Tuesday, August 17, 2010

പുളിയിഞ്ചി

ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍‌പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. സദ്യകള്‍ക്ക് ഒഴിവാക്കാനാവാത്ത വിഭവം. ഓണക്കാലമല്ലേ.....കുറച്ചു പുളിയിഞ്ചി ഉണ്ടാക്കിവയ്ക്കാം അല്ലേ...?

ആവശ്യമുള്ള സാധനങ്ങള്‍:

  • പുളി - അരക്കിലോ
  • ഇഞ്ചി - 150 ഗ്രാം
  • പച്ചമുളക്/കാന്താരിമുളക് - 150 ഗ്രാം
  • മുളകുപൊടി - 3 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
  • കായം പൊടി - 2 ടീസ്പൂണ്‍
  • ശര്‍ക്കര - ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി).
  • ഉലുവാപ്പൊടി - 3 റ്റീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
(അളവുകളെല്ലാം ഏകദേശ കണക്കാണ്. ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല)

ഉണ്ടാക്കുന്ന വിധം:

പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.

ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്‍ കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്‍ സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്‍ക്കാം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. ദാ, നോക്കൂ:

ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്‍ കലക്കി, ചെറുതീയില്‍, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കല്‍ച്ചട്ടിയാണ് ഇതിനു പറ്റിയത്.

കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. (കരടുണ്ടാവാന്‍ സാധ്യതയുള്ള ശര്‍ക്കരയാണെങ്കില്‍ കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്‍ക്കുന്നതായിരിക്കും നല്ലത്). ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം‌കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്‍ നില്‍ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും.


ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി! തണുക്കുന്തോറും സ്വാദ് കൂടുമെന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. പുളിയിഞ്ചി സദ്യകള്‍ക്കു മാത്രമേ ഉണ്ടാക്കാവൂ എന്നൊന്നുമില്ലാ‍ട്ടോ. സംഗതി ഫ്രിഡ്ജില്‍ സ്റ്റോക്കുണ്ടെങ്കില്‍ വലിയ ഉപകാരമാണ്. ഊണിനു പ്രത്യേകിച്ച് കറികളൊന്നും ഇല്ലാത്ത ദിവസം ഇതു തൈരും കൂട്ടി ശാപ്പിടാം. എനിയ്ക്കാണെങ്കില്‍ ഇഡ്ഡലിയും പുളിയിഞ്ചിയും ഏറെയിഷ്ടമുള്ള കോമ്പിനേഷനാണ്. ഇനി എന്റെ വല്യമ്മയുടെ കണ്ടുപിടിത്തമായ ഒരുഗ്രന്‍ പരിപാടിയുണ്ട്. എന്താണെന്നോ....? വറുത്ത പപ്പടക്കഷ്ണങ്ങള്‍ പുളിയിഞ്ചിയില്‍ മുക്കി അകത്താക്കുക!

28 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

എല്ലാവർക്കും ഓണാശംസകൾ....

റ്റോംസ് കോനുമഠം said...

ഓണാശംസകൾ..

jyo said...

കായം,ഉലുവാപൊടി ഇതൊന്നും എന്റെ പുളിഞ്ചിയില്‍ ചേര്‍ക്കാറില്ലായിരുന്നു.ഓണം അടുത്തുവല്ലോ.ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്.
ഓണാശംസകള്‍.

haina said...

ഓണാശംസകൾ.

മുകിൽ said...

jyo paranja pole njaanum kaayam ulava onnum cherkkaarillaayirunnu. onnu pariikshikkate. onasamsakal.

jyo said...

ബിന്ദു,പുളിഞ്ചി ഇന്നലെ തന്നെ ഉണ്ടാക്കി.വളരെ നന്നായിരിക്കുന്നു.നന്ദി

ബിന്ദു കെ പി said...

ജ്യോ: വളരെ സന്തോഷംട്ടോ.....

Typist | എഴുത്തുകാരി said...

വീണ്ടും ഒരോണം....

കുഞ്ഞൂസ് (Kunjuss) said...

'ആല്‍ത്തറ'യിലെ നാടകത്തില്‍ കണ്ട പുളിയിഞ്ചിയെ നോക്കാന്‍ വന്നതാ.... ഒരു എറണാകുളംകാരിയായ ഞാനും പുളിയിഞ്ചിയുടെ ആളാണ്‌ ട്ടോ... ചിലപ്പോള്‍ ഇത്തിരി മധുരം കൂട്ടി... ചിലപ്പോള്‍, നല്ല എരിവോടെ,അങ്ങിനെ അങ്ങിനെ....

Aisibi said...

ഞാനും ഔടുന്നും മണം പിടിച്ച മണം പിടിച്ച് മന്നതാ... ഹയ് ഹയ് കോയിയും മുട്ടേം ഒരു ലിട്ടര് നെയ്യുമില്ലെങ്കിലും ബായിക്കുമ്പളേ തൊള്ളേല് ബെള്ളം നെറന്ഞു. എന്നെ ആരെങ്കിലും ഓണത്തിനു വിളിക്കേയ്ക്കുമെന്നും വിജാരിച്ചു കൊറച്ചൌസായി എല്ലാ ഇന്തുച്ചങ്ങായിയേളേം ഞാന്! ബിളീച്ചു പഞ്ചാരടിക്ക്ന്ന്. ഇനിയിപ്പം ഇതൊക്കെ നോക്കി സ്വന്തം അങ്ങോട്ട് ഇണ്ടാക്കി തിന്നാം!

Manju Manoj said...

ഓ... വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു ബിന്ദു ഇത്... എത്രയോ കാലങ്ങള്‍ ആയി പുളിയിഞ്ചി കഴിച്ചിട്ട്.... ഇനി അത് കഴിക്കാനും വഴിയില്ലാ... ഉണ്ടാക്കി തന്നിരുന്ന ആളു ഇനിയിങ്ങു വരാത്ത വിധം പൊയ്പോയി....സാരമില്ല ... നാട്ടില്‍ വരുമ്പോള്‍ ബിന്ദുവിനെ കാണാന്‍ വരാം .. ഞാനും അവിടെ അടുത്ത് തന്നെ ആണ്...പുളിയിഞ്ചി ഉണ്ടാക്കി തരാന്‍ മറക്കണ്ട ട്ടോ...

Sranj said...

ഞാനും ആല്‍ത്തറയില്‍ നിന്ന് ...
ഞാന്‍ ഇഞ്ചിയും പച്ചമുളകും ചിത്രത്തില്‍ കാണുന്നത്ര മൂപ്പിക്കാറില്ല.. പക്ഷെ ഇതിന്റെ പല വകഭേദങ്ങള്‍ പലയിടത്തു നിന്നും taste ചെയ്തിട്ടുണ്ട്...ഏതവതാരത്തിലും പുളിയിഞ്ചി എന്റെ പ്രിയവിഭവം!ഒരു ചട്ടി പുളിയിഞ്ചിയൊക്കെ ഒറ്റയിരുപ്പിനു കാലിയാക്കിയ ദിവസങ്ങളുണ്ട്..(സ്നഗ്ഗി വേണ്ടി വന്നിട്ടില്ല!!!) ഏതായാലും ഇപ്രാവശ്യം ബിന്ദു സ്പെഷ്യല്‍ ചെയ്തു നോക്കും..

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ ഈയിടെയായി വീട്ടില്‍ ഉണ്ടാക്കുന്ന പുളിയിഞ്ചി [ഞങ്ങളുടെ നാട്ടില്‍ ഇഞ്ചിമ്പുളി] കൂട്ടാറില്ല.
+തൃശ്ശൂരിലെ പ്രസിദ്ധ പാചകക്കാരന്‍ കണ്ണന്‍ സ്വാമിയുടെ ഇഞ്ചിമ്പുളി വാങ്ങി വെച്ചിട്ടുണ്ട്. അത് കഴിക്കും. ഒരിക്കല്‍ അരക്കുപ്പി ഒരേ ഇരുപ്പിന് കഴിച്ചു.
++ ബിന്ദുവിന്റെ ഇഞ്ചിമ്പുളി വായിച്ചപ്പോള്‍ എനിക്ക് ഇഷ്ടമുള്ള മെത്തേഡ് ആയ പോലെ തോന്നുന്നു. കുട്ടന്‍ മേനോന്‍ പുലിക്കളി ദിവസമായ നാലോണത്തിന് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്.

പുത്തന്‍ വേലിക്കരയില്‍ നിന്ന് ഓണം ഗിഫ്റ്റ് ആയി ഒരു കൊച്ചു പാര്‍സല്‍ അയച്ചാല്‍ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നതാണ്.

YemDee said...

Thanks for this recipe. We went for Onam meals in Hyderabad and my kids like Pulienji very much. I was looking for a recipe and for your blog.It came very well.

പാറുക്കുട്ടി said...

ഇത് ഞാനുണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ഇനി ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.

poor-me/പാവം-ഞാന്‍ said...

കാന്താരി ലേശം കൂടുതൽ അല്ലേ എന്നു സംശയം...കാരണം മുളകു വേറെയും (പിന്നേയും പിന്നേയും) ചേർത്തു കൊണ്ടിരിക്കുന്നുണ്ടല്ലൊ (നാലാമത്തെ ഇനം!) പിന്നെ മധുരം പ്രതീക്ഷിക്കുന്നവർക്ക് ഇത്രയും എരിവു വേണൊ, അറിയില്ല...പിന്നെ ബ്ലോഗുലകത്തിലെ മിസ്സിസ് കേ.എം.മാത്യു ആയ ഭവതി അതെല്ലാം ആലോചിച്ചു കൊണ്ടു തന്നേയായിരിക്കും കുറിപ്പ് എഴുതിയിരിക്കുന്നത്..സംശയമില്ല.അടുത്തതിൽ എരിവിനു പകരം മധുരം പ്രതീക്ഷിച്ചു കൊണ്ട് നന്ദിയോടെ ഒരു പഴയ പതിവു വായനക്കാരൻ...

September 4, 2010 8:39 PM

Sureshkumar Punjhayil said...

Onashamsakal...!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഞങ്ങൾടവടെ ഇഞ്ചിമ്പുളീന്നാ പറയാ
എനിക്ക് വല്യഷ്ടാ :) -പക്ഷെ ഇപ്പോൾ അധികം കൂട്ടാറില്ല.. (കിട്ടാത്തതിനാൽ)

Sherly Aji said...

നല്ല ബ്ലോഗ്..............ഒരു അഭിപ്രായം ഉള്ളത്...........!!!

ഇതുവരെ ഇവിടെ വിളമ്പിയത്- Label ചെയ്യത് ഇട്ടാല്‍ നന്നായിരുന്നു........!!! എല്ലാവര്‍ക്കും നോക്കാന്‍ അത് എളുപ്പം ആയേനേ!!!!

ചേച്ചിപ്പെണ്ണ് said...

i too like it very much ...
thanks ..

ജെ പി വെട്ടിയാട്ടില്‍ said...

പുളിയിഞ്ചിക്ക് ശേഷം പോസ്റ്റുകളൊന്നുമില്ലേ ബിന്ദൂ.
ആരോ മൊളകുഷ്യത്തെ പറ്റി കമന്റടിക്കുന്നത് കണ്ടു.
അപ്പോളൊന്ന് കയറി നോക്കിയതാ.

എന്റെ ഓഫീസീലെ PHP പ്രോഗ്രാമറായ പെണ്‍കുട്ടി ഇന്നെലെ എനിക്ക് ളൂവിക്കാ അച്ചാര്‍ കൊണ്ട് വന്ന് തന്നു. ഞാന്‍ അതിന്റെ റെസീപ്പി ചോദിച്ചിട്ടുണ്ട്.

അച്ചാര്‍ കിട്ടിയപ്പോള്‍ ഞാന്‍ ബിന്ദുവിനെ ഓര്‍ത്തതായിരുന്നു. ഇന്ന് കാലത്ത് തന്നെ ബിന്ദുവിനെ കാണാനിടയാകുകയും ചെയ്തു..

പുതിയ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു.

\പണ്ട് എന്റ് അമ്മ ഞങ്ങളുടെ കുന്നംകുളത്തെ തറവാട്ടില്
മോരു കാച്ചിത്തരുമായിരുന്നു. “ഓട്ട് മോരെന്ന്”വിളിക്കും.

പച്ചമോരില് വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്, വേപ്പില മുതലായവ ചേര്‍ത്ത് അടുപ്പത്ത് നിന്ന് മാറാതെ കുറുക്കി കുറുക്കി എടുക്കും.

പിരിയാതെ കുറുക്കണമെങ്കില് കുറഞ്ഞ ചൂടില് ഇളക്കിക്കൊണ്ടിരിക്കണം.
എന്റെ അമ്മ സാധാരണ അത് ചട്ടിയിലാണ് ഉണ്ടാക്കാറ്.

അത് കുറുക്കുമ്പോള് തന്നെ ഒരു പ്രത്യേക മണം വരും. വയറ്റില് അസുഖം വരുമ്പോള് പൊടിയരിക്കഞ്ഞിയും ഈ മോരുകാച്ചിയതും കൂട്ടി കഴിക്കാറുണ്ട്.

പിന്നെ ഊണ് കഴിക്കുമ്പോളും ഈ പ്രത്യേക തരം മോര് കാച്ചിയത് ഒരു പ്രത്യേക വിഭവം തന്നെയാണ്.
എന്റെ അനിയന്റെ ഭാര്യയും ഇപ്പോള് ഇത് ഉണ്ടാക്കാറുണ്ട്.

ബിന്ദുവിന് ഈ മോര് കാച്ചിയതിനെ പറ്റി അറിയുമെങ്കില് എഴുതുക.

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ബിന്ദു..

ഈ ബ്ലോഗ് ഇയാളുടേതാണൊ http://www.kalyaniamma.com/30/post/2010/11/33.html

ഇതിലെ പുളിയിഞ്ചി ബിന്ദു എഴുതിയതുപോലെ തന്നെ..ഇതൊരു കോപ്പിയടി(മോഷണം) ആണെങ്കിൽ പ്രതികരിക്കൂ കൂടാതെ ഇത് ബസ്സിലും ബ്ലോഗിലും അറിയിക്കുക

കുഞ്ഞന്‍ said...

ദാ മറ്റൊരു മോഷ്ടാവ്..

http://paaaavamsuhad.blogspot.com/2011/03/fw.html

Abhimanyu said...

കൊള്ളാം വെച്ച് നോക്കി ..സൂപ്പര്‍..:))

Kunhi said...

ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന്‍ ശ്രമിച്ചു നോകട്ടെ........

Kunhi said...

ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന്‍ ശ്രമിച്ചു നോകട്ടെ........

Kunhi Mohamed Karathode
Jeddah

Kunhi said...

ബിന്ദു ചേച്ചി ഇന്നാണ് നിങളുടെ ബ്ലോഗില്‍ എത്തപ്പെട്ടത്.പുളിഞ്ചി വായിച്ചപ്പോള്‍ വായില്‍ വെള്ളമൂറി, ഞാന്‍ ഒന്ന്‍ ശ്രമിച്ചു നോകട്ടെ........

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP