Monday, January 25, 2010

ഒറ്റയപ്പം

ഒറ്റയപ്പം എന്നു കേട്ടിട്ടുണ്ടോ...? ക്ഷേത്രങ്ങളിലാണ് ഇത് ഉണ്ടാക്കുക പതിവ്. ഗണപതിയ്ക്കുള്ള പ്രധാന വഴിപാടാണ് ഒറ്റയപ്പം നിവേദിക്കൽ. ഞങ്ങളുടെ കുട്ടിക്കാലത്ത് ഗണപതിക്ക് ഒറ്റയപ്പം നേരുക എന്നത് അമ്മാവന്റെ സ്ഥിരം പരിപാടിയായിരുന്നു. എതൊരു നല്ല കാര്യത്തിനും ഇറങ്ങിത്തിരിക്കുമ്പോൾ, എന്തെങ്കിലുമൊക്കെ അല്ലറചില്ലറ പ്രശ്നങ്ങൾ അലട്ടുമ്പോൾ, അല്ലെങ്കിൽ ആർക്കെങ്കിലും അസുഖം പിടിപെടുമ്പോൾ ഒക്കെയാണ് ഈ നേർച്ച പതിവ്. അതെന്തു തന്നെയായാലും ഞങ്ങൾ കുട്ടികൾക്ക് ഇത് അങ്ങേയറ്റം സന്തോഷമുള്ള സംഗതിയായിരുന്നു. ഒറ്റയപ്പം ഉണ്ടാക്കുന്ന ദിവസം അമ്പലത്തിന്റെ തിടപ്പിള്ളിയിൽ നിന്ന് കൊതിപ്പിക്കുന്ന വാസന ഉയരും...പിന്നെ രാത്രി അമ്പലത്തിൽ നിന്ന് മടങ്ങുന്ന അമ്മാവന്റെ കയ്യിലെ ഇലപ്പൊതിക്കായി പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കും....

നമുക്ക് ഈ വിഭവം വീട്ടിലുണ്ടാക്കിയാലോ...? ഒന്നു പരീക്ഷിച്ചുനോക്കൂ....കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ആവശ്യമുള്ള സാധനങ്ങൾ:
  • ഉണക്കലരി - കാൽ കിലോ (അമ്പലങ്ങളിൽ നേദ്യച്ചോറും പായസവുമൊക്കെ ഉണ്ടാക്കുന്ന അരിയാണ് ഉണക്കലരി. പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും).
  • ശർക്കര - ഏകദേശം 125 ഗ്രാം മതിയാവും.
  • കദളിപ്പഴം (പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും) - ചെറുതാണെങ്കിൽ 4, വലുതാണെങ്കിൽ രണ്ടെണ്ണം മതിയാവും.
  • നെയ്യ് - ആവശ്യത്തിന്.
ഉണ്ടാക്കുന്ന വിധം :

ഉണക്കലരി രണ്ടുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ശർക്കര കുറച്ചു വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് ഉരുക്കി, അരിച്ചെടുക്കുക (ശർക്കരയിലെ മണ്ണും കരടുകളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്). കുതിർത്ത അരി ഈ ശർക്കരപ്പാനി ഒഴിച്ച് വെണ്ണപോലെ അരച്ചെടുക്കുക. വേറെ വെള്ളം ആവശ്യമെങ്കിൽ മാത്രം ഒഴിക്കുക. അരച്ചമാവ് എതാണ്ട് ദോശമാവിന്റെ പരുവത്തിലായിരിക്കണം. അതിനുശേഷം കദളിപ്പഴം നന്നായി ഉടച്ചെടുത്ത് ഈ മാവിൽ ചേർത്ത് യോജിപ്പിക്കുക.



ഒറ്റയപ്പം ഉണ്ടാക്കാൻ നല്ല കട്ടിയുള്ള പരന്ന പാത്രം വേണം. ഉരുളിയാണ് നല്ലത്. പാത്രം അടുപ്പത്തുവച്ച് ചൂടായാൽ രണ്ടുമൂന്നു സ്പൂൺ നെയ്യ് ഒഴിക്കുക. ഇതിലേക്ക് മാവ് സാവധാനം ഒഴിക്കുക. ഇളക്കരുത്. ഒരു അടപ്പുകൊണ്ട് പാത്രം മൂടി ചെറുതീയിൽ വേവാൻ വയ്ക്കുക. കുറച്ചുനേരം അങ്ങനെ ഇരിക്കട്ടെ.



അടപ്പു തുറന്ന് അപ്പം മറിച്ചിടുകയാണ് ഇനി വേണ്ടത്. വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ അപ്പം പൊട്ടിത്തകർന്ന് തരിപ്പണമാവും. ആദ്യം ചട്ടുകം കൊണ്ട് അടിഭാഗം എല്ലാവശത്തുനിന്നും ഇളക്കിയശേഷം സാവധാനം മറിച്ചിടുക.



ഇടയ്ക്കിടെ നെയ്യൊഴിച്ചുകൊടുത്ത് പലതവണ തിരിച്ചും മറിച്ചുമിട്ട് ഏറെ സമയമെടുത്ത് നന്നായി മൊരിച്ചെടുക്കുക.



ഇനി വാങ്ങി വയ്ക്കാം.



ഒറ്റയപ്പം റെഡി! കഷ്ണങ്ങളായി മുറിച്ചെടുക്കാം, കഴിക്കാം.



കുറിപ്പ്: മുഴുവൻ മാവും ഒറ്റത്തവണകൊണ്ട് ഒഴിച്ച് ഒരു അപ്പമായി ഉണ്ടാക്കുന്നതുകൊണ്ടാണ് ഒറ്റയപ്പം എന്ന പേര്. ഇതിനു പറ്റിയ പാത്രമില്ലെങ്കിൽ മാവ് രണ്ടു ഭാഗങ്ങളാക്കി ദോശക്കല്ലിലോ ഫ്രയിങ്ങ് പാനിലോ ഒഴിച്ച് ഉണ്ടാക്കുകയുമാവാം. പക്ഷേ പേര് ഒറ്റയപ്പം എന്നതിനുപകരം ഇരട്ടയപ്പമെന്ന് ആക്കേണ്ടി വരുമെന്നു മാത്രം. :) :)

20 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഒറ്റയപ്പം എന്നു കേട്ടിട്ടുണ്ടോ...? ക്ഷേത്രങ്ങളിലാണ് ഇത് ഉണ്ടാക്കുക പതിവ്. ഗണപതിയ്ക്കുള്ള പ്രധാന വഴിപാടാണ് ഒറ്റയപ്പം നിവേദിക്കൽ.

ഹരീഷ് തൊടുപുഴ said...

ഹായ് !!!

അവസാനത്തെ ഫോട്ടോ കണ്ടിട്ട് നാവിൽ കൊതിയൂറുന്നല്ലോ ചേച്ചീ..

ശ്രീ said...

ഹായ്

ഹരീഷേട്ടന്‍ പറഞ്ഞതു പോലെ കണ്ടിട്ട് കൊതിയാകുന്നുണ്ട് :)

Renjith Kumar CR said...

കൊള്ളാം :)

ബഷീർ said...

ഒറ്റയപ്പം ഒറ്റയിരുപ്പിന് തിന്നണമെന്നാ :)

Cartoonist said...

ബിന്ദൂ,
ഒരു ഗാഢാലിംഗനം ആദ്യം പിടിക്കൂ.

ഒറ്റയപ്പം- ഞാന്‍ എന്നെങ്കിലും ഏതെങ്കിലും ഭാഷയിലെ ഭക്ഷണബ്ലോഗില്‍ കാണുമെന്ന് സ്വപ്നേപി കരുതിയിട്ടില്ലാത്ത അനുപമ സന്ധ്യാസമയ നേദ്യമധുരം!

തൃപ്പൂണിത്തുറ ചക്കങ്കുളങ്ങര ശിവന്റമ്പലത്തില്‍ നിന്നാണ് എന്റെ പതിനഞ്ചുവയസ്സിനകം എത്രയോ ഒറ്റയപ്പങ്ങളെ കൂട്ടമായി അപ്രത്യക്ഷമാക്കിയിട്ടുള്ളത് എന്നറിയ്യ്‌വോ!

‘ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും
ഏറ്റുമാനൂരപ്പാ’ കേള്‍ക്കുമ്പോളത്തെ സുഖമാണ്
ഒറ്റയപ്പത്തിന്റെ ആ പടം കണ്ടോണ്ടിരിക്കുമ്പോള്‍ത്തന്നെ കിട്ട്യത് !

ആരെന്തൊക്കെപ്പാഞ്ഞാലും പറയാതെ വയ്യ:
അസ്സസ്സല്‍ പോസ്റ്റ് !

Typist | എഴുത്തുകാരി said...

എനിക്കും ഭയങ്കര ഇഷ്ടമാണിതു്. ഞാനൊരു സൂത്രപ്പണി ചെയ്യും. എന്താണെന്നറിയ്യോ. ഇടക്ക് ഗണപതിക്കൊരു വഴിപാട് കഴിക്കും. ഒരു വെടിക്കു രണ്ടു പക്ഷി. ഗണപതിക്കും സന്തോഷം. എനിക്കും സന്തോഷം.

കുഞ്ഞൻ said...

ഒറ്റയപ്പമെന്ന് കേട്ടിട്ടുണ്ടന്നല്ലാതെ കണ്ടിട്ടില്ലായിരുന്നു..

ബിന്ദൂസ് ഗ്രാമത്തിൽ ജനിച്ചുവളർന്നതുകൊണ്ട് ബൂലോഗത്തിനാണ് നേട്ടം..ഒറ്റക്കൊമ്പൻ അനുഗ്രഹിക്കട്ടെ..

SAJAN S said...

കൊതിയാകുന്നു!!
:)

സിനു said...

ഞാന്‍ ആദ്യമായിട്ടാണ് ഒറ്റയപ്പം കാണുന്നതും കേള്‍ക്കുന്നതും.
വായിച്ചപ്പോള്‍ കുറെയൊക്കെ കലത്തപ്പം ഉണ്ടാക്കുന്ന പോലെ തന്നെ....

Anil cheleri kumaran said...

കൊതിയാവുന്നു...

Unknown said...

പണ്ട് അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. സ്കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ ആദ്യം കിട്ടുക അടിയും അപ്പവുമാണ്‌. ഞങ്ങള്‍ പറയുക മൊരിയപ്പം എന്നാണ്‌. ഇന്ന് എന്റെ ഭാര്യയെ കാട്ടി കൊടുത്തു, ചേച്ചിയുടെ റെസിപ്പി..

മണിഷാരത്ത്‌ said...

ഒറ്റയപ്പത്തെപ്പറ്റി ആദ്യമായാണ്‌ കേള്‍ക്കുന്നത്‌.ഏതായാലും വളരേ എളുപ്പം ഉണ്ടാക്കാമെന്നതിനാല്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചു..

ചാണക്യന്‍ said...

ഈ ഒറ്റയപ്പം ഞാനെടുക്കുന്നു....ആരേയും കൂട്ടില്ല ഒറ്റക്ക് തിന്നാൻ പോവുന്നു...:):):)

Unknown said...

എന്റെ വായിൽ ഇപ്പോ കപ്പൽ ഓടിക്കാനുള്ള അത്ര വെള്ളമുണ്ട് പണ്ട് ഇത് തിന്നിട്ടുണ്ട് പേരറിയത്തില്ലായിരുന്നു ഇപ്പൊഴാ ഇതിന്റെ പേര് പിടികിട്ടിയത്. എന്തായാലും ഞാൻ ഇത് പ്രിന്റ് ഔട്ടെടുത്ത് നല്ലപാതിക്ക് കൊടുക്കുന്നു അവളാ അടുക്കള ഭരിക്കുന്നത്. എന്തായാലും അടുത്ത വീക്കെന്റ് സ്പെഷൽ ഒറ്റയപ്പം തന്നെ

പാവപ്പെട്ടവൻ said...

ഒറ്റയപ്പം എന്നു കേട്ടിട്ടുണ്ടോ.............?
തേ............ ഇപ്പോള്‍ കേട്ട്
അപ്പോള്‍ ഒറ്റയപ്പം....... വലുതൊന്ന്........ ചെറുത്‌....... രണ്ടു
മൈക്കില്‍ കൂടി വിളിച്ചു പറയണോ.... ബിന്ദു ?

വീകെ said...

ഞാൻ വന്നപ്പോഴേക്കും എല്ലാരും കൂടെ പങ്കിട്ടെടുത്തൊ ആ ഒറ്റയപ്പം...?!!

ബിന്ദുച്ചേച്ചി.. ഒരു കഷണം പോലും ബാക്കിയില്ലെ...?
വായിൽ വെള്ളമൂറുന്നു...!!
സത്യായിട്ടും എല്ലാത്തിനും കൊതി കെട്ടട്ടെ..!!!

jayanEvoor said...

കൊള്ളാം!
വീട്ടിൽ ഒന്നു പരൂഷിക്കണം!

കാർട്ടൂണിസ്റ്റ് ചേട്ടാ...

ഞാൻ തൃപ്പൂണിത്തുറയാ പഠിച്ചത്. ചങ്ങങ്കുളങ്ങരയിൽ പോയിട്ട് ഒറ്റയപ്പം എനിക്കു കിട്ടാഞ്ഞതിന്റെ കാരണം ഇപ്പഴല്ലേ പിടികിട്ടിയത്!

ഫീഗരൻ!

പിരിക്കുട്ടി said...

njaan kandittundu...
ney cherkkanondu kazhikkan ishtamlla....
ellavarkkum ishtayallo ee post...
enikkum ishtayitto

Sranj said...

Just had this last week from Kannancheri mahaganapathi kshethram, Calicut!! so thrilled to see the recipe here!

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP