Thursday, February 26, 2009

ചെത്തുമാങ്ങ

മാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു അച്ചാറാണ് ചെത്തുമാങ്ങ. മാങ്ങാസീസണിലെ പലതരം മാങ്ങാവിഭവങ്ങളിൽ പ്രധാനപ്പെട്ടത്. മാങ്ങ ചെറുതായി നുറുക്കുന്നതിനുപകരം കുറച്ചു വലിയ കഷ്ണങ്ങളായി ചെത്തിയെടുത്താണ് ഈ അച്ചാറുണ്ടാക്കുന്നത്.ഇതിനാവശ്യമുള്ള സാധനങ്ങൾ:


  • നല്ല പുളിയുള്ള പച്ചമാങ്ങ :- അരക്കിലോ

  • എരിവു കുറവുള്ള മുളകുപൊടി :- ഏകദേശം 6-7 സ്പൂൺ. കാശ്മീരി മുളകുപൊടി(പിരിയൻ മുളകുപൊടി) ആണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിന് എരിവ് കുറവാണെന്നു മാത്രമല്ല, കൊഴുപ്പും ചുവപ്പുനിറവും കൂടുതലാണ്. 

  • ഉപ്പ് :- പാകത്തിന്. ഞാൻ ഒരു ആറ് സ്പൂൺ ഇട്ടു.

  • ഉലുവാപ്പൊടി(ഉലുവ വറുത്തു പൊടിച്ചത്) :- ഒന്നര സ്പൂൺ.

  • കായം‌പൊടി :- ഒന്നര സ്പൂൺ.

  • നല്ലെണ്ണ(എള്ളെണ്ണ) :- രണ്ട് ടേബിൾസ്പൂൺ.

  • ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളംഉണ്ടാക്കുന്ന വിധം:

ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ ചെത്തിയെടുക്കുക.കഷ്ണങ്ങളിൽ ഉപ്പിട്ട് യോജിപ്പിച്ച് ഒരുദിവസം അടച്ചുവയ്ക്കുകഅടുത്ത ദിവസം ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് അടുപ്പത്തു വയ്ക്കുക. എണ്ണ ചൂടായാൽ തീ നല്ലവണ്ണം കുറച്ചതിനുശേഷം മുളകുപൊടി ഇട്ട് തുടരെ ഇളക്കുക. അധികനേരം വേണ്ട. മുളകുപൊടി മൂത്ത മണം വന്നാലുടൻ തീ അണയ്ക്കുക. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. മുളകുപൊടി ആവശ്യത്തിലധികം മൂത്താൽ ചുവപ്പുനിറം മാറി ഇരുണ്ടുപോവുകയും ചെയ്യും. (പണ്ടത്തെ രീതി മുളക് വറുത്തുപൊടിച്ചെടുക്കുന്നതാണ്. മുളകുപൊടി മൂപ്പിക്കുന്നത് പണി എളുപ്പമാവാൻ വേണ്ടിയാണ്. ശരിയായ പാകത്തിന് മൂപ്പിച്ചെടുക്കാൻ പറ്റിയാൽ രണ്ടുരീതികളും തമ്മിൽ സ്വാദിന് വലിയ വ്യത്യാസമൊന്നും ഇല്ല).

മൂപ്പിച്ച മുളകുപൊടിയിലേയ്ക്ക് തലേദിവസം ഉപ്പിട്ടു വച്ച മാങ്ങാകഷ്ണങ്ങളും കായവും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. കഷ്ണങ്ങളിൽ ഉപ്പിന്റെ വെള്ളം കുറച്ച് ഉണ്ടാവുമെങ്കിലും വേറെ കുറച്ചു വെള്ളം കൂടി ചേർക്കേണ്ടിവരും. ഒരിക്കലും വെള്ളം ഒഴിച്ച് തിളപ്പിക്കരുത്. മാങ്ങ വെന്തുപോകും. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് ഒഴിച്ച് എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഒരാഴ്ചകഴിഞ്ഞാൽ ഉപയോഗിക്കാം.

എന്താ, ഒരു കഷ്ണം എടുക്കുന്നോ..?
കുറിപ്പ്:

ദീർഘകാല സൂക്ഷിപ്പിന് ചെത്തുമാങ്ങ അനുയോജ്യമല്ലെന്നാണ് അനുഭവം. അധികമുണ്ടെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്.

അച്ചാർ സൂക്ഷിക്കുന്ന കുപ്പിയിൽ/ഭരണിയിൽ മുകൾപ്പരപ്പിലായി നല്ലെണ്ണയിൽ മുക്കിയ തുണിക്കഷ്ണം ഇടുന്നതും വിനാഗിരിയിൽ മുക്കിയ തുണികൊണ്ട് വക്ക് തുടയ്ക്കുന്നതും പൂപ്പൽ വരാതിരിക്കാൻ സഹായിക്കും.

8 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

മാങ്ങ കൊണ്ടുണ്ടാക്കുന്ന ഒരു അച്ചാറു തന്നെയാണ് ചെത്തുമാങ്ങ. മാങ്ങാസീസണിലെ പലതരം മാങ്ങാവിഭവങ്ങളിൽ പ്രധാനപ്പെട്ടത്. മാങ്ങ ചെറുതായി നുറുക്കുന്നതിനുപകരം കുറച്ചു വലിയ കഷ്ണങ്ങളായി ചെത്തിയെടുത്താണ് ഈ അച്ചാറുണ്ടാക്കുന്നത്.

ശ്രീ said...

കൊതിയാകുന്നു

വരവൂരാൻ said...

ചെത്തുമാങ്ങ വിവരണം ചെത്തായല്ലോ. വായിൽ
വെള്ളം വരുന്നു..... ആശംസകൾ

evuraan said...

മ്ട്ടാ മ്ട്ടാ..!

പച്ചമാങ്ങായ്ക്ക് വേണ്ടിയുള്ള നൊട്ടലാണത്..!

ചാര്‍ളി[ Cha R Li ] said...

സൂവേച്ചിയോട് ഉപ്പിലിട്ട മാങ്ങാ ചോദിച്ചപ്പോഴേക്കും ഇതാ ഇവിടെ ചെത്തുമാങ്ങാ..
നല്ല “ചെത്തു” മാങ്ങായാ കേട്ടോ..
ഇത്തിരി കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്ന് നോക്കട്ടേ !!

Typist | എഴുത്തുകാരി said...

മാങ്ങ മൂത്തു തുടങ്ങി. രണ്ടുമൂന്നെണ്ണം പൊട്ടിച്ചു ഉണ്ടാക്കിനോക്കട്ടെ.

പിരിക്കുട്ടി said...

ente vaayi vellam varunnu

ezhuthani said...

adipoli swadu

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP