Sunday, September 14, 2008

ഇലയട: ഓണം സ്പെഷ്യല്‍

അട പലവിധത്തില്‍ ഉണ്ടാ‍ക്കാം. ചക്ക വരട്ടിയതോ അവല്‍ വിളയിച്ചതോ അല്ലെങ്കില്‍ ഉപ്പും എരിവും ചേര്‍ന്ന ഏതെങ്കിലും കൂട്ടോ ഉള്ളില്‍ വച്ച് വിവിധ സ്ഥലങ്ങളില്‍ വിവിധ രീതിയില്‍ ഉണ്ടാക്കുന്നു.
ഇത് ഞങ്ങളുടെ വീട്ടില്‍ പണ്ടുമുതലേ ഓണത്തിന് ഉണ്ടാക്കിയിരുന്ന അടയാണ്. ശര്‍ക്കരയും നേന്ത്രപ്പഴവും തേങ്ങയും കൊണ്ടാണ് കൂട്ട് തയ്യാറാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍:

ശര്‍ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍
ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്‍
വാഴയില : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്‍ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ‍യിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ കൂട്ടാണ് താഴെ കാണുന്നത്.വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.

ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്‍ത്ത് കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍).ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക.ഇലക്കഷ്ണം എടുത്ത് നിവര്‍ത്തി പിടിയ്ക്കുമ്പോള്‍(പത്രം നിവര്‍ത്തി പിടിയ്ക്കുന്നതുപോലെ) മാവ് സാവധാനം ഒഴുകിപ്പരക്കുന്നത് കാണാം(വളരെ സാവധാനം മാത്രം ഒഴുകുന്നവിധത്തിലായിരിക്കണം അരിമാവിന്റെ പരുവം.വെള്ളം കൂടിപ്പോയാല്‍ വല്ലാതെ കനം കുറയുമെന്നു മാത്രമല്ല, ഇല മടക്കുമ്പോള്‍ മാവ് പുറത്തേയ്ക്ക് വരുകയും ചെയ്യും) .മാവ് എല്ലാ വശത്തേയ്ക്കും ഒരുപോലെ ഒഴുകിപ്പരക്കാനായി ഇലക്കഷ്ണത്തിന്റെ വശങ്ങള്‍ മാറ്റിമാറ്റി പിടിയ്ക്കുക.എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുകപിന്നെ ഇല പകുതിയ്ക്ക് വച്ച് മടക്കുകരണ്ടറ്റവും മടക്കുകതുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കിയാല്‍(മടക്കിയ ഭാഗം അടിയിലേയ്ക്കായി വയ്ക്കുക. ഇല്ലെങ്കില്‍ മടക്ക് തുറന്നുപോരും) ഇതുപോലിരിയ്ക്കും:അടകളെല്ലാം ഇതുപോലെ തയ്യാര്‍ ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്‍ വേവിച്ചെടുക്കുക.അടുക്കുമ്പോള്‍ ആവി എല്ലായിടത്തും എത്തുന്ന വിധത്തില്‍ ഇട വിട്ടു വേണം വയ്ക്കാന്‍. വല്ലാതെ തിക്കി വയ്ക്കരുത്.
വെന്ത് പാകമായ അടകളിതാ:
അട തയ്യാര്‍! ഇനി കഴിയ്ക്കാം...

24 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഇത് ഞങ്ങളുടെ വീട്ടില്‍ പണ്ടുമുതലേ ഓണത്തിന് ഉണ്ടാക്കിയിരുന്ന അടയാണ്. ശര്‍ക്കരയും നേന്ത്രപ്പഴവും തേങ്ങയും കൊണ്ടാണ് കൂട്ട് തയ്യാറാക്കുന്നത്.

ശിവ said...

ഇങ്ങനെ കൊതിപ്പിക്കാതെ ഇതൊക്കെ ഒന്ന് ഉണ്ടാക്കി അയച്ചു തരൂ..പ്ലീസ്...

കാന്താരിക്കുട്ടി said...

ഞങ്ങള്‍ അടയുണ്ടാക്കുമ്പോള്‍ മാവ് കൈ കൊണ്ട് പരത്തത്തക്ക രീതിയിലാണ് കുഴക്കാറ്.ഇത്രയും ഒഴുകാന്‍ പാകത്തിന് ആക്കാറ്രില്ല.എന്തായാലും ഈ അട ഉഗ്രന്‍..കണ്ടിട്ട് തന്നെ കൊതിയാവുന്നു.

അനൂപ് തിരുവല്ല said...

:)

കുഞ്ഞന്‍ said...

ഹാവു കണ്ടിട്ടു കൊതിയാകുന്നു...

പണ്ട് എന്റെ വീട്ടില്‍ അടയുണ്ടാക്കുമ്പോള്‍, കലത്തിലൊ ചെമ്പിലൊ നിറയെ വാഴക്കൈ(വാഴയുടെ ഇലത്തണ്ട്) ചുരുട്ടി അതിലാണ് ഈ അട വച്ച് വേവിക്കുന്നത് അതും രാത്രി കിടക്കുന്നതിനു മുമ്പ് ഇത് അടപ്പത്തു വയ്ക്കും എന്നിട്ട് കാലത്ത് തുറക്കുമ്പോള്‍ അട റെഡി. നാലഞ്ചു മണിക്കൂര്‍ നീറിക്കത്തുന്ന രീതിയിലാണ് വിറക് അടപ്പില്‍ വക്കുകയൊള്ളൂ. ഈ അട രണ്ടൊ മൂന്നൊ ദിവസം ഒരു കുഴപ്പമില്ലാതെയിരിക്കും. എന്നാല്‍ ചക്കയട ഇതേ മെത്തേഡില്‍ എടനയുടെ ഇലയിലുണ്ടാക്കിയതാണെങ്കില്‍ ഒരാഴ്ച കേടാവാതെ ഒരു രുചി വ്യത്യാസവുമില്ലാതിരിക്കും.

എതിരന്‍ കതിരവന്‍ said...

കാ‍ാന്താരിക്കുട്ടി പറഞ്ഞതുപോലെ അരിപ്പൊടിക്കൂട്ട് (ഉണക്കലരി അര്യ്ക്കുകയാണ് പതിവ്) നല്ല കട്ടിയിലാണ് എന്റെ പരിചയം. ഇലയില്‍ ഒഴിച്ചിട്ട് വിരല്‍ കൊണ്ട് ചുറ്റിച്ചാണ് പരത്താറ്. ഇല മടക്കുന്നത് മുകളിലേക്ക് സ്ലാന്റിങ് ആയിട്ട്. ഒരു ത്രികോണം പോലെ വരും പിന്നെ ത്രികോണത്തിന്റെ മുകള്‍ക്കൂമ്പ് ഒന്നു മടക്കും.

കുഞ്ഞന്‍ പറഞ്ഞ വാഴയിലത്തണ്ട് പ്രയോഗം ഒരുപാട് എണ്ണം ഉണ്ടാക്കുമ്പോള്‍. പഴകിപ്പോയെങ്കില്‍ ഒരു സൂത്ര വിദ്യ ഉണ്ട്.
ഇല സഹിതം കനലിനിടയ്ക്കുവച്ച് ചുട്ടെടുക്കുക.

കുഞ്ഞാ, ഇതൊക്കെ ഓര്‍ന്നവരുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.

നരിക്കുന്നൻ said...

നാവിൽ വെള്ളപ്പൊക്കം. ആ കിടക്ക്അണ കിടപ്പ് കണ്ടില്ലേ... അടിപൊളി.. ഇനിയൊന്ന് രുചിച്ച് നോക്കാൻ എന്താ ചെയ്യാ...

ഒരു പ്രിന്റെടുക്കട്ടേ. അടുക്കളയിലേക്ക് ഫാക്സ് അയച്ചു..

ബിന്ദു ചേച്ചിക്കും കുടുംബത്തിനും ഓണാശംസകൾ

നിരക്ഷരന്‍ said...

നാലെണ്ണം പാഴ്സലാക്കി ഇങ്ങോട്ടയക്കാമോ ?
കൊതിയുണ്ടായിട്ടൊന്നുമല്ല. ആക്രാന്തം കൊണ്ടൊരു വെറി. ആത്രേയുള്ളൂ...:):)

അല്ഫോന്‍സക്കുട്ടി said...

ഹായ് നല്ല രുചി

smitha adharsh said...

ഞങ്ങളും അതെ കേട്ടോ...മാവ് കൈകൊണ്ടു പരത്തിയാണ് അട ഉണ്ടാക്കുന്നത്‌...ഇതു ആദ്യമായി കാണുകയാ...അട കണ്ടിട്ട് കൊതിയായി കേട്ടോ..

ബിന്ദു കെ പി said...

ശിവ, അനൂപ്, നരിക്കുന്നന്‍, നിരക്ഷരന്‍,അല്‍ഫു എല്ലാവര്‍ക്കും നന്ദി,അടുക്കളത്തളത്തില്‍ എത്തിയതിന്.
കുഞ്ഞന്‍: പണ്ട് എന്റെ വീട്ടിലും ഇതേ രീതിയിലാണ് ഉണ്ടാക്കിയിരുന്നത്. ഞാന്‍ ഇപ്പോഴത്തെ രീതികള്‍ക്കനുസരിച്ച് മാറ്റിയെഴുതിയെന്നു മാത്രം. ചക്കയട പ്ലാവിലയിലാണ് ഉണ്ടാക്കാറ്.
പിന്നെ എതിരന്‍ പറഞ്ഞതുപോലെ അട ചുട്ടെടുക്കുന്ന പരിപാടിയും ചെയ്തിരുന്നു.

എതിരന്‍,കാന്താരി,സ്മിത: എന്റെ ഭര്‍തൃഗൃഹം അടക്കം മിക്ക വീടുകളിലും നിങ്ങളൊക്കെ പറഞ്ഞ രീതിയാണ് കണ്ടിട്ടുള്ളത്. കുട്ടിക്കാലം മുതലേ ഞാന്‍ കണ്ടുവന്ന രീതി എഴുതിയെന്ന് മാത്രം

sreedevi said...

എഴുത്തും ചിത്രങ്ങളും അതി മനോഹരം...കൊതി വന്നു ഇലയട കഴിക്കാന്‍ :)

ആഷ | Asha said...

ബിന്ദു, ഇതു ഞാൻ പരീക്ഷിച്ചിരിക്കും. ഇതു സത്യം സത്യം സത്യം!
ഞങ്ങൾ മാവ് കൈകൊണ്ടു പരത്തുകയാണ് ചെയ്യാറ്. കൂടാതെ കൂട്ടിൽ തേങ്ങയും ശർക്കരയും മാത്രമേ ചേർക്കാറുണ്ടായിരുന്നുള്ളു.

ആഷ | Asha said...

ഇത് തീർച്ചയായും പരീക്ഷിച്ചിരിക്കും.
ഞങ്ങളുടെ വീട്ടിൽ കൈകൊണ്ട് പരത്തി ഉള്ളിൽ തേങ്ങയുടെയും ശർക്കരയുടേയും മാത്രം കൂട്ട് ചേർത്താണ് ഉണ്ടാക്കാറ്.
ഇത് ഫോട്ടോ സഹിതം ഞങ്ങളക്കായി പങ്കുവെച്ചതിന് ഒത്തിരി നന്ദി. :)‌

മുസാഫിര്‍ said...

പൊടി കലക്കിയും അടയുണ്ടാക്കാമെന്നത് ഒരു പുതിയ അറിവാണ്.നന്ദി പങ്കുവെച്ചതിനു.ആ അവസാനത്തേതും അതിനു മുമ്പത്തേയും ഫോട്ടോ,ശര്‍ക്കര ഉരുക്കിയതിന്റേയും വാടീയ ഇലയുടെയും മണം വന്നു നിറഞ്ഞു.

കുറുമാന്‍ said...

ദൈവമേ, കൊതിയാവുന്നു. ഒരു രണ്ട് അട പാ‍ഴ്സല്‍ അയക്കൂട്ടോ :)

Bindhu said...

കൊതിയായിട്ട് വയ്യ. ഓണത്തിന് വാങ്ങിയ വാഴയിലയുടെ ബാക്കി ഫ്രിഡ്ജില്‍ വച്ചിട്ടുണ്ട്. നാളെ ഈ അടയുണ്ടാക്കണം. :-)

മേരിക്കുട്ടി(Marykutty) said...

kothi varunne....sharkkarayum peerayum kandittu kothi varunne....

ആചാര്യന്‍... said...

ഞാങ്കൊറെ നാളായിട്ടോറ്ക്കുകാ... ഇന്നിതൊണ്ടാക്കിത്തിന്നിട്ടു തന്നെ ബാക്കി കാര്യം

ശ്രീ said...

ഓണസ്പെഷ്യല്‍ നന്നായി, ചേച്ചീ

കൊതിയാകുന്നു...

'കല്യാണി' said...

eeyada onnundakinokanam.vayilvellamurunnu mole.njngal mavu kattilanukuzhakaru.enikum paachakathinoru blogguthudanganamennundu.ee field valare eshtamanu.nanmakal nerunnu.veendum varam

jiju said...

ethe koottu appachattiyil chuttedukkunna adakkum..super tase anu...pinne aa adayil sarkarayum thengayum koodi amthramulla kootto...chakkapazham vilayichatho anu kanunnathu

Anonymous said...

ബിന്ദു ചേച്ചി ഇങ്ങനുള്ള പാചക കുറിപ്പുകള്‍ക്ക് നന്ദി. ഞാന്‍ തീര്‍ച്ച ആയും പരീക്ഷിക്കും

Anonymous said...

ബിന്ദു ചേച്ചി ഇങ്ങനുള്ള പാചക കുറിപ്പുകള്‍ക്ക് നന്ദി. ഞാന്‍ തീര്‍ച്ച ആയും പരീക്ഷിക്കും

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP