Monday, January 18, 2010

സാമ്പാർപൊടി

ചേരുവകൾ അപ്പപ്പോൾ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറിന് രുചി കൂടുമെങ്കിലും സംഗതി സ്വല്പം ബുദ്ധിമുട്ടുള്ളതുതന്നെ. എപ്പോഴും ഇതിനൊക്കെ സമയമുണ്ടായെന്നും വരില്ല. എന്നാൽ, സാമ്പാർപൊടി ഉപയോഗിക്കുകയാണെങ്കിലോ, കാര്യം ഈസിയായി.
അല്പമൊന്നു മിനക്കെട്ടാൽ സാമ്പാർപൊടി വീട്ടിൽതന്നെ ഉണ്ടാക്കാവുന്നതേയുള്ളു . ഒന്നു പരീക്ഷിച്ചുനോക്കൂ....

ആവശ്യമുള്ള സാധനങ്ങൾ:
  1. മല്ലി - കാൽ കിലോ
  2. മുളക് - 65-70 ഗ്രാം
  3. കടലപ്പരിപ്പ് - 75 ഗ്രാം
  4. ഉലുവ - 25 ഗ്രാം
  5. തേങ്ങ ചിരകിയത് - ഒരു തേങ്ങയുടെ നാലിലൊന്ന് (ഒരു മുറിയുടെ പകുതി)
  6. കറിവേപ്പില - ഒരു പിടി.
  7. കായം - 50 ഗ്രാം. (പൊടി അല്ല. കട്ടയായിട്ടുള്ള കായം വേണം).
ഉണ്ടാക്കുന്ന വിധം:

ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ആദ്യം മല്ലിയും മുളകും കറിവേപ്പിലയും ഒന്നിച്ചിട്ട് വറുക്കുക (എണ്ണയൊന്നും ഒഴിക്കേണ്ട). തുടർച്ചയായി ഇളക്കണം. മല്ലി മൂത്ത മണം വന്നാൽ വാങ്ങാം. മൂപ്പ് കൂടുതലായി മല്ലിയുടെ നിറം മാറാനിട വരരുത്.


അടുത്തതായി കടലപ്പരിപ്പും ഇതേപോലെ നിറം മാറാതെ വറുത്തെടുക്കുക.ഇനി ഉലുവ മൂപ്പിച്ചെടുക്കുക. ഉലുവ പെട്ടെന്ന് കരിയാൻ സാധ്യതയുള്ളതുകൊണ്ട് ചെറുതീയിൽ വേണം വറുക്കാൻ.


തേങ്ങ ചിരകിയത് (എണ്ണയില്ലാതെ) ചുവക്കെ വറുത്തെടുക്കുക. (സാമ്പാർപൊടിയിൽ തേങ്ങ ഒരു പ്രധാന ഘടകമല്ലെങ്കിലും ചേർത്താൽ നല്ലതാണ്. സ്വാദുണ്ടാവും. എന്നിരുന്നാലും, ദീർഘകാല സൂക്ഷിപ്പ് ഉദ്ദേശിച്ച് ഉണ്ടാക്കുകയാണെങ്കിൽ തേങ്ങ ചേർക്കാതിരിക്കുകയാണ് നല്ലത്).


കായത്തിന്റെ കട്ട കഷ്ണങ്ങളായി പിച്ചിയെടുത്ത് ചീനച്ചട്ടിയിട്ട് നന്നായി ചൂടാക്കുക. ഇത് തണുത്തുകഴിഞ്ഞാൽ പൊടിച്ചെടുക്കാവുന്ന പരുവത്തിലായിക്കിട്ടും.

എന്നിട്ടെന്താ, വറുത്തെടുത്ത ചേരുവകളെല്ലാം ഒന്നിച്ചാക്കി കായവും കൂട്ടി പൊടിച്ച്, നല്ല മിനുസമുള്ള പൊടിയായി അരിച്ചെടുക്കുക. അത്രതന്നെ. സാമ്പാർപൊടി തയ്യാർ!


22 പേർ അഭിപ്രായമറിയിച്ചു:

ശ്രീ said...

അമ്മ വീട്ടില്‍ ഇടയ്ക്ക് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് :)

എറക്കാടൻ / Erakkadan said...

ഇപ്പോഴിതൊക്കെ സദ്യക്ക്‌ മാത്രമല്ലേ ഉണ്ടാക്കുന്നുള്ളൂ

മുരളി I Murali Nair said...

ശരിയാ..പണ്ട് അമ്മ വീട്ടില്‍ ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ട്..ഇന്നിപ്പോ ഇതിനൊക്കെ ആര്‍ക്കാ നേരം...
എന്തായാലും സാമ്പാര്‍ പൊടിയിലെ ഇന്‍ഗ്രേഡിയന്‍സ് എന്താണെന്ന് പലരും ഇപ്പോഴായിരിക്കും മനസ്സിലാക്കുന്നത്..

Typist | എഴുത്തുകാരി said...

ആ ഉണ്ടാക്കി വച്ചിരിക്കുന്നതില്‍ നിന്നു ഇത്തിരി കിട്ടിയാല്‍ മതിയായിരുന്നു.....

chithrakaran:ചിത്രകാരന്‍ said...

നല്ല പടങ്ങള്‍ !!!
സാംബാര്‍ പൊടിയുടെ സുഗന്ധം ഇല്ലെന്ന കുറവേയുള്ളു.

jyo said...

തേങ്ങ ചേര്‍ത്താല്‍ ഒരു മാസത്തോളം സൂക്ഷിക്കാമോ?

ബിന്ദു കെ പി said...

ജിയോ,
കേരളത്തിലെ കാലാവസ്ഥയിൽ ഒരു മാസമൊക്കെ എന്തായാലും കേടാകാതെ ഇരിക്കും. എന്നാൽ, ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എത്രനാൾ വേണമെങ്കിലും പുതുമ നഷ്ടപ്പെടാതെ ഇരുന്നോളും.

സിനുമുസ്തു said...

സാമ്പാര്‍ പൊടി വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന് കേട്ടിട്ടുണ്ടായിരുന്നു.
പക്ഷെ...അതെങ്ങിനെ ഉണ്ടാക്കാമെന്നു അറിയില്ലായിരുന്നു.
ഇപ്പോള്‍ ശെരിക്കും പഠിച്ചു.എന്തെളുപ്പം...
ഇനി പരീക്ഷിച്ചിട്ട് തന്നെ കാര്യം.
ബിന്ദുചേച്ചിയോട് ഞാന്‍ നന്ദി പറയുന്നുട്ടോ..

അനിൽ@ബ്ലൊഗ് said...

കൊള്ളാമല്ലോ.
ഒരു ചെറിയ സാമ്പാര്‍ പൊടി യൂണിറ്റ് തുടങ്ങാം.
:)

poor-me/പാവം-ഞാന്‍ said...

പൊടി ഉണ്ടാക്കി കഴിയുമ്പോള്‍ അതില്‍ സമ്പാര്‍ എന്നു എഴുതിയ ശേഷം പിന്നെ കുപ്പിയിലേക്ക് പകരുമ്പോള്‍ എഴുതിയത് പോകില്ലെ അത് എങിനെ പരിഹരിക്കും...

ചാണക്യന്‍ said...

ഓഹോ..ഇങ്ങനെയാണ് സാമ്പാറുണ്ടായത്..:):):):)

പാവപ്പെട്ടവന്‍ said...

സാമ്പാറില്‍ തേങ്ങ ചേര്‍‍ക്കുമോ ബിന്ദു .......വറുത്തരച്ച സാമ്പാര്‍ പുതിയ അനുഭവം

നിരക്ഷരന്‍ said...

അരക്കിലോ പാഴ്സലായിട്ട് അയക്കാമോ ? :)

ഏ.ആര്‍. നജീം said...

ഇവിടെ ഗള്‍‌ഫില്‍ സാമ്പാര്‍പൊടിക്കൊക്കെ നല്ല ഡിമാന്റാ.. വ്യാവസായികാടിസ്ഥാനത്ത് അങ്ങ് ഉല്പാദിച്ച് കയറ്റി അയച്ചാലോ :)

അല്ല ഒരു ഡൗട്ട് ഇതൊക്കെ സാമ്പാര്‍ ഉണ്ടാക്കുന്ന സമയത്ത് തന്നെ വറുത്ത് അരച്ചു ചേര്ത്താല്‍ ഫ്രഷ് ആയി കഴിക്കാലോ..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാ‍ര്യം.. സമ്പാർ പൊടി എന്ന ലേബലിൽ കിട്ടുന്ന പലതിലും മറ്റെന്തോ ഒക്കെ പൊടികളാണെന്ന് കേൾക്കുന്നു..

ഉണ്ടാക്കി നോക്ക് അറിയിക്കാം.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പിന്നെ ഡൌട്ട്. തേങ്ങ സാമ്പാറിൽ എന്നത് തന്നെ

രഘുനാഥന്‍ said...

റിട്ടയര്‍ ആയതിനു ശേഷം ഒരു പണിയില്ലാതെ ഇരിക്കുവാ .ഈ പരിപാടി തുടങ്ങിയാലോ?

ശ്രദ്ധേയന്‍ | shradheyan said...

ഫോട്ടോസ് മധുരം.. അപ്പൊ പാചകം..? സംശയമില്ല അതിമധുരം.!!

പച്ചമനുഷ്യൻ said...

നല്ലതു ..
എനിക്ക് ഇതു പുതിയൊരു അറിവു തന്നെ

കുഞ്ഞൻ said...

യിപ്പൊ കല്യാണ സദ്യയ്ക്ക് മാത്രമാണ് ഇങ്ങനെ ഉണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു സാമ്പാർ പൊടിയുണ്ടാക്കാനായി ഞാൻ രണ്ടുവർഷം മുമ്പ് ലുലുവിൽ നിന്നും വാങ്ങിയ മല്ലി ദേ ഇപ്പോഴും അങ്ങിനെതന്നെയിരുപ്പുണ്ട് കാരണം മിനക്കെടാൻ എനിക്ക് വയ്യ..അപ്പോ അവൾക്ക് ചെയ്യാൻ പാടില്ലേന്ന് ചോദ്യമുണ്ടാകാം, എന്തുചെയ്യാം ജീവിതം അഡ്ജസ്റ്റ്മെന്റാണല്ലൊ...

കുട്ടന്‍മേനൊന്‍ said...

സത്യത്തില്‍ കായവും ഉലുവയും സാമ്പാറില്‍ വേണോ ? എല്ലാവരും ചേറ്ക്കുന്നുണ്ട്.
ഈ രണ്ടിനങ്ങളും കൂടിയാല്‍ പരിപ്പിനൊപ്പം വയറിനു പ്രശ്നമുണ്ടാക്കുമെന്ന് ചില ആയുര്‍വ്വേദാചാര്യന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
പാലക്കാട്- തമിഴ് സാമ്പാറുകളില്‍ പച്ചത്തേങ്ങയാണ് അരയ്ക്കുന്നത്. സാമ്പാര്‍ വെളുത്തിരിക്കും.

എന്റെ അമ്മ വെയ്ക്കുന്ന സാമ്പാറില്‍ കായത്തിന്റെ കുത്ത് കാരണം ചിലപ്പോഴ് കഴിയ്ക്കാന്‍ പറ്റില്ല.

AUPS MURIYAD said...

അമ്മമാര്‍ക്ക് മകളുടെ വിവാഹം കഴിഞ്ഞു പോകുമ്പോള്‍ ഇനി ടെന്‍ഷന്‍ വേണ്ടേ വേണ്ട! ബിന്ദു ചേച്ചിയുടെ ബ്ലോഗ്‌ഉണ്ടല്ലോ! താങ്ക്സ് ബിന്ദു . എല്ലാ അമ്മമാരുടെയും അനുഗ്രഹങ്ങള്‍ ബിന്ദുവിനോട് കൂടെ ഉറപ്പ് . എല്ലാ ആശംസകളും ,സ്നേഹപൂര്‍വ്വം, ആദരപൂര്‍വ്വം, മറ്റൊരു ബിന്ദു

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP