Thursday, September 08, 2011

നാരങ്ങാക്കറി


സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഈ അച്ചാർ വടുകപ്പുളി നാരങ്ങകൊണ്ടാണ് ഉണ്ടാക്കുന്നത്. ഓണം പ്രമാണിച്ച് ഞാനും ഉണ്ടാക്കി കുറച്ചു നാരങ്ങാക്കറി. വളരെ എളുപ്പമാണിത്.
ആവശ്യമുള്ള സാധനങ്ങൾ:
  • വടുകപ്പുളിനാരങ്ങ - ഇടത്തരം വലുപ്പമുള്ളത് ഒന്ന്
  • പച്ചമുളക് - ഏകദേശം പത്തെണ്ണം
  • മുളകുപൊടി -  ഞാൻ ഏതാണ്ട് 6 വലിയ സ്പൂൺ എടുത്തു
  • കായം‌പൊടി - രണ്ട് സ്പൂൺ
  • ഉലുവാപ്പൊടി - അര സ്പൂൺ
  • പാകത്തിന് ഉപ്പ്, തിളപ്പിച്ചാറിയ വെള്ളം

ഉണ്ടാക്കുന്ന വിധം:
 നാരങ്ങ കഴുകി വൃത്തിയാക്കി, നെടുകെ നാലാക്കി മുറിച്ചശേഷം കനം കുറഞ്ഞ സ്‌ലൈസുകളാക്കുക. ഇനി ഈ സ്‌ലൈസുകൾ ചെറിയ കഷ്ണങ്ങളാക്കുക.

പച്ചമുളക് വട്ടത്തിൽ അരിയുക.


നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. അടുത്ത ദിവസം മുളകുപൊടിയും കായവും ഉലുവാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് പാകത്തിന് അയവിലാക്കുക.

നാരങ്ങാക്കറി റെഡി! ഇത്രേയുള്ളു!
ചിലർ ഇതിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടാറുണ്ട്. ഞങ്ങളുടെ വീട്ടിൽ പതിവില്ല.

സദ്യയ്ക്ക് ഇലയുടെ ഇടത്തേമൂലയിൽ പുളിയിഞ്ചിയുടേയും കടുമാങ്ങയുടേയുമൊക്കെ കൂട്ടത്തിൽ നാരങ്ങാക്കറിയെ പ്രതിഷ്ഠിക്കുക. പായസം മൂക്കുമുട്ടെ അകത്താക്കാൻ ഇടയ്ക്കിടെ നാരങ്ങാക്കറി തൊട്ടുനക്കുക.

അപ്പോ ശരി, എല്ലാവർക്കും ഓണാശംസകൾ....

12 പേർ അഭിപ്രായമറിയിച്ചു:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഈ പ്രാവശ്യം ഇതുവരെ ഇത് കിട്ടിയിട്ടില്ല.എല്ലാരും നേരത്തെ അച്ചാറാക്കി കളഞ്ഞെന്നാ തോന്നുന്നത്

Anees said...

ഇങ്ങനെ എരിവുള്ള സാധനങ്ങള്‍ പോരട്ടെ

siya said...

ഇത് വളരെ എളുപ്പം ആണല്ലോ .ഈ ഓണത്തിന് തന്നെ ഉണ്ടാക്കിനോക്കാം.ഈ നാരങ്ങകിട്ടിയാല്‍ മതിയായിരുന്നു ..

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ഞാനും ഇതുണ്ടാക്കാറുണ്ട് ബിന്ദൂ, പക്ഷേ, ഇവിടെ ഈ വടുകപ്പുളിയനെ കാണാനേ കിട്ടുന്നില്ല എന്നൊരു സങ്കടം... എന്റെ അമ്മ ഇതില്‍ കടുകും വേപ്പിലയും വറുത്തിടും. കൂടെ അല്പം പഞ്ചസാരയും, പുളി ക്രമീകരിക്കാനാ എന്നാ പറയുന്നേ...

ഓണാശംസകള്‍ ...!

Mélange said...

enikkum vadukappuliyan kittilla Bindu.Kothiyayittu vayya.ippo sadya okke aayikkanum alle ? bindunum veettukaarkkum ente Onaasamsakal !

ബഷീർ said...

എരിവുള്ളതെല്ലാം കുറക്കുകയാണ്‌..അതിനാല്‍ ഇത് കണ്ട് മറക്കാം :)

viswakaram said...

സദ്യ വിളമ്പുന്ന ക്രമം ഒന്ന് വിശദീകരിക്കാമോ? ഈ ഓണത്തിനും കണ്ഫ്യൂoഷന്‍ ആയി. താങ്ക്സ്!

ബിന്ദു കെ പി said...

@വിശ്വാകാരം,

സദ്യയുടെ വിഭവങ്ങൾക്ക് പ്രാദേശികമായ വ്യത്യാസങ്ങൾ ധാരാളമുണ്ട്. എന്റെ അമ്മയുടെ ഒരു കൂട്ടുകാരി ഓണസദ്യയ്ക്ക് ചിക്കൻ‌കറി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് സദ്യയിലെ വിഭവങ്ങൾ എന്തായിരിയ്ക്കണം എന്ന് ആധികാരികമായി പറയാൻ കഴിയില്ല.

എങ്കിലും പൊതുവായ ചില കാര്യങ്ങൾ പറയാം...

സദ്യയിലെ വിഭവങ്ങളുടെ എണ്ണം അവരവരുടെ ഇഷ്ടവും സാമ്പത്തികസ്ഥിതിയുമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാൽ അടിസ്ഥാനപരമായി ഒരു സദ്യയ്ക്ക് ‘നാലും വച്ചത്’ നിർബന്ധമാണ്. അതായത് കാളൻ, ഓലൻ, എരിശ്ശേരി, ഇഞ്ചിത്തൈര് (ഇഞ്ചിത്തൈര് നൂറ്റൊന്നു കറികൾക്കു സമാനമാണ്. വരരുചിയുടെ കഥ ഓർക്കുക) എന്നീ നാലു വിഭവങ്ങളാണ് ഒരു സദ്യയിൽ ഒഴിച്ചുകൂടാനാവാത്തത്. ഇവയും, ഉപ്പിലിട്ടതും(അച്ചാർ), പപ്പടവുമുണ്ടെങ്കിൽ ഒരു സദ്യയുടെ അടിസ്ഥാനമായി.

പിന്നെയുള്ളതെല്ലാം വിഭവസമൃദ്ധിയ്ക്കുവേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളാണ്. അത് എത്രവേണമെങ്കിലും ആകാം.

സദ്യ ചെറുതായാലും വലുതായാലും തൂശനില നിർബന്ധം. തൂശനിലയുടെ തുമ്പ് ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിയ്ക്കണം.

വിളമ്പുന്ന വിധം ഇലയുടെ ഇടത്തുനിന്ന് വലത്തോട്ട്:

ഇടത്തേഅറ്റത്ത് മുകൾഭാഗത്തെ മൂലയിൽ ഉപ്പിലിട്ടതും(നാരങ്ങാ അച്ചാർ, മാങ്ങാ‌അച്ചാർ, പുളിയിഞ്ചി), ഇഞ്ചിത്തൈരും.

ഇടത്തേയറ്റത്ത് താഴെയായി കായ വറുത്തത്, ശർക്കരപുരട്ടി, പഴംനുറുക്ക്/പഴംഎന്നിവ വച്ചശേഷം അവയുടെ മീതെ പപ്പടം.

മുകൾഭാഗത്ത് ഇടത്തുനിന്ന് വലത്തോട്ട് യഥാക്രമം തോരൻ,പച്ചടിയുണ്ടെങ്കിലത്, അവിയൽ, ഓലൻ, എരിശ്ശേരി.

വലതുവശത്ത് എരിശ്ശേരിയുടെ താഴെയായി കാളൻ.

നെയ്യും പരിപ്പുമുണ്ടെങ്കിൽ കാളനും താഴെ.

ഇത്രയും വിഭവങ്ങൾ ചോറ് വിളമ്പുന്നതിനു മുമ്പായി വിളമ്പിയിരിയ്ക്കണം
ശേഷം ഇലയുടെ നടുക്കായി ചോറ്. സാമ്പാർ ചോറിനു മീതെ ഒഴിയ്ക്കണം.

ഊണ് പകുതിയായാൽ പായസം, അതിനുശേഷം തൈരോ രസമോ കൂട്ടി ഊണു പൂർത്തിയാക്കുക എന്നതാണ് പൊതുസ്ഥലങ്ങളിൽ സദ്യയുടെ രീതിയെങ്കിലും വീടുകളിൽ അങ്ങിനെ പതിവുണ്ടോ എന്ന് സംശയമാണ്. ഏതായാലും ഞങ്ങളുടെ വീട്ടിൽ ഊണു മുഴുവൻ പൂർത്തിയായശേഷം പായസം വിളമ്പുകയാണ് പതിവ്.

കൂട്ടത്തിൽ ഒരു കാര്യം കൂടി: പണ്ടുകാലത്ത് ഞങ്ങളുടെ വീട്ടിൽ ഓണത്തിന് പായസം വയ്ക്കുന്ന പതിവില്ലായിരുന്നു. മധുരത്തിന് പഴംനുറുക്ക് കഴിയ്ക്കുകയാണ് ചെയ്തിരുന്നത്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബിന്ദു നേരത്തെ തന്നെ പ്രാദേശികവ്യത്യാസങ്ങള്‍ പറഞ്ഞല്ലൊ
അതുകൊണ്ട്‌ മദ്ധ്യതിരുവിതാംകൂറിലെ ക്രമം

ഇലയുടെ മുകളില്‍ വലത്തെ അറ്റം പച്ചടി

അതിന്റെ ഇടതുവശം അവിയല്‍

ഇടത്തെ അറ്റം അച്ചാര്‍ പപ്പടം , കായ വറുത്തത്‌ ശര്‍ക്കരവരട്ടി ,ഉതലായവ
ഇതിനിടയില്‍ ഓലന്‍ തൊരന്‍ തുറ്റങ്ങി എന്തെല്ലാം ഉണ്ടൊ അവ

കഴിക്കേണ്ട ക്രമം

ആദ്യം ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി കുഴച്ച്‌ പച്ചടിയും കൂട്ടി

അതു കഴിഞ്ഞാല്‍ ചോറും സാമ്പാറും അവിയലും അതുപോലെ മറ്റ്‌ എരിവും പുളിയും ഉള്ളവയും കൂട്ടി

അതു കഴിഞ്ഞാല്‍ പായസം, വേണമെങ്കില്‍ പഴവും പപ്പടവും കൂട്ടി

അതുകഴിഞ്ഞ്‌ പുളിശേരി, കാളന്‍ മോര്‍ രസം തുടങ്ങിയവ

viswakaram said...

Thanks! I will certainly keep a copy of it.

kunjatta said...

BINDU CHECHI ACHARAINU ULUVA VARUTH PODICHANO IDUNNATH ?

ബിന്ദു കെ പി said...

@കുഞ്ഞാറ്റ: അതെ. ഉലുവാപ്പൊടി എന്നുദ്ദേശിക്കുന്നത് ഉലുവ വറുത്തു പൊടിച്ചതുതന്നെ.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP