Friday, October 04, 2013

കുറുക്കുകാളൻ

കാളനെപ്പറ്റി മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. ഉണ്ടാക്കാൻ താരതമ്യേന എളുപ്പമുള്ള കാളനാണ് അത്. വേണമെങ്കിൽ ഒരു ഒഴിച്ചുകൂട്ടാനായിട്ടും കണക്കാക്കാമെന്നതുകൊണ്ടാവും ഞങ്ങളുടെ വീട്ടിൽ അധികവും ആ “നീട്ടു”കാളനാണ് ഉണ്ടാക്കാറുള്ളത്.
സദ്യകൾക്ക് മിക്കവാറും  തൊടുകറി രൂപത്തിലുള്ള കുറുക്കുകാളനാണ് ഉണ്ടാക്കുക.  ‘നീട്ടു’കാളനിൽ മോര് പതഞ്ഞുവരുമ്പോഴേയ്ക്കും വാങ്ങിവയ്ക്കുകയാണ് ചെയ്യുന്നതെങ്കിൽ കുറുക്കുകാളനിൽ ആ ഘട്ടവും കഴിഞ്ഞ് മുന്നോട്ടു പോയി മോര് തിളപ്പിച്ചുതിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, കുറച്ചുകൂടി സമയം ആവശ്യമുള്ള പരിപാടിയാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ആവശ്യമുള്ള സാധനങ്ങൾ:
 • നേന്ത്രക്കായ - കാൽ കിലോ
 • ചേന - കാൽ കിലോ
 • കുരുമുളകുപൊടി - എരിവ് ആവശ്യമായത്ര(ഞാൻ നാലഞ്ചു സ്പൂൺ ഇട്ടു)
 • മഞ്ഞൾപ്പൊടി - ഒന്നര സ്പൂൺ (അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമായത്ര)
 • ഉപ്പ് - പാകത്തിന്
 • ഉലുവാപ്പൊടി(ഉലുവ വറുത്തുപൊടിച്ചത്) - ഏകദേശം ഒന്നര സ്പൂൺ
 • വെണ്ണ മാറ്റിയ, നല്ല പുളിയുള്ള മോര്/തൈര് - ഒരു ലിറ്റർ (തൈരാണെങ്കിൽ മിക്സിയിലിട്ട് നന്നായി ഉടയ്ക്കണം)
 • തേങ്ങ - ഒന്ന്
 • ജീരകം - കുറച്ച്
 • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില
 • പഞ്ചസാര - കാൽ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
തേങ്ങയും ജീരകവും കൂടി വെണ്ണപോലെ അരച്ചുവയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെയാണ് അരയ്ക്കേണ്ടത്. അമ്മിയിൽ അരയ്ക്കുകയാണെങ്കിലേ അങ്ങനെ പറ്റൂ. കുറച്ചെങ്കിലും വെള്ളമയമില്ലാതെ മിക്സിയിൽ അരയ്ക്കാനും പറ്റില്ല. ഇതിന് ഞാൻ ചെയ്യുന്ന സൂത്രപ്പണിയാണ് സ്വല്പം മോര്/തൈര് ചേർത്ത് തേങ്ങ അരയ്ക്കുക എന്നത്. (ഇങ്ങനെ ചെയ്യുമ്പോൾ മോര്/തൈര് തണുത്തതാണെങ്കിൽ തേങ്ങ വേണ്ടവിധം അരയില്ല കേട്ടോ. ഓർത്തോളു...)

കായ തൊണ്ടുകളഞ്ഞ് രണ്ടാക്കി നുറുക്കുക. ചേന കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.
ചേനയും കായയും കൂടി ഉരുളി പോലുള്ള, പരന്ന കട്ടിയുള്ള പാത്രത്തിലാക്കി, നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക. (ഞാൻ വിറകടുപ്പിലാണ് വച്ചത്. ഗ്യാസ് ലാഭം; സ്വാദും കൂടും).
മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കുക.
കഷ്ണങ്ങൾ വെന്ത്, വെള്ളം നിശ്ശേഷം വറ്റിയാൽ മോര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ചുകഴിഞ്ഞാൽ മോര് പതയാനും പിന്നെ തിളയ്ക്കാനും തുടങ്ങും. വീണ്ടും മുന്നോട്ടു പോവുക. മോര് കുറുകണമെന്നതാണ് നമ്മുടെ ലക്ഷ്യം.  തുടരെ ഇളക്കണം. ഇല്ലെങ്കിൽ അടിയിൽ കരിഞ്ഞു പിടിക്കും.
ദാ നോക്കൂ, കണ്ടോ? മോര് നന്നായി തിളച്ചു കുറുകി കുഴമ്പുപരുവത്തിലായിരിക്കുന്നത്?

കുറച്ചു കറിവേപ്പിലയിട്ട് വാങ്ങിവച്ചശേഷം തേങ്ങ അരച്ചതു സാവധാനം ഇളക്കി ചേർക്കാം.
കുറുക്കുകാളൻ തയ്യാറായി. ഇനി വറുത്തിടുകയേ വേണ്ടൂ. സകല സ്വാദും ക്രമീകരിക്കാനായി കാൽ സ്പൂൺ പഞ്ചസാരയും ചേർക്കുക.
വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർക്കുക. കടുകും മുളകും കറിവേപ്പിലയുമൊക്കെ നല്ലോണം എടുത്തോളൂ. പിശുക്കണ്ട.  മുളക്  കഷ്ണങ്ങളാ‍ക്കാതെ മുഴുവനോടെ ഇടുക. അതാണതിന്റെ ഒരു ഇത്. യേത്?
കുറച്ചൊന്നു ആറിയശേഷം ഉലുവാപ്പൊടി കുറേശ്ശേയായി തൂവി ചേർക്കുക. കഴിഞ്ഞു പരിപാടി!

നെറ്റിയിൽ തൊടാനായി നമ്മൾ ചന്ദനം ചാലിക്കില്ലേ? ആ ഒരു പരുവത്തിലായിരിക്കണം കുറുക്കുകാളൻ എന്നാണു പറയുക!

പെട്ടെന്നൊന്നും കേടുവരില്ല എന്നൊരു ഗുണമുണ്ട് നമ്മുടെയീ കുറുക്കുകാളന്. പണ്ട് ഫ്രിഡ്ജൊന്നും ഇല്ലാതിരുന്ന കാലത്ത് കാളനൊക്കെ ചുമ്മാ ഒരു കൽച്ചട്ടിയിലാക്കി മരത്തട്ടുകൊണ്ട് അടച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്.
ഉണക്കലരിയുടെ ചോറും(അമ്പലത്തിലെ നേദ്യച്ചോറ്‌) കാളനും ബെസ്റ്റ് കോമ്പിനേഷനാണ്. എനിക്ക് ചപ്പാത്തിയുടെ കൂടെയും വല്യ ഇഷ്ടം! ഓരോരോ ഇഷ്ടങ്ങളേയ്!

4 പേർ അഭിപ്രായമറിയിച്ചു:

റോസാപ്പൂക്കള്‍ said...

മോര് കുറുക്കിയാല്‍ സംഭവം ഒക്കെയാകും അല്ലെ.എനിക്കറിയില്ലായിരുന്നു ഇത്.
നന്ദി

കാഴ്ചകളിലൂടെ said...

oooommmm.... goooooood

ajith said...

എനിയ്ക്ക് ഭയങ്കര ഇഷ്ടമാണീ സംഭവം

ശ്രീ said...

എനിയ്ക്കും വളരെ ഇഷ്ടമാണ് കാളന്‍

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP