Monday, September 01, 2008

കാളന്‍

സദ്യകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ കാളന്‍. മോരിന്റേയും, വെണ്ണ പോലെ അരച്ച നാളികേരത്തിന്റേയും, വേവിച്ച കഷ്ണങ്ങളുടേയും ആനുപാതികമായ ചേര്‍ച്ചയില്‍ ഉണ്ടാകുന്ന വിഭവമാണ് കാളന്‍. പാലും മോരും ധാരാളം ഉണ്ടായിരുന്നതുകൊണ്ടാവാം പണ്ടുമുതലേ ഞങ്ങളുടെ അടുക്കളത്തളത്തില്‍ കാളന് പ്രമുഖ സ്ഥാനമാണുണ്ടായിരുന്നത്. സദ്യകള്‍ക്ക് വിളമ്പുന്ന കാളന്‍ പൊതുവേ കട്ടിയുള്ള കുറുക്കുകാളനാണെങ്കില്‍ വീട്ടില്‍ ഉണ്ടാക്കിയിരുന്നത് കുഴമ്പുപരുവത്തിലുള്ളതാണ്. കാളന്‍ ഉണ്ടാക്കുന്നത് സമയവും അധ്വാനവും ഏറെ ആവശ്യമുള്ള ഒരു സംഭവം തന്നെയായിരുന്നു. സാധാരണ കൂട്ടാനുകളേക്കാള്‍ തേങ്ങ കൂടുതല്‍ വേണം കാളന്.തേങ്ങയുടെ അളവിലോ, അരവിന്റെ പരുവത്തിലോ‍ ഒരു വിട്ടുവീഴ്ചയ്ക്കും അമ്മാവന്‍ തയ്യാറാവാത്തതുകൊണ്ട് ഈ തേങ്ങയത്രയും ചിരകി അമ്മിയില്‍ അരച്ചെടുക്കുകയന്നത് തന്നെ വലിയൊരു പണിയാണ്. തേങ്ങയരയ്ക്കല്‍ മഹാമഹത്തിന് ഞങ്ങള്‍ കുട്ടികളും കൂടാറുണ്ട്. “അണ്ണാറക്കണ്ണനും തന്നാലാവത്”എന്നു പറഞ്ഞപോലെ(വെറുതേയാണോ അന്നത്തെ കാലത്ത് എന്തു കഴിച്ചാലും “സ്ലിം ബ്യൂട്ടി” ആ‍യിരുന്നതും ഇന്ന് ഉണക്കപ്പാള വെള്ളത്തിലിട്ട് കുതര്‍ത്തിയ പരുവത്തിലിരിക്കുന്നതും..?!!).ഉണ്ടാക്കാനുള്ള സമയക്കൂടുതല്‍ കൊണ്ടും,ഒരു ദിവസം പഴകിയാല്‍ രുചി കൂടും എന്നതുകൊണ്ടുമാവാം വീട്ടില്‍ കാളന്‍ തലേദിവസം വൈകുന്നേരം ‍ തന്നെ ഉണ്ടാക്കിവയ്ക്കും.
അതെല്ലാം അന്ത കഥ. നമുക്ക് തല്‍ക്കാലം എളുപ്പത്തില്‍ ഒരു കാളനുണ്ടാക്കാം.

അവശ്യമുള്ള സാധനങ്ങള്‍:
നേന്ത്രക്കായ : 1 വലുത്
ചേന : ഏതാണ്ട് നേന്ത്രക്കായയുടെ അത്രയും തൂക്കമുള്ള കഷ്ണം.(കുറച്ചു കൂടിയാലും
കുറഞ്ഞാലും കുഴപ്പമൊന്നുമില്ലെന്നേ)


തേങ്ങ ചിരകിയത് :1
നല്ല പുളിയുള്ള മോര്/തൈര് : 1 ലിറ്റര്‍(ഒരു ഏകദേശ കണക്കാണ് മോരിന്റെ പുളിപ്പിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൃത്യമായ കണക്കെഴുതാന്‍ അറിയില്ല.)
(തൈര് കലക്കി വെണ്ണ മാറ്റിയ മോരാണ് വേണ്ടത്. ഇല്ലെങ്കില്‍ തല്‍ക്കാലം തൈര് ഉടച്ചെടുത്താലും മതി).
മഞ്ഞള്‍പ്പൊടി,മുളകുപൊടി(കുറുക്കുകാളന് കുരുമുളകുപൊടിയാണ് എടുക്കാറ്‌), ഉപ്പ് : ആവശ്യത്തിന്
ജീരകം : 1-2 സ്പൂണ്‍
പച്ചമുളക് : 4-5
ഉലുവാപ്പൊടി : 1 സ്പൂണ്‍
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:

ചേന കുറച്ചു വലുപ്പത്തിലും കായ തൊണ്ടു കളഞ്ഞ് രണ്ടാക്കിയും നുറുക്കുക.

മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് വെള്ളം ഒഴിച്ച് വേവിയ്ക്കുക.കുക്കറിലും വേവിയ്ക്കാം.പക്ഷെ നേരിട്ട് വേവിയ്ക്കന്നതാണ് സ്വാദ്.വേവിച്ച് വെള്ളം നന്നായി വറ്റിച്ചെടുക്കുക.അടിയില്‍ പിടിയ്ക്കാതെ ശ്രദ്ധിയ്ക്കണം. ഇതിടയില്‍ തേങ്ങയും ജീരകവും നന്നായി അരച്ചെടുത്തത് റെഡിയാക്കി വയ്ക്കണം. ഒട്ടും വെള്ളം ചേര്‍ക്കാതെയാണ് തേങ്ങ അരയ്ക്കേണ്ടത്. മിക്സിയില്‍ ഇത് സാദ്ധ്യമല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്ന ഒരു സൂത്രപ്പണി ഉണ്ട്. വെള്ളത്തിനുപകരം മോരില്‍ നിന്ന് കുറച്ച് ചേര്‍ത്ത് അരയ്ക്കുക.

കഷ്ണങ്ങളിലെ വെള്ളം വറ്റിയാല്‍ തീ കുറച്ച്, മോര് ഒഴിച്ച് നന്നായി ഇളക്കുക. ഈ ഘട്ടത്തില്‍ എരിവും പുളിയും ഉപ്പും പാകത്തിനാണോ എന്നു നോക്കി ക്രമീകരിക്കുക. പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ഇട്ട് ചെറുതീയില്‍ കുറച്ചുനേരം അനക്കാതെ വയ്ക്കുക.മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക.തിളയ്ക്കരുത്.
പിന്നെ അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക.
വെളിച്ചെണ്ണയില്‍ കടുകും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് അറിയശേഷം ഉലുവാപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. കാളന്‍ ചൂടോടെ കഴിയ്ക്കരുത്. നന്നായി തണുത്താലാണ് സ്വാദ്.കുറിപ്പ്: മോര് പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങാതെ കുറച്ചുനേരം തിളപ്പിച്ച് കുറുക്കിയെടുത്ത് വാങ്ങി തേങ്ങ ചേര്‍ത്താല്‍ കുറുക്കുകാളനായി.
എന്റെ ഭര്‍തൃഗൃഹത്തില്‍ മുളകുപൊടിയ്ക്കു പകരം കുരുമുളകുപൊടിയാണ് ഉപയോഗിക്കുന്നത്.

19 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

സദ്യകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ കാളന്‍. മോരിന്റേയും, വെണ്ണ പോലെ അരച്ച നാളികേരത്തിന്റേയും, വേവിച്ച കഷ്ണങ്ങളുടേയും ആനുപാതികമായ ചേര്‍ച്ചയില്‍ ഉണ്ടാകുന്ന വിഭവമാണ് കാളന്‍.

കാന്താരിക്കുട്ടി said...

കൊള്ളാല്ലോ കാളന്‍..ഞാന്‍ വേഗം പോയി ചോറ് എടുക്കട്ടെ..ഈ കാളന്‍ കൂട്ടി കഴിച്ചിട്ടു വരാം..

തേങ്ങ മോരു ചേര്‍ത്ത് അരക്കുന്ന സൂത്രപ്പണി എനിക്കിഷ്ട്ടപ്പെട്ടു ട്ടോ.

ശ്രീ said...

കാളന്‍ എനിയ്ക്കും നല്ല ഇഷ്ടമാണ്. ഈ പാചക കുറിപ്പിനു നന്ദി, ചേച്ചീ. ഉണ്ടാക്കി നോക്കണം.
[ഇതില്‍ കുരുമുളകു പൊടി ഉപയോഗിയ്ക്കുന്നതിനെ പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്]

krish | കൃഷ് said...

കാണാന്‍ നല്ല ചന്തം.
അന്തിക്ക് ഉണ്ടാക്കുന്ന കാളനെ എന്തുവിളിക്കാം.. അന്തിക്കാളനെന്നോ?

(ഓ.ടോ: ശ്രീ, ഉണ്ടാക്കിനോക്കുന്നതൊക്കെ കൊള്ളാം. ശരിയായില്ലെങ്കില്‍ അഭിലാഷത്തിന്റെ അഭിലാഷങ്ങള്‍ അതിശീഘ്രത്തില്‍ പൂവണിഞ്ഞതുപോലെയാവും. :)

ഹേയ്, ഞാന്‍ ചുമ്മാ പറഞ്ഞതാ, ട്രൈ ചെയ്യൂ.. )

കുഞ്ഞന്‍ said...

ഞാന്‍ കാളനുണ്ടാക്കുമ്പോള്‍, തേങ്ങ അരയ്ക്കുമ്പോള്‍ വെള്ളത്തിനു പകരം കഷണങ്ങള്‍ വേവിച്ച വെള്ളമാണ് ഉപയോഗിക്കുന്നത്. അതുപോലെ കറിവേപ്പില തണ്ടോടു കൂടിയാണിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ തൈര്/മോര് കൂടുതല്‍ ചൂടാക്കിയാല്‍ പിരിഞ്ഞുപോകും ആയതിനാല്‍ തേങ്ങ അരപ്പ് ചേര്‍ത്ത് ഒന്നു വെന്തതിനു ശേഷം വാങ്ങിവയ്ക്കുകയൊ അല്ലെങ്കില്‍ ചൂട് നന്നേ കുറക്കുകയൊ ചെയ്യണം എന്നിട്ടെ മോര് ചേര്‍ക്കാവൂ. അതുപോലെ മോര് ചേര്‍ത്തശേഷം വീണ്ടും ചെറുതായി ഒന്നു ചൂടാക്കാവുന്നതാണ് ഒരു കാരണവശാലും തിളക്കരുത് അതുപോലെ കഷണങ്ങള്‍ ഉടഞ്ഞുപോകാതെ ഇളക്കിക്കൊണ്ടിരിക്കണം.

പിന്നെ പച്ചക്കായക്കു പകരം ചെമ്പഴം കൊണ്ട ഏത്തക്കായ(പഴം) ആണെങ്കില്‍ ബഹുകേമം..!

ബിന്ദുവിനും കുടുംബത്തിനും ഓണാശംസകള്‍.

annamma said...

ഈ രസം ഉണ്ടാക്കുന്നതും ഒന്നു എഴുതാമോ. മാര്‍ക്കട്ടില് നിന്നു പൊടി വാങ്ങിച്ചുണ്ടാക്കാനേ എനിക്കറിയുള്ളൂ.

പ്രയാസി said...

ബിന്ദൂ...നമ്മളു വായിച്ചു നോക്കാം ഉണ്ടാക്കി നോക്കണ കാര്യം അങ്ങു പള്ളീപ്പറഞ്ഞാ മതി..!

അല്‍ഫൂന്റെ പാചകക്കുറിപ്പില്‍പ്പെട്ട അഭിയുടെ അവസ്ഥ അറിയാല്ലൊ..!?

ബൂലോകരേ.. ടേക് കെയര്‍..ഈ പെണ്ണാളരെല്ലാം കൂടി നമുക്കൊക്കെ ബ്ലൊഔട്ട് ഉണ്ടാക്കാന്‍ ഇറങ്ങിരിക്കുവാ..;)

Typist | എഴുത്തുകാരി said...

ഓണമല്ലേ, എല്ലാരും കാളന്‍ പരീക്ഷിച്ചുനോക്കട്ടെ.

Sapna Anu B.George said...

ബിന്ദു കാളന്‍ ഞാനൊന്നു പരീക്ഷിക്കുന്നുണ്ട്, ഞങ്ങളീ സത്യകൃസ്ത്യാനികള്‍ക്കും,കടിച്ചു പറീച്ചു തിന്നാനുള്ള സാധനങ്ങള്‍ ഉണ്ടാക്കാനാണു കഴിവ്....നല്ല വിവരണവും അവതരണവും

മഴത്തുള്ളി said...

ഈയിടെ ഒരു സുഹൃത്ത് ജിടോക്കിലൂടെ പറഞ്ഞതനുസരിച്ച് ഞാനും ഒന്നു പരീക്ഷിച്ചു. എന്നാല്‍ വാഴക്കാ, ചേന എന്നിവയുടെ സ്ഥാനത്ത് സവാള ആയിരുന്നു :) പിന്നെ തേങ്ങ ചേര്‍ത്തതുമില്ല. ഹി ഹി. എങ്കിലും എനിക്കിഷ്ടമായി. ഞാനല്ലേ ഉണ്ടാക്കിയേ.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഇപ്പോള്‍ വായില്‍ ഒരു കപ്പലോടിക്കാം ബിന്ദു.ആശംസകള്‍....
വെള്ളായണി

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

കാളന്‍ കാണാന്‍ കൊള്ളാം...
വെറുതേ...കാണിക്കാനാണെങ്കില്‍ ഇനി ഇത്തരം ചിത്രങ്ങള്‍ ദയവായി ഒഴിവാക്കുക....വിവരണം മാത്രം മതി........
സ്വന്തമായി ഉണ്ടാക്കിയാല്‍ കറിക്കു പേരിടാന്‍ ബിന്ദുവിനെ വിളിക്കേണ്ടി വരും.............. പിന്നെ ഭക്ഷണം കഴിക്കുന്ന ഹോട്ടലു എന്റെ പേരിലു മല്ല......

paarppidam said...

ജെപി പറഞതു തന്നെയാണ് എനിക്കും പറയാനുള്ളതു. എന്തായാലും നാളെ തിരുവോണമല്ലേ ഒന്ന് പരീക്ഷിച്ചുനോക്കട്ടെ! എന്തെങ്കിലുമ്പറ്റിയാൽ ബിന്ദുവിനെതിരെ പോസ്റ്റിടും സൂക്ഷിച്ചോ!!!
നന്നായിരിക്കുന്നു പോസ്റ്റ്....ഉപകാരപ്രദം ആണോന്ന് മറ്റന്നാൾ പറയാം...

B Shihab said...

നല്ല വിവരണവും അവതരണവും b shihab

കടലാസുപുലി said...

ബിന്ദു ചെച്യേയ്‌ ഇത് മറ്റന്നാള്‍ പരീക്ഷിക്കാന്‍ പോകുന്നു ..നണ്ട്രി ..

അബ്ദുള്‍ നാസര്‍ said...

ബിന്ദു ചേച്ചി ..പരീക്ഷിച്ചുനോക്കി നന്നായിരിക്കുന്നു...tnx.......

meenakshi arun said...

വലുതായിട്ട് പാചകമൊന്നും അറിയില്ല ..വീട്ടില് നിന്ന് പഠിക്കാൻ അവസരം കിട്ടി വന്നപ്പോളേക്കും കുടുംബിനിയായി ഇപ്പോൾ പ്രവാസിയും ...പരീക്ഷണങ്ങളാണ് ഓരോ കറിയും ..നാട്ടീന്നു കൊടുത്തു വിട്ട ഉപ്പിലിട്ട മാങ്ങ ഒന്നുണ്ട് ..അത് വച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയുടെ പാചക വിധി ഒന്ന് പറഞ്ഞു തരാമോ ചേച്ചി ?

meenakshi arun said...
This comment has been removed by the author.
Vidhya said...

I like all your recipes. Thank you very much. I just noticed this recipe has been posted (copied) in Ammachiyude adukkala in Facebook.

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP