Monday, February 09, 2009

മുരിങ്ങയില ദോശ

സ്വാദിഷ്ടവും പോഷകസമ്പന്നവുമായ മുരിങ്ങയില എന്റെ ഇഷ്ടവിഭവമാണ്. പച്ചക്കറിക്കടകളിലോ സൂപ്പർമാർക്കറ്റുകളിലോ ലഭ്യമല്ലാത്ത മുരിങ്ങയിലയെപ്പറ്റി നാട്ടിൽനിന്നു പോന്നതിനുശേഷം ഞാൻ ഓർക്കാറേ ഇല്ലായിരുന്നു. എന്നാൽ ഈ അടുത്തകാലത്താണ്, തൊട്ടടുത്തുള്ള റസ്റ്റോറന്റിന്റെ വശത്തുനിൽക്കുന്ന,പൊടിപിടിച്ച ഇലകളുള്ള, മുരടിച്ച മരം മുരിങ്ങയാണെന്ന് യാദൃശ്ചികമായി ഞാൻ തിരിച്ചറിഞ്ഞത്! പിന്നെ ഒട്ടും താമസിച്ചില്ല, ആക്രമണം തുടങ്ങാൻ! മുരിങ്ങയില ഒടിക്കുന്ന എന്നെ കൗതുകത്തോടെ നോക്കിക്കടന്നുപോയ രണ്ടുമൂന്നു അറബികളെ കണ്ടില്ലെന്നു നടിച്ച് പെട്ടെന്നുതന്നെ ഇലകൾ ഒരു കവറിലൊതുക്കി ഒന്നുമറിയാത്തതുപോലെ തിരിച്ചുപോന്നു.



മുരിങ്ങയിലയിട്ട ഒരു ദോശയാവാം ആദ്യം.

ആവശ്യമുള്ള സാധങ്ങൾ:

പൊന്നി അരി: അരക്കിലോ
തേങ്ങ ചിരകിയത് : ഒരു മുറി.
മുരിങ്ങയില : അളവൊന്നും നോക്കണ്ട. കുറച്ച് - രണ്ടുമൂന്നു പിടി - എടുക്കുക. വേണമെങ്കിൽ കൂടുതലും ആവാം.
ഉപ്പ് : അവശ്യത്തിന്.

ഇത്രയും സാധനങ്ങളേ ഞങ്ങളുടെ വീട്ടിൽ എടുക്കാറുള്ളൂ. പിന്നെ ദോശയ്ക്ക് കുറച്ചു ‘ചൊടിയും ചുണയും’ വേണമെങ്കിൽ കായം, പച്ചമുളക്, ഉള്ളി, ഇഞ്ചി മുതലായവയൊക്കെ നിങ്ങളുടെ താല്പര്യമനുസരിച്ച് ചേർക്കാം.

ഉണ്ടാക്കുന്ന വിധം:

മുരിങ്ങയില ഓരോന്നായി തണ്ടിൽ നിന്ന് അടർത്തിയടുത്ത് കഴുകി വൃത്തിയാക്കുക.



അരി രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം നന്നായി അരച്ചെടുക്കുക. അതിൽ തേങ്ങയും മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കട്ടിയായി കലക്കി വയ്ക്കുക.



ഇനി ദോശ ഉണ്ടാക്കാവുന്നതാണ്. അടതട്ടി പോലെ തന്നെ കുറച്ചു കട്ടിയിൽ വേണം പരത്താൻ. ദോശക്കല്ലിന്റെ ചൂട് നന്നായി കുറച്ചതിനുശേഷമേ മാവ് ഒഴിച്ചു പരത്താവൂ. അല്ലെങ്കിൽ പരത്തുമ്പോൾ മാവ് കല്ലിൽ നിന്നു വിട്ടുപോരും.



എണ്ണ പുരട്ടി തിരിച്ചും മറിച്ചുമിട്ട് രണ്ടുവശവും നന്നായി മൊരിച്ചെടുക്കുക.




ഇതാ, കറുമുറാന്നുള്ള മുരിങ്ങയില ദോശ! നല്ല ചൂടോടെയാണെങ്കിൽ വെറുതെയങ്ങ് തിന്നാം. നിർബന്ധമാണെങ്കിൽ ചട്ണിയോ ചമ്മന്തിയോ അച്ചാറോ കൂട്ടി കഴിയ്ക്കുക.

13 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

സ്വാദിഷ്ടവും പോഷകസമ്പന്നവുമായ മുരിങ്ങയില എന്റെ ഇഷ്ടവിഭവമാണ്. പച്ചക്കറിക്കടകളിലോ സൂപ്പർമാർക്കറ്റുകളിലോ ലഭ്യമല്ലാത്ത മുരിങ്ങയിലയെപ്പറ്റി നാട്ടിൽനിന്നു പോന്നതിനുശേഷം ഞാൻ ഓർക്കാറേ ഇല്ലായിരുന്നു. എന്നാൽ ഈ അടുത്തകാലത്താണ്, തൊട്ടടുത്തുള്ള റസ്റ്റോറന്റിന്റെ വശത്തുനിൽക്കുന്ന,പൊടിപിടിച്ച ഇലകളുള്ള, മുരടിച്ച മരം മുരിങ്ങയാണെന്ന് യാദൃശ്ചികമായി ഞാൻ തിരിച്ചറിഞ്ഞത്! പിന്നെ ഒട്ടും താമസിച്ചില്ല, ആക്രമണം തുടങ്ങാൻ! മുരിങ്ങയില ഒടിക്കുന്ന എന്നെ കൗതുകത്തോടെ നോക്കിക്കടന്നുപോയ രണ്ടുമൂന്നു അറബികളെ കണ്ടില്ലെന്നു നടിച്ച് പെട്ടെന്നുതന്നെ ഇലകൾ ഒരു കവറിലൊതുക്കി ഒന്നുമറിയാത്തതുപോലെ തിരിച്ചുപോന്നു.

ശ്രീ said...

മുരിങ്ങയില ദോശ ആദ്യമായാണ് കാണുന്നത്.

ശ്രീലാല്‍ said...

ഏറ്റു !

പ്രയാസി said...

അതു കിടു

എന്തായാലും നാട്ടീച്ചെന്നാ ഉണ്ടാക്കും കഴിക്കും

മുരിങ്ങയിലയാണെ സത്യം..:)

അനില്‍@ബ്ലോഗ് // anil said...

ബിന്ദു,
ഇങ്ങനെ ഒരു ഐറ്റം ആദ്യമായി കേള്‍ക്കുകയാ.
നമ്മുടെ ഊത്തപ്പം ഫാമിലിയാണോ?

മുരിങ്ങയിലക്ക് എവിടെ പോകും ?
:)

BS Madai said...

അപ്പൊ ഒന്നു ട്രൈ ചെയ്യാം. മുരിങ്ങയില ഇഷ്ടം പോലുണ്ട് വീട്ടില്‍.

siva // ശിവ said...

ആദ്യമായാ ഇങ്ങനെ ഒരു ദോശയെപ്പറ്റി കേള്‍ക്കുന്നത്....ഇതൊക്കെ ഉണ്ടാക്കി നോക്കണം വൈകാതെ.....എന്നാലും ചിന്നഹള്ളി ദോശയുടെ അത്രയും രുചി ഇതിനു വരുമോ?!!

വിജയലക്ഷ്മി said...

poshakasamrudhamaaya dhosha alle mole? kollaam naattil poyaalundaakki nokkanam.njaanum ivide Abudhabiyilaa..

മാണിക്യം said...

ഇതു ദുഷ്ടത്തരം!
നല്ലൊന്നാന്തരം ദുഷ്ടത്തരം..
മുരിങ്ങയില പോയിട്ട് ഒരൊറ്റ ഇല പോലും ഇവിടെ എങ്ങുമില്ല നോക്കിക്കോ ഫ്രോസണ്‍ സ്പിനാച്ച് ലീഫ് ഇട്ട് ഞാന്‍ ഈ ദോശയുണ്ടാക്കും..
ഇഞ്ചിയും പച്ചമുളകും സവോളയും !
സൈഡില്‍ ബിന്ദൂന്റെ മുരിങ്ങയിലദോശക്ക് കടപ്പട്
എന്ന് എഴുതി വക്കും അമ്മച്ചിയാണെ എന്നേലും മുരിങ്ങയിലയെ കണ്ടാല്‍ വിടമാട്ടേന്‍‍!
ഹ്മും! എനോടാണോ കളി!!

SOFIS KITCHEN said...

ഹായ് ബിന്ദു ചേച്ചീ . മുരിങ്ങയില കൊണ്ട് ഞങ്ങളുടെ നാട്ടില്‍ കുറേ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് . മുരിങ്ങാക്കറിയാണ്(മുരിങ്ങാച്ചാറ് എന്നാണ് കോഴിക്കോട്ടുകാറ് പരയാറ്) അതില്‍ പ്രധാനം . കോഴിക്കോടന്‍ പത്തിരിയും മുരിങ്ങാക്കറിയും കൂട്ടിയുള്ള ആ കോമ്പിനേഷന്‍ ആലോചിക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നു . എന്തായാലും ഇതൊന്ന് പരീക്ഷിക്കുന്നതാണ് . ഇന്നു തന്നെ ഈ കുറിപ്പ് ഉമ്മക്ക് കൊടുക്കണം.
അതു കഴിച്ചിട്ടു പരയാം എങ്ങനെ ഉണ്ടെന്ന്

ബിന്ദു കെ പി said...

ശ്രീ,ശ്രീലാല്‍,പ്രയാസി : നന്ദി കേട്ടോ..

അനില്‍@ബ്ലോഗ് : ങേ, നാട്ടിൽ മുരിങ്ങയില ഇല്ലെന്നോ.? അബുദാബിയിലേക്ക് പോരൂ :)

BS Madai: എങ്കിൽ ഇനി വൈകിക്കേണ്ട.

ശിവ: വൈകാതെ ഉണ്ടാക്കിയാൽ മാത്രം പോര, വൈകാതെ ഞങ്ങൾക്കൊരു സദ്യയും തരണം :)

വിജയലക്ഷ്മി : നാട്ടിൽ പോകുമ്പൊൾ തീർച്ചയായും പരീക്ഷിയ്ക്കൂ...

മാണിക്യം: പൊന്നു ചേച്ചീ, ആ വഴുവഴുപ്പൻ സ്പിനാച്ച് ഒന്നും ഇട്ട് ദോശയുണ്ടാക്കല്ലേ...

റിഷാദ്: നന്ദി റിഷാദ്, ഉമ്മയോട് ഉണ്ടാക്കിനോക്കൻ പറയൂ..

Bindhu Unny said...

ഇടയ്ക്ക് ഇവിടെ മുരിങ്ങയില വാങ്ങാന്‍ കിട്ടാറുണ്ട്. ഇനീ കിട്ടുമ്പോള്‍ ഇതൊന്ന് പരീക്ഷിക്കണം. :-)

ജെ പി വെട്ടിയാട്ടില്‍ said...

പണ്ട് ഞങ്ങള്‍ മസ്കറ്റില്‍ താമസിക്കുമ്പോള്‍ ബീനാമ്മ മുരിങ്ങയില ചപ്പാത്തി ഉണ്ടാക്കുമായിരുന്നു. അവിടെത്തെ അറബികള്‍ മുരിങ്ങക്കായ് കഴിക്കുകയില്ല, ഇലയും. അതിനാല്‍ ഞങ്ങള്‍ക്ക് സമൃദ്ധിയായി മുരിങ്ങക്കായും ഇലയും കിട്ടുമായിരുന്നു..
നല്ല ചൂടുള്ള കാലാവസ്ഥയില്‍ നല്ല പൂഴിമണലിലാണ് ഈ മരം വളരുക..
എനിക്ക് ഇന്ന് വൈകിട്ട് മുരിങ്ങ ഇല ദോശ ചുട്ട് തന്നു ഇവിടുത്തെ മെയ്ഡ്...
ബീനാമ്മക്ക് മുരിങ്ങയില വൃത്തിയാക്കി എടുക്കുന്നതില്‍ വലിയ തൃപ്തിയില്ലാ....
എനിക്ക് മുരിങ്ങയില പരിപ്പ് കറി, പച്ചമാങ്ങ ചേര്‍ത്തുള്ളത് വലിയ ഇഷ്ടമാണ്..
എന്റെ ചേച്ചി ഉണ്ടാക്കിത്തരുമായിരുന്നു പണ്ട്...
ചേച്ചി ഇന്നില്ലാ.........

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP