Monday, April 27, 2009

മാമ്പഴക്കാളൻ

മാമ്പഴം കൊണ്ടൊരു കാളൻ. മാമ്പഴപ്പുളിശ്ശേരി എന്നു പറയുന്നതും ഇതുതന്നെ. പിഴിഞ്ഞെടുക്കാവുന്ന, ചെറുതരം നാട്ടുമാമ്പഴമാണ് പൂളിയെടുക്കുന്ന മാമ്പഴത്തേക്കാൾ ഇതിനു യോജിച്ചത്.



ആവശ്യമുള്ള സാധനങ്ങൾ:

മാമ്പഴം - ഒരു കിലോ
നല്ല പുളിയുള്ള മോര്/തൈര് - മുക്കാൽ ലിറ്ററോളം കരുതി വയ്ക്കുക. മോരിന്റെ പുളിപ്പനുസരിച്ച് ആവശ്യത്തിന് എടുക്കുക.
തേങ്ങ - ഒന്ന്.
പച്ചമുളക് - എരിവനുസരിച്ച് ആവശ്യമുള്ളത്ര.
ജീരകം - 2-3 സ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്.
ഉലുവാപ്പൊടി - ഒരു സ്പൂൺ.
വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില, ഉലുവ.

ഉണ്ടാക്കുന്ന വിധം:

തേങ്ങയും പച്ചമുളകും ജീരകവും കൂടി വെള്ളം കഴിയാവുന്നത്ര കുറച്ചുചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക.

തേങ്ങയിൽ ചേർത്ത പച്ചമുളകു കൂടാതെ വേറെ അഞ്ചാറു പച്ചമുളക് അമ്മിയിൽ വച്ച് ചതച്ചെടുക്കണം. അമ്മി ഇല്ലെങ്കിൽ മുളക് രണ്ടായി കീറിയെടുത്താൽ മതി. മിക്സിയിൽ ഇടാതിരിയ്ക്കുകയാണ് നല്ലത്.

മാമ്പഴം തൊലിയുരിച്ചെടുക്കുക.


ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് മാമ്പഴത്തൊലി അതിലിട്ട് സത്തുമുഴുവൻ വെള്ളത്തിലേയ്ക്ക് പിഴിഞ്ഞെടുക്കുക. ഈ വെള്ളത്തിൽ മാമ്പഴം വേവിയ്ക്കാൻ വയ്ക്കുക. (വേറെ വെള്ളമൊഴിയ്ക്കേണ്ട). കട്ടിയുള്ള പാത്രമെടുക്കാൻ ശ്രദ്ധിയ്ക്കണം. അല്ലെങ്കിൽ അടിയിൽ‌ കരിഞ്ഞുപിടിച്ചെന്നു വരും. ആവശ്യത്തിന് ഉപ്പും മഞ്ഞൾ‍പ്പൊടിയും ചേർക്കുക. വേണമെങ്കിൽ സ്വല്പം മുളകുപൊടിയും ചേർക്കാം. കുറച്ചു കഴിയുമ്പോൾ വെള്ളം വറ്റി കുറുകിവരും. അപ്പോൾ തീ അണച്ചശേഷം മോരും അരച്ചുവച്ചിരിക്കുന്ന തേങ്ങയും ചേർക്കുക. കുറച്ചു കറിവേപ്പിലയും ചതച്ചുവച്ചിരിക്കുന്ന മുളകും ഇടുക. നന്നായി ഇളക്കിയശേഷം പുളിപ്പ് പാകത്തിനാണോ എന്ന് നോക്കുക. അതിനനുസരിച്ച് മോരിന്റെ അളവ് ക്രമീകരിക്കുക. എരിവ് പോരെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. എല്ലാം പാകത്തിന് ക്രമീകരിച്ചശേഷം വീണ്ടും തീകത്തിച്ച് ചെറുതീയിൽ കുറച്ചുനേരം അനക്കാതെ വയ്ക്കുക. ഇളക്കരുത്. മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക. തിളയ്ക്കരുത്.


വെളിച്ചെണ്ണയില്‍ കടുകും ഉലുവയും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് ആറിയശേഷം ഉലുവാപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

മാമ്പഴക്കാളൻ റെഡിയായി!! ചൂടോടെ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സ്വാദ് നന്നായി തണുത്താലാണ്. ഒരു ദിവസം പഴകിയാൽ സ്വാദ് പിന്നെയും കൂടും.



കുറിപ്പ് :
അല്പം മധുരം കുറഞ്ഞതോ പുളിപ്പുള്ളതോ ആയ മാമ്പഴംകൊണ്ടും കാളൻ വയ്ക്കാം. മധുരത്തിനുവേണ്ടി അവസാനം അല്പം ശർക്കര ചേർത്താൽ മതി.

നല്ല കഴമ്പുള്ള വലിയ‌ഇനം മാമ്പഴം മാത്രമേ കിട്ടാനുള്ളുവെങ്കിൽ തൊലി ചെത്തിക്കളഞ്ഞ് പൂളി കഷ്ണങ്ങളാക്കിയശേഷം കാളൻ ഉണ്ടാക്കുക.

17 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

മാമ്പഴം കൊണ്ടൊരു കാളൻ. മാമ്പഴപ്പുളിശ്ശേരി എന്നു പറയുന്നതും ഇതുതന്നെ. പിഴിഞ്ഞെടുക്കാവുന്ന, ചെറുതരം നാട്ടുമാമ്പഴമാണ് പൂളിയെടുക്കുന്ന മാമ്പഴത്തേക്കാൾ ഇതിനു യോജിച്ചത്.

ശ്രീ said...

ഹായ്... മാമ്പഴപ്പുളിശ്ശേരി... ഇതു മാത്രം മതിയല്ലോ ചോറുണ്ണാന്‍... :)

കുഞ്ഞന്‍ said...

മേമ്പൊടിയായി ലേശം കുരുമുളക് പൊടി ചേര്‍ത്താലും സ്വാദ് കൂടും ല്ലേ ബിന്ദു ജീ..

ഇവിടെ ഗള്‍ഫ് നാട്ടില്‍ മോര് ചൂടാക്കാന്‍ നോക്കിയാല്‍ ടിം..ടിം പിരിയും, ആയതിനാല്‍ ഓഫ് ചെയ്തു വച്ചിട്ട് മോര് ഒഴിക്കുക ആ സമയം ഇളക്കുകയും വേണം അല്ലെങ്കില്‍ മാമ്പഴ പുളിശ്ശേരിക്കു പകരം മാമ്പഴ കൊലശ്ശേരിയായിരിക്കും ഉണ്ടാവുന്നത്..!

siva // ശിവ said...

സാധാരണ കാളന്‍ ഉണ്ടാക്കി പഠിച്ചുവരുന്നതേയുള്ളൂ.... ഈ കുറിപ്പിനും നന്ദി....രണ്ട് ദിവസത്തിനകം ഇതും ഉണ്ടാക്കണം...

Krishnankutty said...

വളരെ നന്നിയുണ്ട് ചെചീ ... ഇതൊകെ ഒന്നു പരീഷിച്ചു നോക്കാന്‍ ഞാന്‍ തീരുമാനിച്ചു

നല്ല ബ്ലോഗ് ആണ് ... കുക്കിംഗ്‌ ഗുരു വിനു പ്രണാമം :)

ആഷ | Asha said...

Umma :)

I Lov this blog.

Typist | എഴുത്തുകാരി said...

ബിന്ദു,ഈ സമയത്ത് ഇതു് ഇട്ടതു് നന്നായി.
ഇന്നിവിടെ ഇതു തന്നെയാണ്.(ഇപ്പോ മിക്കവാറുമൊക്കെ ഇതൊക്കെ തന്നെയാണ്. ഇന്നും കുറച്ചു കൊച്ചു നാട്ടുമാമ്പഴം കൊണ്ടുവച്ചിട്ടുണ്ട് അപ്പുറത്തെ വീടുകളില്‍നിന്നൊക്കെ). മാമ്പഴപുളിശ്ശേരി അല്ലെങ്കില്‍ മാമ്പഴക്കൂട്ടാന്‍ എന്നാ ഞങ്ങളു പറയുന്നെ.

തലശ്ശേരിക്കാരന്‍ said...

അസ്സലയിടുണ്ട് കേട്ടോ. അഭിനന്ദനങ്ങള്‍ .................... ഷമീര്‍

Jayasree Lakshmy Kumar said...

വിളമ്പിയത് ഉണ്ടൂട്ടോ. അസ്സലായിട്ടുണ്ട് :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ ആ മാമ്പഴപ്പുളിശ്ശേരി കൊതിപ്പിച്ചു കേട്ടോ
മാങ്ങ വന്നു തുടങ്ങിയാല്‍ സീസണ്‍ തീരുന്നതുവരെ എനിക്കുള്ള പ്രധാന വിഭവം ഇതു തന്നെ.

വീ സ്വാന്‍ said...

കൊള്ളാം. കാളനാണങ്കില്‍ മാമ്പഴംതന്നെ . ഞങ്ങളുടെ നാട്ടില്‍ പാണ്ടിപുളിച്ചി എന്നൊരിനമുണ്ട് കാളന്‍ നാക്കേല്‍ തൊട്ടാല്‍ മതി നവരസങ്ങളും പിന്നെ ജഗതിയുടെ മൂന്ന് രസങ്ങളും ബ്രേക്കില്ലതെ മുഖത്ത് മിന്നിമറയും.
ഈന്തപ്പഴം കൊണ്ടുള്ള വിഭവങ്ങളിലൊന്നും കൈവച്ചില്ലെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

Thank you for this post.

ജസീര്‍ പുനത്തില്‍ said...

nannyittund!!

ഹരിശ്രീ said...

മാമ്പഴപ്പുളിശ്ശേരി എന്റെ ഒരു ഇഷ്ടവിഭവം ആണ്...

:)

പിരിക്കുട്ടി said...

haai
kothiyaakunnu kandittu ....
maambazha pulissery kootiya kaalam marannu .....
njaan undaaki nokkum theerchayaayum

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുത്തോലവഴി എത്തിനോക്കിയ ഒരു കൊതിയനാണ് ഞൻ കേട്ടൊ...
കൊള്ളാം,വിഭവസമ്ര്ദം..
നന്ദി...

KTK Nadery ™ said...

ഇന്ന് ആണ് ഈ വഴിക്ക് വന്നത്
"ഒരുനാള്‍ ഈ ബ്ലോഗെല്ലാം കൂടി ഞാന്‍ ചവച്ചരക്കും "

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP