Thursday, May 28, 2009

ആവക്കായ് (മാങ്ങാ അച്ചാർ)



ആവക്കായ് തെലുങ്കരുടെ പ്രിയപ്പെട്ട മാങ്ങാ‍‌അച്ചാറാണ്. നമ്മൾ മലയാളികൾ ഇതിന് എണ്ണമാങ്ങ എന്നൊരു പേര് ഇട്ടിട്ടുണ്ട്. ആവക്കായ് കൂട്ടാത്ത ഒരു ദിവസം പോലും തെലുങ്കരുടെ ജീവിതത്തിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. അവരുടെ നിത്യജീവിതവുമായി ഈ അച്ചാർ അത്രയധികം ഇഴുകിച്ചേർന്നിരിയ്ക്കുന്നു. ഹൈദ്രാബാദ് ജീവിതത്തിനിടയിൽ ചില തെലുങ്ക് ആന്റിമാരിൽ നിന്നാണ് ഇതുണ്ടാക്കാൻ പഠിച്ചത്. ഉണ്ടാക്കുന്ന രീതിയിലും അളവുകളിലും മറ്റും പ്രദേശികമായ അല്പം വ്യത്യാസങ്ങൾ കേരളത്തിലേപ്പോലെ അവിടേയും കണ്ടിട്ടുണ്ട്. ഞങ്ങൾ വർഷങ്ങളായി ചെയ്തുവന്ന് വൻ വിജയമാക്കി മാറ്റിയ രീതിയാണ് ഇവിടെ പറയുന്നത്.

നല്ല പുളിപ്പുള്ളതും, തൊലിക്കട്ടിയുള്ളതും, കഴമ്പിന് നല്ല ഉറപ്പുള്ളതുമായ മാങ്ങയാണ് ഇതിനാവശ്യം. ഹൈദ്രാബാദിൽ ഇത്തരം മാങ്ങ സുലഭമായി മാർക്കറ്റുകളിൽ കിട്ടുമായിരുന്നു. ഹൈദ്രാബാദിനോടും ആവക്കായോടും വിട പറഞ്ഞ് നാട്ടിലെത്തിയശേഷം അച്ഛൻ നട്ടുപിടിപ്പിച്ച ഒട്ടുമാവ് ഭാഗ്യത്തിന് മൂന്നാം‌കൊല്ലം മുതൽ കനിഞ്ഞുനൽകിയത് ആവക്കായ്യ്ക്കു പറ്റിയ മാങ്ങ തന്നെയായിരുന്നു!മാവ് ഇന്നും മുറതെറ്റാതെ സമൃദ്ധമായി വിളവ് തരുന്നതുകൊണ്ട് ആവക്കായ് ഉണ്ടാക്കുന്നതിനും മുടക്കമൊന്നും വന്നിട്ടില്ല....

വെള്ളമയം ഒട്ടുമില്ലാതെ,നല്ലെണ്ണയെ ബേസ് ചെയ്ത് ഉണ്ടാക്കുന്ന ഈ അച്ചാർ എത്രകാലം വേണമെങ്കിലും കേടാകാതെ ഇരിയ്ക്കും. ഒരു പൂപ്പൽ പോലും വരുകയില്ല. കടുമാങ്ങ തയ്യാറാക്കുന്നതുപോലെ, ഭരണിയിൽതന്നെ നന്നായി സീൽ ചെയ്തു വച്ചാലേ കേടാകാതിരിയ്ക്കൂ എന്ന നിർബന്ധബുദ്ധിയൊന്നും ആവക്കായയ്ക്കില്ല. സ്ഫടികഭരണിയിലോ, കുപ്പികളിലോ ആക്കി നന്നായി അടച്ചുവച്ചാൽ മതി. ഇനി ഇതൊന്നുമില്ലെങ്കിൽ നല്ല അടപ്പുള്ള പ്ലാസ്റ്റിക്ക് പാത്രമായാലും കുഴപ്പമില്ല.

അപ്പോൾ ശരി, തുടങ്ങാം:

ആവശ്യമുള്ള സാധനങ്ങൾ:

മാങ്ങ - 5 കിലോ

കല്ലുപ്പ് - മുക്കാൽ കിലോ (കടുമാങ്ങയുടെ പോസ്റ്റിൽ പറഞ്ഞിട്ടുള്ളതുപോലെ തയ്യാറാക്കിയെടുത്താൽ കൂടുതൽ നന്നായിരിക്കും.)

മുളകുപൊടി - 350-400 ഗ്രാം (ഒന്നുകിൽ കാശ്മീരി മുളകുപൊടി ഉപയോഗിക്കുക. അല്ലെങ്കിൽ സാധാരണ മുളക് കടുമാങ്ങയുടെ പോസ്റ്റിൽ പറഞ്ഞിട്ടുള്ളതുപോലെ തയ്യാറാക്കിയെടുക്കുക. ആന്ധ്രക്കാർക്ക് അച്ചാറുകൾക്കായി പ്രത്യേകം മുളകുപൊടിയുണ്ട്).

കടുകുപൊടി - 350-400 ഗ്രാം. (കടുക് നല്ല വെയിലത്തു കുറേ നേരം വച്ചശേഷം ആ ചൂടാറുന്നതിനുമുൻപ് മിക്സിയിൽ പൊടിച്ചാൽ വേഗം പൊടിഞ്ഞുകിട്ടും).

കായം - 50 ഗ്രാം.

ഉലുവാപ്പൊടി - 50 ഗ്രാം.

കടലമാവ് - ഒരു കപ്പ്.

വെളുത്തുള്ളി - അരക്കിലോ.

നല്ലെണ്ണ - മുക്കാൽ ലിറ്റർ മതിയാവും. എങ്കിലും ഒരു ലിറ്റർ കരുതിവയ്ക്കുക.


ഉണ്ടാക്കുന്ന വിധം:

മാങ്ങ നന്നായി കഴുകിയെടുത്ത് വൃത്തിയുള്ള തുണികൊണ്ട് തുടച്ചെടുക്കുക. വെള്ളമയം നിശ്ശേഷം മാറ്റണം.

സാധാരണ അച്ചാറുകൾക്ക് നമ്മൾ മാങ്ങ പൂളിയെടുത്ത് നുറുക്കുകയാണല്ലോ ചെയ്യുന്നത്. എന്നാൽ ആവക്കായ്യ്ക്ക് മാങ്ങ അണ്ടിയോടെ വെട്ടിയെടുക്കുകയാണ് വേണ്ടത്. ഏറ്റവും ബുദ്ധിമുട്ടുള്ള പണിയും ഇതുതന്നെ. കാരണം സാധാരണ കത്തികൊണ്ട് ഇതു നടക്കില്ല എന്നതു തന്നെ. നല്ല മൂർച്ചയുള്ള, പരന്ന തരം കത്തി(ഇറച്ചിവെട്ടുകാരുടെയൊക്കെ കയ്യിലുള്ള തരം)ഉണ്ടെങ്കിൽ ഇത് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാം. ഹൈദ്രാബാദിൽ, വാങ്ങിയ്ക്കുന്ന സ്ഥലത്തുതന്നെ മാങ്ങ വെട്ടിക്കിട്ടാറുണ്ടായിരുന്നു. ബാംഗ്ലൂരിലും മാർക്കറ്റുകളിൽ മാങ്ങ വെട്ടിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ഏതായാലും ഞങ്ങൾ പറ്റിയ ഒരു കത്തി നേരത്തേ കരുതിയിട്ടുണ്ട്!

മാങ്ങ ഓരോന്നായി കട്ടിയുള്ള ഒരു മരപ്പലകയിൽ വച്ചു കുറുകേ വെട്ടുക(വൃത്തിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റോ ന്യൂസ്‌പേപ്പറോ വിരിച്ചിട്ടതിനുശേഷം അതിൽ വച്ചു വെട്ടുന്നതായിരിയ്ക്കും നല്ലത്. കാരണം, വെട്ടുമ്പോൾ മാങ്ങാകഷ്ണങ്ങൾ കുറച്ചുദൂരത്തോളം തെറിച്ചുപോകാൻ സാധ്യതയുണ്ട്). ‘വെട്ടൊന്ന്, മുറി രണ്ട്’ എന്ന തോതിലായിരിക്കണം കാര്യങ്ങൾ. വെട്ടിയതു ശരിയാവാതെ വീണ്ടും വീണ്ടും വെട്ടേണ്ടിവന്നാൽ മാങ്ങയുടെ കഴ‌മ്പിന് ചതവുപറ്റി ആകെ നാശമാവും.



വെട്ടിയെടുത്ത മുറികൾ സാമാന്യം വലുപ്പമുള്ള കഷ്ണങ്ങളായി നെടുകെയും കുറുകെയും വെട്ടിയെടുക്കുക. മാങ്ങയണ്ടിയുടെ ഉള്ളിലെ പരിപ്പിന്റെ ഭാഗങ്ങൾ കളഞ്ഞ് കഷ്ണങ്ങൾ വൃത്തിയാക്കിയെടുക്കുക. മാങ്ങാക്കഷ്ണങ്ങൾ ഇപ്പോൾ ദാ, ഈ പരുവത്തിലിരിയ്ക്കും:



വെട്ടിയെടുത്ത കഷ്ണങ്ങളിലെ അധികജലാംശം മാറ്റാൻ‌വേണ്ടി കുറച്ചുനേരം നല്ല വെയിലത്ത് പരത്തിയിടുക. രണ്ടുമണിക്കൂർ മതിയാവും. അധികനേരം ഇട്ടാൽ മാങ്ങ ഉണങ്ങിപ്പോവും.

ഇനിയുള്ള കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്.

കടലമാവ് കട്ടയില്ലാതെ വറുത്തു വയ്ക്കുക. ചുവക്കെ വറുക്കുകയൊന്നും വേണ്ട. പച്ചമണം മാറിയാൽ മതി. (തെലുങ്കരിൽ ചിലർ കടലമാവ് ഇടുന്നതിനുപകരം കടലപ്പരിപ്പോ കടലയോ ഒക്കെ ചേർക്കാറുണ്ട്)

വെളുത്തുള്ളി തൊലികളഞ്ഞു വയ്ക്കുക.

വിസ്താരമുള്ള ഒരു പാത്രത്തിൽ ഉപ്പ്, മുളകുപൊടി, കടുകുപൊടി, ഉലുവാപ്പൊടി, കായം, കടലമാവ് എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് മാങ്ങാക്കഷ്ണങ്ങളും വെളുത്തുള്ളിയും ഇട്ട് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക.(തെലുങ്കർ കൈകൊണ്ട് ഞെരടി യോജിപ്പിക്കുകയാണ് ചെയ്യുക).

ദാ,നമ്മളിപ്പോൾ ഈ ഘട്ടംവരെയെത്തി:



ഈ കൂട്ട് രണ്ടുദിവസത്തോളം അടച്ചുവയ്ക്കുക. മൂന്നാം ദിവസം നോക്കിയാൽ ഒരു കുഴഞ്ഞ പരുവത്തിലായിട്ടുണ്ടാവും:



മുക്കാൽ ലിറ്റർ നല്ലെണ്ണ ചൂടാക്കി തണുത്തതിനുശേഷം ഈ കൂട്ടിൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക:



ഇത് വീണ്ടും രണ്ടുമൂന്നു ദിവസം അടച്ചുവയ്ക്കുക. ദിവസവും രണ്ടുമൂന്നു പ്രാവശ്യം ഇളക്കിക്കൊടുക്കുന്നത് നന്നായിരിയ്ക്കും. ആദ്യം കട്ടിയായിരുന്ന അച്ചാർ ഇപ്പോൾ അയഞ്ഞ പരുവത്തിലായി മുകളിൽ എണ്ണ തെളിഞ്ഞുനിൽക്കുന്നതു കാണാം. എണ്ണ ശരിയ്ക്ക് തെളിഞ്ഞു വന്നിട്ടില്ലെങ്കിൽ ബാക്കിയുള്ള എണ്ണ കൂടി ചൂടാക്കി തണുപ്പിച്ചശേഷം ചേർക്കുക. ഇപ്പോൾ അച്ചാർ പാകമായി.



ഇനി അനുയോജ്യമായ സ്ഫടികഭരണിയിലേയ്ക്കോ കുപ്പികളിലേയ്ക്കോ മാറ്റാം. നന്നായി അടച്ചു വയ്ക്കുക. (അടയ്ക്കുന്നതിനുമുമ്പ് ഒരു കാര്യം ശ്രദ്ധിയ്ക്കുക: അച്ചാറിന്റെ മുകൾപ്പരപ്പിൽ എണ്ണ തെളിഞ്ഞുനിൽക്കണം. എന്നാലേ പൂപ്പലും മറ്റും വരാതിരിയ്ക്കൂ. അച്ചാറിനു മുകളിൽ സ്പൂൺകൊണ്ട് നന്നായി അമർത്തിയാൽ എണ്ണ മുകളിലേയ്ക്ക് തെളിഞ്ഞുവരും). ഒരു മാസം കഴിഞ്ഞാൽ ഉപയോഗിയ്ക്കാം.



എന്റെ അഭിപ്രായത്തിൽ(അനുഭവത്തിലും) ചെറുനാരങ്ങാസാദം, ഫ്രൈഡ് റൈസ്,ബിരിയാണി,തൈരുസാദം,വെറും ചോറ് എന്നിവ മുതൽ ദോശയ്ക്കും ഇഡ്ഡലിയ്ക്കും വരെ സകലതിനും അനുയോജ്യമായ അച്ചാറാണ് ആവക്കായ്. ബ്രഡിൽ പുരട്ടി കഴിയ്ക്കാനും നല്ലതെന്ന് ചിലർ പറയുന്നു. ഇനി, തെലുങ്കരുടെ ഒരുഗ്രൻ പരിപാടിയുണ്ട്: എന്താണെന്നോ, നല്ല ചൂടുള്ള പച്ചരിച്ചോറിൽ നെയ്യൊഴിച്ച് ആവക്കായും കൂട്ടിക്കുഴച്ച് കഴിയ്ക്കുക! സംഗതി പരീക്ഷിച്ചു നോക്കുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊരു പതിവാക്കി മാറ്റി ആരുടെയെങ്കിലും കൊളസ്ട്രോൾ ലെവൽ ഉയരാനിടയായാൽ അതിനു ഞാൻ ഉത്തരവാദിയായിരിയ്ക്കുന്നതല്ല.(അല്ല, തെലുങ്കർക്ക് കൊളസ്ട്രോൾ എന്ന ഘടകം രക്തത്തിലില്ലെന്നുണ്ടോ...??)

24 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ആവക്കായ് തെലുങ്കരുടെ പ്രിയപ്പെട്ട മാങ്ങാ‍‌അച്ചാറാണ്. നമ്മൾ മലയാളികൾ ഇതിന് എണ്ണമാങ്ങ എന്നൊരു പേര് ഇട്ടിട്ടുണ്ട്. ആവക്കായ് കൂട്ടാത്ത ഒരു ദിവസം പോലും തെലുങ്കരുടെ ജീവിതത്തിൽ ഉണ്ടാവുമോ എന്ന് സംശയമാണ്. അവരുടെ നിത്യജീവിതവുമായി ഈ അച്ചാർ അത്രയധികം ഇഴുകിച്ചേർന്നിരിയ്ക്കുന്നു.

ramanika said...

പോസ്റ്റ്‌ ഇഷ്ട്ടപെട്ടു.
എന്റെ വീട്ടില്‍ ഏറ്റവും കുടുതല്‍ demand ഉള്ള ഒരു ഐറ്റം ആണ് ഇത്
MTR ബ്രാന്‍ഡ്‌ ആവക്കായ് ഇല്ലെങ്ങില്‍ ഉണ്ണില്ല എന്നുവരെ ആയിട്ടുണ്ട്‌ !
എന്തായാലും ഈ കൂട്ടൊന്നു പരിക്ഷിക്കാന്‍ പറയാം നല്ല ഭാഗത്തിനോട് !

കണ്ണനുണ്ണി said...

മാങ്ങാ എന്‍റെ വീക്ക്നെസ്സ് ആ ... ശ്ശൊ കൊതി വരുന്നു :(

Unknown said...

udanethanne pareekshikunnundu
bindu ,,epolthanne vaayil oru
kappalodikaanulla vellamundu ,
appol pareekshanam
vijayichalo ? !!!!!!
valare santhosham.....

ശ്രീ said...

കണ്ടിട്ട് കൊതിയാകുന്നു...
:)

ഹന്‍ല്ലലത്ത് Hanllalath said...

ഞാനിനി ഇങ്ങോട്ടില്ല.. :(:(


എന്നെ എല്ലാരും വിളിക്കുന്നത്‌ തന്നെ
അച്ചാറു കൊതിയന്‍ എന്നാ.

ജിജ സുബ്രഹ്മണ്യൻ said...

ആ പടം കണ്ടിട്ട് കൊതി സഹിക്കാൻ പറ്റണില്ലാട്ടോ

കുക്കു.. said...

ബിന്ദു ചേച്ചി....ഇങ്ങനെ കൊതിപ്പിക്കാതെ....:(

ഞാന്‍ ഇത് അമ്മ യെ കാണിച്ചു കൊടുത്തു.....
ഞാനും അമ്മയും കൂടി ഒന്ന് പരീക്ഷിച്ചു.. നോക്കാന്‍ തന്നെ തീരുമാനിച്ചു.....
ഈ പറഞ്ഞ മാങ്ങ..കിട്ടുമോ ഒന്ന് നോക്കട്ടെ.....
.

siva // ശിവ said...

ഇത് എന്റെ പ്രിയ വിഭവം, നന്ദി...

ചാണക്യന്‍ said...

ആവക്കായ് പുരാണം നന്നായി....

Typist | എഴുത്തുകാരി said...

എനിക്കും ഇഷ്ടമാണ് ഇതു്. ഉണ്ടാക്കി നോക്കിയിട്ടില്ല.

വാഴക്കോടന്‍ ‍// vazhakodan said...

Touchings !!!

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദു

ആവക്കായ് അച്ചാര്‍ തിന്ന പോലെ തോന്നുന്നു.
എനിക്കുമുണ്ടായിരുന്നു ഒരു ഹൈദരാബാദ് ഓര്‍മ്മകള്‍.
അന്ന് ഞാനും കഴിച്ചിരുന്നു ഈ അച്ചാര്‍. അന്ന് ഇത് ലൂസ് ആയിട്ടും പലചരക്ക് കടയില്‍ കിട്ടുമായിരുന്നു.
ഞങ്ങളുടെ വാറങ്കലിലുള്ള ഒരു സുഹൃത്ത് വലിയ ടിന്നുകളിലാക്കി ഒരിക്കല്‍ തന്നതായി ഓര്‍ക്കുന്നു.
ഇവിടെ ബീനാമ്മ പലവിധം അച്ചാര്‍ ഉണ്ടാക്കാറുണ്ടായിരുന്നു പണ്ട്. ഇപ്പോള്‍ അവള്‍ക്ക് ഒന്നിനും ഉത്സാഹം ഇല്ല.
ഇന്ന് രാഖിയും ജയേഷും എത്തിയിട്ടുണ്ട്. അതിനാല്‍ അടുക്കളയില്‍ പൊരിഞ്ഞ പണിയാ...
മറ്റന്നാള്‍ വയ്യാണ്ട് കിടക്കുകയും ചെയ്യും....
ശരീര സുഖമില്ലെങ്കിലും മക്കള്‍ വന്നാല്‍ അവള്‍ക്ക് വലിയ മിടുക്കാ..........
എല്ലാ അമ്മമാരും ഇങ്ങിനെയാണോ.
പിന്നെ കുട്ടന്‍ മേനോന്‍ എന്ന ബ്ലോഗര്‍ “എന്റെ പാറുകുട്ടീ - 28 അദ്ധ്യായവും PDF ആക്കിത്തന്നു. അത് പെട്ടെന്ന് ആക്കാന്‍ ഒരു സൂത്രം ഉണ്ടത്രെ. എന്നെ പഠിപ്പിച്ച് തന്നിട്ടില്ല.
ഞാന്‍ പഠിച്ചാല്‍ ബിന്ദുവിനെ പഠിപ്പിക്കാം.
കുട്ടന്‍ മേനോന്‍ പറയുന്നു അത് പബ്ലീഷ് ചെയ്ത് പുസ്തകമാക്കാന്‍. സഹായിക്കാമെന്ന് പറഞ്ഞു പബ്ലീഷറെ കണ്ടെത്താന്‍.
ചെറിയതായി എഡിറ്റിങ്ങ് പണിയുണ്ടെന്നും പറഞ്ഞു.
എനിക്കിതിന്റെ പുറകെ ഓടി നടക്കാന്‍ വയ്യെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ താല്പര്യം പോലെ ചെയ്തോളാന്‍ പറഞ്ഞു.
++
അങ്ങിനെ ബിന്ദുവിന്റെ “അടുക്കളത്തളം” വായിക്കുമ്പോള്‍ പലതും തോന്നിയതാണിവിടെ കുറിച്ചത്.
പണ്ടൊരു കുറിപ്പ് ഒരു കഥയായി രൂപാന്തരപ്പെട്ടത് അറിയാമല്ലോ>
പിന്നെ ജയേഷിന്റെ കല്യാ‍ണം ആഗസ്റ്റ് മാസാവസാനത്തില്‍.
വരുമല്ലോ>.............

abhi said...

ഹൈദരാബാദില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ അച്ചാര്‍ കഴിക്കാനുള്ള ധൈര്യം ഉണ്ടായിട്ടില്ല.... ആദ്യം കഴിക്കുമ്പോള്‍ നല്ല സ്വാദ് ഉണ്ടാവുമെങ്കിലും ഉള്ളില്‍ നിന്ന് പുകഞ്ഞു വരുമെന്നാണ് കൂട്ടുകാര്‍ ഒക്കെ പറഞ്ഞെ.. അത് കൊണ്ട് പരീക്ഷിച്ചു നോക്കിയിട്ടില്ല :)

ആവക്കായ് ബിരിയാണിയും ഉണ്ടല്ലോ... അടുത്തിടെ അതെ പേരില്‍ ഒരു സിനിമയും ഇറങ്ങിയിരുന്നു !

അരുണ്‍ കരിമുട്ടം said...

നന്ദി..നന്ദി..നന്ദി..
പരീക്ഷണങ്ങള്‍ ഗംഭീരമാകുമ്പോള്‍ അച്ചാറുകള്‍ കൂമ്പാരമാകും
:)

ചേച്ചിപ്പെണ്ണ്‍ said...

നല്ല അച്ചാര്‍ .....

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
മാണിക്യം said...

ബിന്ദൂ
എന്റെ അയല്‍വാസി ഹൈദ്രബാദി ആരുന്നു ഞാന്‍ ഇതു കുറെ അകത്താക്കിയിട്ടുണ്ട്..
ബിന്ദൂ ഇവിടെ കിട്ടുന്നതൊക്കെ പഴമാങ്ങയാണ്
എന്നാലും നോക്കി നടക്കുന്നു ഈ പറഞ്ഞ തരത്തിലുള്ള മാങ്ങാ എന്തായാലും കിട്ടില്ല. എന്തും വരട്ടെ കിട്ടുന്നതു കൊണ്ട് പരീക്ഷിക്കും .. എന്റെ വീട്ടില്‍ മാങ്ങ അച്ചാറാക്കിയാല്‍ കുപ്പിയില്‍ ആക്കാന്‍ ഒന്നും നില്‍ക്കണ്ടാ. കടുമാങ്ങാ ബ്രെഡ് സാന്‍വിച്ച് കേമം ആണ്, ഇത്തിരി നന്നായി വെന്ത ചോറും ലേശം തൈരും ഇത്തിരി [അതു ഒരു തവി വരെ പോകും] മങ്ങാ അച്ചാറും ..
ഹമ്മമ്മോ അതുപോലൊരൂണ് സ്വര്ഗത്തില്‍ പോലും കിട്ടൂല്ലാ ...ഹും സത്യം !

എന്തായാലും ആവയ്ക്കായ്ക്ക് നന്ദി.:)

santhoshshivaram said...

i cannnot get time to read your posts fully but layout of ur blog looks nice i appreciate ur efforts to make ur blog a good one. i have a suggestion for u to type the letters correctly sometimes letter makes confused, however totally it was nice experience with ur adukkalthalam all the best for ur future writings i introduce my self my name is santhosh from tvm really new to blogging visit my blog and give suggestions nothing more to write all the best take care bye

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു ശരി..അപ്പോൾ തെലുഗത്തി ആയിരുന്നു അല്ലേ? ഞങ്ങളും കുറെ നാൾ ഗുണ്ടൂർ ആയിരുന്നു.അപ്പോൾ ഈ അച്ചാർ ഉണ്ടാക്കാൻ പഠിച്ചിട്ട് എല്ലാ വർഷവും ഇതുണ്ടാക്കലാണ് നല്ലപാതിയുടെ ഹോബി.

എനിയ്ക്കാണേൽ അച്ചാറുകളോട് അത്ര പ്രിയമില്ലതാനും

എന്തായാലും തെലുഗരുടെ അച്ചാറിനു നല്ല രുചിയാണു.കൂടുതൽ കാലം കേടു കൂടാതെ നിൽക്കുകയും ചെയ്യും...

( അതു തെലുഗു ആന്റിമാർ ഉണ്ടാക്കുമ്പോൾ പ്രത്യേകിച്ചും...:) :) )

freya said...

ഇത് വായിച്ചപ്പോഴേക്കും മാങ്ങാ സീസണ് കഴിഞ്ഞു പോയി. ഇനിയെന്തു ചെയ്യും. അടുത്ത വര്ഷം വരെ വെയ്റ്റ് ചെയ്യണമല്ലോ ഈശ്വരാ............

Cartoonist said...

ഞാനിതാദ്യായിട്ടാ കാണണെ !
ഇതല്ലേ, എന്റെ തട്ടകം !!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

veruthe vanne nokkiya.. de ipol vishanite vayyaa

Sureshkumar Punjhayil said...

Thanks a lot for sharing it... Best wishes...!!!

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP