Monday, October 17, 2011

വഴുതനങ്ങ മസാല


വഴുതനങ്ങ കൊണ്ടുള്ള ഈ മസാലക്കറി തെലുങ്കരുടെ വിശേഷവിഭവമാണ്. “ബൈങ്കന്‍/ബൈഗന്‍ മസാല” എന്നാണ് അവര്‍ പറയുന്നത്. ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് പറയാം:

ആവശ്യമുള്ള സാധനങ്ങള്‍:
 • ചെറിയ ഉണ്ടവഴുതനങ്ങ - അര കിലോ (ഏറ്റവും ചെറുത് നോക്കിയെടുക്കുക)
 • കപ്പലണ്ടി - 75 ഗ്രാം
 • എള്ള് - ഒരു പിടി
 • സവാള - (ഇടത്തരം) രണ്ട്
 • പച്ചമുളക് - 3
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂണ്‍
 • തേങ്ങ ചിരകിയത് - രണ്ട് വലിയ സ്പൂണ്‍
 • മഞ്ഞള്‍പ്പൊടി - പാകത്തിന്
 • മുളകുപൊടി - പാകത്തിന്
 • ഗരം മസാല - ഒരു റ്റീസ്പൂണ്‍
 • ജീരകം  - അര ടീസ്പൂണ്‍
 • ശര്‍ക്കര - തീരെ ചെറിയ ഒരു കഷ്ണം
 • പുളി - ഒരു നെല്ലിക്കാ വലുപ്പം
 • വറുക്കാനുള്ള കടുക്, മുളക്, കറിവേപ്പില
 • എതെങ്കിലും പാചക എണ്ണ -  ആവശ്യത്തിന് (ഈ കറിക്ക് വെളിച്ചെണ്ണ അനുയോജ്യമല്ല)
 • പാകത്തിന് ഉപ്പ്
 • മല്ലിയില
ഉണ്ടാക്കുന്ന വിധം:

കപ്പലണ്ടിയും എള്ളും വെവ്വേറെ വറുത്തശേഷം തരുതരുപ്പായി പൊടിച്ചുവയ്ക്കുക.

വഴുതനങ്ങയുടെ ഞെട്ട് മാറ്റിയശേഷം, ഞെട്ടുഭാഗം വിട്ടുപോരാത്ത രീതിയില്‍ നാലാക്കി മുറിക്കുക. (അഥവാ വിട്ടുപോന്നാലും പേടിക്കേണ്ട. പോലീസ് പിടിക്കുകയൊന്നുമില്ല).

ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് വഴുതനങ്ങയിട്ട് ചെറുതീയില്‍ നന്നായി വഴറ്റുക.  അടച്ചു വച്ചാല്‍ ഉള്‍ഭാഗം നന്നായി വെന്തുകിട്ടുകയും ചെയ്യും.  എല്ലാ വശവും മൊരിയാനായി ഇടയ്ക്കിടെ അടപ്പുമാറ്റി തിരിച്ചും മറിച്ചുമിടണം. നന്നായി മൊരിഞ്ഞ് ബ്രൗണ്‍ നിറമാവണം.

ദാ കണ്ടോ, വഴുതനങ്ങ കിടക്കുന്ന കിടപ്പ്! പാവം!

വഴറ്റിയ വഴുതനങ്ങ മാറ്റിയശേഷം അതേ പാനില്‍ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. ഇതിലേക്ക് ജീരകം ചേർത്ത് മൂത്തമണം വന്നാല്‍ സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് നീളത്തിലരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റുക. ഒരുവിധം വഴണ്ടുവരുമ്പോള്‍ തേങ്ങയും ഇട്ടിളക്കുക.


അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്തിളക്കിയശേഷം പുളി പിഴിഞ്ഞെടുത്ത വെള്ളവും പാകത്തിന് ഉപ്പും ശർക്കരയും ചേർക്കുക.

അതിനുശേഷം കപ്പലണ്ടി-എള്ള് മിശ്രിതം ചേർത്ത് നന്നായി യോജിപ്പിക്കുക. (ഈ മിശ്രിതമാണ് ഈ കറിയിലെ താരം).

അവസാനം വഴറ്റിവച്ചിരിക്കുന്ന വഴുതനങ്ങയും ചേർത്തിളക്കുക.


എല്ലാം കൂടി നന്നായി യോജിച്ച്, മൊരിഞ്ഞുകിട്ടാനായി ചെറുതീയിൽ കുറച്ചുനേരം കൂടി വയ്ക്കുക. വാങ്ങുന്നതിനു മുമ്പ് മല്ലിയില പൊടിയായി അരിഞ്ഞത് ചേർക്കുക.

വഴുതനങ്ങ മസാല റെഡി! വളരെ രുചികരമാണ് ഇത്. വഴുതനങ്ങ ഇഷ്ടമല്ലാത്തവർക്കുപോലും ഇഷ്ടപ്പെടും. പരീക്ഷിച്ചുനോക്കൂ.... (തെലുങ്കർ വളരെയധികം എണ്ണ ഉപയോഗിച്ചുകൊണ്ടുള്ള മറ്റൊരു രീതിയിലാണ് ഉണ്ടാക്കുന്നത്. ആ രീതി ഞാനൊന്നു മാറ്റിയെന്നു മാത്രം).

ചപ്പാത്തിക്ക് അനുയോജ്യമായ കറിയാണിത്.

10 പേർ അഭിപ്രായമറിയിച്ചു:

jyo said...

ബിന്ദു,ഇത് കഴിച്ചിട്ടുണ്ട്-വളരെ tasty ആണ്.പാചകവിവരണവും,ഫോട്ടോസും tempting ആണ്.ഈ ഉണ്ടവഴുതനങ്ങ ഇവിടെ പലപ്പോഴും കിട്ടാറില്ല.കിട്ടിയാല്‍ ഉടനെ മസാല ഉണ്ടാക്കണം.ആശംസകള്‍.

കാസിം തങ്ങള്‍ said...

എനിക്കത്ര ഇഷ്ടമില്ലാത്ത സാധനാമാണ് വഴുതന. എന്നാലും ഇതിന്റെ ടേസ്റ്റൊന്ന് നോക്കണം.

പ്രേം I prem said...

ചേച്ചി ... ഒക്കെ ചേര്‍ത്ത് വച്ച് ഒരു പാചക വിദഗ്ധ ബുക്ക്‌ തയ്യാറാക്കാലോ .... അടിപൊളിയായി ബിരിയാണി എങ്ങിനെയാക്കാം വീട്ടുകാരുടെ മുന്‍പില്‍ ഒന്ന് ഷൈന്‍ ചെയ്യാലോ ...

മുരളീധരന്‍ വി പി said...

ബൈഗണ്‍ ബര്‍ത്ത ആണോ ഇത്? ചേരുവകള്‍ നോക്കുമ്പോള്‍ നന്നാവാതിരിക്കാന്‍ തരമില്ല.

ഘടോല്‍കചന്‍ said...

കൊള്ളാം .. ഒന്നു പരീക്ഷിക്കണം.

@ മുരളി :- ബേഗന്‍ ബര്‍ത്ത ഇതല്ല. അത് ഒരു പക്കാ നോര്‍ത്തിന്‍ഡ്യന്‍ വിഭവം ആണ്.ആതിന് വഴുതനങ്ങ തീയില്‍ ചുട്ടെടുക്കണമെന്നാണ് തോന്നുന്നത്. രുചിയുടെ കാര്യത്തില്‍ അവനും കേമനാണ്.

my world said...

Hi Bindhu
I tried the brinjal masala yesterday and it was great. thanks for uploading such a great recipe.
Sindhu

draco tucky said...

did u use the black sesame seeds?

ബിന്ദു കെ പി said...

@draco tucky: You can use either black or white sesame seeds. No Problem

draco tucky said...

can u tell me the 75 grms of peanuts to the cup conversion plse? thank you

ബിന്ദു കെ പി said...

@draco tucky: 75gms is almost equal to 3/4th of a cup.

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP