Wednesday, March 07, 2012

ഇടിച്ചക്ക മസാലക്കറി

ഇടിച്ചക്ക കൊണ്ട് തോരനും തീയലും വയ്ക്കുന്ന രീതി ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയാൻ പോകുന്നത് ഇടിച്ചക്ക മസാലക്കറിയെക്കുറിച്ചാണ്. ഞാനുണ്ടാക്കിയ രീതി എഴുതുന്നെന്നേയുള്ളു. നിങ്ങളുടെ മനോധർമ്മവും താല്പര്യവും അനുസരിച്ച് ചേരുവകളിലും രീതിയിലും മാറ്റം വരുത്താവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ:
  • ഇടിച്ചക്ക കഷ്ണങ്ങളാക്കിയത് - 200 ഗ്രാം. (ഇടിച്ചക്ക തൊലിയും മുളഞ്ഞിലും കൂഞ്ഞിലുമൊക്കെ കളഞ്ഞ് വൃത്തിയാക്കുന്നവിധം ഇവിടെ പറഞ്ഞിട്ടുണ്ട്)
  • സവാള - ഒന്ന് (വലുത്)
  • തക്കാളി - 2 
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് - പാകത്തിന്
  • ഗരം മസാല - ഒരു ടീസ്പൂൺ
  • മല്ലിപ്പൊടി - ഒന്നര ടീസ്പൂൺ
  • ജീരകം - കാൽ ടീസ്പൂൺ
  • കടുക്, മുളക്, കറിവേപ്പില, പാചകയെണ്ണ 
  • കുറച്ച് മല്ലിയില
  • കുറുകിയ തേങ്ങാപ്പാൽ - ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം:

ഇടിച്ചക്ക കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് വേവിച്ചെടുക്കുക.  (പ്രഷർ കുക്കറിൽ വേവിക്കാതിരിക്കുന്നതാണ് നല്ലത്. വല്ലാതെ വെന്തു കുഴഞ്ഞുപോകാൻ ചാൻസുണ്ട്).

ഈ കഷ്ണങ്ങൾ ചെറുതായി നുറുക്കുക.
ഒരു പാനിൽ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ജീരകമിട്ട് പൊട്ടിക്കുക. അതിനുശേഷം യഥാക്രമം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള അരിഞ്ഞത്, തക്കാളി നുറുക്കിയത് എന്നിവ ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞുചേർന്നാൽ ഇടിച്ചക്ക കഷ്ണങ്ങൾ ചേർത്തിളക്കുക.

ഇടിച്ചക്ക കുറച്ചുനേരം അവിടെക്കിടന്ന് നന്നായി മൊരിഞ്ഞ് ബ്രൗൺ നിറമാവട്ടെ. ഇടയ്ക്കിടെ ഇളക്കണം

ഇനി മല്ലിപ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേർത്തുകൊടുക്കാം. അതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് തിളപ്പിക്കുക. ഉപ്പും മുളകുമൊക്കെ പാകത്തിനായോ എന്നു നോക്കുക. ഇനി തേങ്ങാപ്പാലും ചേർക്കുക. എല്ലാം കൂടി നന്നായി യോജിച്ച് കുറുകിവരുമ്പോൾ വാങ്ങാം. കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർക്കാം.
ഇടിച്ചക്ക മസാലക്കറി  ചോറിന്റെയോ ചപ്പാത്തിയുടേയോ കൂടെ ഉപയോഗിക്കാം.

3 പേർ അഭിപ്രായമറിയിച്ചു:

Unknown said...

ഇടിച്ചക്ക എങ്ങനെ വെച്ചാലും നല്ല ടേസ്റ്റ് ആണ് പിന്നെ മസാലക്കറി ഒന്ന് പരീക്ഷിക്കണം

Mélange said...

Once I get idichakka,I will try this..Athrakku kothi vannupoyi..Thanks for sharing Bindu.

ശ്രീ said...

ഇടിച്ചക്ക ഇഷ്ടമാണ്. മസാലക്കറി കഴിച്ചിട്ടില്ലെന്ന് തോന്നുന്നു. വീട്ടില്‍ പറഞ്ഞു നോക്കാം :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP