Wednesday, October 13, 2010

വാഴപ്പിണ്ടി മൊളോഷ്യം

അടുക്കളത്തളത്തില്‍ ഇന്നത്തെ താരം വാഴപ്പിണ്ടിയാണ്(ഉണ്ണിപ്പിണ്ടിയെന്നും പറയും). വാഴപ്പിണ്ടി കണ്ടിട്ടില്ലേ....? കാണാത്തവര്‍ കണ്ടോളൂ....കേള്‍ക്കാത്തവര്‍ കേട്ടോളൂ...
കുല വെട്ടിയെടുത്താല്‍‌പിന്നെ വാഴയെ തഴയല്ലേ...അതിനുള്ളിലാണ് നാരുകളാല്‍ സമ്പന്നമായ നമ്മുടെ പിണ്ടി ഇരിക്കുന്നത്.

വാഴത്തടിയുടെ പോളകള്‍ ഒന്നൊന്നായി പൊളിച്ചുകളഞ്ഞ് ഉള്ളില്‍നിന്ന് പിണ്ടി എടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് കേട്ടോ....വസ്ത്രങ്ങളില്‍ വാഴക്കറ പറ്റാതെ ശ്രദ്ധിക്കുകയും വേണം. നമുക്കൊന്നു നോക്കാം:
വാഴയുടെ തലഭാഗം വെട്ടിക്കളഞ്ഞശേഷം തടിയില്‍ ഒരു മൂര്‍ച്ചയുള്ള അരിവാള്‍കൊണ്ടോ മറ്റോ നെടുകനെ കീറി പോളകള്‍ ഒന്നൊന്നായി പൊളിക്കുക.



ഉള്ളിലേക്കു ചെല്ലുന്തോറും വെള്ളനിറത്തിലാവും പോളകള്‍. അങ്ങിനെ അവസാനം പോളകളൊന്നും പൊളിഞ്ഞുപോരാത്ത അവസ്ഥയില്‍ ഏതാണ്ടൊരു ട്യൂബ്‌ലൈറ്റിന്റെ വണ്ണത്തില്‍ കാണപ്പെടുന്ന സാധനമാണ് പിണ്ടി. ദാ, കണ്ടോളൂ...


പിണ്ടി ആവശ്യത്തിന് മുറിച്ചെടുക്കുക.



അടുത്ത പണി പിണ്ടി അരിഞ്ഞെടുക്കുക എന്നതാണ്. ഉള്ളിയും മറ്റും അരിയുന്നത്ര എളുപ്പത്തില്‍ ഇതു നടക്കില്ല. കാരണം പിണ്ടിയില്‍ നാര് വളരെയധികമുണ്ട്. ഇതു കളഞ്ഞെടുത്തിട്ടുവേണം അരിയാന്‍.
ആദ്യമായി പിണ്ടി വട്ടത്തില്‍ കനം കുറച്ച് അരിയുക. അരിയുമ്പോള്‍ കഷ്ണത്തിനും പിണ്ടിയ്ക്കുമിടയില്‍ നാര് വലിഞ്ഞുവരുന്നതുകാണാം. ചിത്രം നോക്കൂ:



ഈ നാരിനെ ചൂണ്ടുവിരലില്‍ ചുറ്റിയെടുക്കുക. ഇങ്ങനെ എല്ലാ കഷ്ണങ്ങളിലും ചെയ്യുക. വിരലിലെ നാരുകൊണ്ടുള്ള ചുറ്റിക്കെട്ട് അവസാനം ഊരിക്കളയാം.



ഇനി ഈ കഷ്ണങ്ങള്‍ അടുക്കിപ്പിടിച്ച് കൊത്തിയരിഞ്ഞെടുക്കാം.



ഹാവൂ...അങ്ങിനെ പിണ്ടി അരിഞ്ഞത് റെഡിയായി. ഇത് വെള്ളത്തിലിട്ട് നന്നായി കഴുകി കറ കളഞ്ഞെടുക്കുന്നത് നന്ന്. ഇതുവരെയുള്ള കാര്യങ്ങളാണ് ബുദ്ധിമുട്ട്. ഇനി എല്ലാം എളുപ്പമാണ്. ഇതു കൊണ്ട് മൊളോഷ്യമോ, പുളിങ്കറിയോ തോരനോ ഒക്കെ നിങ്ങളുടെ താല്പര്യം പോലെ ഉണ്ടാക്കാം. ഇന്ന് ഞാനൊരു മൊളോഷ്യമാണ് ഉണ്ടാക്കുന്നത്. വെരി സിംപിള്‍!



അവശ്യമുള്ള സാധനങ്ങള്‍:
  • പിണ്ടി അരിഞ്ഞത് - ഏതാണ്ടൊരു മുഴം നീളമുള്ള പിണ്ടിയുടേത്
  • പരിപ്പ് - ഏകദേശം 100 ഗ്രാം
  • തേങ്ങ ചിരകിയത് - അര മുറിയുടേത്
  • കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
  • മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്
  • കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
പിണ്ടിയും പരിപ്പും കൂടി മഞ്ഞള്‍പ്പൊടിയും സ്വല്പം മുളകുപൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് തേങ്ങയും കാന്താരിമുളകും കൂടി അരച്ചതു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പാകത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. നന്നായി തിളച്ചാല്‍ വാങ്ങിവച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി കുറച്ചുനേരം അടച്ചുവയ്ക്കുക. ഇത്രേയുള്ളു.

കുറിപ്പ്: വേണമെങ്കില്‍ ഇതില്‍ ചേമ്പ്, കൊള്ളിക്കിഴങ്ങ് ഇത്യാദി സാധനങ്ങള്‍ ചേര്‍ത്ത് ഒന്നുകൂടി ‘കൊഴുപ്പി’ക്കാവുന്നതാണ്(അപ്പോള്‍ പരിപ്പിന്റെ അളവു കുറയ്ക്കണം).

ഉള്ളി-മുളക്-പുളി ചാലിച്ചത്, കണ്ണിമാങ്ങാ സീസണാണെങ്കില്‍ കണ്ണിമാങ്ങ കുത്തിച്ചതച്ചത്, പിന്നെ ചുട്ട പപ്പടം ഇതൊക്കെയാണ് ഇതിനു പറ്റിയ കോമ്പിനേഷന്‍.

ഉള്ളിയും മുളകും ചാലിയ്ക്കാനറിയില്ലേ....? അറിയാനെന്തിരിക്കുന്നു?
കുറച്ചു ചുവന്നുള്ളി തൊലികളഞ്ഞതും കാന്താരിമുളകും ഉപ്പും സ്വല്പം പുളിയും കൂടി നന്നായി ഞെരടി യോജിപ്പിച്ച് സ്വല്പം വെള്ളവും വെളിച്ചെണ്ണയും കൂട്ടി ചാലിച്ചെടുക്കുക. അത്രതന്നെ! അതില്‍ ഒരു ചുട്ടപപ്പടം പൊടിച്ചതും കൂടി ചേര്‍ത്താല്‍ കെങ്കേമം! (ഒരു കലം ചോറ് അകത്താക്കാന്‍ ഇതു മാത്രമായാലും മതിയെന്നതു വേറെ കാര്യം).

17 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

അടുക്കളത്തളത്തില്‍ ഇന്നത്തെ താരം വാഴപ്പിണ്ടിയാണ്(ഉണ്ണിപ്പിണ്ടിയെന്നും പറയും). വാഴപ്പിണ്ടി കണ്ടിട്ടില്ലേ....? കാണാത്തവര്‍ കണ്ടോളൂ....കേള്‍ക്കാത്തവര്‍ കേട്ടോളൂ...

jyo.mds said...

മൊളോഷ്യവും,കന്താരിമുളക് ചമ്മന്തിയും കണ്ട് വായില്‍ വെള്ളമൂറി.ഉണ്ടാക്കാമെന്ന് വെച്ചാല്‍ ഇതൊന്നും ഇവിടെ കിട്ടില്ല.എന്റെ അമ്മ ഉണ്ണിപിണ്ടിയും ഉണക്ക പയറും കൊണ്ടൊരു തോരന്‍ ഉണ്ടാക്കാറുണ്ട്.

ഉപാസന || Upasana said...

ചേച്ചി

വാഴപ്പിണ്ടി തോരന്‍ പയറുമിട്ടു വച്ചത് കഴിച്ചിട്ടുണ്ട്.
നല്ലതാണ്
:-)

Manickethaar said...

simple....

പാറുക്കുട്ടി said...

പിണ്ടി കൊണ്ട് ഞാന്‍ സാധാരണയായി തോരനാണ് ഉണ്ടാക്കാറുള്ളത്. മൊളോഷ്യം ഇനി പരീക്ഷിക്കണം.

ഹരീഷ് തൊടുപുഴ said...

സത്യത്തിൽ എനിക്കീ സംഭവമിഷ്ടല്ലാ..
പക്ഷേ; ഇങ്ങിനെ പടമൊക്കെ ഇട്ടിട്ട് കാണിക്കുമ്പോൾ..!!
വെള്ളം..!!

കാവലാന്‍ said...

എനിക്ക് വളരെ ഇഷ്ടമുള്ള സംഭവമാണ്.

ചാര്‍ളി (ഓ..ചുമ്മാ ) said...

ഇവിടെ ചെന്നൈയില്‍ വാഴപ്പിണ്ടീ കടയില്‍ വാങ്ങാന്‍ കിട്ടൂം..വാഴപ്പിണ്ടിം മുതിരേം ചേര്‍ത്ത് തോരന്‍ വച്ചു കഴിക്കാറുണ്ട്..

പറഞ്ഞപോലെ കാന്താരിമുളക് ചമ്മന്തിയാ കൊതിപ്പിച്ചേ...നാട്ടീന്നൊരു കാന്താരിത്തൈ കൊണ്ടെ നടണം.

yousufpa said...

ഹാവു...കുശാലായി ന്റെ ബിന്ദുവേച്ച്യേയ്.

Manju Manoj said...

ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ....എത്രയോ കാലമായി ഇതൊക്കെ കഴിച്ചിട്ട്... നാട്ടില്‍ പോകാന്‍ മുട്ടിട്ടു വയ്യ....

pournami said...

moloshyam specialist ayo? thanksssssssss

കുഞ്ഞൂസ് (Kunjuss) said...

ഉം..കൊതി വരണൂ ബിന്ദൂ....

poor-me/പാവം-ഞാന്‍ said...

ഒരിക്കൽ മാത്രം കായ്ഫലം തരുകയും അതുകഴിഞ്ഞാൽ നശിച്ചുപോവുകയും ചെയ്യുന്ന സസ്യമാണ് വാഴ

വിവരങള്‍ക്ക് നന്ദി...
പിന്നെ പിണ്ടിക്ക് ഇത്രയും കനം വേണമൊ എന്നും ചിന്തിക്കുന്ന ഒരു വിഭാഗം ഈ സമൂഹത്തില്‍ ഉണ്ട്(അരിഞതിന്റെ പടം നോക്കുക)
ഇതിനോടുള്ള സാമ്യം കൊണ്ട് ചില പ്രദേശങളില്‍ ഫ്ലൂറസെന്റ് ലാമ്പിനെ(റ്റ്യൂബിനെ) പിണ്ടി വിളക്ക് എന്നും പറയാറുണ്ട്...ആരുടേയും ശത്രുത വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കാതതിനാല്‍ ആ കരയുടെ പേര്‍ ഞാന്‍ ഇവിടെ എഴുതുന്നില്ല....

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ജെസ്സ് said...

ivide polyokke kaLanja pindi kittum. njaan vanpayarum pindiyum ittu thoran aanu pothuve veykkaaru. pinne idaykku pindi saambarum undaakkum. ini moleshyam onnu pareekshikkanam

ഹംസ said...

ഞാന്‍ കഴിച്ചിട്ടുണ്ട് ... പരിപ്പിനു പകരം മുതിര ഇട്ടും വെക്കാറുണ്ട് .. നല്ല രസമാ... ഇത് വീട്ടില്‍ ഉണ്ടാക്കിയാല്‍ ഉള്ള ഗുണം വയര്‍ നിറച്ച് ഉപ്പേരി മാത്രം കഴിക്കാമെന്നുള്ളതാണ്.. മറ്റ് ഉപ്പേരികള്‍ തരുന്നതിനു ലിമിറ്റുണ്ടാവും ഇത് ആവശ്യത്തിലേറേ ഉണ്ടാവും ചക്കകൂട്ടാന്‍ പോലെ ...

Mélange said...

നന്ദി ബിന്ദൂ.ഒന്നില്‍ നിര്‍ത്തിയതു മാത്രം ശരിയായില്ല.വല്ലപ്പോഴും ഒന്നു പോസ്റ്റെന്നേ.വരുന്ന കാലത്ത് തനി നാടന്‍ റെസിപ്പികളുടെ ശേഖരമാകട്ടെ ഇത്..

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP