Showing posts with label സദ്യ. Show all posts
Showing posts with label സദ്യ. Show all posts
Friday, October 04, 2013

കുറുക്കുകാളൻ

കാളനെപ്പറ്റി മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. ഉണ്ടാക്കാൻ താരതമ്യേന എളുപ്പമുള്ള കാളനാണ് അത്. വേണമെങ്കിൽ ഒരു ഒഴിച്ചുകൂട്ടാനായിട്ടും കണക്കാക്കാമെന്നതുകൊണ്ടാവും ഞങ്ങളുടെ വീട്ടിൽ അധികവും ആ “നീട്ടു”കാളനാണ് ഉണ്ടാക്കാറുള്ളത്.
സദ്യകൾക്ക് മിക്കവാറും  തൊടുകറി രൂപത്തിലുള്ള കുറുക്കുകാളനാണ് ഉണ്ടാക്കുക.  ‘നീട്ടു’കാളനിൽ മോര് പതഞ്ഞുവരുമ്പോഴേയ്ക്കും വാങ്ങിവയ്ക്കുകയാണ് ചെയ്യുന്നതെങ്കിൽ കുറുക്കുകാളനിൽ ആ ഘട്ടവും കഴിഞ്ഞ് മുന്നോട്ടു പോയി മോര് തിളപ്പിച്ചുതിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, കുറച്ചുകൂടി സമയം ആവശ്യമുള്ള പരിപാടിയാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ആവശ്യമുള്ള സാധനങ്ങൾ:
  • നേന്ത്രക്കായ - കാൽ കിലോ
  • ചേന - കാൽ കിലോ
  • കുരുമുളകുപൊടി - എരിവ് ആവശ്യമായത്ര(ഞാൻ നാലഞ്ചു സ്പൂൺ ഇട്ടു)
  • മഞ്ഞൾപ്പൊടി - ഒന്നര സ്പൂൺ (അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമായത്ര)
  • ഉപ്പ് - പാകത്തിന്
  • ഉലുവാപ്പൊടി(ഉലുവ വറുത്തുപൊടിച്ചത്) - ഏകദേശം ഒന്നര സ്പൂൺ
  • വെണ്ണ മാറ്റിയ, നല്ല പുളിയുള്ള മോര്/തൈര് - ഒരു ലിറ്റർ (തൈരാണെങ്കിൽ മിക്സിയിലിട്ട് നന്നായി ഉടയ്ക്കണം)
  • തേങ്ങ - ഒന്ന്
  • ജീരകം - കുറച്ച്
  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില
  • പഞ്ചസാര - കാൽ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
തേങ്ങയും ജീരകവും കൂടി വെണ്ണപോലെ അരച്ചുവയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെയാണ് അരയ്ക്കേണ്ടത്. അമ്മിയിൽ അരയ്ക്കുകയാണെങ്കിലേ അങ്ങനെ പറ്റൂ. കുറച്ചെങ്കിലും വെള്ളമയമില്ലാതെ മിക്സിയിൽ അരയ്ക്കാനും പറ്റില്ല. ഇതിന് ഞാൻ ചെയ്യുന്ന സൂത്രപ്പണിയാണ് സ്വല്പം മോര്/തൈര് ചേർത്ത് തേങ്ങ അരയ്ക്കുക എന്നത്. (ഇങ്ങനെ ചെയ്യുമ്പോൾ മോര്/തൈര് തണുത്തതാണെങ്കിൽ തേങ്ങ വേണ്ടവിധം അരയില്ല കേട്ടോ. ഓർത്തോളു...)

കായ തൊണ്ടുകളഞ്ഞ് രണ്ടാക്കി നുറുക്കുക. ചേന കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.
ചേനയും കായയും കൂടി ഉരുളി പോലുള്ള, പരന്ന കട്ടിയുള്ള പാത്രത്തിലാക്കി, നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക. (ഞാൻ വിറകടുപ്പിലാണ് വച്ചത്. ഗ്യാസ് ലാഭം; സ്വാദും കൂടും).
മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കുക.
കഷ്ണങ്ങൾ വെന്ത്, വെള്ളം നിശ്ശേഷം വറ്റിയാൽ മോര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ചുകഴിഞ്ഞാൽ മോര് പതയാനും പിന്നെ തിളയ്ക്കാനും തുടങ്ങും. വീണ്ടും മുന്നോട്ടു പോവുക. മോര് കുറുകണമെന്നതാണ് നമ്മുടെ ലക്ഷ്യം.  തുടരെ ഇളക്കണം. ഇല്ലെങ്കിൽ അടിയിൽ കരിഞ്ഞു പിടിക്കും.
ദാ നോക്കൂ, കണ്ടോ? മോര് നന്നായി തിളച്ചു കുറുകി കുഴമ്പുപരുവത്തിലായിരിക്കുന്നത്?

കുറച്ചു കറിവേപ്പിലയിട്ട് വാങ്ങിവച്ചശേഷം തേങ്ങ അരച്ചതു സാവധാനം ഇളക്കി ചേർക്കാം.
കുറുക്കുകാളൻ തയ്യാറായി. ഇനി വറുത്തിടുകയേ വേണ്ടൂ. സകല സ്വാദും ക്രമീകരിക്കാനായി കാൽ സ്പൂൺ പഞ്ചസാരയും ചേർക്കുക.
വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർക്കുക. കടുകും മുളകും കറിവേപ്പിലയുമൊക്കെ നല്ലോണം എടുത്തോളൂ. പിശുക്കണ്ട.  മുളക്  കഷ്ണങ്ങളാ‍ക്കാതെ മുഴുവനോടെ ഇടുക. അതാണതിന്റെ ഒരു ഇത്. യേത്?
കുറച്ചൊന്നു ആറിയശേഷം ഉലുവാപ്പൊടി കുറേശ്ശേയായി തൂവി ചേർക്കുക. കഴിഞ്ഞു പരിപാടി!

നെറ്റിയിൽ തൊടാനായി നമ്മൾ ചന്ദനം ചാലിക്കില്ലേ? ആ ഒരു പരുവത്തിലായിരിക്കണം കുറുക്കുകാളൻ എന്നാണു പറയുക!

പെട്ടെന്നൊന്നും കേടുവരില്ല എന്നൊരു ഗുണമുണ്ട് നമ്മുടെയീ കുറുക്കുകാളന്. പണ്ട് ഫ്രിഡ്ജൊന്നും ഇല്ലാതിരുന്ന കാലത്ത് കാളനൊക്കെ ചുമ്മാ ഒരു കൽച്ചട്ടിയിലാക്കി മരത്തട്ടുകൊണ്ട് അടച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്.
ഉണക്കലരിയുടെ ചോറും(അമ്പലത്തിലെ നേദ്യച്ചോറ്‌) കാളനും ബെസ്റ്റ് കോമ്പിനേഷനാണ്. എനിക്ക് ചപ്പാത്തിയുടെ കൂടെയും വല്യ ഇഷ്ടം! ഓരോരോ ഇഷ്ടങ്ങളേയ്!

Sunday, September 15, 2013

നേന്ത്രപ്പഴം പ്രഥമൻ

നേന്ത്രപ്പഴം പായസം ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.. ധൃതി പിടിച്ചാൽ ശരിയാവില്ല. എന്നുവച്ച് എന്തോ വല്യ ആനക്കാര്യമാണെന്നൊന്നുമല്ല പറഞ്ഞത്. പഴം നന്നായി വരട്ടിയെടുക്കണം. അത്രേയുള്ളു. വേറെ പുലിവാലുകളൊന്നുമില്ല. പഴം വരട്ടാതെ ഉണ്ടാക്കുന്നവരുമുണ്ട്. പക്ഷേ വരട്ടി ഉണ്ടാക്കുന്നത്ര സ്വാദ് അതിന് കിട്ടില്ല. എന്തായാലും നമുക്കൊന്നു നോക്കാം. അല്ലേ?

ആവശ്യമുള്ള സാധനങ്ങൾ:
  • നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ നേന്ത്രപ്പഴം - 2 കിലോ
  •  ശർക്കര - ഒരു കിലോ
  • തേങ്ങ - നാലെണ്ണം (വലുത്)
  • തേങ്ങാക്കൊത്ത് - പകുതി തേങ്ങയുടെ
  • നെയ്യ് - ആവശ്യത്തിന് 
  • ചുക്കുപൊടി - ഒരു ടീസ്പൂൺ
  • ജീരകം വറുത്തുപൊടിച്ചത്  - ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:

പഴം വേവിച്ചെടുത്ത്, ഉള്ളിലെ കറുത്ത കുരുവും നാരും നീക്കിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ശർക്കര ഉരുക്കി, അരിച്ചെടുത്ത്, പാനിയാക്കിവയ്ക്കുക. ശർക്കരയിലെ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. ശർക്കര നേരിട്ടു ചേർത്താൽ പായസത്തിൽ ചിലപ്പോൾ മണ്ണു കടിച്ചെന്നു വരും.

തേങ്ങ ചിരകി, ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലും തയ്യാറാക്കിവയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെ ഏറ്റവും ആദ്യം പിഴിഞ്ഞെടുക്കുന്ന കട്ടിപ്പാലാണ് ഒന്നാം പാൽ. ആ തേങ്ങയിലേക്ക് കുറച്ചു വെള്ളം ചേർത്ത് ഞെരടി, രണ്ടാമത് പിഴിഞ്ഞെടുക്കുന്നത് രണ്ടാം പാൽ. വീണ്ടും വെള്ളം ചേർത്ത് പിഴിഞ്ഞെടുക്കുന്ന വളരെ നേർത്തപാലാണ് മൂന്നാം പാൽ.

തേങ്ങാപ്പാല്‍പ്പൊടി ഉപയോഗിക്കുന്നവർ, വളരെ കട്ടിയുള്ളത്, കുറച്ചുകൂടി നേർപ്പിച്ചത്, നന്നായി നേർപ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തിൽ കലക്കി വയ്ക്കുക. പാല്‍പ്പൊടിയുടെ അളവ് പറയാൻ എനിക്കറിയില്ല. അവരവരുടെ യുക്തം പോലെയങ്ങ് ചെയ്യുക. അല്ലാണ്ട് പിന്നെ!
പഴം അരച്ചത് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. രണ്ടുമൂന്നു സ്പൂൺ നെയ്യും ഒഴിക്കുക. കട്ടിയുള്ള  ഒരു നോൺസ്റ്റിക്ക് പാത്രമാണെങ്കിൽ നല്ലത്. കരിഞ്ഞ് പിടിക്കില്ല. തുടരെ ഇളക്കുക. തീ അധികം കൂട്ടി വയ്ക്കരുത്.
ക്രമേണ, പഴത്തിന്റെ മഞ്ഞനിറം മാറാനും കട്ടിയാവാനും തുടങ്ങും. ഇടയ്ക്കിടെ ഓരോ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കണം. ഇളക്കാൻ മറക്കരുത്.
ദാ, നോക്കൂ, ഇതാണ് പഴം വരട്ടിയതിന്റെ പരുവം. ഈ ഘട്ടത്തിൽ പഴം നല്ല ബ്രൗൺ നിറമാവുകയും പാത്രത്തിൽ നിന്ന് വിട്ട് ഉരുണ്ടുകൂടാനും തുടങ്ങും.
വരട്ടിയതിലേക്ക് ഇനി ശർക്കരപ്പാനി ഒഴിക്കാം.
പഴവും ശർക്കരയുമായി നന്നായി യോജിപ്പിക്കുക. അതിനുശേഷം ശർക്കരയിലെ ജലാംശം മുഴുവൻ വറ്റി കുറുകാൻ തുടങ്ങുന്നതുവരെ വരട്ടുക. ഈ ഘട്ടത്തിൽ നല്ല ചോക്കലേറ്റ് നിറമായിരിക്കും മിശ്രിതത്തിന്.
ഇതിലേക്ക് മൂന്നാം പാൽ സാവധാനം ചേർത്തിളക്കുക. തീ കുറച്ചു വച്ചാൽ മതി.
മൂന്നാം പാലൊഴിച്ച് കുറുകാൻ തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കാം.
ഏകദേശം കുറുകിവരുന്ന സമയത്ത് തീ ഏറ്റവും കുറച്ചു വച്ചശേഷം ഒന്നാം പാൽ ചേർക്കാം.. പാൽ ചേർക്കുക, ഒന്നിളക്കുക, ഉടനെ പാത്രം വാങ്ങിവയ്ക്കുക. ഒന്നാം പാൽ ഒഴിച്ചശേഷം പായസം പിന്നെ തിളപ്പിക്കരുത്. പാലിന്റെ സ്വാദു നഷ്ടപ്പെടും.
വാങ്ങിവച്ചശേഷം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. വേണമെങ്കിൽ സ്വല്പം ഏലക്കാപ്പൊടി ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.
ഒരു ചെറിയ പാനിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് അതിലിട്ട് ബ്രൗൺ നിറമാവുന്നതുവരെ വറുക്കുക. അതും, വറുക്കാനുപയോഗിച്ച നെയ്യും കൂടി പായസത്തിലൊഴിക്കുക. പായസം റെഡി! പിന്നെ നിങ്ങളുടെ താല്പര്യമനുസരിച്ച് കശുവണ്ടിപ്പരിപ്പോ, മുന്തിരിയോ ഒക്കെ വഴറ്റിചേർക്കാം. ഞാൻ ചേർത്തിട്ടില്ല.
അപ്പോ, എല്ലാർക്കും ഓണാശംസകൾ!

Thursday, September 12, 2013

കുമ്പളങ്ങ ഓലൻ

“ആലോലനീലമിഴിയാം പ്രിയയാൾ വിളമ്പും 
ഓലോലനൊന്നുമതി, എന്തിന്നു നൂറു കൂട്ടം”

എന്നത്രേ ഓലനെക്കുറിച്ചുള്ള ചൊല്ല്. സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഓലൻ. അടിസ്ഥാനപരമായി ഒരു സദ്യയ്ക്ക് ‘നാലും വച്ചത്’ നിർബന്ധമാണ്. അതായത് കാളൻ, ഓലൻ, എരിശ്ശേരി, ഇഞ്ചിത്തൈര് (ഇഞ്ചിത്തൈര് നൂറ്റൊന്നു കറികൾക്കു സമാനമാണ്. വരരുചിയുടെ കഥ ഓർക്കുക) എന്നീ നാലു വിഭവങ്ങളാണ് ഒരു സദ്യയിൽ ഒഴിച്ചുകൂടാനാവാത്തത്. ഇവയും, ഉപ്പിലിട്ടതും(അച്ചാർ), പപ്പടവുമുണ്ടെങ്കിൽ ഒരു സദ്യയുടെ അടിസ്ഥാനമായി.  പിന്നെയുള്ളതെല്ലാം വിഭവസമൃദ്ധിയ്ക്കുവേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളാണ്. അത് എത്രവേണമെങ്കിലും ആകാം. 

സദ്യയിലെ  ഏറ്റവും ലളിതമായ, യാതൊരു ഉപദ്രവവുമുണ്ടാക്കാത്ത, ഒരു പാവം വിഭവമാണ് ഓലൻ. എരിവും പുളിയുമൊക്കെ അധികം കഴിച്ചുതുടങ്ങിയിട്ടില്ലാത്ത പ്രായത്തിലുള്ള കുഞ്ഞിക്കുട്ടികൾക്ക് ചോറിൽ കൂട്ടി കൊടുക്കുവാൻ പറ്റിയ കറിയുമാണിത്. 

   ഓലൻ പലതരത്തിൽ ഉണ്ടാക്കാറുണ്ട്. കുമ്പളങ്ങയാണ് പ്രധാന കഥാപാത്രം. കുമ്പളങ്ങ മാത്രമായിട്ട്..., കുമ്പളങ്ങയും വൻ‌പയർ/പച്ചപ്പയർ ചേർത്ത്...., കുമ്പളങ്ങയും പയറും മത്തങ്ങയും ചേർത്ത്...., ഇങ്ങനെ  പലവിധത്തിൽ ഓലൻ തയ്യാറാക്കാം. 

ഞാനിപ്പോൾ പറയാൻ പോകുന്നത് കുമ്പളങ്ങയും തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന ഓലനെപ്പറ്റിയാണ്. 

ആവശ്യമുള്ള സാധനങ്ങൾ:
  • ഇളം കുമ്പളങ്ങ - അരക്കിലോ
  • നല്ല കുറുകിയ തേങ്ങാപ്പാൽ - ഒരു കപ്പ്
  • പാകത്തിന് ഉപ്പ്
  • വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:

കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി, പരന്ന കഷ്ണങ്ങളായി നുറുക്കുക.
ഈ കഷ്ണങ്ങൾ നല്ല മയത്തിൽ വേവിച്ചെടുക്കുക. കുക്കറിലാണ് വേവിക്കുന്നതെങ്കിൽ വെള്ളം തീരെ ചേർക്കണ്ട.  കുമ്പളങ്ങയിൽ നിന്ന് ഊറി വരുന്ന വെള്ളം മാത്രം മതിയാവും വെന്തുകിട്ടാൻ.
വെന്ത കുമ്പളങ്ങയിലേക്ക് തേങ്ങാപ്പാലും പാകത്തിന് ഉപ്പും ചേർത്ത് അടുപ്പത്തു വയ്ക്കുക.
നന്നായി തിളച്ചു കുറുകിയാൽ വാങ്ങാം. വാങ്ങിവച്ച ശേഷം വെളിച്ചെണ്ണ ഒഴിച്ചിളക്കി ഉടനെ കുറച്ചുനേരം അടച്ചു വയ്ക്കുക.
ഓലനിതാ തയ്യാറായിക്കഴിഞ്ഞു! വളരെയെളുപ്പം. അല്ലേ?
സദ്യയ്ക്ക്, തൂശനിലയുടെ മുകൾഭാഗത്ത്, വലത്തേയറ്റത്തുള്ള എരിശ്ശേരിയുടെ ഇടതുഭാഗത്താണ് ഓലന്റെ സ്ഥാനം.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP