Wednesday, December 22, 2010

തിരുവാതിരപ്പുഴുക്ക്

ഇന്നു തിരുവാതിരയല്ലേ... പണ്ടു ഞങ്ങളുടെ വീട്ടിൽ തിരുവാതിരക്ക് ഉണ്ടാക്കാറുള്ള പുഴുക്കാവട്ടെ ഇന്ന് അടുക്കളത്തളത്തിൽ.
തിരുവാതിരയേക്കുറിച്ച് ഓർമ്മകൾ ഒരുപാടുണ്ട്...രാവിലെ നേരത്തെയുള്ള മുങ്ങിക്കുളി, വിസ്തരിച്ചുള്ള കണ്ണെഴുതലും കുറിയിടലിനും ശേഷം വെറും വയറ്റിൽ കരിക്കുവെള്ളം കുടിക്കൽ, തിരുവാതിര നൊയമ്പ്, ഊഞ്ഞാലാടൽ...അങ്ങിനെയങ്ങനെ.....
പക്ഷേ അടുക്കളയെ സംബന്ധിച്ചിടത്തോളം തിരുവാതിര കിഴങ്ങുകളുടെ ഉത്സവക്കാലമാണ്. കൊള്ളിക്കിഴങ്ങ്, ചേമ്പ്, ചേന, കാച്ചിൽ(കാവത്ത്), മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, നനകിഴങ്ങ്,കൂവക്കിഴങ്ങ് എന്നിങ്ങനെ വിവിധയിനം കിഴങ്ങുവർഗ്ഗങ്ങളുടെ വിളവെടുപ്പുകാലം കൂടിയാണ് ഇത്. അതുകൊണ്ടാവണം, തിരുവാതിരയ്ക്ക് കിഴങ്ങുകൾക്കാണ് പ്രാധാന്യം. പലതരം കിഴങ്ങുകൾ ചേർത്തുണ്ടാക്കുന്ന തിരുവാതിരപ്പുഴുക്ക്,കൂവനൂറ്(കൂവക്കിഴങ്ങിന്റെ പൊടി) കൊണ്ടുണ്ടാക്കുന്ന പായസം, ചേമ്പ് വറുത്തത്,  വിവിധതരം കിഴങ്ങുകളും ധാന്യങ്ങളും  ചേർത്തുണ്ടാക്കുന്ന എട്ടങ്ങാടി മുതലായവയാണ്  തിരുവാതിരയ്ക്ക് സാധാരണ ഉണ്ടാക്കുന്നത്.

കിഴങ്ങുകളും മുതിരയും ചേർത്തുണ്ടാക്കുന്നതാണ് തിരുവാതിരപ്പുഴുക്ക്.

ആവശ്യമുള്ള സാധനങ്ങൾ:
  • മുതിര - കാൽ കിലോ
  • കിഴങ്ങുകൾ(കൊള്ളിക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) - എല്ലാം കൂടി ഏതാണ്ട് ഒരു കിലോ.
 
  • മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്
  • തേങ്ങ ചിരകിയത് - ഒരു തേങ്ങയുടേത്
  • ജീരകം - ഒരു സ്പൂൺ
  • പച്ചമുളക് - ആവശ്യത്തിന്
  • കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം :
വളരെ എളുപ്പമാണിത്:
(മുതിര തലേദിവസം രാത്രി കുതിരാനിടുക. എങ്കിലേ കിഴങ്ങുകളുടെ ഒപ്പം നന്നായി വെന്തുകിട്ടൂ.)

കിഴങ്ങുകളെല്ലാം തൊലികളഞ്ഞ് വൃത്തിയാക്കി കഴുകിയെടുക്കുക.


മുതിരയും കഷ്ണങ്ങളും വെവ്വേറെ പാത്രങ്ങളിട്ട് പാകത്തിന് വെള്ളവുമൊഴിച്ച് പ്രഷർകുക്കറിൽ വേവിച്ചെടുക്കുക.  കഷ്ണങ്ങളുടെ കൂടെ സ്വല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും പാകത്തിന് ഉപ്പും ചേർക്കാം. വെന്തശേഷം മുതിര തവി കൊണ്ട് ഒന്നുടച്ചു യോജിപ്പിക്കുക(ഇങ്ങനെ ചെയ്യുമ്പോൾ കഷ്ണങ്ങളും ഉടഞ്ഞുപോവാതിരിക്കാനാണ് വെവ്വേറെ വേവിക്കണമെന്ന് പറഞ്ഞത്). അതിനുശേഷം കഷ്ണങ്ങളും ചേർത്തിളക്കി നന്നായി തിളപ്പിക്കുക. വെള്ളം അധികമുണ്ടെങ്കിൽ വറ്റിക്കണം. കരിഞ്ഞുപിടിക്കാതെ ശ്രദ്ധിക്കണമെന്നു മാത്രം. (കഷ്ണങ്ങളും കൂടി ചേർക്കുമ്പോൾ നല്ല കൊഴുകൊഴാന്ന് ഇരിക്കുന്നതുകാരണം പെട്ടെന്ന് കരിഞ്ഞുപിടിക്കാൻ സാധ്യതയുണ്ട്). ചുവടു കട്ടിയുള്ള പാത്രം ഉപയോഗിക്കുക.



തേങ്ങയും ജീരകവും അവശ്യത്തിന് പച്ചമുളകും ചേർത്ത് ഒന്നു ചതച്ചെടുക്കുക. അരഞ്ഞുപോകരുത്. വെള്ളം വറ്റി കുറുകിയ മുതിര-കിഴങ്ങ് കൂട്ടിലേക്ക് തേങ്ങ ചതച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. വാങ്ങിയശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി, അവയുടെ വാസനയെ രക്ഷപ്പെടാനനുവദിക്കാതെ  ഉടനെ കുറച്ചുനേരം അടച്ചുവയ്ക്കുക.  ഇത്രേയുള്ളൂ സംഭവം!

ഗോതമ്പുനുറുക്കു കൊണ്ടുണ്ടാക്കുന്ന കഞ്ഞിയാണ് ഞങ്ങളുടെ വീട്ടിൽ തിരുവാതിരനൊയമ്പിന് പതിവ്.

ഗോതമ്പുകഞ്ഞിയും പുഴുക്കും പപ്പടവും അച്ചാറും( അച്ചാറെന്നു പറയുമ്പോൾ കടുമാങ്ങയോ ചെത്തുമാങ്ങയോ ആണ് പറ്റിയ കൂട്ട് )!! ഇതാണ് തിരുവാതിര സദ്യ!


17 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഇന്നു തിരുവാതിരയല്ലേ... പണ്ടു ഞങ്ങളുടെ വീട്ടില്‍ തിരുവാതിരക്ക് ഉണ്ടാക്കാറുള്ള പുഴുക്കാവട്ടെ ഇന്ന് അടുക്കളത്തളത്തില്‍.

riyaas said...

കൊതിയാവുന്നു..നാട്ടീപ്പോവാന്‍!

Manju Manoj said...

എന്റെ ബിന്ദു ... ഇങ്ങനെ കൊതിപ്പിക്കാമോ?വെറുതെ പറയല്ല....ഇനി ജീവിതത്തില്‍ കഴിക്കാന്‍ പറ്റുമോ ഇതൊക്കെ.... വളരെ നന്നായി ട്ടോ പോസ്റ്റ്‌.....

ദിവാരേട്ടN said...

തിരുവാതിരക്ക് എന്തായാലും പറ്റില്ല. അടുത്ത തവണ അടുക്കളയുടെ ഇന്‍ ചാര്‍ജ് ആകുന്ന ദിവസം ഇതൊന്ന് പരീക്ഷിക്കണം. Thanks a lot

Kaithamullu said...

കഴിഞ്ഞ കൊല്ലം തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കിയിട്ട് ‘പൈതങ്ങള്‍ക്ക്’ പിടിച്ചില്ല. എന്നിട്ടോ: തലേന്നത്തെ മീന്‍ ചാര്‍ കൂട്ടിയടിച്ചു!

(അബുദാബിയില്‍ ഇതൊക്കെ സംഘടിപ്പിച്ചല്ലോ, ബിന്ദൂ! ഡെഡിക്കേഷന് അഭിനന്ദനംസ്)

jalakakkazhchakal said...

ettangaadiyil ninnu vangande sadanangal?

ശ്രീ said...

തിരുവാതിര സ്പെഷ്യല്‍ നന്നായി, ചേച്ചീ

കുഞ്ഞൂസ് (Kunjuss) said...

ഈ തിരുവാതിര സ്പെഷ്യൽ,പുഴുക്കൊക്കെ കഴിച്ച കാലം മറന്നു ബിന്ദൂ... ബിന്ദുവിന്റെ ഈ പോസ്റ്റ് പഴയകാല ഓർമകളിലേക്കു കൊണ്ടുപോയീട്ടൊ...
(ഇന്നു തിരുവാതിര, എന്നതുപോലും ഈ പോസ്റ്റ് കണ്ടപ്പോഴാണ് അറിയുന്നത്.തിരക്കുപിടിച്ച ജീവിതത്തിൽ നഷ്ടമാകുന്ന നന്മകൾ അങ്ങിനെയെന്തെല്ലാം...)

Swathi said...

Thiruvathira puzhuku looks awesome. I am planning to make some koova paayasam.

വിജിത... said...

kanditu kothi akunnu...

മാണിക്യം said...

കണ്ടിട്ട് കൊതി വന്നു സഹിക്കുന്നില്ല..
നോക്കട്ടെ ഞാനും
ഇതില്‍ എന്തെങ്കിലും വാങ്ങി പുഴുങ്ങി തിന്നും
നല്ല മുളക് ചമ്മന്തിയും കൂട്ടി ..

പൊറാടത്ത് said...

കൊള്ളാം. ഫോട്ടോസ് എല്ലാം ഈ തിരുവാതിരയുടേത് തന്നെയായിരുന്നോ? :)

ഇവിടെ ഇന്നലെ ശ്രീമതി ഇത് പരീക്ഷിച്ചു, കുറച്ച് വേരിയേഷനുകളോടെ...

മുതിരയ്ക്ക് പകരം പയറ്, പിന്നെ,അല്പം വെളുത്തുള്ളിയും.

കാവത്ത്‍ ഇവിടെ കിട്ടാഞ്ഞതുകൊണ്ട് അത് ഒഴിവാക്കി. മധുരക്കിഴങ്ങ് ഇഷ്ടമല്ലാത്തതുകൊണ്ട്, അതും.

പൊറാടത്ത് said...

ശശിയേട്ടന്റെ കമന്റ് കണ്ടതിപ്പോഴാ. ഇവടേണ്ടോപ്പോ?

Typist | എഴുത്തുകാരി said...

ഒരു തിരുവാതിര കൂടികഴിഞ്ഞു..

keraladasanunni said...

പുഴുക്കും കഞ്ഞിയും യഥേഷ്ടം കഴിച്ചു. ഫോട്ടോകളും
പോസ്റ്റും നന്നായി.

റീനി said...

ഗോതമ്പുകഞ്ഞീന്ന് കേട്ടപ്പോ ഞാനോടി. തിരികെ വന്നിട്ടാവാം പുഴുക്ക് റെസിപ്പി നോക്കാന്‍.

Cartoonist said...

പുഴുക്കും പപ്പടോങ്കൂടി പ്ലേറ്റിന്റെ മൂലക്കിരിക്കണ കണ്ടപ്പൊ, അരിയമ്പറംബത്ത് വേലായുധമേന്നും കല്‍യ്യാണ്യേമ്മേം ആണെന്നു വിചാരിച്ചുപോയി :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP