Wednesday, September 17, 2008

പാലട

പാലടയ്ക്കുള്ള അട പാക്കറ്റുകളായി കടകളില്‍ സുലഭമാണല്ലോ. ഒട്ടുമിക്ക കമ്പനികളും ഉണ്ടാക്കുന്നുമുണ്ട്. അട വാങ്ങിയാല്‍ പിന്നെ പാലും പഞ്ചസാരയും ചേര്‍ത്ത് പായസം ഉണ്ടാ‍ക്കുന്നത് എളുപ്പവുമാണ്. എന്നാല്‍, അല്പമൊന്ന് ബുദ്ധിമുട്ടാന്‍ തയ്യാറാണെങ്കില്‍ സ്വാദിഷ്ടമായ അട വീട്ടില്‍ തന്നെ തയ്യാറാക്കി പായസം ഉണ്ടാക്കാവുന്നതാണ്. ഉണക്കലരി കൊണ്ടാണ് അട ഉണ്ടാക്കേണ്ടത്. അമ്പലങ്ങളില്‍ നേദ്യച്ചോറും പായസവും ഒക്കെ ഉണ്ടാക്കുന്ന അരിയാണ് ഉണക്കലരി.കര്‍ക്കിടകമാസത്തില്‍ ഔഷധക്കഞ്ഞിയിലും ഉപയോഗിയ്ക്കും. സാധാരണയായി പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വാങ്ങാന്‍ കിട്ടും.

നമുക്കൊന്നു നോക്കിയാലോ..?

ആവശ്യമുള്ള സാധനങ്ങള്‍:

അടയ്ക്ക്:

ഉണക്കലരി : 250 ഗ്രാം



(പായസത്തിന് പ്രത്യേകമായി കിട്ടുന്ന നുറുങ്ങലരിയാണ് ഫോട്ടോയിലുള്ളത്.പാലടയ്ക്ക് നുറുങ്ങലരി തന്നെ വേണമെന്ന്‍ നിര്‍ബ്ബന്ധമില്ല.)
നെയ്യ് : 1 സ്പൂണ്‍
വെള്ളം
വാഴയില

പായസത്തിന്:

പാല്‍ : 3 ലിറ്റര്‍
പഞ്ചസാര : അര മുതല്‍ മുക്കാല്‍ ‍കിലോ വരെ.
നെയ്യ് : 1- 2 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:
ഉണക്കലരി കഴുകി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ഊറ്റിയെടുത്ത് വെള്ളം വലിയാനായി ഒരു ന്യൂസ്‌പേപ്പറില്‍ പരത്തിയിടുക. നന്നായി വലിഞ്ഞശേഷം മിക്സിയിലിട്ട് പൊടിച്ച് അരിച്ചെടുക്കുക. ഒട്ടും തരിയില്ലാത്ത, മിനുസമുള്ള പൊടിയായിരിക്കണം(ഉണക്കലരി പെട്ടെന്ന് പൊടിഞ്ഞുകിട്ടും).
ഈ പൊടി വെള്ളം ഒഴിച്ച്,ഒരു സ്പൂണ്‍ നെയ്യ് ഉരുക്കിയതും ചേര്‍ത്ത് അയവില്‍ കലക്കി വയ്ക്കുക.

വാഴയില നന്നായി തുടച്ചെടുത്ത്, കഷ്ണങ്ങളാക്കി, ഒന്നു വാട്ടിയെടുക്കുക.

ഓരോ കഷ്ണങ്ങളിലും അരിവാവ് അണിയുന്നതുപോലെ ഒഴിയ്ക്കുക(കൈപ്പത്തി അരിമാവില്‍ മുക്കി വിരലുകളുടെ അറ്റം കൊണ്ട് ഒഴിയ്ക്കല്‍) .



ഇതിനെ ഒന്നുകൂടി കനം കുറയ്ക്കാനായി വേണമെങ്കില്‍ വിരലുകള്‍ കൊണ്ട് ഒന്നു നേര്‍പ്പിക്കുകയും ചെയ്യാം. ദാ, ഇതുപോലെ:



അതിനുശേഷം ഓരോ ഇലയും തെറുത്തെടുക്കുക



തെറുത്തെറുത്ത ഇലക്കഷ്ണങ്ങള്‍ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിട്ട് വേവിച്ചെടുക്കുന്നതാണ് ശരിയായ രീ‍തി. പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു മാത്രമല്ല, നല്ല പരിചയവും അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ആകെ കുളമാവും. നമുക്ക് തല്‍ക്കാലം എളുപ്പപ്പണി ചെയ്യാം:
ഇലച്ചുരുളുകള്‍ കുക്കറിന്റെ തട്ടിലോ ഇഡ്ഡലിത്തട്ടിലോ നിരത്തിവച്ച് ആവിയില്‍ വേവിച്ചെടുക്കുക.അധിക സമയമൊന്നും വേണ്ടിവരില്ല. പെട്ടെന്ന് വേവും.
വെന്തശേഷം നന്നായി തണുക്കാന്‍ അനുവദിയ്ക്കുക(ഇത് വളരെ പ്രധാനമാണ്). പിന്നീട് ഇലച്ചുരുളുകള്‍ നിവര്‍ത്തി മാവ് (അട) അടര്‍ത്തിയെടുക്കുക.



ഈ അടകളെ കഴിയുന്നത്ര ചെറുതായി നുറുക്കിയെടുക്കുക.എത്ര ചെറുതാക്കുന്നോ, അത്രയും നല്ലത്.



അങ്ങനെ അട തയ്യാറായി.
ഇനി പായസം ഉണ്ടാക്കാം.
പാലില്‍ നിന്ന് പകുതിയെടുത്ത് നന്നായി തിളച്ചുവരുമ്പോള്‍ തയ്യാറാ‍ക്കിയ അട സാവധാനം ഇടുക.തുടരെ ഇളക്കുക.



കുറച്ചു നേരം കഴിയുമ്പോള്‍ അടയും പാലും നന്നായി യോജിച്ചുവരും.


ഈ ഘട്ടത്തില്‍ ബാക്കിയുള്ള പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ പഞ്ചസാരയും ചേര്‍ക്കുക.(പഞ്ചസാര മുഴുവന്‍ അളവും ആദ്യം തന്നെ ഇടരുത്. കുറേശ്ശേ ചേര്‍ത്ത് അവരവരുടെ പാകത്തിന് ക്രമീകരിയ്ക്കുക). തുടരെ ഇളക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പാല്‍ പാട കെട്ടും. നെയ്യ് പലതവണകളായി ചേര്‍ത്തുകൊടുക്കുക.എല്ലാം കൂടി നന്നായി യോജിച്ച് കുറുകുന്ന പരുവത്തില്‍ വാങ്ങിവയ്ക്കുക. പായസം തണുക്കുമ്പോള്‍ ഒന്നുകൂടി കട്ടിയാവും.അതുകൊണ്ട് അധികം കുറുകാത്ത പരുവത്തില്‍ വേണം വാങ്ങാന്‍.
പാട കെട്ടാതിരിയ്ക്കാനായി പായസം വാങ്ങിവച്ച ശേഷവും കുറച്ചുനേരം ഇളക്കിക്കൊടുക്കണം.


പാലട റെഡി !!

22 പേർ അഭിപ്രായമറിയിച്ചു:

keralainside.net said...

this post is being categorised (പാചകം)by www.keralainside.net.
Thank You..

ബിന്ദു കെ പി said...

അല്പമൊന്ന് ബുദ്ധിമുട്ടാന്‍ തയ്യാറാണെങ്കില്‍ സ്വാദിഷ്ടമായ അട വീട്ടില്‍ തന്നെ തയ്യാറാക്കി പായസം ഉണ്ടാക്കാവുന്നതാണ്.

നിരക്ഷരൻ said...

ആ ഭാഗത്ത് ഓണമൊന്നും കഴിഞ്ഞില്ലേ ? ഓണം കഴിഞ്ഞാലെങ്കിലും ഈ കൊതിപ്പിക്കല്‍ പരിപാടി ഒന്ന് അവസാനിക്കുമെന്ന് കരുതി ഇരിക്കുകയായിരുന്നു. ഇതിപ്പോ ഓണപ്പട്ടിണി കിടന്നവന് പാലട കിട്ടിയ അവസ്ഥയായി :) :)

ശ്രീ said...

പാലട പ്രഥമന്‍ ഗംഭീരമായി...

നന്ദി ചേച്ചീ...
:)

ജിജ സുബ്രഹ്മണ്യൻ said...

നന്ദി ബിന്ദൂ ..പക്ഷേ ഞാന്‍ ഒരു മടിച്ചിപ്പാറുവാണ്.അതു കൊണ്ട് ഇപ്പോള്‍ കടയില്‍ നിന്നും കിട്ടുന്ന അട കൊണ്ടാണു പായസം ഉണ്ടാക്കാറ്..പക്ഷേ ഇങ്ങനെ അട ഉണ്ടാക്കി പ്രഥമന്‍ ഉണ്ടാക്കിയിട്ടുണ്ട്.ഒരു മൂന്നു നാലു കൊല്ലം മുന്‍പ് വരെ.ഇപ്പോള്‍ ഭയങ്കര മടീ...

കുഞ്ഞന്‍ said...

ഇതില്‍ മേമ്പൊടിയൊന്നും ചേര്‍ക്കില്ലെ..?അണ്ടിപ്പരിപ്പ്,കിസ്മസ്,ഏലക്കാ തുടങ്ങിയവ..

കല്യാണ വീട്ടീല്‍ പാലടയുണ്ടാക്കാന്‍ വാഴയില ഒരുക്കാനുള്ള പാട്..നന്നായി രണ്ടു വശവും തുടക്കണം..അതൊരു ഒന്നന്നര പണിതന്നെയാണേ ഒന്നും ചെയ്യാതെ നടക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊതിപ്പിച്ച് കൊല്ല്! കൊല്ല്!!

കുറുമാന്‍ said...

പാലട കൊള്ളാം. നെയ്യിനുപകരം ഒടുവില്‍ അല്പം വെണ്ണ (ഉപ്പില്ലാത്തത്)ചേര്‍ത്താലും മതിയല്ലോ അല്ലെ?

കുഞ്ഞന്‍ said...
ഇതില്‍ മേമ്പൊടിയൊന്നും ചേര്‍ക്കില്ലെ..?അണ്ടിപ്പരിപ്പ്,കിസ്മസ്,ഏലക്കാ തുടങ്ങിയവ..

ഇല്ല കുഞ്ഞാ പാലടയില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ്സ് എന്നിവയൊന്നും ചേര്‍ക്കില്ല പക്ഷെ ചില സ്ഥലങ്ങളില്‍ ഏലക്കപൊടി അല്പം ചേര്‍ക്കാറുണ്ട്.

smitha adharsh said...

ശരിക്കും കണ്ടിട്ട് കൊതിയായി...അടുത്ത ആഴ്ച വാഴയില കിട്ടിയാല്‍ ഉണ്ടാക്കും..നോക്കിക്കോ..

അല്ഫോന്‍സക്കുട്ടി said...

ഈയിടെയായി മനുഷ്യനെ കൊതിപ്പിക്കലാണല്ലോ പരിപാടി. ഞാനിതൊക്കെ എങ്ങനെ സഹിക്കും.

ഹരീഷ് തൊടുപുഴ said...

നന്ദി ചേച്ചീ; പാലടയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പായസം, പക്ഷെ വീട്ടിലിതുവരെ ഉണ്ടാക്കിയിട്ടില്ല. എന്റെ പാലടകൊതിതീര്‍ത്തിരുന്നത് കല്യാണങ്ങള്‍ മുഖേനയായ്യിരുന്നു. ഇനി ഞാന്‍ തന്നെയൊന്ന് പരീക്ഷിച്ചുനോക്കട്ടെ...

ബിന്ദു കെ പി said...

നിരക്ഷരന്‍: ഓണം കഴിഞ്ഞാലും ഈ പരിപാടി തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. :) :)

ശ്രീ : നന്ദി

കാന്താരി: :)

കുഞ്ഞന്‍: ഇല്ല, ഇതിലും പാല്പായസത്തിലും അത്തരം മേമ്പൊടിയൊന്നും ചേര്‍ക്കുന്ന പതിവില്ല.(ഒരുപക്ഷേ ചേര്‍ക്കുന്നവരുണ്ടാകാം.)

കിച്ചു & ചിന്നു:) :) :)

കുറുമാന്‍: വെണ്ണ ചേര്‍ക്കുമോ? അറിയില്ല. വെണ്ണ ചേര്‍ത്താല്‍ പിരിയാന്‍ സാധ്യതയില്ലേ?

സ്മിത: ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ..

അല്‍ഫു: കുറച്ച് ഉണ്ടാക്കി ആ തെലുങ്ക് ചേച്ചിയ്ക്ക് കൊടുത്തു നോക്കെന്നേ.ദം ബിരിയാണി ഇങ്ങോട്ട് പോരുമോ എന്ന് നോക്കാം.

ഹരീഷ്: പരീക്ഷിയ്ക്കൂ...ആശംസകള്‍.

Typist | എഴുത്തുകാരി said...

സത്യായിട്ടും കൊതി ആവുന്നു.എന്തിനാ ബിന്ദു ഇങ്ങിനെ കൊതിപ്പിക്കണെ?
ഉണ്ടാക്കണം ഒരു ദിവസം. പക്ഷേ അട ഉണ്ടാക്കിയിട്ടൊന്നും നടക്കുമെന്നു തോന്നുന്നില്ല.

ഉപാസന || Upasana said...

Chechi

ithe vallya akramam aayippOyi.

eniykke vesakkaNu.
:-)
Upasana

Fayas said...

എന്റെ സഹോദരീ...ഇതു നല്ല ബുദ്ധിമുട്ടാണല്ലോ..പാലട എന്നോര്‍ക്കുമ്പോള്‍ തന്നെ കൊതിയാണ്..പക്ഷെ ഇത്ര ബുദ്ധിമുട്ടി ഉണ്ടാക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ ഒരു മടി..

സുജനിക said...

ഷുഗര്‍ ഉണ്ടെങ്കിലും പാലട കഴിക്കാം അല്ലെ.കഴിക്കാതിരിക്കുന്നതെങ്ങനെ!അത്ര കേമം പാചകം.

Unknown said...

പാലട വളരെ വൈകിയാണ് കഴിച്ചത്

Thamburu ..... said...

വീട്ടില്‍ എത്തിയപോലെ ആയിപോയി കേട്ടോ നന്ദി

Anonymous said...

Bindu Chechi.... Palada kandittu kothiyayittu padilla...... I will surely try this if my Mom allows me to enter into kitchen and do all these in a proper way...... (Payasam enganum kulamayal amma kollum).....

sneha edathadan said...

v nice, tk u

Unknown said...

Thx..bindu chechee

Unknown said...

Thx..bindu chechee

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP