Monday, February 23, 2009

നിമ്മക്കായ പുളിഹോര ( ചെറുനാരങ്ങാ സാദം)



ചെറുനാരങ്ങാസാദം നമ്മളും ഉണ്ടാക്കാറുണ്ടെങ്കിലും ഒരു മറുനാടൻ വിഭവമാണ് ഇത്. തെലുങ്കരുടെ പ്രിയപ്പെട്ട ആഹാരമായ ഈ മഞ്ഞച്ചോറ് സകല വിശേഷാവസരങ്ങൾക്കും ഉണ്ടാക്കുന്നതു കൂടാതെ അമ്പലങ്ങളിൽ പ്രസാദമായും കൊടുക്കുന്ന വിശിഷ്ടവിഭവമാണ്! പൂജകളും വിശേഷാവസരങ്ങളും ഒഴിഞ്ഞൊരു ദിവസമില്ലാത്ത തെലുങ്കരുടെ വീടുകളിൽ അതുകൊണ്ടുതന്നെ നിമ്മക്കായ പുളിഹോര എന്ന ഈ വിഭവത്തിന് പ്രാധാന്യം എറെയാണ്. ഹൈദ്രാബാദിൽ താമസിക്കുമ്പോൾ ഇത് ധാരാളം കഴിയ്ക്കാനവസരം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇത് എലുമിച്ചം‌പഴംസാദം എന്നറിയപ്പെടുന്നു.

ഇതിനാവശ്യമുള്ള സാധനങ്ങൾ:

ബാസ്‌മതി അരി അല്ലെങ്കിൽ ഏതെങ്കിലും നല്ലയിനം പച്ചരി :- കാൽക്കിലോ
കടലപ്പരിപ്പ് :- രണ്ട് ടേബിൾസ്പൂൺ
ഉഴുന്നുപരിപ്പ് :- ഒരു ടേബിൾസ്പൂൺ
കപ്പലണ്ടി :- ഒരു പിടി. വേണമെങ്കിൽ കുറച്ചധികവും എടുക്കാം.
പച്ചമുളക് :- 5-6 എണ്ണം.
ചെറുനാരങ്ങ :- വലിപ്പവും പുളിപ്പും അനുസരിച്ച് രണ്ട് മുതൽ നാലെണ്ണം വരെയാകാം.
മഞ്ഞൾപ്പൊടി - ഒരു സ്പൂൺ നിറയെ
കായം‌പൊടി :- ഒരു നുള്ള്.
കടുക്, മുളക്, കറിവേപ്പില : - വറുത്തിടാൻ ആവശ്യത്തിന്.
എണ്ണ, ഉപ്പ് : - പാകത്തിന്. (മറ്റേതെങ്കിലും എണ്ണയായിരിക്കും വെളിച്ചെണ്ണയേക്കാൾ നല്ലത്. തെലുങ്കർ കപ്പലണ്ടി എണ്ണയാണ് ഉപയോഗിക്കുക).

ഉണ്ടാക്കുന്ന വിധം:

അരി ഒട്ടും കുഴഞ്ഞുപോകാതെ പാകത്തിന് വേവിച്ച് വാർത്തുവയ്ക്കുക. (വാർക്കുന്നതിന് തൊട്ടുമുൻപ് സ്വല്പം ഉപ്പു ചേത്തിളക്കിയാൽ കുഴയാതിരിക്കും).
കപ്പലണ്ടി വറുത്തു വയ്ക്കുക.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും ഇട്ട് കടുകു പൊട്ടിയാൽ പച്ചമുളക് രണ്ടായി കീറിയതും കടലപ്പരിപ്പും ഉഴുന്നുപരിപ്പും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം വറുത്തുവച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കുക. തീ എറ്റവും കുറച്ചതിനുശേഷം മഞ്ഞൾപ്പൊടിയും ഒരു നുള്ള് കായവും ചേർത്ത് നന്നായി ഇളക്കി വാങ്ങിവയ്ക്കുക (മഞ്ഞൾ‍പ്പൊടി കരിഞ്ഞുപോകരുത്, എന്നാൽ പച്ചമണം മാറുകയും വേണം). തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് ഇതിലേക്കിട്ടശേഷം ആവശ്യത്തിന് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക(ചെറുനാരങ്ങയുടെ കുരു മാറ്റിക്കളയണം). പാകത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.
നിമ്മക്കായ പുളിഹോര റെഡി!!





പപ്പടവും അച്ചാറും കൂട്ടി കഴിയ്ക്കാം. എത്രനേരം വേണമെങ്കിലും കേടാകാതെ ഇരിക്കുന്ന ഈ സാദം യാത്രകളിൽ കരുതാൻ പറ്റിയതാണ്. ‘ആവക്കായ്’ എന്ന തെലുങ്കരുടെ മാങ്ങാ‌അച്ചാർ ഇതിനു പറ്റിയ കോമ്പിനേഷനാണ്. (ആവക്കായ് ഉണ്ടാക്കുന്ന വിധം വിശദമായി ഒരിക്കൽ പറയാം).

22 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ചെറുനാരങ്ങാസാദം നമ്മളും ഉണ്ടാക്കാറുണ്ടെങ്കിലും ഒരു മറുനാടൻ വിഭവമാണ് ഇത്. തെലുങ്കരുടെ പ്രിയപ്പെട്ട ആഹാരമായ ഈ മഞ്ഞച്ചോറ് സകല വിശേഷാവസരങ്ങൾക്കും ഉണ്ടാക്കുന്നതു കൂടാതെ അമ്പലങ്ങളിൽ പ്രസാദമായും കൊടുക്കുന്ന വിശിഷ്ടവിഭവമാണ്! പൂജകളും വിശേഷാവസരങ്ങളും ഒഴിഞ്ഞൊരു ദിവസമില്ലാത്ത തെലുങ്കരുടെ വീടുകളിൽ അതുകൊണ്ടുതന്നെ നിമ്മക്കായ പുളിഹോര എന്ന ഈ വിഭവത്തിന് പ്രാധാന്യം എറെയാണ്. ഹൈദ്രാബാദിൽ താമസിക്കുമ്പോൾ ഇത് ധാരാളം കഴിയ്ക്കാനവസരം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇത് എലുമിച്ചം‌പഴംസാദം എന്നറിയപ്പെടുന്നു

siva // ശിവ said...

ഹായ് ഇതെന്റെ പ്രിയ വിഭവം....ഞാന്‍ ഇപ്പോഴും ഇത് കഴിക്കാറുണ്ട്....കര്‍ണ്ണാടകയിലെ ഗ്രാമങ്ങളിലെ വീടുകളില്‍ ഇത് ഉണ്ടാക്കാറുണ്ട്....അവിടുത്തെ സാധാരണക്കാരന്റെ ആഹാരമാ ഇത്.....ഗുസ്ക എന്നോ മറ്റോ ആണ് അതിനെ അവര്‍ പറയുക....

നന്ദി ഇതൊക്കെ പോസ്റ്റ് ചെയ്യുന്നതിന്....

ശ്രീ said...

തഞ്ചാവൂര്‍ പഠനത്തിനിടയ്ക്കാണ് ആദ്യമായി ഈ വിഭവം കഴിയ്ക്കുന്നത്. അവിടെയൊക്കെ ‘ലെമണ്‍ റൈസ്’ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. വല്ലപ്പൊഴുമൊക്കെ ഞങ്ങളും റൂമില്‍ ഉണ്ടാക്കാറുണ്ടായിരുന്നു. (ഇതിന്റെ കറിക്കൂട്ട് വാങ്ങാന്‍ കിട്ടും എന്ന് തോന്നുന്നു)

:)

കുഞ്ഞന്‍ said...

എന്റെ വീട്ടില്‍ മിക്യപ്പോഴും ഇതുണ്ടാക്കാറുണ്ട്, കാരണം എന്റെ നല്ലപാതി ജനിച്ചതും വളര്‍ന്നതും മദ്രാസിലാണ്. ഇതിന് തമിഴില്‍ പുളിയോദര എന്നല്ലെ പറയുന്നത്?? ഇത് റെഡിമെയ്ഡായി (കറിക്കൂട്ട്) കടകളില്‍ ലഭ്യമാണ്.

ബിന്ദുജീ നന്ദി..
പിന്നെ ബ്ലോഗിലെ സമയം കൊടുത്തിരിക്കുന്നത് ബഹ്‌റൈന്‍,കുവൈറ്റ് സൌദി സമയമാണല്ലൊ..ബിന്ദു അബുദാബിയിലല്ലെ???

ബിന്ദു കെ പി said...

ശിവ, ശ്രീ: നന്ദി, വന്നതിനും അഭിപ്രായം പങ്കുവച്ചതിനും.

കുഞ്ഞൻ: കമന്റിനു നന്ദി. പുളിയോദര കണ്ടാൽ ഏതാണ്ട് ഇതുപോലെ ഇരിക്കുമെങ്കിലും രണ്ടും ഒന്നല്ല. അതിൽ പുളിപ്പിന് പുളി പിഴിഞ്ഞതാണ് ചേർക്കുന്നത്. പിന്നെ മുളകുപൊടിയും മറ്റും ചേർക്കും.

പിന്നെ ബഹ്‌റൈനിലും കുവൈറ്റിലും സൌദിയിലും അബുദാബിയിലെ സമയം തന്നെയാണോ എന്നെനിക്കറിയില്ല. എന്തായാലും അബുദാബിയിൽ ഇപ്പോൾ ഈ സമയം തന്നെയാണ്.

തോന്ന്യാസി said...

എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു സാധനമാണിത്. പെട്ടന്നൊന്നും കേടുവന്ന് പോകാത്തതുകൊണ്ട് യാത്രകളില്‍ കൂടെ കൊണ്ടു പോകാറുണ്ട്. പിന്നെ ഇക്കാലത്ത് ഇതുണ്ടാക്കാന്‍ നാരങ്ങ ഉപയോഗിക്കാറില്ല. പാക്കറ്റില്‍ ഇതിനുള്ള പൌഡര്‍ വാങ്ങാന്‍ കിട്ടും,പക്ഷേ ടേസ്റ്റ് കുറയും.

പിന്നെ കുഞ്ഞേട്ടന്‍ പറഞ്ഞ പുളിയോദര ഇതല്ല.

ഓഫ്. എലുമിച്ചം‌പഴം സാദം അല്ല, എലുമിച്ചം ‘പളം’ സാദം...

ജിജ സുബ്രഹ്മണ്യൻ said...

ചെറുനാരങ്ങാ സാദത്തെ പറ്റി ഏറെ കേട്ടിട്ടുണ്ട് എങ്കിലും ഇതു വരെ പരീക്ഷിച്ചിട്ടില്ല.ഇനി എന്തായാലും ഒന്നു പരീക്ഷിക്കണം.

Anonymous said...

ഹോ...ഇതു കണ്ടപ്പോൾ നാട്ടിലേക്കുള്ള ട്രെയിൻ യാത്രയാണ് ഓർമ്മ വരുന്നത്.
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ രണ്ടു ദിവസം ട്രെയിനിലിരുന്ന് കഴിക്കാൻ ഞങ്ങളിത് ഉണ്ടാക്കി പ്രത്യേകം പ്രത്യേകം പേരെഴുതി പാക്കുചെയ്യാറുണ്ട്.
രണ്ടു ദിവസം വച്ചിരുന്നാലും ഒട്ടുംതന്നെ കേടാകില്ല.
അതുകൊണ്ട് ഇവൻ ഞങ്ങളുടെ സ്ഥിരം യാത്രാ വിഭവമാണ്.

Anonymous said...
This comment has been removed by the author.
ചാണക്യന്‍ said...

പുളിഹോര പുരാണം വായിച്ചു...
ആശംസകള്‍....

അനില്‍@ബ്ലോഗ് // anil said...

തള്ളേ, ഇതെന്തെരു ഭാഷകള് ബിന്ദൂ..?

തിന്നാല്‍ എങ്ങിനെ ഉണ്ടാവുമോ എന്തോ.

പാറുക്കുട്ടി said...

യാത്രകൾക്കുവേണ്ടി ഞാനും ഇത് തയ്യാറാക്കാറുണ്ട്.

പോസ്റ്റ് ഇഷ്ടമായി.

Typist | എഴുത്തുകാരി said...

ഇടക്കിടെ ഉണ്ടാക്കാറുണ്ട്‌. പക്ഷേ കപ്പലണ്ടി ചേര്‍ക്കാറില്ല.

ഹരീഷ് തൊടുപുഴ said...

92-95 കാലത്ത് തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കഴിച്ചിട്ടുണ്ട് ഈ സംഭവം.
ലെമണ്‍ സാദത്തിനേക്കാള്‍ എനിക്കിഷ്ടം തൈര് സാദമായിരുന്നു. ഇത്തിരി അച്ചാറും പരിപ്പുവടയും കൂടി വേണം..
പിന്നെ ലെമണ്‍ സാദത്തിനു പറ്റിയ കോംബിനേഷന്‍ പൊട്ടുകടല കൊണ്ടൂണ്ടാക്കുന്ന ചട്ണിയാണ്..
ഹോ!!! നാവില്‍ വെള്ളമൂറുന്നു..
എന്തായാലും ഈ കുറിപ്പുകള്‍ പെണ്ണൂമ്പിള്ളയെ കാണിച്ച് ശമയല്‍ പണ്ണ ശൊല്ലണം...

ചാര്‍ളി (ഓ..ചുമ്മാ ) said...

പടം സൂപ്പര്‍....
പോട്ടം പിടിക്കാന്‍ അറീയില്ല എന്ന് പറയല്ലേ..
എനിക്കു പക്ഷേ ലെമണ്‍റൈസ് ഇഷ്ടമല്ല..പുളിയോദര അത്യുഗ്രന്‍ !!
ഇന്‍സ്റ്റന്റ് മിക്സ് കിട്ടും ഇവിടെ(?)..
സൂപ്പര്‍ പാചകക്കുറീപ്പുകള്‍ക്ക് നന്ദി..!!

ചാര്‍ളി (ഓ..ചുമ്മാ ) said...

സത്യം പറഞ്ഞാല്‍ ഫോട്ടോസ് ആണു ഈ ബ്ലോഗിന്റെ ജീവന്‍..
എല്ലാം വിഭവങ്ങളും തനിമയോടെ കാണുമ്പോ..വായില്‍ വെള്ളം വരുന്നു...
പരിപ്പുവടയുടെ അവസാനത്തെ ഫോട്ടോ..കൈനീട്ടീ എടുത്തു തിന്നാന്‍ തോന്നും..

നിലാവ് said...

എനിക്കും വല്യ ഇഷ്ടമുള്ളൊരു വിഭവമാണ് ഇതു. ഇതുവരെ ഞാന്‍ ഉണ്ടാക്കി നോക്കിയിട്ടില്ല...
ബാഗ്ലൂരില്‍ ആയിരുന്നപ്പോള്‍, വൈകുന്നേരം ലെമണ്‍ റൈസ് പ്രസാദം കഴിക്കാന്‍ വേണ്ടി, ഹൊസ്റ്റലിനടുത്തുള്ള ഒരു അമ്പലത്തില്‍ പോവാറുണ്ടായിരുന്നു!

റെസിപ്പി പോസ്റ്റിയതിനു നന്ദി. ഞാനോന്നുണ്ടാക്കി നോക്കട്ടെ!

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ ദിവസം പരിപ്പുവടയെക്കുറിച്ച് പറഞ്ഞ് കൊതി മാറിയില്ലാ ഇത് വരെ.
ഇപ്പോ ചെറുനാരങ്ങാ സാദം.
ഇത് എളുപ്പമുള്ള വിദ്യയായി തോന്നുന്നു.. ഈ ബീനാമ്മ ഒന്നും ഉണ്ടാക്കി തരുന്നില്ല.
പണ്ടവള്‍ക്കെന്നോട് എന്തൊരു സ്നേഹമായിരുന്നു. ഇപ്പോ എനിക്ക് വയസ്സായില്ലേ.. അവള്‍ക്കെന്നെ വേണ്ടാണ്ടായി..
വേറൊരു പെണ്ണിനെ കെട്ടാനോള് സമ്മതിക്കുന്നുമില്ലാ...
എനിക്ക് ഈ ബ്ലോഗിലും മറ്റും വരുന്നതെല്ലാം തിന്നേണ്ടെ എന്റെ ബിന്ദുകുട്ടീ......

രാക്കമ്മ പണ്ടൊക്കെ കൂടെ കൂടെ വന്നിരുന്നു. ഇപ്പോ ഓള്‍ക്കും നേരമില്ല. മ്മളെ കാര്യം നോക്കാനാരുമില്ല...
അബുദാബിയിലായിരുന്നെങ്കില്‍ എന്നാലോചിച്ച് പോകയാണ്. അടുക്കളയില്‍ എന്തെങ്കിലും ബാക്കി ഇരുപ്പുണ്ടെങ്കില് വന്ന് സാപ്പിടാമായിരുന്നു...

ഞാന്‍ പണ്ട് മദിരാശിയില്‍ ഹോട്ടാല്‍ ഇമ്പീരിയലില്‍ റിസപ്ഷനിസ്റ്റ് ആയിരുന്നു. അന്ന് എനിക്കവിടുത്തെ അലാ കാറ്ട്ട് ഫുഡ് ഇഷ്ടമായിരുന്നില്ല. ഞാന്‍ തൊട്ടടുത്ത് എഗ്മൂര്‍ റയില്‍ വേ സ്റ്റഷനില്‍ പോയി തൈര് സാദം കഴിക്കും...\
ചിലപ്പോള്‍ അതിന്നടുത്ത് ഉള്ള രാമപ്രസാദ് ഹോട്ടലില്‍ നിന്നും.
പണ്ടൊക്കെ കഴിച്ച സാദങ്ങളുടെ മണവും രസവും, എന്റെ ഭൂതകാലത്തെ ഓര്‍മിപ്പിക്കാന്‍ പ്രേരിപ്പിച്ച ബിന്ദുവിന് തൃശ്ശിവപേരൂരില്‍ നിന്നും എല്ലാ ആശംസകളും.........

poor-me/പാവം-ഞാന്‍ said...

meeru ikkadakku eppadu vastaaru ?
chepte mee intikku vochi puliyogra theeskkunnaanu. meekku nenu kaaju tankdaavu isthaanu. meeru ,mee vaallu,pillalu antharakku manjalige swagatham suswaagatham.

हाय मा said...

binduji super tto!
jolikku pokumbo pettannundakkan pattiyata thanks

हाय मा said...

binduji super tto!
jolikku pokumbo pettannundakkan pattiyata thanks

हाय मा said...

binduji super tto!
jolikku pokumbo pettannundakkan pattiyata thanks

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP