- നല്ല പഴുത്ത ഓറഞ്ച് - 5
- പഞ്ചസാര - മുക്കാൽ കിലോ
- വെള്ളം - മുക്കാൽ ലിറ്റർ
- സിട്രിക്ക് ആസിഡ് ക്രിസ്റ്റൽസ് - ഒന്നര ടീസ്പൂൺ (സൂപ്പർമാർക്കറ്റുകളിൽ കിട്ടും)
- ചെറുനാരങ്ങാനീര് - ഒന്നര ചെറുനാരങ്ങയുടേത്
ഉണ്ടാക്കുന്ന വിധം:
പഞ്ചസാരയും വെള്ളവും സിട്രിക്ക് ആസിഡും കൂടി അടുപ്പത്തു വച്ച് തിളപ്പിച്ചശേഷം തണുക്കാൻ വയ്ക്കുക.
ഓറഞ്ചിന്റെ അല്ലികൾ കുരുവും പാടയും നീക്കി വൃത്തിയാക്കിയെടുക്കുക. കുറച്ചു മിനക്കെട്ട പണിയാണിത്. ഓറഞ്ച് ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചതിനുശേഷമാണെങ്കിൽ ഈ പണി കുറച്ചുകൂടി എളുപ്പമാവും. രണ്ട് ഓറഞ്ചിന്റെ തൊലി മാറ്റി വയ്ക്കുക.
മാറ്റിവച്ച ഓറഞ്ചുതൊലിയുടെ അകത്തെ വെളുത്ത ഭാഗം ചുരണ്ടിക്കളഞ്ഞെടുക്കുക. ദാ, ഇതുപോലെ:
അല്ലികളും തൊലിയും കൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.
നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഈ ജ്യൂസും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അരിച്ചെടുക്കുക. സ്ക്വാഷ് തയ്യാറായിക്കഴിഞ്ഞു. ഇനി കുപ്പിയിലേക്ക് പകർത്തിവയ്ക്കാം. ഈ അളവിലുണ്ടാക്കുന്ന സ്ക്വാഷ് ഏകദേശം ഒന്നര ലിറ്റർ ഉണ്ടാവും. കേടാവാതിരിക്കാൻ ഒന്നുകിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക, അല്ലെങ്കിൽ പ്രിസർവേറ്റീവ് ചേർക്കുക (ഞാൻ ചേർക്കാറില്ല). സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് എന്നിവയാണ് സാധാരണ ചേർക്കുന്ന പ്രിസർവേറ്റീവ്സ് (സൂപ്പർ മാർക്കറ്റുകളിൽ കിട്ടും). ഏകദേശം രണ്ടുനുള്ളു ചേർത്താൽ മതിയാവും. അര ടീസ്പൂൺ ഫുഡ് കളർ (ഓറഞ്ച്-റെഡ്) ചേർത്താൽ നിറം കുറച്ചുകൂടി ആകർഷകമാക്കാം. ഞാൻ ചേർത്തിട്ടില്ല കേട്ടോ.
സ്ക്വാഷ് പാകത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചു കഴിക്കാം. പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. വെള്ളവും സ്ക്വാഷും യഥാക്രമം 3:1 എന്ന അനുപാതത്തിൽ ചേർക്കുക. അതായത് ഒരു ഗ്ലാസ് പാനീയം തയ്യാറാക്കുവാൻ കാൽ ഗ്ലാസ് സ്ക്വാഷ് മതിയാവുമെന്നർത്ഥം.
ചിയേഴ്സ്!!!!



