Tuesday, July 03, 2012

ചക്കക്കൂഞ്ഞിൽ കൊണ്ട് കൂട്ടാൻ

ചക്കയുടെ ചുളയും കുരുവും മാത്രമല്ല, കൂഞ്ഞിലും ചവിണിയും മടലും വരെ ഭക്ഷ്യയോഗ്യമാണെന്ന് നിങ്ങൾക്കറിയാമോ? ഇവ ഉപയോഗിച്ച് രസികൻ വിഭവങ്ങൾ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്നു. ചക്കച്ചുള പിഴുതെടുക്കാൻ വേണ്ടി നമ്മൾ കൂഞ്ഞിൽ ചെത്തിക്കളയാറുണ്ടല്ലൊ. ഈ കൂഞ്ഞിൽ കൊണ്ട് രുചികരമായ കൂട്ടാനും തോരനുമൊക്കെ ഉണ്ടാക്കാം.

ചക്കക്കൂഞ്ഞിലും വറുത്തരച്ച തേങ്ങയും കൊണ്ടുള്ള കൂട്ടാനിതാ:

ആവശ്യമുള്ള സാധനങ്ങൾ:
  • ചക്കക്കൂഞ്ഞിൽ - കൃത്യമായ അളവൊന്നുമില്ല. ഏതാണ്ട് കാൽ കിലോ എന്നു വയ്ക്കാം. (നല്ല പതുപതുപ്പുള്ള, സ്പോഞ്ച് പോലിരിക്കുന്ന കൂഞ്ഞിലായിരിക്കണം. എല്ലാ ചക്കയുടേയും കൂഞ്ഞിൽ അങ്ങനെയായിക്കൊള്ളണമെന്നില്ല)
  • ചക്കക്കുരു - 5-6 എണ്ണം.
  • ലേശം മുളകുപൊടി, മഞ്ഞൾപ്പൊടി
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
  • ഉപ്പ്, പുളി - പാകത്തിന്.
അരപ്പിന്:
  • തേങ്ങ ചിരകിയത് - ഒരു മുറിയുടെ പകുതി
  • മുളക് - എരിവിന് അവശ്യമായത്ര.
  • ചുവന്നുള്ളി തൊലി കളഞ്ഞത് - 3-4 എണ്ണം.
  • മല്ലി/മല്ലിപ്പൊടി - 2 ടീസ്പൂൺ
  • കുറച്ച് കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
അരപ്പിനുള്ള ചേരുവകൾ നന്നായി വറുക്കുക. (മല്ലിക്കു പകരം മല്ലിപ്പൊടിയാണ് ചേർക്കുന്നതെങ്കിൽ മല്ലിപ്പൊടി അവസാനം ചേർത്താൽ മതി. അല്ലെങ്കിൽ കരിഞ്ഞുപോകും)

വറുത്ത ചേരുവകൾ നന്നായി അരച്ചെടുക്കുക.
ഇനി, കൂഞ്ഞിൽ കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക.
തൊലി കളഞ്ഞ് നുറുക്കിയ ചക്കക്കുരുവും കൂഞ്ഞിലും കൂടി സ്വല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും(അരപ്പിന് നല്ല എരിവുണ്ടെങ്കിൽ മുളകുപൊടി ചേർക്കണ്ട) ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. വേണമെങ്കിൽ കുക്കറിൽ വേവിക്കാം.
ഇതിലേക്ക് പാകത്തിന് പുളി പിഴിഞ്ഞത് ചേർത്ത് തിളച്ചാൽ, അരപ്പും പോരാത്ത വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. എല്ലാം കൂടി യോജിച്ച പരുവത്തിൽ വാങ്ങി വയ്ക്കുക.
വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഭവം റെഡി!

9 പേർ അഭിപ്രായമറിയിച്ചു:

Mélange said...

ho,ithokkeyanu kari Bindu.oru vegetariane sambandhichu ithokke oru variation thanna.Athe samayam non-vegs like me,vayum polichu irikkuva.

KOYAS KODINHI said...

അടുക്കളയില്‍ ഉമ്മയുടെ കുറവ്‌ മാത്രമേയുള്ളൂ....ബാക്കിയെല്ലാം റെഡി

ajith said...

ഈ ബിന്ദു വെറുതെ കൊതിപ്പിക്കുവാ. ഇവിടെ കിട്ടാത്ത സാധനങ്ങളുടെ കാര്യോം പറഞ്ഞ്..

Cartoonist said...

സ്കൂൾ കാലത്ത് എന്റെ അഭിനിവേശം
ചക്കമൊളോഷ്യത്തോടായിരുന്നു, എന്ന് പരിയാരത്തുകാർക്കെല്ലാം അറിവുള്ള കാര്യമാണ്.

ചെറിയ ഉള്ളി മൂപ്പിച്ചിട്ട നീളൻ ടി മൊളോഷ്യം ആദ്യം ഒരു പ്ലേറ്റ് തനി,
തദനന്തരം വീട്ടുപശു സോഴ്സു ചെയ്യുന്ന സംഭാരം ഒഴിച്ച കവിടിപ്പിഞ്ഞാണത്തിൽ മൊളോഷ്യപ്പാത്രം മറിച്ചിട്ടു സൃഷ്ടിക്കുന്ന സമുദ്രത്തിൽനിന്ന് വട്ടവലവീശി പൊക്കിയെടുത്ത അതിയൻപട്ടാമ്പിയുടെ ചോറ് മുന്നാഴി എന്നതായിരുന്നു ഫെബ്രുവരി-ജൂൺ മാസങ്ങളിലെ സ്ഥിരം ക്രീഡ.

ബിന്ദു ഇനി ചക്കമൊളോഷ്യം ഉണ്ടാക്കൂ.
അപേക്ഷയാണ്.

ബിന്ദു കെ പി said...

ചക്കമൊളോഷ്യവും മാങ്ങാച്ചമ്മന്തിയും ചുട്ട പപ്പടവും. അതാണ് ഇവിടത്തെ കോമ്പിനേഷൻ. ചക്കയോടും മാങ്ങയോടുമുള്ള അഭിനിവേശത്തിന് ഇവിടെ ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്നതാണ് വാസ്തവം. 69 വയസായ അമ്മയ്ക്കുപോലും!
സജ്ജീവേട്ടാ, കവിടിപ്പിഞ്ഞാണത്തിലെ ആ സമുദ്രത്തിലേക്ക് ലേശം മാങ്ങാച്ചമ്മന്തികൂടി കലക്കിച്ചേർത്താലോ? അല്ലെങ്കിൽ ഒരു ഉപ്പുമാങ്ങ പിഴിഞ്ഞുചേർക്കാം. ഭേഷാവില്ലേ?

Nisha Ajith said...

Namaskaram :)
nalla bhangiyulla blog.. yenikku valare ishtamaayi..
samayam kittumbho ente blog onnu nokkane.. athile kuravukalum parayane..
http://nishasrecipes.blogspot.com/

engineya ee malayalam font kittiyathu.. yenikkum malayalam blog thudanganam yennayirunnu...
othiri othiri ishtamayi ee blog

Nisha Ajith said...
This comment has been removed by the author.
ബിന്ദു കെ പി said...

@നിഷ അജിത്ത്: മലയാളത്തിൽ ബ്ലോഗ് തുടങ്ങാൻ സഹായകരമായ എല്ലാ വിവരങ്ങളും ഈ ബ്ലോഗിലുണ്ട്:
http://bloghelpline.cyberjalakam.com/

എന്തെങ്കിലും സംശയമുണ്ടെങ്കിൽ മെയിലയക്കൂ:
bindukp2008@gmail.com

Cartoonist said...

ചക്കമോളോഷ്യം, ബിന്ദൂ, ചക്കമോളോഷ്യം :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP