Wednesday, June 15, 2011

കൊണ്ടാട്ടംമുളക്

കൊണ്ടാട്ടം മുളക്/തൈരുമുളക് കണ്ടിട്ടില്ലേ...? ഇത് പാക്കറ്റിൽ വാങ്ങാൻ കിട്ടും. പക്ഷെ ഞാനിതുവരെ വാങ്ങിയിട്ടുള്ളതിനെല്ലാം ഭയങ്കര ഉപ്പായിരുന്നു. കഴിക്കാൻ പറ്റാതെ പലപ്പോഴും കളയേണ്ടി വന്നിട്ടുണ്ട്. ഏതായാലും ഇത്തവണ വേനൽക്കാലം മുഴുവൻ നാട്ടിലായിരുന്നു. തീ പോലുള്ള വെയിൽ ഒട്ടും പാഴാക്കാതെ കുറച്ച് കൊണ്ടാട്ടപ്പണികളൊക്കെ ചെയ്തു.തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നിന്ന് കുറച്ചു നല്ല മുളക് കിട്ടിയപ്പോൾ കൊണ്ടാട്ടം മുളകുമുണ്ടാക്കി.

സാധാരണ നമ്മളുപയോഗിക്കുന്ന പച്ചമുളല്ല കൊണ്ടാട്ടത്തിന് ഉപയോഗിക്കുന്നത്. അതിനുള്ള സ്പെഷ്യൽ മുളക് മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും(എല്ലായ്പോഴും കിട്ടണമെന്നില്ലാട്ടോ). സാധാരണ പച്ചമുളകിനെ അപേക്ഷിച്ച് ഇത്തരം മുളകിന് എരിവ് കുറവും, തൊലിക്ക് കട്ടി കൂടുതലുമായിരിക്കും. രണ്ടു തരത്തിൽ ഈ മുളക് ലഭ്യമാണ്:നല്ലനീളത്തിലുള്ളവയും, നീളം തീരെകുറഞ്ഞ ഉണ്ടമുളകും. ഉണ്ടമുളകിന് താരതമ്യേന എരിവ് കൂടുതലായിട്ടാണ് കണ്ടിട്ടുള്ളത്. എരിവ് കുറഞ്ഞ നീളൻ മുളകാണ് ഞങ്ങൾ സാധാരണ വാങ്ങാറുള്ളത്.
അപ്പോ ശരി, കൊണ്ടാട്ടം മുളക് തയ്യാറാക്കുന്നതെങ്ങനെയെന്ന് പറയാം.

ആവശ്യമുള്ള സാധനങ്ങൾ:
  • മുളക് - 2 കിലോ
  • നല്ല പുളിയുള്ള, വെണ്ണ മാറ്റിയ മോര് - ഏകദേശം ഒന്നര ലിറ്റർ
  • ഉപ്പ് - പാകത്തിന്
  • വെയിൽ - നാലു ദിവസത്തെ.
ഉണ്ടാക്കുന്ന വിധം:
മുളക് കഴുകിയെടുത്ത് ഓരോന്നും ഒരു ഈർക്കിൽ കൊണ്ടോ കത്തിമുനകൊണ്ടോ 1-2 ദ്വാരങ്ങൾ ഉണ്ടാക്കിയശേഷം സ്റ്റീമറിന്റെ തട്ടിൽ നിരത്തി ആവിയിൽ ഒന്നു വാട്ടിയെടുക്കുക(ഇതിനുപകരം വെയിലത്തിട്ട് വാട്ടിയെടുത്താലും മതി)

മോരിൽ പാകത്തിന് ഉപ്പു ചേർത്തിളക്കിയശേഷം ഈ മുളകുകൾ അതിലിട്ടു വയ്ക്കുക. നല്ല അടപ്പുള്ള എതെങ്കിലും പാത്രമെടുക്കണം. ഞാനിവിടെ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റാണ് എടുത്തിരിക്കുന്നത്. ഒരു ദിവസം മുഴുവൻ മുളക് തൈരിൽ കിടക്കട്ടെ. പാത്രം അടച്ചുവയ്ക്കുക. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.

പിറ്റേദിവസം മുളക് മോരിൽനിന്നെടുത്ത് ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ, പായയിലോ, വലിയ പ്ലേറ്റിലോ മറ്റോ നിരത്തി വെയിലത്തു വയ്ക്കുക. മോര് കളയരുതേ...
ഒരു ദിവസത്തെ ഉണക്കുകൊണ്ട് മുളക് ഇങ്ങനെയായി:
വൈകുന്നേരം മുളകിനെ വീണ്ടും അതേ മോരിൽ ഇടുക. നന്നായി ഇളക്കി, മോര് എല്ലാ മുളകിലും പുരണ്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. രാത്രിമുഴുവൻ ഇങ്ങനെ വച്ചശേഷം രാവിലെ വീണ്ടും മുളക് വെയിലത്തു വയ്ക്കുക. ഓരോ ദിവസം കഴിയുന്തോറും പാത്രത്തിലെ മോര് കുറഞ്ഞുവരും. അങ്ങനെ മോര് തീരെ ഇല്ലാതാവുന്നതുവരെ ഈ പരിപാടി തുടരുക. മൂന്നുനാലു ദിവസം മതിയാവും. അവസാനം മുളക് ഒന്നുകൂടി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം. ദാ, കണ്ടോ...? കഴിഞ്ഞു പരിപാടി! കൊണ്ടാട്ടം മുളക് റെഡിയായി. ഇനി ഇത് അടപ്പുള്ള ഏതെങ്കിലും പാത്രത്തിലോ ഭരണിയിലോ ആക്കി സൂക്ഷിക്കാം.
കൊണ്ടാട്ടം മുളക് ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ചോറിന്റെ കൂടെ ഉപയോഗിക്കാം.
എന്റെ അമ്മയും വല്യമ്മയുമൊക്കെ കൊണ്ടാട്ടം മുളക് ചപ്പാത്തിക്ക് കൂട്ടിക്കഴിക്കാനും ഉപയോഗിക്കും. എനിക്കും ഇഷ്ടമാണ്.  എങ്ങനെയാണെന്നോ...? പറയാം:
2-3 കൊണ്ടാട്ടം മുളക്, ഒരു സ്പൂൺ നെല്ലിക്ക അച്ചാർ, ഒരു സ്പൂൺ ദോശപ്പൊടി, ഒരു സ്പൂൺ വറുത്ത എണ്ണ(പപ്പടമോ മറ്റോ കാച്ചാനുപയോഗിച്ച എണ്ണ), ഇതെല്ലാംകൂടി നന്നായി ഞെരടി യോജിപ്പിച്ച്, അതിൽ കുറച്ചു തൈരും  ഒഴിച്ച് യോജിപ്പിക്കുക, ചപ്പാത്തി കൂട്ടി കഴിക്കുക. അദന്നെ!

9 പേർ അഭിപ്രായമറിയിച്ചു:

Subair said...

കൊള്ളാം..നാട്ടില്‍ പോയിട്ട് വേണം ഉണ്ടാക്കാന്‍..

mini//മിനി said...

വീട്ടിൽ നട്ട് വളർത്തിയ മുളക്, കൊണ്ടാട്ടാം ഉണ്ടാക്കാൻ ഉപയോഗിക്കാമോ?

പൊറാടത്ത് said...

അടുത്ത മാസം നാട്ടീ പോവുമ്പോ ഒന്ന് പരീക്ഷിക്കണം.

ആ നാലാമത്തെ ചേരുവ എവിടെ കിട്ടും?

ബിന്ദു കെ പി said...

അടുത്ത മാസം പരിക്ഷിക്കണ്ട പൊറാടത്തേ...ആകെ കുളമാവും. നാലാമത്തെ ചേരുവ ഇനി നാട്ടിൽ കിട്ടണമെങ്കിൽ അഞ്ചാറു മാസം കഴിയണ്ടേ.... :)

ബിന്ദു കെ പി said...

മിനിടീച്ചറേ, വീട്ടിൽ ഉണ്ടായ മുളകും ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല.എരിവിന്റെ പ്രശ്നം മാത്രമേയുള്ളൂ. എരിവ് ഇഷ്ടമാണെങ്കിൽ ഓക്കെ. കാന്താരി മുളകുകൊണ്ടൊക്കെ എന്റെ അമ്മ ചിലപ്പോൾ ഉണ്ടാക്കാറുണ്ട്.

Manju Manoj said...

ഒന്നാമത് കൊണ്ടാട്ടം മുളക് സ്പെഷ്യല്‍ മുളകാണ് എന്നറിയില്ലായിരുന്നു...ഇപ്പൊ മനസ്സിലായി... പക്ഷെ ഏറ്റവും അടിപൊളി ചപ്പാത്തിക്കു ഉപയോഗിച്ച റെസിപ്പി ആണ്...അതൊന്നു ഞാന്‍ ട്രൈ ചെയ്യാന്‍ പോണു..പക്ഷെ നെല്ലിക്ക അച്ചാറിനു പകരം മറ്റു വല്ല അച്ചാറും ഉപയോഗിക്കും.... അല്ലാതെ എന്താ ചെയ്യാ...

ബിന്ദു കെ പി said...

മഞ്ജു,
നെല്ലിക്ക അച്ചാറാണ് ബെസ്റ്റ് കോമ്പിനേഷൻ. അറ്റകൈക്ക് മറ്റു അച്ചാറുകളും ഉപയോഗിക്കാറുണ്ട്.
പിന്നെ ഇത് എല്ലാർക്കും ഇഷ്ടപ്പെടണമെന്നില്ലാട്ടോ. ഏതായാലും ട്രൈചെയ്തു നോക്കൂ...

Anonymous said...

ബിന്ദുച്ചേച്ചീ,
വീട്ടില്‍ അമ്മയുണ്ടാക്കുന്ന കൊണ്ടാട്ടം മുളകിന്റെ കൂട്ട് അല്പം വ്യത്യാസമുണ്ട് കേട്ടോ.
തൈര് ഉപയോഗിക്കാറില്ല. വാളന്‍പുളി പാകത്തിന് ഉപ്പും വെള്ളമൊഴിച്ച് കുഴച്ച് വെള്ളമുള്ള പരുവത്തിലാക്കി എടുക്കും. അതിലാണ് ഈര്‍ക്കിലില്‍ കോര്‍ത്ത മുളക് ഇട്ട് വക്കുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം ചേച്ചി സൂചിപ്പിച്ച പോലെ തന്നെ. സാധിക്കുമെങ്കില്‍ ഒന്ന് ശ്രമിച്ച് നോക്കൂ. പുളിക്ക് തൈരിനേക്കാളും പുളിയുള്ളതിനാല്‍ "പുളിമുളകിന്" തൈര് മുളകിനേക്കാളും സ്വാദ് കൂടും..

പൊയ്‌മുഖം said...

കൊണ്ടാട്ടം തപ്പിയെത്തിയതാണ്. അസ്സലായി!!

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP