Showing posts with label മറുനാടൻ വിഭവം. Show all posts
Showing posts with label മറുനാടൻ വിഭവം. Show all posts
Friday, October 25, 2013

തേങ്ങ ബർഫി (Coconut Burfi)

തേങ്ങയും പഞ്ചസാരയും ചേർന്നൊരു മധുരമാവാം ഇത്തവണ. ഈ ബർഫി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.  ഒരുപാട് ചേരുവകളൊന്നും ആവശ്യമില്ലതാനും.

ആവശ്യമുള്ള സാധനങ്ങൾ:
  • തേങ്ങ ചിരകിയത്: 2 കപ്പ്
  • പഞ്ചസാര - ഒന്നര കപ്പ്
  • ഏലയ്ക്കാപ്പൊടി
  • അണ്ടിപ്പരിപ്പ് (നിർബന്ധമില്ല)
ഉണ്ടാക്കുന്ന വിധം:
അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തുവയ്ക്കുക.

തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക.
ഇതിൽ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്തിളക്കിയശേഷം അടുപ്പത്തുവയ്ക്കുക.
പഞ്ചസാര അലിയാൻ തുടങ്ങുന്നു:
തുടർച്ചയായി ഇളക്കണം.
കുറച്ചുകഴിയുമ്പോൾ മിശ്രിതം സോപ്പുപോലെ പതയാനും, വശങ്ങളിൽ നിന്ന് വിട്ടുപോരാനും തുടങ്ങും. അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങുക

മിശ്രിതം ഉടനെതന്നെ  നെയ്/എണ്ണമയം പുരട്ടിവച്ചിരിക്കുന്ന ട്രേ/കിണ്ണത്തിലേക്ക് ഒഴിക്കുക.
അടിഭാഗം പരന്ന,കട്ടിയുള്ള ഒരു സ്പൂൺകൊണ്ട് മിശ്രിതം നന്നായി തട്ടി നിരപ്പാക്കുക. (സ്പൂണിൽ എണ്ണമയം പുരട്ടണം)
കഷ്ണങ്ങളാക്കാനായി, ചൂടാറുന്നതിനുമുമ്പുതന്നെ വരഞ്ഞുവയ്ക്കുക. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാം.
ചൂടാറിയശേഷം കഷ്ണങ്ങളായി അടർത്തിയെടുക്കാം.

 (ഞാനെടുത്ത തേങ്ങ ചിരകിയതിൽ,  ചിരട്ടയോടു ചേർന്ന ബ്രൗൺ നിറമുള്ള തേങ്ങയും ഉണ്ടായിരുന്നു. അതുകൊണ്ട് എന്റെ ബർഫിയ്ക്ക് ലേശമൊരു ചുവപ്പുരാശിയുണ്ട്. ഇപ്പറഞ്ഞത് ഒഴിവാക്കുകയാണെങ്കിൽ ബർഫി നല്ല വെളുവെളാന്ന് വെളുത്തിരിക്കും).

Monday, November 12, 2012

സന്ദേശ് (Sandesh)

ദീപാവലിയല്ലേ, എന്തെങ്കിലുമൊരു മധുരം വിളമ്പാം ഇവിടെ എന്നു വച്ചു.  പണ്ടത്തെ അടുക്കളത്തളത്തിൽ ദീപാവലിക്ക് പ്രത്യേകതകളൊന്നുമില്ലായിരുന്നു. “അരിയും ഉഴുന്നും വെള്ളത്തിലിടാം, ദീപാവലിയായിട്ട് നാളെ  ഇഡ്ഡലിയുണ്ടാക്കാം” എന്നൊരു പറച്ചിൽ കേൾക്കാം അടുക്കളയിൽ നിന്ന്. അത്രതന്നെ. ഇഡ്ഡലിയായിരുന്നു ദീപാവലി സ്പെഷ്യൽ വിഭവം! പിന്നീട് കേരളത്തിന് പുറത്തു പോയപ്പോഴാണ് ദീപാവലി എന്ന ആഘോഷത്തെപ്പറ്റിയും,  അതിൽ മധുരത്തിനുള്ള സ്ഥാനത്തെപ്പറ്റിയുമൊക്കെ കൂടുതലറിയുന്നത്. പാലും പാലുല്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന രസികൻ വിഭവങ്ങളെക്കുറിച്ചും, അവയുണ്ടാക്കുന്ന വിവിധ  രീതികളുമൊക്കെ അങ്ങിനെയാണ് പഠിച്ചത്.
സന്ദേശ് ഒരു ബംഗാളി വിഭവമാണ്. വീട്ടിൽ ഫ്രഷായി ഉണ്ടാക്കിയ ഛന്ന/പനീർ കൊണ്ടാണ് സന്ദേശ് ഉണ്ടാക്കേണ്ടത്. കടയിൽ നിന്ന് വാങ്ങുന്ന പനീർ കൊണ്ട് ഉണ്ടാക്കിയാൽ നന്നാവില്ല. പാൽ പിരിയ്ക്കുമ്പോൾ കിട്ടുന്ന ഖരപദാർത്ഥമാണ് ഛന്ന അല്ലെങ്കിൽ പനീർ.  പനീറും പഞ്ചസാരയുമാണ് സന്ദേശ് എന്ന രുചികരമായ വിഭവത്തിന്റെ പ്രധാന ചേരുവകൾ. നമുക്കൊന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ:
  • പാൽ - ഒരു ലിറ്റർ (നല്ല കൊഴുപ്പുള്ള പാലാണെങ്കിൽ കൂടുതൽ അളവ് ഛന്ന കിട്ടും)
  • ചെറുനാരങ്ങ - 1
  • പഞ്ചസാര - ഏകദേശം ഛന്നയുടെ അതേ അളവാണ്  വേണ്ടത്. ഒരു ലിറ്റർ പാലിന് ഏകദേശം 100 ഗ്രാം ഛന്ന കിട്ടി. അപ്പോൾ പഞ്ചസാരയും 100 ഗ്രാം.
  • ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ
  • കുങ്കുമപ്പൂവ് (saffron) - ഒരു നുള്ള്
  • സ്വല്പം പാൽ
  • അലങ്കരിക്കാൻ പിസ്ത/ബദാം/ഡ്രൈ ഫ്രൂട്ട്സ് 
ഉണ്ടാക്കുന്ന വിധം:
ആദ്യമായി ഛന്ന ഉണ്ടാക്കാം.
ഇനിനായി, പാൽ അടുപ്പത്തുവച്ച് തിളയ്ക്കുമ്പോൾ, തീ കുറച്ചശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. തുടർച്ചയായി ഇളക്കുക. അപ്പോൾ പാൽ പിരിഞ്ഞുവരും. മുഴുവൻ പാലും പിരിയുന്നതുവരെ ഇളക്കുക. എന്നിട്ട് വാങ്ങിവയ്ക്കുക.

പിരിഞ്ഞ പാൽ അരിയ്ക്കുക. അപ്പോൾ കിട്ടുന്ന പദാർത്ഥമാണ് ഛന്ന അല്ലെങ്കിൽ പനീർ.
ഛന്ന ഒരു തുണിയിലിട്ട് നന്നായി പിഴിഞ്ഞ് വെള്ളമയം മുഴുവൻ കളയുക.
കുങ്കുപ്പപ്പൂവ് സ്വല്പം പാലിൽ കുതിർത്ത് നന്നായി ചാലിച്ചെടുക്കുക. (ഉത്തരേന്ത്യൻ മധുര വിഭവങ്ങളിലെല്ലാം കുങ്കുമപ്പൂവ് ഒരു പ്രധാനപ്പെട്ട ചേരുവയാണ്. “ടിപ്പിക്കൽ നോർത്തിന്ത്യൻ രുചി” എന്നു നമ്മൾ സാധാരണ പറയാറുണ്ടല്ലോ. ആ പ്രത്യേക രുചി നൽകുന്നതിൽ കുങ്കുമപ്പൂവിനുള്ള പങ്ക് വളരെ പ്രധാനമാണ്).
ഇനി, ഛന്നയും, പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും, കുങ്കുമപ്പൂസത്ത് ചേർന്ന പാലും കൂടി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ഈ മിശ്രിതം നല്ല കട്ടിയുള്ള ഒരു നോൺ സ്റ്റിക്ക് പാനിലിലേക്ക് പകർത്തി ചെറുതീയിൽ അടുപ്പത്തു വയ്ക്കുക.
ചൂടാവുമ്പോൾ മിശ്രിതം ഉരുകാൻ തുടങ്ങും.
തുടർച്ചയായി ഇളക്കണം. കുറച്ചു കഴിയുമ്പോൾ മിശ്രിതം കട്ടിയാവാനും, വശങ്ങളിൽ നിന്ന് വിട്ടുപോരാനും തുടങ്ങും. (തീ ഒരു കാരണവശാലും കൂട്ടി വയ്ക്കരുത്)
ഒരുവിധം ഉറച്ചാൽ വാങ്ങാം.
വാങ്ങിവച്ച മിശ്രിതം ചെറുചൂടോടെ തന്നെ നല്ല മയത്തിൽ കുഴയ്ക്കുക.
കുഴച്ച മാവ് ചെറിയ ഉരുകളാക്കി, ഇഷ്ടമുള്ള ആകൃതിയിലാക്കുക. പിസ്തയോ ബദാമോ, ഡ്രൈഫ്രൂട്ട്സോ കൊണ്ട് അലങ്കരിക്കാം. അതൊക്കെ അവരവരുടെ മനോധർമ്മം പോലെ ചെയ്യുക. കുങ്കുമപ്പൂസത്ത് ചേർത്ത പാൽ പുരട്ടിയ ബദാം കഷ്ണങ്ങൾ കൊണ്ടാണ് ഞാൻ ഇവിടെ അലങ്കരിച്ചിരിക്കുന്നത്. (അരയ്ക്കുന്ന സമയത്ത് അല്പം മഞ്ഞ/പച്ച കളർ ചേർത്ത് കൂടുതൽ ആകർഷകമാക്കാവുന്നതുമാണ്).
പരീക്ഷിച്ചുനോക്കൂ....ഇഷ്ടാവും.
എല്ലാർക്കും ദീപാവലി ആശംസകൾ....

Thursday, March 29, 2012

ചൗവ്വരി ഉപ്പുമാവ് (Sabudana Khichdi)

ചൗവ്വരി നമ്മൾ കേരളീയർക്ക് അത്ര പഥ്യമുള്ള സാധനമല്ല. പക്ഷേ മഹാരാഷ്ട്രക്കാർക്ക് ഇതുകൊണ്ടുള്ള ഉപ്പുമാവ് ഏറെ പ്രിയപ്പെട്ട പ്രാതൽ വിഭവമാണ്. സാബുദാന കിച്ച്ഡി എന്നാണ് അവർ പറയുന്ന പേര്. നമുക്കും ഇത് പരീക്ഷിക്കാവുന്നതേയുള്ളു. ചൗവ്വരിയും വറുത്ത കപ്പലണ്ടിയും ഉരുളക്കിഴങ്ങുമാണ് ഇതിലെ പ്രധാന ചേരുവകൾ. ഇതെല്ലാം കൂടി ചേർന്ന് വളരെ രസകരമായ വിഭവമാണ് സാബുദാന കിച്ച്ഡി. നമുക്കൊന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ:
  • ചൗവ്വരി - 100 ഗ്രാം
  • കപ്പലണ്ടി - 50 ഗ്രാം
  • ഇടത്തരം വലുപ്പമുള്ള ഉരുളക്കിഴങ്ങ് - 1
  • തേങ്ങ ചിരകിയത് - ഒരു പിടി
  • പഞ്ചസാര - അര ടീസ്പൂൺ
  • ചെറുനാരങ്ങാനീര് - 1-2 ടീസ്പൂൺ
  • പച്ചമുളക് -  ആവശ്യത്തിന് (ഏകദേശം 2 എണ്ണം)
  • ജീരകം - 1 ടീസ്പൂൺ
  • പാചകയെണ്ണ (വെളിച്ചെണ്ണ ഒഴിച്ചുള്ള ഏതും) - ആവശ്യത്തിന്
  • വറുത്തിടാനുള്ള കടുക്, കറിവേപ്പില
  • കുറച്ച് മല്ലിയില
ഉണ്ടാക്കുന്ന വിധം:

ചൗവ്വരി പാകത്തിന് കുതിർത്ത് തയ്യാറാക്കുക എന്നതാണ് ഇതിലെ സുപ്രധാനമായ കാര്യം.

ചൗവ്വരി പലതരത്തിലുണ്ട്. ഏറ്റവും നല്ലയിനമാണെങ്കിൽ കുതിർത്താൽ ഒട്ടും കുഴയാതെ ഇരിക്കും. ചിലതൊക്കെ വെള്ളത്തിലിടുമ്പോഴേക്കും ആകെ കലങ്ങിപ്പോകും. തീരെ ചെറിയ‌ഇനം ഒട്ടും അനുയോജ്യമല്ല. അത് ശ്രദ്ധിക്കണം. ചിലർ മൂന്നുമണിക്കൂറോളം വെള്ളത്തിലിടാറുണ്ട്. ചിലരാകട്ടെ, വെള്ളത്തിലിടുകയേ ഇല്ല. നന്നായി കഴുകിയെടുത്തശേഷം അഞ്ചാറുമണിക്കൂർ അടച്ചുവയ്ക്കുകയേ ഉള്ളു. ചുരുക്കിപ്പറഞ്ഞാൽ, നമുക്കു കിട്ടുന്ന ചൗവ്വരിയുടെ പ്രകൃതം നോക്കി യുക്തമായ രീതിയിൽ ചെയ്തെടുക്കുകയേ നിവൃത്തിയുള്ളു.  ഉണ്ടാക്കാൻ പുറപ്പെടുന്നതിനുമുമ്പ് ചൗവ്വരി ഒന്നോ രണ്ടോ സ്പൂൺ എടുത്ത് കുതിർത്തിനോക്കി ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

ചൗവ്വരി നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. നാട്ടിലും ഗൾഫിലുമൊക്കെ  കിട്ടുന്ന ചൗവ്വരി സാധാരണ ഗതിയിൽ 15 മിനിട്ട് അല്ലെങ്കിൽ മാക്സിമം അര മണിക്കൂർ ഇട്ടാൽ മതിയാവും. അതിനുശേഷം വെള്ളം നിശ്ശേഷം ഊറ്റിക്കളഞ്ഞ് ഒരു മണിക്കൂറോളം വയ്ക്കുക. നല്ലയിനം ചൗവ്വരിയാണെങ്കിൽ നന്നായി കുതിർന്ന്, എന്നാൽ ഒട്ടും കുഴയാതെ, നല്ല മുത്തുമണികൾ പോലെ ആയിട്ടുണ്ടാവും.
ഉരുളക്കിഴങ്ങ് പുഴുങ്ങി, തൊലികളഞ്ഞ്, കഷ്ണങ്ങളാക്കിവയ്ക്കുക.
കപ്പലണ്ടി വറുത്ത് തരുതരുപ്പായി പൊടിച്ചുവയ്ക്കുക. മിക്സിയിലിട്ട് ഒന്നു തിരിച്ചാൽ മതി.
ഒരു ഫ്രയിങ്ങ് പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും ഇട്ടിളക്കുക. കടുക് പൊട്ടിയാൽ ജീരകമിട്ട് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്തിളക്കുക. സ്വല്പം ഉപ്പ് ചേർക്കാം.
ഉരുളക്കിഴങ്ങ് മൊരിഞ്ഞുവരുമ്പോൾ തേങ്ങ ചേർക്കാം.
ഇനി തയ്യാറാക്കിവച്ചിരിക്കുന്ന ചൗവ്വരിയും കപ്പലണ്ടിപ്പൊടിയും ചേർക്കുക.
പഞ്ചസാരയും പോരാത്ത ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ഈ വിഭവത്തിൽ വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
മല്ലിയില അരിഞ്ഞതും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. അതിനുശേഷം വാങ്ങാം.
ഇത്രേയുള്ളു! ചൂടോടെ കഴിക്കണം. തണുത്താൽ റബ്ബറുപോലെ ആയിപ്പോവും.

Thursday, March 01, 2012

രാജ്മ മസാല

രാജ്മ(kidney beans) എന്നു വിളിക്കപ്പെടുന്ന പയർ കണ്ടിട്ടില്ലേ സൂപ്പർമാർക്കറ്റുകളിലും മറ്റും? സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള രാജ്മയ്ക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ രാജ്മയിൽ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം. എങ്ങിനെയാണെന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ: 
  • രാജ്മ - 200 ഗ്രാം
  • സവാള -  1 വലുത്
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടീസ്പൂൺ
  • പെരുഞ്ചീരകം - ഒരു നുള്ള്
  • സാധാരണ ജീരകം - കാൽ ടീസ്പൂൺ
  • തക്കാളി - 2
  • ഗരം മസാല - ഒരു ടീസ്പൂൺ(വേണമെങ്കിൽ കൂടുതലാവാം)
  • മഞ്ഞൾപ്പൊടി. മുളകുപൊടി - പാകത്തിന്
  • കുറച്ച് മല്ലിയില, കറിവേപ്പില
  • കുറുകിയ തേങ്ങാപ്പാൽ - ഒരു കപ്പ്
  • പാചകയെണ്ണ
  • ഉപ്പ്
ഉണ്ടാക്കുന്ന വിധം:

രാജ്മ നല്ല വേവുള്ള പയറാണ്.  ഒരു 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്താലേ രാജ്മ നന്നായി വെന്തു കിട്ടൂ.  കറി പെട്ടെന്ന് ഉണ്ടാക്കണമെന്ന് വച്ചാൽ നടക്കില്ലെന്നർത്ഥം രാവിലെയാണ് കറിയുണ്ടാക്കേണ്ടതെങ്കിൽ രാജ്മ തലേദിവസം രാത്രി തന്നെ വെള്ളത്തിലിടുക. രാത്രിയാണ് ഉണ്ടാക്കുന്നതെങ്കിൽ രാവിലെ തന്നെ ഇടുക.
ഇങ്ങനെ കുതിർത്ത രാജ്മ പ്രഷർ കുക്കറിലിട്ട് നന്നായി വേവിക്കുക.


ഒരു ഫ്രയിങ്ങ് പാനിൽ കുറച്ചെണ്ണ ഒഴിച്ച് അതിൽ ജീരകവും പെരുഞ്ചീരകവും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂത്തുവരുമ്പോൾ സവാള അരിഞ്ഞതും പച്ചമുളകും ചേർത്തിളക്കുക. സവാള വഴന്നുവരുമ്പോൾ കുറച്ചു കറിവേപ്പില, മല്ലിയില എന്നിവയോടൊപ്പം തക്കാളി അരിഞ്ഞതും  ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞുചേർന്നാൽ സ്വല്പം മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും പിന്നെ ഗരം മസാലയും ചേർത്തിളക്കി യോജിപ്പിച്ച് വാങ്ങുക. ഈ മിശ്രിതം നന്നായി അരച്ചെടുക്കുക.

ഇനിയുള്ള കാര്യം എളുപ്പമാണ്:
ഒരു പാനിൽ വേവിച്ച രാജ്മ പാകത്തിന് ഉപ്പും ചേർത്ത് ഇട്ടശേഷം അതിലേക്ക് അരപ്പ് കുറച്ചു വെള്ളത്തിൽ കലക്കി ഒഴിക്കുക. കുറച്ചുകൂടി വെള്ളം ഒഴിച്ച് നല്ല അയവിലാക്കാം. എല്ലാം കൂടി അവിടെ കിടന്ന് നന്നായി തിളയ്ക്കട്ടെ. കുറുകാൻ  തുടങ്ങുമ്പോൾ തീ കുറച്ചശേഷംതേങ്ങാപ്പൽ ചേർക്കുക.
തേങ്ങാപ്പാൽ ചേർത്താൽ ഉടനെ വാങ്ങാം. വാങ്ങുന്നതിനുമുമ്പ് കുറച്ച് മല്ലിയില അരിഞ്ഞത് ചേർക്കുക.
ഇത്രേയുള്ളു. രാജ്മ മസാല റെഡി! വളരെ സ്വാദിഷ്ടമായ വിഭവമാണിത്. ചപ്പാത്തിക്കാണ് ഏറ്റവും അനുയോജ്യം. പൂരി, ഇടിയപ്പം, വെള്ളയപ്പം മുതയായവയുടെ കൂടെയും കഴിക്കാം. ഉത്തരേന്ത്യക്കാർ ബാസ്മതി ചോറിന്റെ കൂടെയാണ് ഈ കറി കഴിക്കുക. അതും വേണമെങ്കിൽ പരീക്ഷിക്കാവുന്നതാണ്.

Wednesday, December 21, 2011

വട പാവ് (Vada Pav)

പാവ് എന്നാൽ ബൺ. പാവിന്റെ ഉള്ളിൽ വട വച്ചാൽ വട-പാവ് ആയി. ചുരുക്കത്തിൽ, ബർഗറിന്റെ ഇന്ത്യൻ രൂപമാണ് വട-പാവ് എന്നു വേണമെങ്കിൽ പറയാം. ബോബെയിലും മറ്റും വട-പാവ് ചൂടോടെ ഉണ്ടാക്കിവിൽക്കുന്ന തെരുവോര കച്ചവടക്കാരെ ധാരാളം കാണാം. അതിശയകരമായ വേഗതയിലാണ് അവരിതുണ്ടാക്കുക. രാവിലെ ജോലിക്കും മറ്റും  പോകാനിറങ്ങുന്നവർ വട-പാവ് വാങ്ങി ധൃതിയിലകത്താക്കി റെയിൽ‌വേസ്റ്റേഷനിലേക്കോടുന്നത് ബോബെയിൽ സ്ഥിരം കാഴ്ചയാണ്. നല്ല കനപ്പെട്ട ആഹാരമാണിത്. ഒരെണ്ണം കഴിച്ചാൽ മതി; ഉച്ചവരെ അവിടെ കിടന്നോളും.

വട-പാവ് ഉണ്ടാക്കുന്നതിനുമുമ്പ് ഇതിലുപയോഗിക്കുന്ന മൂന്നുതരം ചട്ണികൾ നേരത്തേ തയാറാക്കിവയ്ക്കണം.
1. തേങ്ങ-കപ്പലണ്ടി ചട്ണിപ്പൊടി (Peanut-coconut chutney powder)
2. ഗ്രീൻ ചട്ണി (green chutney)
3. മീഠാ ചറ്റ്ണി (Meeta chutney)
ഇതിൽ ഗ്രീൻ ച്ട്ണി ഒഴിച്ചുള്ള മറ്റു രണ്ടു ചട്ണികളും ഫ്രിഡ്ജിൽ എത്രനാൾ വേണമെങ്കിലും സ്റ്റോക്ക് ചെയ്യാവുന്നതാണ്.

തേങ്ങ-കപ്പലണ്ടി ചട്ണിപ്പൊടി:
ഒരു ഗ്ലാസ് തേങ്ങ ചിരകിയത്, അര ഗ്ലാസ് കപ്പലണ്ടി, കാൽ ഗ്ലാസ് എള്ള് എന്നിവ വെവ്വേറെ വറുത്തെടുക്കുക. 8-10 വെളുത്തുള്ളിയല്ലി പച്ചമണം മാറുന്നതുവരെ ഒന്നു ചൂടാക്കുക. എല്ലാം കൂടി പാകത്തിന് മുളകുപൊടിയും ഉപ്പും ചേർത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക.

ഗ്രീൻ ചട്ണി:
രണ്ടു പിടി മല്ലിയില, ഒരു പിടി പുതിനയില, ഒരു സവാളയുടെ പകുതി, ഒരു സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 2-3 പച്ചമുളക്, ഒരു നുള്ള് ജീരകപ്പൊടി, ഒരു സ്പൂൺ ചെറുനാരങ്ങാനീര് എന്നിവ പാകത്തിന് ഉപ്പു ചേർത്ത് അരച്ചെടുക്കുക.
മീഠാ ചട്ണി:
കുറച്ച് പുളി പിഴിഞ്ഞെടുത്ത ചാറിൽ, പുളിയുടെ  പകുതിയോളം (കുരു കളഞ്ഞ) ഈന്തപ്പഴവും ഇത്തിരി ശർക്കരയും ചേർത്ത് അടുപ്പത്തു വയ്ക്കുക. ഈന്തപ്പഴം ഒന്നു മൃദുവായാൽ വാങ്ങാം. ഇതിൽ ഒരു സ്പൂൺ ജീരകപ്പൊടിയും പാകത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് അരച്ചെടുക്കുക.

ഉത്തരേന്ത്യക്കാർ പാവ് എന്നു വിളിക്കുന്നതരം ബണ്ണാണ് താഴെ ഫോട്ടോയിലുള്ളത്. ഇപ്പോ നമ്മുടെ നാട്ടിലെ സൂപ്പർമാർക്കറ്റുകളിലും കിട്ടാറുണ്ട്. സാധാരണ ബണ്ണിനേക്കാൾ ചെറുതും, എതാണ്ടൊരു ചതുരാകൃതിയുമായിരിക്കും പാവിന്.  മിക്കവാറും ആറെണ്ണം കൂടിച്ചേർന്നിരിക്കുന്ന രൂപത്തിലായിരിക്കും കിട്ടുക. (അറിയാത്തവർക്കുവേണ്ടി പറഞ്ഞെന്നേയുള്ളു. ഇത് കിട്ടിയില്ലെങ്കിൽ സാധാരണ ബണ്ണുപയോഗിച്ചാലും മതി)
കൂടിച്ചേർന്നിരിക്കുന്ന പാവ് എളുപ്പത്തിൽ വേർപെടുത്താൻ കഴിയും. ദാ, നോക്കൂ:

ഇത്രയുമായില്ലേ...ഇനി വട ഉണ്ടാക്കാം:

ആവശ്യമുള്ള സാധനങ്ങൾ:
1.
  • ഉരുളക്കിഴങ്ങ് - രണ്ടോ മൂന്നോ
  •  ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരച്ചത് - ഒരു വലിയ സ്പൂൺ
  • അല്‍പ്പം മഞ്ഞൾപ്പൊടി, കായം‌പൊടി, ജീരകപ്പൊടി
  • മല്ലിയില അരിഞ്ഞത് - ഒരു പിടി
  • ഒരു സ്പൂൺ ചെറുനാരങ്ങാനീര്.
  • വറുക്കാനുള്ള കടുക്, എണ്ണ (വെളിച്ചെണ്ണ വേണ്ട)
  • പാകത്തിന് ഉപ്പ്
2.
  • കടലമാവ് - ഒന്ന്/ഒന്നര കപ്പ്
  • കുറച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി
  • പാകത്തിന് ഉപ്പ്, വെള്ളം
  • ഒരു നുള്ള് സോഡാപ്പൊടി
  • കുറച്ച് മല്ലിയില അരിഞ്ഞത്. 
3.
  • വറുക്കാനാവശ്യമായ എണ്ണ.
ഉണ്ടാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് ഉപ്പ് ചേർത്തുവയ്ക്കുക. 
എണ്ണയിൽ കടുക് പൊട്ടിച്ചശേഷം ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് അരച്ചത് ചേർത്ത് ഇളക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും കായവും ചേർത്ത് യോജിപ്പിച്ചശേഷം വാങ്ങുക.  ഈ കൂട്ട് ഉരുളക്കിഴങ്ങും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് കൈകൊണ്ട് കുഴച്ച് യോജിപ്പിക്കുക. ഇത് ചെറിയ ഉരുളകളായി എടുത്ത് കയ്യിൽ‌വച്ച് ഒന്നമർത്തി വടയുടെ ഷേപ്പിലാക്കി വയ്ക്കുക.

കടലമാവ് പാകത്തിന് വെള്ളവും മറ്റു ചേരുവകളും ചേർത്ത് നല്ല കട്ടിയിൽ കലക്കിവയ്ക്കുക.
ഉരുളക്കിഴങ്ങ് മിശ്രിതം ഓരോന്നെടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. വട തയ്യാറായി. ബട്ടാട്ട വട എന്നാണിതിന് പറയുന്നത്.


ഇനി, പാവ് എടുത്ത്, കഴിയുന്നതും അറ്റം വിട്ടുപോരാത്ത രീതിയിൽ  കുറുകെ രണ്ടായി മുറിക്കുക. (അറ്റം വിട്ടുപോന്നാലും കുഴപ്പമൊന്നുമില്ല. നല്ല പരിചയമുള്ളവർക്കേ ഇത് കൃത്യമായി ചെയ്യാൻ പറ്റൂ. ഞാനുണ്ടാക്കിയപ്പോഴും ഒന്നുരണ്ടെണ്ണം ശരിയായില്ല.)

ഒരു ദോശക്കല്ലിൽ ഒരു സ്പൂൺ വെണ്ണയൊഴിച്ച് ഉരുകിപ്പരന്നു തുടങ്ങിയാൽ പാവിന്റെ മുറിച്ച വശം കീഴോട്ട് വരത്തക്കവിധം വെണ്ണയിലേക്ക് കമഴ്ത്തിവച്ച് വെണ്ണ മുഴുവൻ പാവ് കൊണ്ട് തുടച്ചെടുക്കുക. ഇങ്ങനെ ഓരോ പാവും ചെയ്തെടുക്കുക. (പാവിന്റെ ഉള്ളിൽ സാധാരണ പോലെ കുറച്ചു വെണ്ണ പുരട്ടിയാലും മതി. ശരിയായ രീതി പറഞ്ഞെന്നേയുള്ളു)
ഇനി, പാവിന്റെ രണ്ടുപകുതിയിലും യഥാക്രമം മീഠാ ചട്ണി, ഗ്രീൻ ചട്ണി, ചട്ണിപൗഡർ എന്നിവ പുരട്ടുക. അതിനുമുകളിൽ ഒരു വട വച്ചശേഷം മറ്റേ പകുതികൊണ്ട് അടച്ച്, എല്ലാം കൂടി ചേർന്നിരിക്കാൻ വേണ്ടി ഒന്നമർത്തുക.
ഇങ്ങനെ ഓരോ പാവും ചെയ്യുക.
ദാ, നമ്മുടെ ഇന്ത്യൻ ബർഗർ റെഡി! ചൂടോടെ കഴിക്കുക.


അത്ര വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ലാട്ടോ ഇത്. ഞാൻ ഒരുപാട് നീട്ടിവലിച്ച് എഴുതിയതുകണ്ട് പേടിക്കണ്ട. ചട്ണിപ്പൊടിയും മീഠാചട്ണിയും നേരത്തെ ഉണ്ടാക്കി ഫ്രിഡ്ജിൽ സ്റ്റോക്കു ചെയ്യാവുന്നതേയുള്ളു. ഈ ചട്ണിപ്പൊടി അത്യാവശ്യം ദോശയുടെ കൂടെയൊക്കെ കഴിയ്ക്കാവുന്നതുമാണ്. പിന്നെ, നോർത്ത് ഇന്ത്യൻ വിഭവങ്ങളിലൊക്കെ  ജീരകപ്പൊടി ചേർക്കുന്നത് പതിവാണ്. അതുകൊണ്ട് കുറച്ചു ജീരകം വറുത്തുപൊടിച്ച് സ്റ്റോക്കു ചെയ്യുന്നതും നല്ലതുതന്നെ.
Thursday, December 08, 2011

പാലക് പനീർ


പാലക്കും പനീറും: അതുതന്നെ പാലക് പനീർ! ഇതൊരു ഉത്തരേന്ത്യൻ വിഭവമാണ്. ചപ്പാത്തി, പൂരി, പൊറോട്ട, നാൻ, ബ്രഡ് മുതലായവയ്ക്ക് പറ്റിയ കറിയാണ്. ഏറെ സ്വാദിഷ്ടവും. എന്നാൽ, പനീറിന്റെ രുചി പിടിക്കാത്തവർക്ക് ഇത് ഇഷ്ടപ്പെടില്ലതാനും. പനീർകഷ്ണങ്ങൾ പായ്ക്കറ്റിലാക്കിയത് സൂപ്പർമാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. വാങ്ങിയാൽ, ഉണ്ടാക്കുന്ന സമയം വരെ ഫ്രീസറിൽ സൂക്ഷിക്കുകയും വേണം. അല്ലെങ്കിൽ കേടാവും. ഇനി, വാങ്ങാൻ കിട്ടിയില്ലെങ്കിൽ അല്പമൊന്ന് മിനക്കെട്ടാൽ ഇത് വീട്ടിലുണ്ടാക്കുകയും ചെയ്യാം. തിളപ്പിച്ച പാലിൽ സിട്രിക്കാസിഡോ ചെറുനാരങ്ങാനീരോ ചേർത്ത്  പിരിക്കുമ്പോൾ കിട്ടുന്ന ഖരപദാർത്ഥമാണ് പനീർ. ചിലയിടങ്ങളിൽ പാലിറച്ചി എന്നും പറയുമത്രേ! ഇതുണ്ടാക്കുന്നതിന്റെ വിശദവിവരങ്ങൾ ഇവിടെ ഉണ്ട്.

പാലക് പനീർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറയാം.  മുമ്പ് പലപ്രാവശ്യം പനീർ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, തൽക്കാലം വാങ്ങിക്കുന്ന പനീറാണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്.

അപ്പോ തുടങ്ങാം?

ആവശ്യമുള്ള സാധനങ്ങൾ:
  • നല്ല ഫ്രഷ് പാലക് - ഏകദേശം അരക്കിലോയുടെ കെട്ട്
  • പനീർ - ഏകദേശം അര കിലോ
  • പച്ചമുളക് - 5-6 (ആവശ്യത്തിന്) 
  • അണ്ടിപ്പരിപ്പ്  - 15-20 എണ്ണം
  • തക്കാളി വലുത് - 1
  •  സവാള - ഒന്നര(വലുത്)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
  • ഗരം മസാല - 2 സ്പൂൺ
  • മല്ലിപ്പൊടി - ഒരു സ്പൂൺ
  • ജീരകം - ഒരു സ്പൂൺ
  • ഉലുവയില ഉണക്കിയത്(കസൂരി മേത്തി എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും) - കുറച്ച്
  • മല്ലിയില
  • പാകത്തിന് ഉപ്പ്, പാചകയെണ്ണ(വെളിച്ചെണ്ണ ഈ കറിക്ക് നല്ലതല്ല)
  • ഒരു സ്പൂൺ വെണ്ണ
ഉണ്ടാക്കുന്ന വിധം:
പാലക്ക് ഇലകൾ നന്നായി കഴുകിയശേഷം (അരിയാതെ)തിളച്ചവെള്ളത്തിലിട്ട് അഞ്ചു മിനിട്ട് അടച്ചുവയ്ക്കുക. അപ്പോഴേക്കും ഇലകൾ വാടിക്കുഴഞ്ഞിട്ടുണ്ടാവും. ഇത് പച്ചമുളകും ചേർത്ത് മിക്സിയിട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. പച്ചമുളക് ആവശ്യത്തിന് ചേർക്കുക. അരച്ചശേഷം അരപ്പിന് ആവശ്യത്തിന് എരിവില്ലേ എന്നു നോക്കുക. (ഓർക്കുക: ഇനി നമ്മൾ ഈ കറിയിൽ വേറെ എരിവൊന്നും ചേർക്കുന്നില്ല).



ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ സ്വല്പം എണ്ണയൊഴിച്ച് പനീർ കഷ്ണങ്ങളിട്ട് ഇളക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഒരു ഇളം ബ്രൗൺ  നിറമാവുമ്പോൾ കോരി മാറ്റുക. തീ കൂട്ടി വച്ചാൽ പനീർ പെട്ടെന്നു കരിഞ്ഞുപോകും, പറഞ്ഞേക്കാം.
ഇനി, ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് വറുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ജീരകമിട്ട് പൊട്ടുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കാം. ഇതിലേക്ക് തക്കാളി കഷ്ണങ്ങൾ ഇട്ട് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞുയോജിച്ചാൽ ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കാം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ വാങ്ങാം.
വഴറ്റി വച്ചിരിക്കുന്ന മിശ്രിതവും അണ്ടിപ്പരിപ്പ് വറുത്തതും കൂടി നന്നായി അരച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക്  അരപ്പും, പാലക്കും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർക്കുക. ഈ കറി കുറച്ചു കട്ടിയായിട്ടാണ് ഇരിക്കേണ്ടത്. അയവ് പോരെങ്കിൽ വെള്ളം ചേർക്കരുത്. പകരം കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം.
ഒന്നു തിളച്ചാൽ വാങ്ങാം. അധികം തിളപ്പിച്ചാൽ പാലക്കിന്റെ പച്ചനിറം നഷ്ടപ്പെടും. വാങ്ങുന്നതിനുതൊട്ടുമുമ്പ് കുറച്ചു മല്ലിയില അരിഞ്ഞതും ഉലുവയിലയും ഒരു സ്പൂൺ വെണ്ണയും ചേർക്കുക.
പാലക്ക് പനീർ റെഡി! ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കുക.

കുറിപ്പ്: 
  • ഈ കറി ഉണ്ടാക്കാൻ എണ്ണയ്ക്കു പകരം വെണ്ണ ഉപയോഗിച്ചാൽ സ്വാദു കൂടും
  • വാങ്ങുന്നതിനുമുമ്പ് സ്വല്പം  ഫ്രഷ് ക്രീം ചേർക്കുന്നതും സ്വാദു കൂട്ടാൻ നല്ലതാണ്.
Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP