Sunday, October 19, 2008

മൊളോഷ്യം

മൊളോഷ്യം/മുളകോഷ്യം എന്ന വാക്കുണ്ടായത് ‘മുളകുദൂഷ്യം’ എന്ന വാക്കിൽ നിന്നാണത്രേ. മുളക് ചീത്തയാണെന്നു അർത്ഥം! അതുകൊണ്ടുതന്നെ, എരിവ് തീരെ ഇല്ലാത്തതോ കുറവോ ആയതും, പുളി ഇല്ലാത്തതുമായ ഒരു പാവം കൂട്ടാനാണ് മൊളോഷ്യം.
പുരാതന കാലത്ത് എരിവ് ഇതിൽ തീരെ ഉപയോഗിച്ചിരുന്നില്ലെങ്കിലും പിന്നീട് ഒന്നു ‘ചൊടി’യാക്കാനായി കാന്തരിമുളകും മറ്റും ചേർത്തുതുടങ്ങി. വിധിയാംവണ്ണമുള്ള, ഏറ്റവും ലളിതമായ മോളോഷ്യം കുമ്പളങ്ങയും പരിപ്പും ചേർത്തുണ്ടാക്കുന്നതാണ്. പണ്ടത്തെ മൊളൊഷ്യങ്ങളിൽ തേങ്ങയും ചേർക്കുക പതിവില്ല. ഉണ്ടാക്കാൻ അത്ര എളുപ്പമാണെന്നർത്ഥം!.പക്ഷേ പിന്നീട് തേങ്ങ ചേർത്ത “തേങ്ങയരച്ചുമൊളോഷ്യം”,കടുകും മുളകും വറുത്തിട്ട “വറുത്തുമൊളോഷ്യം” എന്നിങ്ങനെ പല പരിഷ്കരിച്ച രൂപങ്ങളും നിലവിൽ വന്നു. ഇങ്ങനെ, കായ, ചേന, പിണ്ടി, പയർ, മുരിങ്ങാക്കായ തുടങ്ങി ചക്കയും ചക്കക്കുരും വരെയുള്ള പച്ചക്കറികൾ കൊണ്ട്, തേങ്ങയരച്ചും അരയ്ക്കാതെയുമുള്ള പലതരം മൊളോഷ്യങ്ങളുടെ നീണ്ട നിര തന്നെ ഈ അടുക്കളത്തളത്തിൽ എനിക്ക് വിളമ്പാനുണ്ട്...
ആദ്യം ഏറ്റവും ലളിതമായ രീതി തന്നെ പറയാം:

അവശ്യമുള്ള സാധങ്ങൾ :കുമ്പളങ്ങയും മത്തങ്ങയും : ഓരോന്നും കാൽ കിലോയുടെ കഷ്ണം വീതം (അളവുകൾക്കൊന്നും വലിയ പ്രാധാന്യമില്ല.ഇതൊക്കെ ഒരു കൈക്കണക്ക് വച്ച് ഉണ്ടാക്കുന്നതാണ്. (മത്തങ്ങ നിർബ്ബന്ധമില്ല).
പരിപ്പ് : 100 ഗ്രാം.
മഞ്ഞൾപ്പൊടി
കാന്താരിമുളക്/പച്ചമുളക്, ഉപ്പ്: അവശ്യത്തിന്.
വെളിച്ചെണ്ണ, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:

കുമ്പളങ്ങയും മത്തങ്ങയും കഷ്ണങ്ങളാക്കി പരിപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക. അതിനുശേഷം ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഉടച്ചുയോജിപ്പിച്ച് ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളവും ചേത്ത് ഒന്നു തിളപ്പിച്ചു വാങ്ങുക. ഈ ഘട്ടത്തിൽ ആവശ്യത്തിന് കാന്താരിമുളക്(ഇല്ലെങ്കിൽ പച്ചമുളക്) കീറിയതും ഇടുക. വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കി ഉടനെ കുറച്ചുനേരം അടച്ചുവയ്ക്കുക.
കുറിപ്പ്:
1. ഇതു തന്നെ കുമ്പളങ്ങ മാത്രമായോ മത്തങ്ങ മാത്രമായോ ചേർത്ത് ഉണ്ടാക്കാവുന്നതാണ്.
2. നല്ല ഇളം കുമ്പളങ്ങയാണെങ്കിൽ കുരുവും അതിനോടു ചേർന്ന ഭാഗങ്ങളും കളയേണ്ടതില്ല.
3. ഇതേ കൂട്ടാനിൽ സ്വല്പം തേങ്ങയും കാന്താരിമുളകും കൂടി അരച്ചതു ചേത്താൽ വ്യത്യസ്തമായ രുചിയായി.
4. പരിപ്പിനുപകരം ചെറുപയർ ചേർത്താൽ മറ്റൊരു മൊളോഷ്യമായി.
5. ചോറിന് മാത്രമല്ല, കഞ്ഞിക്കും പറ്റിയതാണ് ഈ മൊളോഷ്യം. ദഹിക്കാൻ വളരെ എളുപ്പമായതിനാൽ പനി മുതലായ അസുഖമുള്ളപ്പോഴും കഴിയ്ക്കാം.
6. കടുമാങ്ങ, മാങ്ങാച്ചമ്മന്തി, ചുട്ടപപ്പടം ഇതൊക്കെയാണ് ഈ മൊളോഷ്യത്തിനു പറ്റിയ കൂട്ട്.

34 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

മൊളോഷ്യം/മുളകോഷ്യം എന്ന വാക്കുണ്ടായത് ‘മുളകുദൂഷ്യം’ എന്ന വാക്കിൽ നിന്നാണത്രേ. മുളക് ചീത്തയാണെന്നു അർത്ഥം!

kaithamullu : കൈതമുള്ള് said...

മുളോഷ്യം ഇഷ്ടായി, ബിന്ദൂ.

നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവം രണ്ട് കാന്താരി മുളക് ഉപയോഗിച്ചതിനാല്‍ കഴിഞ്ഞാഴ്ച ഉണ്ടാക്കിയ, മത്തനും കുംബളനും ചെറുപയര്‍ പരിപ്പും ചേര്‍ത്ത, കൂട്ട് കൊളമായി!

പോരട്ടെ അങ്ങനെ, ഒന്നൊന്നായി!

ഫസല്‍ / fazal said...

നന്ദി...

നരിക്കുന്നൻ said...

മുളകിട്ട മുളകു ദൂഷ്യം ഇഷ്ടായീട്ടോ.. ഇനിയും വരട്ടേ പുതിയ വിഭവങ്ങൾ.

smitha adharsh said...

കേട്ടിട്ടുള്ളതല്ലാതെ..ഇതു ഉണ്ടാക്കുക പതിവില്ല..എന്തായാലും,ഈ പാചക ക്കുറിപ്പ്‌ വച്ചു ഉണ്ടാക്കി നോക്കുന്നുണ്ട്..

എതിരന്‍ കതിരവന്‍ said...

‘മുളകുകഷ്യം’ എന്നപേരില്‍ മുളകു ധാരാളമിട്ട് നേര്‍വിപരീതം സൃഷ്ടിയ്ക്കുന്ന രീതിയുമുണ്ട്.
എനിയ്ക്കു പരിചയമുള്ളത് ചേമ്പോ ചേനയൊ കൊണ്ടുള്ള മുളൊഷ്യമാണ്. വത്തല്‍മുളകും കുരുമുളകും മഞ്ഞളും അര്‍ച്ചു ചേര്‍ക്കും. കരിവേപ്പിലയും ചേര്‍ത്ത് അവസാനം ഒന്നു വേവിക്കും. പിനെ വെളിച്ചെണ്ണ ഒഴിച്ച് വാങ്ങും.

“അസ്ത്രം” എന്നൊരു കൂട്ടാനുണ്ട്. കേട്ടിട്ടുണ്ടോ? ബ്രാഹ്മണര്‍ക്ക് പരിചിതം. എങ്ങനെ വന്നോ ഈ പേര്.

രണ്‍ജിത് ചെമ്മാട്. said...

പിന്നേം പിന്നേം കൊതിപ്പിച്ചുകൊണ്ടിരിക്കും.....

ബാബുരാജ് said...

അയ്യോ, ഇതുവരെ മുളക്‌ ധാരാളം ചേര്‍ത്ത കറിയാണ്‌ മൊളോഷ്യം എന്നാണ്‌ കരുതിയിരുന്നത്‌. വീട്ടില്‍ പതിവില്ല. കപ്പളങ്ങ മൊളോഷ്യമാണ്‌ ഏറ്റവും ചീത്ത കറി എന്നര്‍ത്ഥത്തില്‍ കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയില്ലേ?

കാന്താരിക്കുട്ടി said...

മൊളോഷ്യം ഉണ്ടാക്കീട്ടീല്ല..ഇനി ഒന്നു ഉണ്ടാക്കി നോക്കണം..കാന്താരി മുളക് ധാരാളം ഇട്ടു തന്നെ ഉണ്ടാക്കണം..

വികടശിരോമണി said...

മുളകുദൂഷ്യം ഏറെയുള്ള കൂട്ടാൻ എന്ന അർത്ഥത്തിലും മൊളോഷ്യത്തെ വ്യാഖ്യാനിച്ചും രുചിച്ചും അനുഭവിച്ചിട്ടുണ്ട്.

കുഞ്ഞന്‍ said...

സാധാരണ ഉണ്ടാക്കുന്ന മൊളോഷ്യം മത്തങ്ങയുടെയും പിന്നെ കപ്പങ്ങയുടെതുമാണ്. ചക്കക്കുരുവും മാങ്ങയുമിട്ട് മൊളോഷ്യം വയ്ക്കാറുണ്ട്. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഏറ്റവും അവസാനം ചേര്‍ക്കുന്നു അതും തീ കെടുത്തിയിട്ട്.

ബിന്ദുജിക്ക് നന്ദി..
താള് (ചേമ്പിന്‍‌തണ്ട്) കറിയുണ്ടാക്കുന്നതും, തേങ്ങാ ചുട്ട ചമ്മന്തിയുണ്ടാക്കുന്നതും ബിന്ദു ടച്ചിനാല്‍ എഴുതാമൊ..?

കാപ്പിലാന്‍ said...

കൊള്ളാം

പൊറാടത്ത് said...

ബിന്ദൂ.. “മീൻ മൊളോഷ്യം“ അനുഭവിച്ചിട്ടുണ്ടോ..? മലബാറിൽ ഇതിന് “മീൻ മൊളൂട്ടത് “ എന്നാ പറയാറ്‌. ഇതിൽ മുളക് നന്നായി ചേർത്തിരിയ്ക്കും, തേങ്ങ അരയ്ക്കാറുമില്ല.

കിഷോര്‍:Kishor said...

ഇത് മലബാറിലെ പരിപ്പ് കറിയല്ലേ??

ഞാന്‍ വിചാരിച്ചു:
മുളകോഷ്യം = മുളകു വറുത്ത പുളി
= മൊളൊര്‍ത്തോളി
= തറവാട്ടു പുളി.

മുളകോഷ്യം എന്ന് കേള്‍ക്കുമ്പോള്‍ സായിപ്പിന്റെ ഏതോ ഡിഷായിരിക്കാമെന്നു പണ്ടു തോന്നിയിരുന്നു.

ശ്രീ said...

നന്ദി ചേച്ചീ
:)

ശിവ said...

മൊളോഷ്യത്തെക്കുറിച്ച് വായിച്ചപ്പോള്‍ ഇതൊക്കെ ഉണ്ടാക്കി കഴിക്കണമെന്ന് തോന്നുന്നു....അത്രയ്ക്ക് രുചികരം ആണോ ഈ മൊളോഷ്യം....

നന്ദകുമാര്‍ said...

ആഹാ! നമ്മുടെ സ്വന്തം കറി. ബാംഗ്ലൂരില്‍ ഞാന്‍ മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ ഇതെന്റെ സ്ഥിരം കറിയായിരുന്നു. തിരുവനന്തപുരം-കണ്ണൂര്‍ സ്വദേശികളായ സഹമുറിയന്മാര്‍ കേട്ടിട്ടില്ലാത്തതും കഴിച്ചിട്ടില്ലാത്തതുമായ കറിയായിരുന്നു. അതുകൊണ്ട് തന്നെ മൊളേഷ്യം വയ്ക്കുന്ന ദിവസങ്ങളില്‍ ചോറ് ആര്‍ക്കും തികയില്ലായിരുന്നു. :) മൊളേഷ്യം കറി വച്ച പാത്രം കൈകൊണ്ട് വടിച്ചു നക്കിയിരുന്ന ദിവസങ്ങളുമുണ്ടായിരുന്നു :)
എന്റെ മൊളേഷ്യം കറി ഒരു ദിവസം ഉണ്ടാക്കുവാന്‍ കണ്ണൂര്‍ സ്വദേശിയായ സഹമുറിയനു ഒരാഗ്രഹം. കറിയുണ്ടാക്കി ഭക്ഷണവും കഴിച്ചു, വൈകീട്ട് ഞാനെത്തിയപ്പോള്‍ സുഹൃത്തിന്റെ അഭിപ്രായം : ഇങ്ങ് ള് മൊളേഷ്യം ഒണ്ടാക്കണപോലെ ഞാനും ഉണ്ടാക്കീനീം. പക്ഷെ അത് ഇണ്ടാക്കികഴിഞ്ഞപ്പോള്‍ അത് മൊളേഷ്യമല്ല പകരം ‘കൊളേഷ്യം’ ആയിപ്പോയി. :)

ബിന്ദു കെ പി said...

കൈതമുള്ള് :- കാന്താരി മുളക് ഉപയോഗിച്ചാൽ സ്വാദ് കൂടുകയല്ലേ ഉള്ളൂ. കൊളമാവാൻ വഴിയില്ലല്ലോ...

ഫസൽ, നരിക്കുന്നൻ:- നന്ദി

സ്മിത:- ഉണ്ടാക്കി നോക്കൂ..

എതിരൻ:- ഇപ്പൊൾ മിക്കവരും ധാരാളം എരിവ് ചേർത്തുതന്നെയാണ് മൊളോഷ്യം ഉണ്ടാക്കുന്നത്. ചേമ്പും ചേനയുമൊക്കെ ഇതിനു പറ്റിയ പച്ചക്കറികളാണ്.
അസ്ത്രം എന്നത് ചേമ്പ് കൊണ്ടുണ്ടാക്കുന്ന ഒരു കൂട്ടാനാണെന്നല്ലാതെ കൂടുതലൊന്നും അറിയില്ല.വല്ലാത്തൊരു പേര് തന്നെ അല്ലേ?

രഞ്ജിത്ത് :- :)

ബാബുരാജ് :- അതേതു കവിതയാണ്? ഞാൻ കേട്ടിട്ടില്ലല്ലോ. അറിയാമെങ്കിൽ ഒന്നു പറയാമൊ?

കാന്താരിക്കുട്ടി:- നാട്ടിലാവുമ്പോൾ കാന്താരിമുളകിന് ബുദ്ധിമുട്ടില്ലല്ലോ അല്ലേ.

വികടശിരോമണി :- ഓ, അങ്ങിനേയും വ്യാഖ്യാനമുണ്ടല്ലേ..

കുഞ്ഞൻ:- കപ്പക്കാ മൊളോഷ്യം എന്റെ പ്രിയപ്പെട്ട കൂട്ടാനാണ്. ചക്കക്കുരുവും മാങ്ങയും പണ്ട് വീട്ടിൽ സ്ഥിരം വേനൽക്കാലവിഭവമായിരുന്നു.
ഇവിടുത്തെ പച്ചക്കറിക്കടയിൽ എന്നെങ്കിലും ഒരിക്കൽ താളിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഞാൻ. എന്നിട്ട് വേണം താള് കൂട്ടാനെപ്പറ്റി എഴുതാൻ. ഇല്ലെങ്കിൽ ഇനി നാട്ടിൽ ചെന്നിട്ടു വേണ്ടിവരും. :)

കാപ്പിലാൻ :- നന്ദി.

പൊറാടാത്ത്:- കൊള്ളമല്ലോ മീൻ മൊളോഷ്യം!. ഒന്നു പരീക്ഷിച്ചു നോക്കണം..(സസ്യേതര വിഭവങ്ങൾ അത്യാവശ്യമൊക്കെ ഉണ്ടാക്കാനറിയുമെന്നല്ലാതെ അതേപ്പറ്റി വിവരം കമ്മിയാണ്.)

കിഷോർ:- പരിപ്പുകറിയിൽ പരിപ്പു മാത്രമല്ലേ ഇടൂ..? മൊളോർത്തോളി എന്ന് എവിടെയോ കേട്ടിട്ടുണ്ട്.

ശ്രീ :- നന്ദി.

ശിവ: ഒന്ന് ഉണ്ടാക്കിനോക്കൂ.. വളരെ എളുപ്പമല്ലേ.

നന്ദകുമാർ:- ഹ..ഹ കൊളേഷ്യം! സുഹൃത്ത് കണ്ടുപിടിച്ച പേര് കൊള്ളാം.

അനില്‍ശ്രീ... said...

ഓഹോ,,,ഈ കറി ധാരാളം പ്രാവശ്യം കൂട്ടിയിട്ടുണ്ട്. ഈ കറിക്ക് ഇങ്ങനെയും ഒരു പേരുണ്ടോ? കോട്ടയത്തൊക്കെ ഇങ്ങനെ തന്നെയാണോ പറയുന്നത് എന്ന് ഒന്നന്വേഷിക്കണമല്ലോ...

Radheyan said...

അസ്ത്രം കാച്ചില്‍ കൊണ്ട് ആണ് ഞാന്‍ കണ്ടിട്ടുള്ളത്.അത് കഞ്ഞിക്ക് ബെസ്റ്റാണ്.ഒരു വിധത്തില്‍ പറഞ്ഞാല്‍ കാച്ചിലിട്ട തേങ്ങ അരച്ച മോര് കൂട്ടാന്‍.

മൊളോഷ്യം ഓലന്‍ പോലെ ഒരു വികാരരഹിതന്‍.എങ്കിലും നല്ല ഒരു നാടന്‍ കറി.മരിക്കുന്ന സ്വാദുകളില്‍ ഒന്ന്.

മുസാഫിര്‍ said...

മൊളോഷ്യം , ചില കഥകളില്‍ വായിച്ചപ്പോള്‍ മലബാറിലെ എന്തോ പ്രത്യേക കറിയാണെന്ന അറിവേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ സംഭവം ഇതാണെന്ന് ഇപ്പോഴല്ലെ പിടി കിട്ടിയത്.

മേരിക്കുട്ടി(Marykutty) said...

ഞാന്‍ ഇതു തേങ്ങയും ഇത്തിരി ജീരകവും പിന്നെ പച്ചമുളകും ചേര്‍്ത്തരച്ചാണ് ഉണ്ടാക്കാര്..

പിന്നെ, പേരിന്റെ അര്ത്ഥം പറഞ്ഞു തന്നതിന് നന്ദി..

ശ്രീലാല്‍ said...

മൊളീശൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ (കണ്ണൂരിലെ ഒരു ഉൾനാടൻ ഗ്രാമം) വിളിക്കുന്നത്. സതീശൻ, രമേശൻ എന്നെല്ലാം വിളീക്കുന്നതുപോലെ..
മീൻ മൊളീശൻ ഉണ്ടാക്കാനറിയോ ? :)

lakshmy said...

നന്ദി ബിന്ദു
ഇതിന്റെ തേങ്ങയും ജീരകവും അരച്ച കറിയാണ് എനിക്കും കൂടുതൽ പരിചയമുള്ളത്. ഇനി ഇങ്ങീനേയും ഒന്നു പരീക്ഷിച്ചു നോക്കാം. കാര്യം അൽ‌പ്പം എളുപ്പവുമാണ്.

Artist B.Rajan said...

നല്ലപോസ്റ്റ്‌

ഹൃദയാസുഖങ്ങള്‍ ഉണ്ടാക്കാത്ത,മേദസ്സുകുറയ്ക്കുന്ന മൊളേഷ്യം കൊച്ചിശ്ശീമയിലേയും,മലബാറിലേയും ബ്രാഹ്മണ കൂട്ടാനായിരുന്നൂ.അടുപ്പില്‍നിന്നും ഇറക്കിയശേഷം വെളിച്ചെണ്ണ ഒഴിക്കുന്നത്‌ വേണ്ടാത്ത കൊഴുപ്പായി മാറാതിരിക്കാനാണ്‌.തെക്കരുടെ കായമെഴുക്കുപുരട്ടിയും ഈവിധം വെളിച്ചെണ്ണയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നു.

വഴികാട്ടി / pathfinder said...

ഒരു വിളക്കുമായി വഴികാട്ടി നിങ്ങളിലേക്ക്‌

സ്വീകരിച്ചാലും

http://vazhikaatti.blogspot.com/

ബാബുരാജ് said...

കപ്പളങ്ങ അല്ല കേട്ടോ, കൊള്ളിക്കിഴങ്ങാണ്‌! കവിത ഇങ്ങനെ;
കൊള്ളിക്കിഴങ്ങിന്‍ മൊളൂഷ്യം പോല്‍ മന്തനായ്‌
മറ്റൊരു കൂട്ടാനുമില്ല മന്നില്‍,
ഒട്ടുമേ ദേഷപ്പെടാതെ, പിണങ്ങാതെ
യുള്ളതാം പ്രേമം പോലാണതോര്‍ത്താല്‍.

Anonymous said...

njaaneppozhum ബിന്ദുവിന്റെ അടുക്കളത്തളത്തിലാ....
ഇവിടെ ബീനാമ്മയുമായി വഴക്കടിക്കുമ്പോള്‍ കറികളുണ്ടാക്കാന്‍ എനിക്കീ പംക്തി വളരെ സഹായപ്രദമാണു.
പിന്നെ എന്നെ ശരിക്കും ഒരു ബ്ലോഗറാക്കി സഹായിച്ചതും ബിന്ദുവാണു...
ആരും ബ്ലോഗ് സഹായം ചെയ്തു തരാറില്ലാ...

ത്രിശ്ശൂര്‍ക്കാര്‍ ആരെയും ബ്ലോഗ്ഗര്‍മാരായി കാണാറില്ലല്ലോ?

പിന്നെ ബിന്ദു.... ഞാന്‍ ആശ്രമത്തില്‍ പഠിക്കുമ്പോള്‍ അവിര്‍ കുട്ടിക്ര്ഷ്ണന്‍ മാഷ് വൈകുന്നേരം മുളകുഷ്യം ആണു കൂട്ടാറ്...
ഒരു ദിവസം ഞാന്‍ രുചിച്ചു നോക്കിയപ്പോള്‍ എനിക്കിഷ്ടപ്പെട്ടു...
പിന്നെ മാഷ് കൂട്ടിയതിന്റെ ബാക്കി ഞാന്‍ കഴിക്കുമാറായിരുന്നു...
പക്ഷെ എനിക്കിന്നാ ഈ സാധനം എങ്ങിനെയാണുണ്ടാക്കുക എന്ന് മനസ്സിലായി...
അടുത്ത് ദിവസം ബീനാമ്മ യുമായി തല്ല് കൂടുമ്പോള്‍ മുള്‍കുഷ്യോം ഉണ്ടാക്കണം...

പിന്നെ ഹോം പേജില്‍ എന്റെ മറ്റു ര്‍ണ്ട് ബ്ലോഗുകളുടെ ലിങ്ക് എങ്ങിനെ കൊടുക്കാം എന്ന് ദയവായി പറഞ്ഞു തരിക...

ബിന്ദുവിന്റെ ബ്ലോഗില്‍ ചെയ്ത് പോലെ തന്നെ..
കുട്ടികളോടും അവരുടെ അച്ചനോടും അന്വേഷണം പറയണം...

ജെപി. said...

njaaneppozhum ബിന്ദുവിന്റെ അടുക്കളത്തളത്തിലാ....
ഇവിടെ ബീനാമ്മയുമായി വഴക്കടിക്കുമ്പോള്‍ കറികളുണ്ടാക്കാന്‍ എനിക്കീ പംക്തി വളരെ സഹായപ്രദമാണു.
പിന്നെ എന്നെ ശരിക്കും ഒരു ബ്ലോഗറാക്കി സഹായിച്ചതും ബിന്ദുവാണു...
ആരും ബ്ലോഗ് സഹായം ചെയ്തു തരാറില്ലാ...

ത്രിശ്ശൂര്‍ക്കാര്‍ ആരെയും ബ്ലോഗ്ഗര്‍മാരായി കാണാറില്ലല്ലോ?

പിന്നെ ബിന്ദു.... ഞാന്‍ ആശ്രമത്തില്‍ പഠിക്കുമ്പോള്‍ അവിര്‍ കുട്ടിക്ര്ഷ്ണന്‍ മാഷ് വൈകുന്നേരം മുളകുഷ്യം ആണു കൂട്ടാറ്...
ഒരു ദിവസം ഞാന്‍ രുചിച്ചു നോക്കിയപ്പോള്‍ എനിക്കിഷ്ടപ്പെട്ടു...
പിന്നെ മാഷ് കൂട്ടിയതിന്റെ ബാക്കി ഞാന്‍ കഴിക്കുമാറായിരുന്നു...
പക്ഷെ എനിക്കിന്നാ ഈ സാധനം എങ്ങിനെയാണുണ്ടാക്കുക എന്ന് മനസ്സിലായി...
അടുത്ത് ദിവസം ബീനാമ്മ യുമായി തല്ല് കൂടുമ്പോള്‍ മുള്‍കുഷ്യോം ഉണ്ടാക്കണം...

പിന്നെ ഹോം പേജില്‍ എന്റെ മറ്റു ര്‍ണ്ട് ബ്ലോഗുകളുടെ ലിങ്ക് എങ്ങിനെ കൊടുക്കാം എന്ന് ദയവായി പറഞ്ഞു തരിക...

ബിന്ദുവിന്റെ ബ്ലോഗില്‍ ചെയ്ത് പോലെ തന്നെ..
കുട്ടികളോടും അവരുടെ അച്ചനോടും അന്വേഷണം പറയണം...

Seena said...

Bindu,
ivide ethiyathu, jp yude mail vazhi..
blog nannayi ishtappettu, pinne verittu nilkkunna aa 'aparishkritha' swabhavavum, am going to add your link in my blog list..
all the best, see you again.. :)

H1B Express :) said...

വളരെ നന്നായിട്ടുണ്ട്. ടേസ്റ്റ് ഓഫ് കേരള എന്നാ അമൃതാ പ്രോഗ്രാമും നല്ലതാണു.

pournami said...

ayyo njgalundakunanthu vere method anu kollam ,ippola evide ethiyathu

sreee said...

ഇപ്പോള്‍ ആണ് ഈ ബ്ലോഗ്‌ കാണുന്നത് . ഇഷ്ടമായി . ഞങ്ങള്‍ മൊളൂഷ്യം വയ്ക്കാന്‍ ചേനയും കായയും മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. 'എതിരവന്‍ കതിരവന്‍ ' പറഞ്ഞതുപോലെ വയ്ക്കും. കാന്താരി അല്ല, കുരുമുളകാണ് ഉപയോഗിക്കുന്നത് . കുരുമുളകിന് ദോഷം കുറവാണു . പനി വരുമ്പോള്‍ വയ്ക്കുന്ന സ്ഥിരം കൂട്ടാന്‍.

sarala said...

cheriya ulliyum pappadam pottichathum varuthidarille...?

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP