ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം:
ആവശ്യമുള്ള സാധനങ്ങൾ:
- ഉഴുന്ന് - കാൽ കിലോ
- കടലപ്പരിപ്പ് - ഉഴുന്നിന്റെ മൂന്നിലൊന്നു ഭാഗം
- പുഴുക്കലരി - 1 ടേബിൾ സ്പൂൺ
- ചെറുപയർപരിപ്പ് - ഒന്നര ടേബിൾ സ്പൂൺ
- കുരുമുളക് - 3 ടീസ്പൂൺ
- മുളക് - ആവശ്യം പോലെ (ഒരു 20-25 എണ്ണം വരെയൊക്കെ എടുക്കാം. നിങ്ങളുടെ പാകത്തിന് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.)
- കായം പൊടി - പാകത്തിന്
- കറിവേപ്പില, ഉപ്പ്
ഉണ്ടാക്കുന്ന വിധം:
ചേരുവകളെല്ലാം പാകത്തിന് വറുത്തെടുക്കുക, പൊടിയ്ക്കുക. അത്രേയുള്ളു പണി! ഉഴുന്നും മുളകും കുരുമുളകും കറിവേപ്പിലയും കൂടി ഒന്നിച്ചിട്ട് വറുക്കാം; കുഴപ്പമില്ല. കടലപ്പരിപ്പ്, അരി, ചെറുപയർപരിപ്പ് എന്നിവ വെവ്വേറെ വറുക്കുകയാണ് നല്ലത്.
ഇനി വറുത്ത ചേരുവകളെല്ലാം ഒന്നിച്ചാക്കി ചൂടാറിയശേഷം പാകത്തിന് ഉപ്പും കായവും ചേർത്ത് പൊടിച്ചെടുക്കുക. മുളക് ആദ്യം തന്നെ മുഴുവനും ചേർക്കരുത്. കുറച്ചു ചേർത്ത് ഒന്നു പൊടിച്ചശേഷം എരിവ് പാകത്തിനാണൊ എന്നു നോക്കിയശേഷം പോരാത്തത് ചേർക്കുക. ഇനി, ഞാനീ പറഞ്ഞിരിക്കുന്ന എണ്ണം മുളക് മുഴുവനും ചേർത്തിട്ടും എരിവ് നിങ്ങളുടെ പാകത്തിനല്ലെങ്കിൽ വഴിയുണ്ട്: പൊടി തയ്യാറാക്കിക്കഴിഞ്ഞ് അവസാനം കുറച്ചു മുളകുപൊടി ചീനച്ചട്ടിയിലിട്ട് ഒന്നു ചൂടാക്കിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പും എരിവുമൊക്കെ നോക്കി നോക്കി ഒരുപാടുനേരം മിക്സിയിലിട്ട് കറക്കിക്കൊണ്ടിരിക്കരുത്. വല്ലാതെ പൊടിഞ്ഞുപോകും. ദോശപ്പൊടി തരുതരുപ്പായി പൊടിക്കുകയാണ് വേണ്ടത്.
പൊടിച്ചശേഷം ഒരു ന്യൂസ്പേപ്പറിലോ മറ്റോ കുറച്ചുനേരം പരത്തിയിടുക.
ചൂട് നന്നായി ആറിയശേഷം പാത്രത്തിലോ കുപ്പിയിലോ ആക്കാം.
ദോശപ്പൊടി തയ്യാറായിക്കഴിഞ്ഞു. ആവശ്യത്തിന് എടുക്കുക; വെളിച്ചെണ്ണയിൽ ചാലിച്ച് ഉപയോഗിക്കുക. പപ്പടമോ മറ്റോ വറുത്ത വെളിച്ചെണ്ണയാണെങ്കിൽ സ്വാദു കൂടും. (കൊളസ്ട്രോൾ ഭീഷണി ഉള്ളവർ എണ്ണ ചേർക്കാതെ ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്).
എന്റെ അമ്മ ദോശപ്പൊടിയിൽ കുറച്ചു തൈരൊഴിച്ച് ഏതെങ്കിലുമൊരു അച്ചാറിന്റെ ഗ്രേവിയും ചേർത്ത് ചപ്പാത്തിക്ക് കൂട്ടിക്കഴിക്കാറുണ്ട്. സംഭവം കൊള്ളാട്ടോ.
10 പേർ അഭിപ്രായമറിയിച്ചു:
ഇന്നലെ ദോശപ്പൊടി ഉണ്ടാക്കിയതേ ഉള്ളൂ.അത് ബുക്ക് വായിച്ച് ചെയ്തതാണ്.അതില്‍ എള്ളും ഉണ്ട്.അടുത്ത തവണ ബിന്ദുവിന്റെ പാചകക്കുറിപ്പ് പരീക്ഷിക്കുന്നുണ്ട്.
വൈകിയ പുതുവത്സരാശംസകള്‍.
ഇതൊന്നു പരീക്ഷിച്ചു നോക്കാം. അരി ചേർത്തുനോക്കിയിട്ടില്ല ഇതുവരെ.
ഉഗ്രൻ ഐറ്റമാണ്. ചട്ണിയുടെ കൂടെ ഇവൻ വെളിച്ചെണ്ണയിൽ ലയിച്ച് രണ്ടും കൂടെ ചേർന്ന് നിൽക്കുന്നിടം നോക്കി ഇഡ്ഡലി, ദോശ എന്നിവ മുക്കി കഴിക്കണം...
ഇത് കൊള്ളാം .
I made yesterday, this sounds good next time i will try this recipe
കൊള്ളാം വ്യത്യസ്തമായ ഒരു ബ്ലോഗ്... ബ്ലോഗ് കണ്ടിട്ട് എന്റെ വിശപ്പ് കൂടി എനിക്ക് വിശക്കുന്നേ..
ഇതേതായാലും നന്നായി
ഞാന്‍ കടലപ്പരിപ്പ് മാത്രമേ ചേര്‍ക്കാറുള്ളൂ.ഇനി ഉണ്ടാക്കുമ്പോള്‍ ചെറുപയര്‍ പരിപ്പ് ചേര്‍ത്തു നോക്കണം.നന്നാവും, ബിന്ദുവിന്റെ കുറിപ്പല്ലേ...
good idea
kollam nallatha
Post a Comment