Tuesday, August 10, 2010

വറുത്ത പയർ മൊളോഷ്യം

ഇത് പണ്ടത്തെ ഒരു കര്‍ക്കടകകാല വിഭവമാണ്. പഞ്ഞക്കര്‍ക്കടത്തില്‍ പച്ചക്കറികളൊന്നും കാര്യമായി ലഭിക്കാത്തപ്പോള്‍ തട്ടിക്കൂടുന്ന വിഭവം. കര്‍ക്കടകത്തിലാണ് പയര്‍ നടുക. വിത്തിനായി പാ‍തിയമ്പുറത്ത് കെട്ടിത്തൂക്കിയിട്ടുള്ള ഉണക്കപയര്‍ നടാനെടുക്കുന്ന സമയത്ത് ഒന്നുകൂടി പരിശോധിച്ച് ഏറ്റവും നല്ലത് മാത്രമെടുത്ത് ബാക്കിയുള്ളത് മാറ്റിവയ്ക്കും. ഇങ്ങനെ “ക്വാളിറ്റി ടെസ്റ്റി”ല്‍ റിജക്റ്റ് ചെയ്യപ്പെടുന്ന പയര്‍ അടുക്കളയില്‍ കൂട്ടാനായി മാറും. അത് അന്തക്കാലം. എങ്കിലും ഇപ്പോഴും ഞങ്ങള്‍ ഇടയ്ക്കൊക്കെ ഈ കൂട്ടാന്‍ ഉണ്ടാക്കാറുണ്ട്.
എങ്ങനെയാണെന്ന് പറയാം:

ആവശ്യമുള്ള സാധനങ്ങള്‍:

  • പയര്‍ - ഏതാണ്ടൊരു കാല്‍ കിലോ
  • അമ്മി - ഒന്ന്
  • മുറം - ഒന്ന്
  • തേങ്ങ ചിരകിയത് - ഒരു മുറി
  • കാന്താരിമുളക് - ആവശ്യത്തിന്
  • മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - അവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:

പയര്‍ ഒരു ചീനച്ചട്ടിയിട്ട് കപ്പലണ്ടി വറുക്കുന്നതുപോലെ വറുത്തെടുക്കുകയാണ് ആദ്യം വേണ്ടത്. തീ കുറച്ചുവച്ച് ചെയ്യണം. കുറച്ചു കഴിഞ്ഞാല്‍ നല്ല മൂത്തമണം വരാന്‍ തുടങ്ങും. ഒട്ടും കരിയാതെ, ചുവക്കെ വറുക്കണം. കൊറിച്ചുനോക്കിയാല്‍ കടുമുടാന്നിരിക്കണം. ദാ, നോക്കൂ:


പയറിന്റെ തൊലി കളഞ്ഞ് പരിപ്പെടുക്കയാണ് ഇനി വേണ്ടത്. ഇതിനായി പയര്‍ അമ്മിയില്‍ വച്ച് അമ്മിക്കല്ലുകൊണ്ട് മെല്ലെ ഉരുട്ടണം. അപ്പോള്‍ തൊലി കുറേശ്ശെയായി ഇളകിപ്പോരും. പയറ് തെരങ്ങുക എന്നാണ് ഈ പരിപാടിക്ക് വീട്ടില്‍ പറയുന്നത്.


ഇനി ഇത് മുറത്തിലിട്ട് തൊലി ചേറ്റിക്കളയണം. (ഹോ, എന്തൊരു ബുദ്ധിമുട്ട് അല്ലേ..?)


ഇപ്രകാരം പയറ് ‘തെരങ്ങിയെടുത്ത’ പരിപ്പാണ് താഴെ കാണുന്നത്.


ഇനി കാര്യങ്ങള്‍ എളുപ്പമാണ്. തേങ്ങ കാന്താരിമുളകു ചേര്‍ത്ത് നന്നായി അരച്ചുവയ്ക്കുക. പയറുപരിപ്പ് പാകത്തിന് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. വേവിച്ച പരിപ്പ് നന്നായി ഉടച്ചശേഷം ഉപ്പും തേങ്ങ അരച്ചതും ചേര്‍ത്ത് ഇളക്കുക. വെള്ളം പോരെങ്കില്‍ ആവശ്യത്തിന് ചേര്‍ത്ത് നന്നായി തിളപ്പിച്ചശേഷം വാങ്ങുക. എന്നിട്ട് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഒന്നുകൂടി ഇളക്കി അടച്ചുവയ്ക്കുക.

ഇതേ കൂട്ടാന്‍ തന്നെ പയറുപരിപ്പിനോടൊപ്പം ചേമ്പ്, കൊള്ളിക്കിഴങ്ങ് മുതലായ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ചേര്‍ത്തും ഉണ്ടാക്കാവുന്നതാണ്.
കഞ്ഞിക്കും ചോറിനും അനുയോജ്യം. ചെത്തുമാങ്ങയാണ് പറ്റിയ കൂട്ട്.

12 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഇത് പണ്ടത്തെ ഒരു കര്‍ക്കടകകാല വിഭവമാണ്. പഞ്ഞക്കര്‍ക്കടത്തില്‍ പച്ചക്കറികളൊന്നും കാര്യമായി ലഭിക്കാത്തപ്പോള്‍ തട്ടിക്കൂടുന്ന വിഭവം.

ജെസ്സ് said...

ഇത് കൊള്ളാലോ ബിന്ദു ചേച്ചീ

Rare Rose said...

മൊളോഷ്യം എന്നു കേട്ടോടി വന്നതാ.പയറു മൊളോഷ്യത്തിനു പകരമായി പരിപ്പു മൊളോഷ്യമൊക്കെയാണു ഇവിടെ.രസമുള്ള ഒരു പാവം സിമ്പിള്‍ ഹമ്പിള്‍ കൂട്ടാന്‍ എന്നാ കക്ഷിയെ പറ്റി എന്റെയഭിപ്രായം.:)

mini//മിനി said...

ഇതു ഞാനുണ്ടാക്കും.

ഏറനാടന്‍ said...

ബിന്ദു ചേച്ചി നല്ല കവിതകള്‍ രചിക്കും എന്ന് പരിചയപ്പെടുത്തിയപ്പോള്‍ അത് സത്യസന്ധമായി തിരുത്തിയതും ഞാന്‍ ചമ്മിയതും ആലോചിച്ച് ചിരി വരുന്നു. :)
ചേച്ചിയും ഏട്ടനും രാവിലെ മുതല്‍ ക്യാമ്പ്‌ തീരും വരെ നിന്നത് മറക്കാന്‍ പറ്റില്ല. ഒരായിരം നന്ദികള്‍.

Bindhu Unny said...

അമ്മിയുമില്ല, അമ്മിക്കല്ലുമില്ല. പിന്നെ, ചെറുപയര്‍പരിപ്പ് പോലെ വന്‍പയര്‍പരിപ്പും വാങ്ങാന്‍ കിട്ടുമോന്ന് നോക്കണം. :)

നിരക്ഷരൻ said...

മൊളോഷ്യം എന്ന പേര് എങ്ങനാ വന്നത് ? ശരിക്കും അതിന്റെ അര്‍ത്ഥമെന്താ ?

അറിയാല്ലോ ...
നിരക്ഷരനാണേയ്...:)

Cartoonist said...

എറ്റിമോളജിക്കലി അമ്ലേഷ്യം തുടങ്ങിയ പദസംഘാതത്തില്‍ നിന്നാണ് മൊളോഷ്യത്തിന്റെ ഉത്ഭവം.

1930 കാലം. മഹാവറുതി.
ഇറ്റലിയിലൊക്കെ ഉച്ചയ്ക്കൂണിന് കൂട്ടാന്‍
മുളകുവെള്ളത്തിന്റെ തെളിയാണ് ഭാര്യമാര്‍
വിളമ്പിയിരുന്നത്.
കഷ്ണം വല്ലതുമുണ്ടോ എന്ന് പരവേശത്തോടെ കൂട്ടാനില്‍ ഇളക്കി നോക്കുന്ന ഭര്‍ത്തന്‍സ് സ്ഥിരം കാഴ്ചചയായിരുന്നു.

ഇളക്കല്‍ അണ്‍കണ്ട്രോളബില്‍ ആവുമ്പോള്‍ കൂട്ടാന്‍ ഒരു സമുദ്രം അഥവാ ഓഷ്യന്‍ ആയി ഇറ്റലിയിലൊക്കെ രൂപപ്പെട്ടുവന്നിരുന്നു.

ബാക്കി പറയണ്ടല്ലൊ.
ഓഷ്യന്‍ ഓഷ്യം ആയി.
അവിടുന്ന്, മൊളോഷ്യത്തിലേയ്ക്ക് ഒരു ഫര്‍ളോങ്ങില്ല.

നിരക്ഷരന്‍ ഇറ്റലി കണ്ടിട്ടുണ്ടോ ?

നിരക്ഷരൻ said...

ഒരു ഓഫ് @ കാര്‍ട്ടൂണിറ്റ് -

ഹോ ആ മൊളോഷ്യത്തിന്റെ ഉത്ഭവം.. ഒള്ളത് തന്നാണോ സജീവേട്ടാ ഇതൊക്കെ ? :) :)

ഇറ്റലി മുഴുവന്‍ കാണാന്‍ ഒരുപാട് സമയമെടുക്കും. ഒറ്റ രാത്രികൊണ്ടല്ലല്ലോ റോം ഉണ്ടാക്കിയത് ? 3 ദിവസം കൊണ്ട് കാണാവുന്നത്ര ഇറ്റലി കണ്ടിട്ടുണ്ട് :)

ബിന്ദു കെ പി said...

ഹ..ഹ..സജ്ജീവേട്ടാ..അതു കലക്കീ...

നിരക്ഷരാ, ഇവിടെ ഒന്നു പോയി നോക്കൂ. ഉത്തരം കിട്ടും.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:)))

ശ്രീലാല്‍ said...

പയർ തൊലികളയണം എന്ന് നിർബന്ധമാണോ ? മൊത്തത്തിൽ ഒന്ന് മിക്സിയിൽ ഇട്ട് അടിച്ച് പൊടിച്ച് മൊളകൂഷ്യാമോ ? :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP