകൃതി നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക്  മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. (കൈ സൂക്ഷിക്കണേ...). ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം കേട്ടോ.... കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...
വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. 
(ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കാൻ മറക്കണ്ടാട്ടോ).
അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും.



ഉഴുന്നുവട  മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ..


ദാ, കണ്ടോ, വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, ഉള്ളിസാമ്പാറോ കൂട്ടിക്കഴിക്കാം. ചൂടോടെയാണെങ്കിൽ വെറുതേയും തിന്നാം. ഇനി, ബാക്കിവന്നാലോ, അതുകൊണ്ട് തൈരുവട ഉണ്ടാക്കാം. അത് പിന്നീടൊരിക്കൽ പറയാം.


അപ്പോ ശരി, ഹാപ്പി വട മേക്കിങ്ങ്!

Monday, April 12, 2010

ചക്കപ്പഴം ഉണ്ണിയപ്പം

ചക്കപ്പഴം ചേർത്തുണ്ടാക്കുന്ന ഉണ്ണിയപ്പം. ഇത് വളരെ സ്വാദിഷ്ടവും നല്ല മാർദ്ദവമുള്ളതുമാണ്. പരീക്ഷിച്ചുനോക്കൂ...

ആവശ്യമുള്ള സാധനങ്ങൾ:

  • ചക്കപ്പഴം കുരുവും ചവിണിയും മാറ്റി വൃത്തിയാക്കിയത് - 10-15 ചുള
  • പച്ചരി - ഒരു ഗ്ലാസ് (ഏകദേശം കാൽ കിലോ)
  • ശർക്കര - 175 ഗ്രാം
  • തേങ്ങാക്കൊത്ത് - അര മുറിയുടേത്
  • ഏലയ്ക്കാപ്പൊടി - 2 സ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാനാവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം:

അരി 2-3 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. ശർക്കര ഉരുക്കി അരിച്ച് പാനിയാക്കിവയ്ക്കുക. കുതിർത്ത അരിയും ചക്കച്ചുളയും ശർക്കരപ്പാനി ചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക. (ശർക്കരപ്പാനി ചേർത്തശേഷം അവശ്യമെങ്കിൽ കുറച്ചുവെള്ളം ചേർക്കാം. വെള്ളം കൂടിപ്പോകരുത്; ശ്രദ്ധിക്കണം.) അരച്ചമാവ് ദോശമാവിന്റെ പരുവത്തിലായിരിക്കണം. അവസാനം തേങ്ങാക്കൊത്തും ഏലയ്ക്കാപ്പൊടിയും കൂടി ചേർത്തിളക്കിക്കഴിഞ്ഞാൽ മാവ് റെഡിയായി.

അരമണിക്കൂർ കഴിഞ്ഞാൽ അപ്പം ഉണ്ടാക്കാം. അപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ഒരു ചെറിയ തവികൊണ്ട് മാവ് ഓരോ കുഴിയിലും സാവധാനം ഒഴിക്കുക. കുറച്ചുനേരം കഴിഞ്ഞാൽ അപ്പം കുഴിയിൽ നിന്ന് വിട്ടുപോരാൻ തുടങ്ങും. അപ്പോൾ ഒരു സ്പൂൺകൊണ്ട് ഓരോന്നും മറിച്ചിടണം. ഉള്ള് വെന്തോയെന്നറിയാൻ പപ്പടക്കമ്പി കൊണ്ട് കുത്തിനോക്കിയാൽ മതി. വെന്തിട്ടില്ലെങ്കിൽ പച്ചമാവ് കമ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്നതുകാണാം. തീ ഒരുപാട് കൂട്ടിവച്ചാൽ അപ്പം പെട്ടെന്ന് കരിഞ്ഞുപോവും; ഉള്ള് വെന്തിട്ടുമുണ്ടാവില്ല. അതുകൊണ്ട് തീ വേണ്ടതുപോലെ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.



രണ്ടുവശവും മൊരിഞ്ഞ് ബ്രൗൺ നിറമായാൽ എടുക്കാം. പപ്പടക്കമ്പിയിൽ കോർത്തെടുക്കുകയോ സ്പൂൺ കൊണ്ടെടുക്കുകയോ ചെയ്യാം.

ഉണ്ണിയപ്പം തയ്യാർ! മടിച്ചുനിൽക്കാതെ കടന്നുവരൂ....
Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP