Sunday, January 08, 2012

കൂവപ്പായസം

വീണ്ടുമൊരു തിരുവാതിര...
തിരുവാതിരയ്ക്ക് കൂവപ്പൊടി(Arrowroot powder) കൊണ്ടാണ് പായസമുണ്ടാക്കുക പതിവ്. കൂവപ്പൊടിക്ക് “കൂവനൂറ്” എന്നാ‍ണ് വീട്ടിൽ പറയാറുള്ളത്. തിരുവാതിരനൊയമ്പിന് കഞ്ഞിക്കും പുഴുക്കിനുമൊപ്പം കൂവപ്പായസവും ഒരു പ്രധാന പ്രധാന വിഭവമാണ്. കൂവ ഉള്ള് തണുപ്പിക്കുമെന്ന് അമ്മമ്മ പറയുമായിരുന്നു.

കൂവക്കിഴങ്ങിൽ നിന്നാണ് കൂവപ്പൊടി ഉണ്ടാക്കുക. ഇത് കടകളിൽ വാങ്ങാൻ കിട്ടും.
വളരെ എളുപ്പമാണിതുണ്ടാക്കാൻ. അഞ്ചു മിനിട്ടു മതി. (എല്ലാർക്കും ഇതിന്റെ സ്വാദ് ഇഷ്ടപ്പെടണമെന്നില്ലാട്ടോ...)

ആവശ്യമുള്ള സാധനങ്ങൾ:
  • കൂവപ്പൊടി - 25 ഗ്രാം
  • ശർക്കര - ഏകദേശം 100 ഗ്രാം
  • തേങ്ങ ചിരകിയത് - ഒരു മുറിയുടെ പകുതി (കൂടുതലും ആവാം)
  • ചെറുപഴം - 4-5 എണ്ണം 
  • ഒരു നുള്ള് എലയ്ക്കാപ്പൊടി
  • ആവശ്യത്തിന് വെള്ളം
ഉണ്ടാക്കുന്ന വിധം:
ശർക്കര ഉരുക്കി അരിച്ച് പാനിയാക്കി വയ്ക്കുക.

കൂവപ്പൊടി വെള്ളമൊഴിച്ച് കട്ടയില്ലാതെ കലക്കുക. ധാരാളം വെള്ളം ചേർത്ത് നല്ല അയവിൽ കലക്കണം. ഇത് ഒരു കട്ടിയുള്ള പാത്രത്തിൽ അടുപ്പത്ത് വച്ച് ഇളക്കുക. മൈദയും അരിപ്പൊടിയുമൊക്കെ കുറുകുന്നതുപോലെ വളരെ പെട്ടെന്നുതന്നെ ഇത് കുറുകാൻ തുടങ്ങും.
ഇതിൽ ശർക്കരപ്പാനിയും തേങ്ങയും  ചേർത്ത് കുറുകാൻ തുടങ്ങുമ്പോൾ എലയ്ക്കാപ്പൊടി ചേർത്ത് വാങ്ങുക.
വാങ്ങിവച്ചശേഷം പഴം നാലായി നുറുക്കിയത് ചേർത്തിളക്കുക. കഴിഞ്ഞു! ഇത്രേയുള്ളു കാര്യം!
കൂവപ്പായസം റെഡി! ചൂടോടെയോ, തണുപ്പിച്ചോ കഴിക്കാം.

5 പേർ അഭിപ്രായമറിയിച്ചു:

siya said...

ആദ്യം തന്നെ ബിന്ദുവിന് പുതുവര്‍ഷാശംസകള്‍ നേരുന്നു .
ഈ പായസം ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ലട്ടോ ..
ഉണ്ടാക്കി നോക്കാം ..

Manju Manoj said...

ബിന്ദു...എല്ലാ തിരുവാതിരയ്ക്കും ,നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് ,അമ്മ ഉണ്ടാക്കാറുണ്ട് ഇത്... ഇതേ രീതിയില്‍ തന്നെ... ഓര്‍മ്മകള്‍ മടങ്ങി വന്നു എനിക്ക്...:)))

പാര്‍ത്ഥന്‍ said...

ഈ അറിവ് എനിയ്ക്ക് പുതിയതാണ്.

കൂവപ്പൊടി വയറിലെ അസ്വസ്ഥത, ലൂസ് മോഷൻ എന്നിവയ്ക്ക് സിദ്ധൌഷധമാണ്. അതിനെ വെല്ലാൻ ആധുനികശാസ്ത്രം ഇതുവരെ ഒന്നും കണ്ടു പിടിച്ചിട്ടില്ല.

Rejeesh Sanathanan said...

ഇത് ഇതുവരെ കഴിച്ചിട്ടില്ല....ട്രൈ ചെയ്തിട്ടേ ബാക്കി കാര്യമുള്ളൂ.....

noufanice said...

നല്ലത്..

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP