Thursday, October 10, 2013

റവ ഇഡ്ഡലി

റവ കൊണ്ട്  ഇഡ്ഡലി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. അരയ്ക്കാനും പൊടിക്കാനുമൊന്നും മെനക്കെടേണ്ട. പെട്ടെന്നു കഴിയും പണി.
എങ്ങിനെയെന്നു പറയാം:

ആവശ്യമുള്ള സാധനങ്ങൾ
  • റവ - 1 ഗ്ലാസ്
  • അധികം പുളിയില്ലാത്ത തൈര് - ഏകദേശം അര ഗ്ലാസ്
  • ഈനോ - ഒരു സ്പൂൺ
  • ചെറുനാരങ്ങാ നീര് - അര സ്പൂൺ
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - അര സ്പൂൺ
  • പച്ചമുളക് - 2
  • കുറച്ച് കറിവേപ്പില, മല്ലിയില
  • വെള്ളം, ഉപ്പ് - ആവശ്യത്തിന്
വറുത്തിടാൻ:
കടുക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്,  കശുവണ്ടിപ്പരിപ്പ് അരിഞ്ഞത്, നെയ്യ്

ഉണ്ടാക്കുന്ന വിധം:

ഒരു ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് (നെയ്യ് ഇഷ്ടമല്ലെങ്കിൽ എണ്ണ ഒഴിച്ചാലും മതി) ആദ്യം കടുക് പൊട്ടിക്കുക. അതിനുശേഷം ഉഴുന്നുപരിപ്പും കടലപ്പരിപ്പും കഴുവണ്ടിയും ചേർത്ത് വറുക്കുക.

ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും അരിഞ്ഞത് ചേർത്ത് വഴറ്റിയശേഷം റവ ചേർത്ത് വറുക്കുക. തീ കുറച്ചു വച്ചാൽ മതി. ഇതോടൊപ്പം കുറച്ചു കറിവേപ്പിലയും മല്ലിയിലയും അരിഞ്ഞതു കൂടി ചേർത്ത് ഇളക്കുക.
റവ മൂത്താൽ ഇറക്കിവയ്ക്കുക. നന്നായി ആറിയശേഷം തൈരും ഉപ്പും ചെറുനാരങ്ങാനീരും  ചേർക്കുക. പുളിപ്പ് ആവശ്യമുള്ളത്ര തൈര് ചേർത്താൽ മതി.
അതിനുശേഷം ആവശ്യത്തിന്  വെള്ളവും ചേർത്ത് ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കുക.
ഇനി അവസാനമായി ഈനോ ചേർക്കണം. അതിനുമുമ്പ് ഇഡ്ഡലിപ്പാത്രം വെള്ളമൊഴിച്ച് അടുപ്പത്തു വയ്ക്കുക. അതവിടെ ഇരുന്ന് ചൂടാവട്ടെ. ഇഡ്ഡലിത്തട്ടുകൾ റെഡിയാക്കി അടുത്തുവച്ചശേഷം ഈനോ ചേർത്ത് ഒന്നിളക്കുക. കൂടുതൽ ഇളക്കണ്ട. (ഈനോ ചേർക്കുമ്പോൾ തന്നെ മാവിൽ സോപ്പുപത പോലെ ഉണ്ടാവും. അങ്ങനെ  ഉണ്ടായില്ലെങ്കിൽ ഈനോ പഴയതോ കേടായതോ ആയിരിക്കും). ഇനി ഒട്ടും ആലോചിച്ചു നിൽക്കാതെ മാവ് ഇഡ്ഡലിത്തട്ടിന്റെ കുഴികളിലേക്ക് ഒഴിക്കുക, ഉടനെതന്നെ വേവിക്കാൻ വയ്ക്കുക. (ഈനോയുടെ പത അടങ്ങുന്നതിനുമുമ്പുതന്നെ മാവ് വേവിക്കാൻ വയ്ക്കണം. അതുമിതും അന്വേഷിച്ച് സമയം കളയാതിരിക്കാനാണ് എല്ലാം നേരത്തേ തയ്യാറാക്കിവയ്ക്കാൻ പറയുന്നത്).
റവ ഇഡ്ഡലി പെട്ടെന്നുതന്നെ വെന്തു കിട്ടും:
ചൂടോടെ കഴിക്കുക. തണുത്താൽ കൊള്ളില്ല.

ഇതിന് കൂട്ടിക്കഴിക്കുവാൻ എനിക്കിഷ്ടമുള്ള ഒരു ചട്ണി പറയാം:
കുറച്ചു തേങ്ങയുടെ കൂടെ  മല്ലിയിലയും പച്ചമുളകും സ്വല്പം ഇഞ്ചിയും ഒരു ചുള വെളുത്തുള്ളിയും ചേർത്ത് വെണ്ണപോലെ അരച്ചശേഷം അത് ഒട്ടും പുളിയില്ലാത്ത കട്ടത്തൈരിൽ ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പും ചേർത്തിളക്കുക.

ഞാൻ പറഞ്ഞൂന്നേയുള്ളു. നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ള ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കൂ....


4 പേർ അഭിപ്രായമറിയിച്ചു:

റോസാപ്പൂക്കള്‍ said...

നല്ല കുറിപ്പ്. നന്ദി

vibitha vijayakumar said...

റവ കൊണ്ട് ഉപ്പുമാവ് & സ്വീറ്റ് ഇടലി മാത്രേ വീട്ടില് ഉണ്ടാക്കു , ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം . താങ്ക്സ് ചേച്ചി
പിന്നെ ഒരു സംശയം ചേച്ചി , ഈനോ എന്താ സാധനം ??

ബിന്ദു കെ പി said...

@ വിബിത: ഈനോന്ന് പറേണത് അസിഡിറ്റിയ്ക്ക് വെള്ളത്തിൽ കലക്കി കുടിക്കുന്ന ഒരു പൊടിയാണ്. മെഡിക്കൽ ഷോപ്പുകളിൽ കിട്ടും.
http://en.wikipedia.org/wiki/Eno_%28drug%29

കാങ്ങാടന്‍ said...

റവ ഇഡലി ഇതിലും നന്നായി ഉണ്ടാക്കാന്‍ വേറൊരു മാര്‍ഗം ഉണ്ട്. preparation ഇത് തന്നെ. പക്ഷെ രവക്ക് പകരം ഇഡലി റവ വാങ്ങിക്കാന്‍ കിട്ടും, അതാവുമ്പോ വറക്കുവോന്നും വേണ്ട. taste ഉം ഇതിനേക്കാള്‍ എത്രയോ മെച്ചമുണ്ടാവും.

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP