Monday, August 15, 2011

പത്തില തോരൻ

ചിങ്ങം പൂക്കളുടെ മാസമാണെങ്കിൽ, കർക്കിടകം പച്ചപ്പിന്റെ, ഇലകളുടെ മാസമാണ്. അതെ,  നിത്യജീവിതത്തിൽ ഇലകൾക്ക് ഏറ്റവും പ്രാധാന്യമുള്ള മാസം. കർക്കിടകത്തിൽ ദശപുഷ്പം ചൂടുന്ന പതിവുണ്ടായിരുന്നു പണ്ട്.  ദശപുഷ്പം എന്നു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് പത്ത് ചെടികളാണ്. മുക്കൂറ്റിയിലയുടെ ചാറ് ചാലിച്ചെടുത്ത് പൊട്ടു തൊടുന്നതും, മൈലാഞ്ചിയുടെ ഇല അരച്ച് കയ്യിലിടുന്നതുമൊക്കെ കർക്കിടകത്തിൽ തന്നെ. ഭക്ഷണകാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല.  വിവിധതരം ഇലകളുടെ ധാരാളിത്തം കൊണ്ട് സമ്പന്നമായിരുന്നു പണ്ട് പഞ്ഞമാസക്കാലത്തെ വിഭവങ്ങൾ. ഒന്നും കാശുകൊടുത്ത് വാങ്ങുന്നവയല്ല. എല്ലാം തൊടിയിൽ നിന്ന് അപ്പപ്പോൾ പറിച്ചെടുക്കുന്നതാണ്. പഞ്ഞമാസക്കാലത്തെ പ്രധാന വിഭവമാണ് പത്തില തോരൻ. എന്നു വച്ചാൽ പത്തുതരം ഇലകൾ കൊണ്ടുള്ള തോരൻ എന്നർത്ഥം. ഭക്ഷ്യയോഗ്യമായ  ഏത് ഇലയും എടുക്കാം. പയർ, തഴുതാമ, മത്ത, കുമ്പളം, ചീര, തകര എന്നു തുടങ്ങി ചൊറിയൻ തുമ്പ(കൊടിത്തൂവ) വരെ എടുക്കുന്നവരുണ്ട്! ( സംഗതി അപാര ടേസ്റ്റാണെന്നാണ് കേൾവി. പക്ഷേ അരിഞ്ഞെടുക്കുന്ന കാര്യം ആലോചിച്ചാൽ തന്നെ നമുക്ക് കൈ ചൊറിയാൻ തുടങ്ങും അല്ലെ..? ).
ഏതായാലും  ഞാനും  ഉണ്ടാക്കി ഒരു പത്തിലത്തോരൻ. എല്ലാം തൊടിയിൽ നിന്നും തോട്ടുവക്കത്തുനിന്നുമൊക്കെ പറിച്ചെടുത്തതുതന്നെ.
ഞാനിവിടെ എടുത്തിരിക്കുന്ന ഇലകൾ ഏതൊക്കെയാണെന്നു പറയാം. നോക്കൂ:

1. കോവലിന്റെ തളിരില

2. മത്തയുടെ തളിരില (പൂവും എടുത്തു)

3. തഴുതാമ

4. മുള്ളൻ‌ചീര

5. കാട്ടുതാൾ

6. കുളത്താൾ

7. തകര

8. പയറില

9. സാമ്പാർ ചീര

10. കുമ്പളത്തില

ഉണ്ടാക്കുന്ന വിധം :

ഇലകളെല്ലാം കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിയുക. (ഓരോന്നും ഓരോ പിടി വീതം).

കുറച്ചു തേങ്ങയും കാന്താരിമുളകും ചുവന്നുള്ളിയും ജീരകവും കൂടി ഒന്നു ചതച്ചെടുക്കുക (നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം).

വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നുപരിപ്പും ഇട്ടുമൂപ്പിച്ച ശേഷം  ഇതിലേയ്ക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക( വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല).
ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി.( ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും). ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം.

വളരെ സ്വാദിഷ്ടമായ പത്തിലത്തോരൻ റെഡി!   ഈ തോരനും,  ഉപ്പുമാങ്ങ അരച്ചുകലക്കിയും, ചെത്തുമാങ്ങയും, ചുട്ടപപ്പടവും പിന്നെ മഴയും ബെസ്റ്റ് കോമ്പിനേഷനാണ് !!


10 പേർ അഭിപ്രായമറിയിച്ചു:

yousufpa said...

കിടിലൻ..

mini//മിനി said...

ഉഗ്രൻ, ഒരു സംശയം...
ഈ ഇലയൊന്ന് മാറ്റിയിട്ട് പത്ത് ആക്കിയാൽ പ്രശ്നമുണ്ടോ?
ഉദാ: വഷളചീര, ഗോർണ്ണിയോ ചീര, നാടൻ ചേമ്പ് ചേന എന്നിവയുടെ ഇല,,,

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം , കൊള്ളാം.
ഇലകള്‍ക്ക് എവിടെ പോകും എന്നത് മാത്രമേ പ്രശനമുള്ളൂ.
:)

Mélange said...

ബിന്ദൂന്റെ ഡെഡിക്കേഷന്‍ കാണുമ്പോള്‍ എന്തിനാ ഞാനൊക്കെ ബ്ലോഗു ചെയ്യൂന്നേ എന്നു തോന്നുന്നു.സല്യൂട്ട്സ്.ഒന്നാന്തരം കേരളത്തിന്റെ തോരന്‍ .

ബിന്ദു കെ പി said...

മിനി ടീച്ചറേ, അങ്ങനെ ഇന്ന ഇലയെന്നൊന്നുമില്ല. ഭക്ഷ്യയോഗ്യമായ ഏതു ഇലയും എടുക്കാം എന്ന് ഞാൻ എഴുതിയിട്ടുണ്ടല്ലോ. ഇവിടെ ലഭ്യമായത് ഞാൻ എടുത്തു. അത്രേയുള്ളു.

പഞ്ചാരകുട്ടന്‍ -malarvadiclub said...

സംഭവം ഒക്കെ കാണാന്‍ കൊള്ളാം
പക്ഷെ ഈ ഇലകള്‍ ഒക്കെ നമ്മുക്ക് നാട്ടില്‍ ചെല്ലുമ്പോഴല്ലേ റീച്ചബിള്‍

Typist | എഴുത്തുകാരി said...

ഞങ്ങളും വക്കാറുണ്ട് ഈ ഇലത്തോരൻ. പത്ത് ഇലയൊന്നും തികയാറില്ല.

Cartoonist said...
This comment has been removed by the author.
Cartoonist said...

എർണാളം സൗത്തിലെ പ്രkruതി ഹോട്ടലീന്നാണ് ഒരു പത്തു കൊല്ലം മുമ്പ് ആദ്യോം അവ്സാനോം ആയി ഞാന്‍ പത്തിലക്കറി കഴിച്ചത് .

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ചവച്ചരയ്ക്കലും കഴിഞ്ഞ് ഞാന്‍ തിരികെ ഓഫീസിലെത്യേപ്പൊ
സൌത്തില്‍ പാസഞ്ചറില്‍ വന്നിറങ്ങിയ വയസ്സന്‍ സിംപ്ലംമാരില്‍ പലരും 'സ്റ്റേഷനീന്നേ വൈദ്യശാലേടെ മണം കിട്ട്യേർന്നു'ന്നും പറഞ്ഞ് ദശമൂലാദിക്കും ചിരിവില്വാദിക്കും കനകാസവത്തിനും വന്നപിടി ഓര്‍ഡര്‍ തന്ന്‍ എന്റെ ക്യാബിനില്‍ ശബ്ദായമാനമായി കസേര വലിച്ചിട്ടിരുന്നു .

ഉച്ചയ്ക്ക് രണ്ട് മുതല്‍ രണ്ടര വരെ പ്രകൃതി ഹോട്ടലിലെ പറ്റുപിടിക്കാരനായ എന്റെ ബോസ്സിനെ ആരും ഡിസ്ടര്ബ് ചെയ്തൂടാ !
സീനിയര്‍ തകൃതിയായ അയവെട്ടലിലായിരിക്കും .

Cartoonist said...

ബിന്ദു ഈ ബ്ലോഗൊന്ന് കൂടുതൽ പബ്ളിസൈസ് ചെയ്യണം. ഇത്രേം കമെന്റ് പോരാ.
'ബ'സ്സിൽ പോയി എനിക്ക് എല തിന്നാമോ എന്നോ എലി എല തിന്നു എന്നോ ഒന്നു പിറുപിറുത്തുനോക്കൂ...

ഹെന്താാാാാ കഥ !

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP