Sunday, September 15, 2013

നേന്ത്രപ്പഴം പ്രഥമൻ

നേന്ത്രപ്പഴം പായസം ഉണ്ടാക്കുന്നത് അത്ര എളുപ്പമല്ല.. ധൃതി പിടിച്ചാൽ ശരിയാവില്ല. എന്നുവച്ച് എന്തോ വല്യ ആനക്കാര്യമാണെന്നൊന്നുമല്ല പറഞ്ഞത്. പഴം നന്നായി വരട്ടിയെടുക്കണം. അത്രേയുള്ളു. വേറെ പുലിവാലുകളൊന്നുമില്ല. പഴം വരട്ടാതെ ഉണ്ടാക്കുന്നവരുമുണ്ട്. പക്ഷേ വരട്ടി ഉണ്ടാക്കുന്നത്ര സ്വാദ് അതിന് കിട്ടില്ല. എന്തായാലും നമുക്കൊന്നു നോക്കാം. അല്ലേ?

ആവശ്യമുള്ള സാധനങ്ങൾ:
  • നന്നായി പഴുത്ത്, തൊലി കറുത്തുതുടങ്ങിയ നേന്ത്രപ്പഴം - 2 കിലോ
  •  ശർക്കര - ഒരു കിലോ
  • തേങ്ങ - നാലെണ്ണം (വലുത്)
  • തേങ്ങാക്കൊത്ത് - പകുതി തേങ്ങയുടെ
  • നെയ്യ് - ആവശ്യത്തിന് 
  • ചുക്കുപൊടി - ഒരു ടീസ്പൂൺ
  • ജീരകം വറുത്തുപൊടിച്ചത്  - ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:

പഴം വേവിച്ചെടുത്ത്, ഉള്ളിലെ കറുത്ത കുരുവും നാരും നീക്കിയശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ശർക്കര ഉരുക്കി, അരിച്ചെടുത്ത്, പാനിയാക്കിവയ്ക്കുക. ശർക്കരയിലെ മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. ശർക്കര നേരിട്ടു ചേർത്താൽ പായസത്തിൽ ചിലപ്പോൾ മണ്ണു കടിച്ചെന്നു വരും.

തേങ്ങ ചിരകി, ഒന്നാം പാലും, രണ്ടാം പാലും, മൂന്നാം പാലും തയ്യാറാക്കിവയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെ ഏറ്റവും ആദ്യം പിഴിഞ്ഞെടുക്കുന്ന കട്ടിപ്പാലാണ് ഒന്നാം പാൽ. ആ തേങ്ങയിലേക്ക് കുറച്ചു വെള്ളം ചേർത്ത് ഞെരടി, രണ്ടാമത് പിഴിഞ്ഞെടുക്കുന്നത് രണ്ടാം പാൽ. വീണ്ടും വെള്ളം ചേർത്ത് പിഴിഞ്ഞെടുക്കുന്ന വളരെ നേർത്തപാലാണ് മൂന്നാം പാൽ.

തേങ്ങാപ്പാല്‍പ്പൊടി ഉപയോഗിക്കുന്നവർ, വളരെ കട്ടിയുള്ളത്, കുറച്ചുകൂടി നേർപ്പിച്ചത്, നന്നായി നേർപ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തിൽ കലക്കി വയ്ക്കുക. പാല്‍പ്പൊടിയുടെ അളവ് പറയാൻ എനിക്കറിയില്ല. അവരവരുടെ യുക്തം പോലെയങ്ങ് ചെയ്യുക. അല്ലാണ്ട് പിന്നെ!
പഴം അരച്ചത് ഒരു പാത്രത്തിലാക്കി അടുപ്പത്ത് വയ്ക്കുക. രണ്ടുമൂന്നു സ്പൂൺ നെയ്യും ഒഴിക്കുക. കട്ടിയുള്ള  ഒരു നോൺസ്റ്റിക്ക് പാത്രമാണെങ്കിൽ നല്ലത്. കരിഞ്ഞ് പിടിക്കില്ല. തുടരെ ഇളക്കുക. തീ അധികം കൂട്ടി വയ്ക്കരുത്.
ക്രമേണ, പഴത്തിന്റെ മഞ്ഞനിറം മാറാനും കട്ടിയാവാനും തുടങ്ങും. ഇടയ്ക്കിടെ ഓരോ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കണം. ഇളക്കാൻ മറക്കരുത്.
ദാ, നോക്കൂ, ഇതാണ് പഴം വരട്ടിയതിന്റെ പരുവം. ഈ ഘട്ടത്തിൽ പഴം നല്ല ബ്രൗൺ നിറമാവുകയും പാത്രത്തിൽ നിന്ന് വിട്ട് ഉരുണ്ടുകൂടാനും തുടങ്ങും.
വരട്ടിയതിലേക്ക് ഇനി ശർക്കരപ്പാനി ഒഴിക്കാം.
പഴവും ശർക്കരയുമായി നന്നായി യോജിപ്പിക്കുക. അതിനുശേഷം ശർക്കരയിലെ ജലാംശം മുഴുവൻ വറ്റി കുറുകാൻ തുടങ്ങുന്നതുവരെ വരട്ടുക. ഈ ഘട്ടത്തിൽ നല്ല ചോക്കലേറ്റ് നിറമായിരിക്കും മിശ്രിതത്തിന്.
ഇതിലേക്ക് മൂന്നാം പാൽ സാവധാനം ചേർത്തിളക്കുക. തീ കുറച്ചു വച്ചാൽ മതി.
മൂന്നാം പാലൊഴിച്ച് കുറുകാൻ തുടങ്ങുമ്പോൾ രണ്ടാം പാൽ ചേർക്കാം.
ഏകദേശം കുറുകിവരുന്ന സമയത്ത് തീ ഏറ്റവും കുറച്ചു വച്ചശേഷം ഒന്നാം പാൽ ചേർക്കാം.. പാൽ ചേർക്കുക, ഒന്നിളക്കുക, ഉടനെ പാത്രം വാങ്ങിവയ്ക്കുക. ഒന്നാം പാൽ ഒഴിച്ചശേഷം പായസം പിന്നെ തിളപ്പിക്കരുത്. പാലിന്റെ സ്വാദു നഷ്ടപ്പെടും.
വാങ്ങിവച്ചശേഷം ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. വേണമെങ്കിൽ സ്വല്പം ഏലക്കാപ്പൊടി ചേർക്കാം. ഞാൻ ചേർത്തിട്ടില്ല.
ഒരു ചെറിയ പാനിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്ത് അതിലിട്ട് ബ്രൗൺ നിറമാവുന്നതുവരെ വറുക്കുക. അതും, വറുക്കാനുപയോഗിച്ച നെയ്യും കൂടി പായസത്തിലൊഴിക്കുക. പായസം റെഡി! പിന്നെ നിങ്ങളുടെ താല്പര്യമനുസരിച്ച് കശുവണ്ടിപ്പരിപ്പോ, മുന്തിരിയോ ഒക്കെ വഴറ്റിചേർക്കാം. ഞാൻ ചേർത്തിട്ടില്ല.
അപ്പോ, എല്ലാർക്കും ഓണാശംസകൾ!

13 പേർ അഭിപ്രായമറിയിച്ചു:

Anonymous said...

Great!
നല്ല മണം!!
വായിച്ചും, കണ്ടും വെറുത വെള്ളമിറക്കി.


GG Ulanad

Achoo said...

കിണ്ണന്‍ പായസം :)
താങ്ക്സ് ഫോര്‍ റെസിപ്പി :)
ആ ചട്ടിയില്‍ വെച്ചേക്കുന്ന പടം മാത്രം ഒരു ഗുമ്മില്ല ,കണ്ടാല്‍ ഏതോ കറി ആണെന്ന് തോന്നും ,ഒരു ചെറിയ ഉരുളിയോ ,ഗ്ലാസ്‌ പാത്രമോ ആയിരുന്നു കൂടുതല്‍ ഭംഗി ബിന്ദ്വേച്ചി :)
ഓഫ്‌- പ്ലുസ്സില്‍ കമന്‍റില്‍ ഇടാന്‍ പറ്റിയില്ല എന്ന് പറഞ്ഞു ആ ANILKUMAR PONNAPPAN ഇവിടെ ബ്ലിങ്ങസ്യ ആയി നടപ്പോണ്ട് ,ഓണമല്ലേ ആ ബ്ലോക്ക്‌ അങ്ങ് മാറ്റിയെരു,പ്യാവം ജീവിച്ചു പോട്ടെ :)

ബിന്ദു കെ പി said...

@Achoo:
ഒരു വെറൈറ്റിക്കു വേണ്ടി പരീക്ഷിച്ചതാ ആ ചട്ടി :) ഉരുളിയും ഗ്ലാസ് പാത്രവുമൊക്കെ മടുത്തു :)
പിന്നെ കറിയായി തോന്നുന്നത് ചട്ടിയിൽ മീൻ‌കറി മാത്രം വച്ചു ശീലിച്ചതോണ്ടായിരിക്കും :)

ആ പൊന്നപ്പനോട് ഞാൻ ബ്ലോക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചേക്ക് :)

Cv Thankappan said...

ഉപകാരപ്രദമായ പോസ്റ്റ്.
തിരുവോണാശംസകള്‍

ajith said...

റെസിപ്പി അങ്ങനെ തന്നെ ശ്രീമതിയ്ക്ക് കൈമാറി.
നാളെ പറയാട്ടോ റിസല്‍റ്റ്!

കാഴ്ചകളിലൂടെ said...

good.....

Mélange said...

sammathikkunnu.nethrappazham payasam sradhichu thanne undakkanam.kothiyayippoyi !

ബഷീർ said...

ഒന്ന് പരീക്ഷിക്കണം. എന്നിട്ട് വിവരം അറിയിക്കാം. ഇങ്ങിനെ ലളിതമായി വിവരിക്കുന്ന പാചക പരീക്ഷണങ്ങൾക്ക് നന്ദി. വായിലെ വെള്ളം തൽകാലം ഇറക്കി :(

റോസാപ്പൂക്കള്‍ said...

ഓണം കഴിഞ്ഞപ്പോഴാണല്ലോ ഇത് കണ്ടത്.
എന്തായാലും ഇതൊന്നുണ്ടാക്കണം

TENCY said...

kollaam

TENCY said...

KOLLAAM NALATHA

TENCY said...

Garam masala how to prepare

Unknown said...

KANDITTENNE KOTHYAVNU...............

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP