Wednesday, December 30, 2009

ഗോതമ്പുപായസം

എല്ലാവർക്കും ഏറെ സുപരിചിതമായ ഗോതമ്പുപായസമാവട്ടെ അടുക്കളത്തളത്തിലെ ഇന്നത്തെ വിഭവം.


ആവശ്യമുള്ള സാധങ്ങൾ

  • ഗോതമ്പുനുറുക്ക്(ഗോതമ്പുറവ) - കാൽ കിലോ
  • ശർക്കര - അരക്കിലോ
  • തേങ്ങ - 2
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് - 1-2 സ്പൂൺ
  • വറുത്തിടാനുള്ള തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യം പോലെ

ഉണ്ടാ‍ക്കുന്ന വിധം:

ആദ്യം തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും വെവ്വേറെ എടുത്തു വയ്ക്കുക. തേങ്ങയിൽ കുറച്ചു വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയിൽ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാൽ. നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാൽ എടുത്ത ശേഷമുള്ള തേങ്ങയിൽ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാൽ. ഇതിന് അദ്യത്തേതിനേക്കാൾ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേർത്ത് പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാൽ. ഇത് വളരെ നേർത്തതായിരിക്കും. ( തേങ്ങാപ്പാൽ പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ, നല്ല കട്ടിയിൽ കലക്കിയത്, കുറച്ചുകൂടി നേർപ്പിച്ചത്, വളരെ നേർപ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തിൽ പാൽ തയ്യാറാക്കി വയ്ക്കുക).

ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.

ഉരുളിയിലോ അല്ലെങ്കിൽ അതുപോലെ നല്ലകട്ടിയുള്ള എതെങ്കിലും പാത്രത്തിലോ വേണം പായസം ഉണ്ടാക്കാൻ. അല്ലെങ്കിൽ ആകെ കുളവാവും, പറഞ്ഞേക്കാം.

കഴുകിയരിച്ച് വൃത്തിയാക്കിയ ഗോതമ്പുനുറുക്ക് വെള്ളത്തിലിട്ട് വേവിക്കുക എന്നതാണ് സാധാരണ രീതി. വെള്ളത്തിനുപകരം മൂന്നാം പാലിൽ വേവിക്കുകയാണ് ഞാൻ ചെയ്യുന്നത്(വേണമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. പാലും വെള്ളവും കൂടി ഏകദേശം 4-5 ഗ്ലാസ് വേണം). പായസത്തിന് കൂടുതൽ രുചി കിട്ടാനുള്ള ട്രേഡ് സീക്രട്ട് ആണിത് (ആരോടും പറയരുതേ...).


തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. കുറച്ചു കഴിഞ്ഞാൽ വെള്ളം നിശ്ശേഷം വറ്റി, ഗോതമ്പ് വെന്ത് പാകമാവും.


ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.


തുടർച്ചയായി ഇളക്കാൻ മറക്കരുതേ... ഒപ്പം രണ്ടു ടേബിൾ സ്പൂൺ നെയ്യ് പലതവണയായി ചേർത്ത് യോജിപ്പിക്കുകയും വേണം. കുറച്ചു കഴിഞ്ഞാൽ ശർക്കരയും ഗോതമ്പും നന്നായി യോജിച്ച് കുറുകിയ പരുവത്തിലാവും. ഈ ഘട്ടമാണ് താഴെ കാണുന്നത്.


ഇനി, തീ കുറച്ചശേഷം തേങ്ങയുടെ രണ്ടാം പാൽ സാവധാനത്തിൽ ഒഴിച്ച് യോജിപ്പിക്കുക. നന്നായി തിളച്ച് യോജിച്ചാൽ ഒന്നാം പാൽ ചേർക്കാം. ഒന്നാം പാൽ ചേർത്താൽ പിന്നെ തിളപ്പിക്കരുത്. ഇളക്കി യോജിപ്പിച്ച് ഒന്നു ചൂടായാലുടൻ പായസം വാങ്ങിവയ്ക്കണം.


ഏലക്കാപ്പൊടി ചേർത്തിളക്കിയശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ മുതലായ പൊടിപ്പും തൊങ്ങലുകളും കൂടി ചേർത്താൽ പായസം തയ്യാറായി. (പഴയകാലത്ത് തേങ്ങാക്കൊത്ത് മാത്രമേ ഇടാറുള്ളൂ. അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ പിന്നീടു വന്ന പരിഷ്കാരങ്ങളത്രേ).


അപ്പോ ശരി, ഇനി അടുത്തകൊല്ലം കാണാം...എല്ലാവർക്കും പുതുവത്സരാശംസകൾ.
മിഠായി...സോറി, പായസമെടുക്കൂ...ആഘോഷിക്കൂ.....

25 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

അപ്പോ ശരി, ഇനി അടുത്തകൊല്ലം കാണാം...എല്ലാവർക്കും പുതുവത്സരാശംസകൾ.
മിഠായി...സോറി, പായസമെടുക്കൂ...ആഘോഷിക്കൂ.....

പിരിക്കുട്ടി said...

ആഹാ എനിക്കേറ്റവും ഇഷ്ടപ്പെട്ട പായസം ആണിത് ...
"മധുരം കുറച്ചു " കൂടി പ്പോയി ....
കുഴപ്പമില്ല
ഈ പുതുവത്സരം ഈ പായസം പോലെ മധുരതരമാകാന്‍ ആശംസിക്കുന്നു

Typist | എഴുത്തുകാരി said...

എന്തായാലും നന്നായി, പുതുവര്‍ഷത്തിനു് മധുരമായി. അപ്പോ ശരി, അടുത്ത വര്‍ഷം കാണാം.

ഖാന്‍പോത്തന്‍കോട്‌ said...

വിശദമായ എഴുത്തിന് നന്ദി... കൊതിയൂറുന്ന വിഭവം..!! ആശംസകള്‍..!!

Cartoonist said...

“ഇനി, തീ കുറച്ചശേഷം തേങ്ങയുടെ രണ്ടാം പാൽ സാവധാനത്തിൽ ഒഴിച്ച് യോജിപ്പിക്കുക. നന്നായി തിളച്ച് യോജിച്ചാൽ ഒന്നാം പാൽ ചേർക്കാം“ എന്ന് ബിന്ദു.

ഇത് വായിച്ചതും , അടുക്കളയിലിരുന്ന് ടി യോജിപ്പിക്കലില്‍ ആവേശത്തോടെ ഏര്‍പ്പെട്ടുകൊണ്ടിരുന്ന മുഷ്ക്കിയായ സ്വന്തം അമ്മയുടെ പിറകില്‍ നിന്ന്
‘അനുയോജ്യനായ വരനെ ഞാന്‍ തന്നെ കണ്ടെത്തീമ്മേ’ എന്ന് 30കാരി മകള്‍ പറഞ്ഞതേയുള്ളൂ.

മുഷ്ക്കിയമ്മ സമ്മതം മൂളിപോലും!

അത്രേണ്ട് ഗോതമ്പ്വായസത്തിന്റെ ശ്ശക്തി!

ചാണക്യന്‍ said...

ഹെന്റമ്മെ..ഈ ബ്ലോഗിലെത്തിയാൽ നിറഞ്ഞ കൊതിയോടെയേ തിരിച്ചു പോകാൻ സാധിക്കൂ...ഇപ്പോ ദേ ഗോതമ്പ് പായസം....:):):):)

പുതുവത്സരാശംസകൾ...

സജി said...

ആള്രെഡി ഷുഗറാ.....

എന്നലും, ഒന്നു നന്നായിട്ടു വായിക്കുകയെങ്കിലും ചെയ്യാമല്ലോ......

അനിൽ@ബ്ലൊഗ് said...

ആഹാ ഇതുഗ്രനാവും.
വെന്ത് ഗോതമ്പ് ശര്‍ക്കരപ്പാനിയില്‍ കലര്‍ത്തി എടുക്കുന്നത് ഉഗ്രനാ.

നീലകുറിഞ്ഞി said...

yummy....
കുറച്ചു ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ട്, ഒന്നാം തീയതി കുടിക്കാം അല്ലെ?
"സ്നേഹം നിറഞ്ഞ നവവത്സരാശംസകള്‍"

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എന്റെ മോളേ എന്തൊരു മധുരം നിറഞ്ഞ പുതുവത്സരമാടാ നീ ബൂലോകത്തില്‍ വിളമ്പിയതു? ഉഗ്രന്‍.

എന്റെ പായസക്കുട്ടിക്ക് ഈ മധുരക്കുട്ടിക്കും കുടുംബത്തിനും എന്റെ മധുരം നിറഞ്ഞ പുതുവത്സരാശംസകള്‍..

shahu said...

excellent...wish you a happy new year...trying to prepare in new year.. tnx..

യരലവ~yaraLava said...

ബിന്ദു: ഗോതമ്പു നുറുക്കിനു പകരം കുത്തിയ ഗോതമ്പും, കടലപരിപ്പും 2:1 അനുപാതത്തില്‍ തേങ്ങപാലെടുക്കുന്ന നേരം വരെ കുതിര്‍ത്തിവെച്ചു തുടങ്ങുന്നതാണ് എന്റെ നാട്ടിലെ പാരമ്പര്യ രീതി. . ഏലയ്ക്കാ പൊടിക്കാ‍തെ പൊട്ടിച്ചിടുക, പിന്നെ അവസാനം പറഞ്ഞ നെയ്യും പൊടിപ്പും തൊങ്ങലും ചേര്‍ക്കാറില്ല. ( ഇതിന്റെ തന്നെ മധുരവും കടപരിപ്പും ചേര്‍കാതെ അല്പം ഉപ്പ് ചേര്‍ത്തുണ്ടാക്കുന്ന “കിസ്ക” എന്നത് ഇവന്റെ ഒരനുജനായി വരും)

എന്റെ നാട്ടില്‍ എല്ലാവര്‍ഷവും ഒരു വിശേഷ നാളിലെ പായസമാണിത് ; ഇതിന്റെ രുചി കാരണം , ഞങ്ങള്‍ ഇടക്കിടെ പയറ്റും :) തേങ്ങ പാലെടുക്കുന്ന വിഷമവും ചെറു തീയില്‍ അടുത്ത് തന്നെ ഇരുന്നു ഇടക്കിടെ ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ അടിക്ക് പിടിക്കും എന്നതാണ് ഇതിന്റെ യൊരു ബുദ്ധിമുട്ട്. എങ്കിലും കടലപ്പരിപ്പും ഏലയ്ക്കയുടെ മണവും ചേര്‍ന്നുള്ള രുചി അപാരമവര്‍ണ്ണനീയം പ്രത്യേകിച്ച് ഫ്രീസറില്‍ ഒന്ന് തണുപ്പിച്ചെടുത്താല്‍.

ബിന്ദു കെ പി said...

യരലവ, ഇങ്ങനെയൊരു രീതി എനിക്ക് പുതിയ അറിവാണ്. ഒന്നുകൂടി വിശദമായി പറഞ്ഞുതന്നിരുന്നെങ്കിൽ നന്നായിരുന്നു. പരീക്ഷിച്ചു നോക്കാനാ...

പള്ളിക്കരയില്‍ said...

പായസം നന്നായി. നന്ദി.

പുതുവര്‍ഷത്തില്‍ കൂടുതല്‍
പുതുരുചികള്‍
വിളമ്പാന്‍ കഴിയട്ടെ..
ആസ്വദിക്കാനും..

നവവല്‍സരാശംസകള്‍

എതിരന്‍ കതിരവന്‍ said...

‘ഗോതമ്പു റവ’കൊണ്ട് പറ്റുമോ? നുറുക്ക് ഗോതമ്പു തന്നെ വേണ്ടേ?
ഗോതമ്പു വെന്തുകഴിഞ്ഞാൽ ശർക്കര പൊടിച്ചിട്ട് കൂറച്ചു വെള്ളവും ചേർത്ത് വേവിച്ചാലും പോരേ?

പായസത്തിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ വന്നത് പിന്നീടാണ്. മൂപ്പിച്ച തേങ്ങാക്കൊത്ത് ആയിരുന്നു പതിവ്.

യരലവ: കടലപ്പായസം വേറെ അല്ലെ? കടലപ്പരിപ്പുമാത്രം കൊണ്ടുണ്ടാക്കുന്നത്? കടലപ്പരിപ്പും നുറുക്കുഗോതമ്പും ഒന്നിച്ചു വേവിയ്ക്കാൻ പ്രയാസമാണ്. രണ്ടിനും രണ്ടു വേവ് ആണ്.

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

കൊതിയൂറുന്ന വിഭവം..!!

ബിന്ദു കെ പി said...

എതിരൻ‌ജീ,
ഗോതമ്പുനുറുക്കും ഗോതമ്പുറവയും ഒന്നുതന്നെയല്ലേ? ചില സ്ഥലങ്ങളിൽ ഗോതമ്പുനുറുക്കിന് ഗോതമ്പുറവ എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അതാണ് രണ്ടും എഴുതിയത്. ഞാൻ ഉദ്ദേശിച്ചത് നുറുക്ക് തന്നെ.

“ഗോതമ്പു വെന്തുകഴിഞ്ഞാൽ ശർക്കര പൊടിച്ചിട്ട് കൂറച്ചു വെള്ളവും ചേർത്ത് വേവിച്ചാലും പോരേ?”
-ധാരാളം മതി. ശർക്കര അത്രയ്ക്ക് ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിൽ. പക്ഷേ മിക്കവാറും എല്ലാത്തരം ശർക്കരയിലും മണ്ണും മറ്റു കരടുകളും ഉണ്ടാവാറുണ്ട്. അതുകൊണ്ടാണ് ശർക്കര വേറെ ഉരുക്കി അരിച്ചെടുക്കാൻ പറയുന്നത്.( ഒരു മുൻ‌കരുതൽ. അത്രേയുള്ളൂ)

യരലവ~yaraLava said...

ബിന്ദു :

എന്റെ നാട്ടില്‍( കണ്ണൂര്‍-മാട്ടൂല്‍-മാടായി) ‘ബാറാ‌അത്ത്’ എന്ന മുസ്ലിം വിശേഷദിവസത്തില്‍ ഉണ്ടാക്കുന്ന ‘ ചക്കരച്ചോറ്’ എന്ന് വിളിക്കുന്ന ഗോതമ്പ് പ്രിപറേഷനാണ് ഞാന്‍ പറഞ്ഞത്. നേന്ത്രപ്പഴം വട്ടത്തില്‍ മുറിച്ചിട്ട് ‘ കായ്കറി’ എന്ന പേരില്‍ ഇതേ ദിവസത്തില്‍ ഉണ്ടാക്കുന്ന വേറൊരു പായസം കൂടിയുണ്ട്. ഒരു വീട്ടില്‍ ‘ചക്കരച്ചോറാ’ണെങ്കില്‍ അയല്പക്കത്ത് ‘ കായകറി’ യായിരിക്കും ഉണ്ടാക്കുക, നല്ല അയ്ല്പക്ക ബന്ധത്തിന് ഊടും‌പാവും ചേരുന്നതിങ്ങിനെയായിരിക്കണം. ചക്കരച്ചോറ് വേഗം കേടുവരില്ല എന്നതിനാല്‍പിറ്റേദിവസം തണുത്ത് കട്ടിയാകുമ്പോള്‍ രുചി കൂടും, ഒരു മിന്റ് സുലൈമാനിയും കൂട്ടിനുണ്ടായാല്‍; എത്ര വേണമെങ്കിലും സംസാരിക്കാം.

ഉരളില്‍ കുത്തി വെളുപ്പിച്ചെടുത്താണ് ‘പ്രാ‍ചീന’ കാലങ്ങളിലെ രീതി, ഇന്ന് കുത്തിയ ഗോതമ്പു പാക്കറ്റുകളില്‍ കിട്ടും. ബിന്ദു എഴിതിയ പായസത്തെ ഞാന്‍ ‘ചക്കരച്ചോറ്’ എന്ന പായസമായി തെറ്റിദ്ധരിച്ചതായിരിക്കണം , ഇവിടെ ഒരാശയക്കുഴപ്പം ഉരുണ്ടുകൂടുന്നത്. :)

ഞാന്‍ പറയുന്ന പായസം ചൂടോട്കൂടിയേ പായസത്തിന്റെ ഷേപുണ്ടാവൂ; തണുക്കുമ്പോള്‍ കട്ടിയാവും. പിന്നെ ഗോതമ്പു ചവക്കാന്‍ മാത്രം പാകത്തിലേ വേവുണ്ടാകൂ, കടലപ്പരിപ്പിന്റെ രുചിയും ഏലയ്ക്കയുടെ ആരോമയും; വെല്ലത്തിന്റെ മഞ്ഞനിറവും ; അവസാനം ഒഴിക്കുന്ന തേങ്ങപ്പാലില്‍ എല്ലാം സെറ്റായി വരുമ്പോള്‍ രുചി അപാരം. വാങ്ങിവെക്കാന്‍ നേരം ഒരു തെല്ല് ഉപ്പും ചേര്‍ക്കും. :)

എതിരവാ: കടലപ്പായസവും ; ഗോതമ്പു പായസവുമല്ല ഞാന്‍ ഉദ്ദേശിക്കുന്ന പായസം. എനിക്കറിയുകയുമില്ല ഈ രണ്ടെണ്ണത്തിനേം. ബിന്ദു; ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്ന ചേരുവയില്‍ ഉണ്ടാക്കുന്ന പായസം എന്ന് പറഞ്ഞ് തുടങ്ങിയത് കൊണ്ട് ആ രീതിയില്‍ ഉണ്ടാക്കുന്ന ഒരു പായസത്തെ കുറിച്ച് പറഞ്ഞ്‌പോയതാ. ഇനി പറയില്ല സാര്‍. :)

കുതിര്‍ത്തിയ കടലപ്പരിപ്പു ഒന്നാം പാലില്‍ ഗോതമ്പു അല്പം വെന്തു തുടങ്ങിയ ശേഷം കടലപ്പരിപ്പിടുന്നതാണ് പതിവ്.

ബിന്ദുവിന്റെ ഓര്‍മ്മപ്പെടുത്തല്‍ കാരണം ഇന്നീ സംഭവം ഉണ്ടാക്കിയിട്ടുണ്ട്; കഴിക്കാന്‍ കൊതിയുള്ളവര്‍ നാളെ രാവിലെ വീട്ടിലെത്തേണ്ടതാണ്.

വീ കെ said...

ബിന്ദുച്ചേച്ചി...
പായസമുണ്ടാക്കി നിങ്ങള് ചൂടോടെ കഴിക്ക്...
ഞാ‍ൻ അപ്പുറത്ത് മാറിയിരിക്കാം..
കൊതി കെട്ടാണ്ടിരിക്കാനാ...
എനിക്ക് ഷുഗറാണെ...!!

അപ്പൊ നല്ല സ്വീറ്റ് പുതുവത്സരാശംസകൾ...

മാണിക്യം said...

മനുഷ്യനെ നന്നാവാന്‍ സമ്മതിക്കില്ല അല്ലെ?
ഒരു തരത്തില്‍ പഞ്ചാര ഒക്കെ കുറച്ചു കൊണ്ട് വന്നതാഇനി ഇതു ഒന്നു ഉണ്ടാക്കാതെ എങ്ങനെയാ?. ബിന്ദുകുട്ടീ നന്ദി.
പുതുവല്‍‌സരാശംസകള്‍

ബിന്ദു കെ പി said...

യരലവ:
ഗോതമ്പുപായസത്തെ ചക്കരച്ചോറായി തെറ്റിദ്ധരിച്ചത് ഏതായാലും നന്നായി. :) അതുകൊണ്ട് ഒരു പുതിയ വിഭവത്തെപ്പറ്റി അറിയാൻ കഴിഞ്ഞല്ലോ. വിശദമായി പറഞ്ഞുതന്നതിന് നന്ദി. ഞാനിത് തീർച്ചയായും ഒരുദിവസം പരീക്ഷിക്കും...

സിനുമുസ്തു said...

ചേച്ചീ..ഗോതമ്പ് നുറുക്ക് കൊണ്ടുള്ള പായസം കണ്ടിട്ട് കൊതിയാവുന്നുട്ടോ...
ഞങ്ങളെ നാട്ടില്‍ കുത്തിയ ഗോതമ്പ് കൊണ്ടാട്ടോ ഇതുണ്ടാക്കുന്നത്.
എന്തായാലും ഞാനും ഒന്ന് പരീക്ഷിച്ചു നോക്കെട്ടെ......

പഥികന്‍ said...

പാചകവും പടം പിടുത്തവും എഴുത്തും. നന്നായിരിക്കുന്നു. പായസം എടുത്തു. പുതുവത്സരാശംസകള്‍

kvmadhu said...

madhuram, madhura tharam

നന്ദ വര്‍മ said...

സത്യം പറഞ്ഞാല്‍ കൊതിയായിട്ട് വയ്യ ചേച്ചി ..അഡ്രെസ്സ് തന്നാല്‍ പാര്‍സല്‍ അയക്കാമോ ..

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP