Thursday, December 08, 2011

പാലക് പനീർ


പാലക്കും പനീറും: അതുതന്നെ പാലക് പനീർ! ഇതൊരു ഉത്തരേന്ത്യൻ വിഭവമാണ്. ചപ്പാത്തി, പൂരി, പൊറോട്ട, നാൻ, ബ്രഡ് മുതലായവയ്ക്ക് പറ്റിയ കറിയാണ്. ഏറെ സ്വാദിഷ്ടവും. എന്നാൽ, പനീറിന്റെ രുചി പിടിക്കാത്തവർക്ക് ഇത് ഇഷ്ടപ്പെടില്ലതാനും. പനീർകഷ്ണങ്ങൾ പായ്ക്കറ്റിലാക്കിയത് സൂപ്പർമാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. വാങ്ങിയാൽ, ഉണ്ടാക്കുന്ന സമയം വരെ ഫ്രീസറിൽ സൂക്ഷിക്കുകയും വേണം. അല്ലെങ്കിൽ കേടാവും. ഇനി, വാങ്ങാൻ കിട്ടിയില്ലെങ്കിൽ അല്പമൊന്ന് മിനക്കെട്ടാൽ ഇത് വീട്ടിലുണ്ടാക്കുകയും ചെയ്യാം. തിളപ്പിച്ച പാലിൽ സിട്രിക്കാസിഡോ ചെറുനാരങ്ങാനീരോ ചേർത്ത്  പിരിക്കുമ്പോൾ കിട്ടുന്ന ഖരപദാർത്ഥമാണ് പനീർ. ചിലയിടങ്ങളിൽ പാലിറച്ചി എന്നും പറയുമത്രേ! ഇതുണ്ടാക്കുന്നതിന്റെ വിശദവിവരങ്ങൾ ഇവിടെ ഉണ്ട്.

പാലക് പനീർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറയാം.  മുമ്പ് പലപ്രാവശ്യം പനീർ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, തൽക്കാലം വാങ്ങിക്കുന്ന പനീറാണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്.

അപ്പോ തുടങ്ങാം?

ആവശ്യമുള്ള സാധനങ്ങൾ:
 • നല്ല ഫ്രഷ് പാലക് - ഏകദേശം അരക്കിലോയുടെ കെട്ട്
 • പനീർ - ഏകദേശം അര കിലോ
 • പച്ചമുളക് - 5-6 (ആവശ്യത്തിന്) 
 • അണ്ടിപ്പരിപ്പ്  - 15-20 എണ്ണം
 • തക്കാളി വലുത് - 1
 •  സവാള - ഒന്നര(വലുത്)
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂൺ
 • ഗരം മസാല - 2 സ്പൂൺ
 • മല്ലിപ്പൊടി - ഒരു സ്പൂൺ
 • ജീരകം - ഒരു സ്പൂൺ
 • ഉലുവയില ഉണക്കിയത്(കസൂരി മേത്തി എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും) - കുറച്ച്
 • മല്ലിയില
 • പാകത്തിന് ഉപ്പ്, പാചകയെണ്ണ(വെളിച്ചെണ്ണ ഈ കറിക്ക് നല്ലതല്ല)
 • ഒരു സ്പൂൺ വെണ്ണ
ഉണ്ടാക്കുന്ന വിധം:
പാലക്ക് ഇലകൾ നന്നായി കഴുകിയശേഷം (അരിയാതെ)തിളച്ചവെള്ളത്തിലിട്ട് അഞ്ചു മിനിട്ട് അടച്ചുവയ്ക്കുക. അപ്പോഴേക്കും ഇലകൾ വാടിക്കുഴഞ്ഞിട്ടുണ്ടാവും. ഇത് പച്ചമുളകും ചേർത്ത് മിക്സിയിട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. പച്ചമുളക് ആവശ്യത്തിന് ചേർക്കുക. അരച്ചശേഷം അരപ്പിന് ആവശ്യത്തിന് എരിവില്ലേ എന്നു നോക്കുക. (ഓർക്കുക: ഇനി നമ്മൾ ഈ കറിയിൽ വേറെ എരിവൊന്നും ചേർക്കുന്നില്ല).ഇനി ഒരു നോൺ സ്റ്റിക്ക് പാനിൽ സ്വല്പം എണ്ണയൊഴിച്ച് പനീർ കഷ്ണങ്ങളിട്ട് ഇളക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് ഒരു ഇളം ബ്രൗൺ  നിറമാവുമ്പോൾ കോരി മാറ്റുക. തീ കൂട്ടി വച്ചാൽ പനീർ പെട്ടെന്നു കരിഞ്ഞുപോകും, പറഞ്ഞേക്കാം.
ഇനി, ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പ് ഇട്ട് വറുത്തു മാറ്റിവയ്ക്കുക. അതിനുശേഷം ജീരകമിട്ട് പൊട്ടുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കാം. ഇതിലേക്ക് തക്കാളി കഷ്ണങ്ങൾ ഇട്ട് ഇളക്കുക. തക്കാളി നന്നായി ഉടഞ്ഞുയോജിച്ചാൽ ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കാം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ വാങ്ങാം.
വഴറ്റി വച്ചിരിക്കുന്ന മിശ്രിതവും അണ്ടിപ്പരിപ്പ് വറുത്തതും കൂടി നന്നായി അരച്ചെടുക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച് അതിലേക്ക്  അരപ്പും, പാലക്കും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർക്കുക. ഈ കറി കുറച്ചു കട്ടിയായിട്ടാണ് ഇരിക്കേണ്ടത്. അയവ് പോരെങ്കിൽ വെള്ളം ചേർക്കരുത്. പകരം കുറച്ചു പാൽ വേണമെങ്കിൽ ചേർക്കാം.
ഒന്നു തിളച്ചാൽ വാങ്ങാം. അധികം തിളപ്പിച്ചാൽ പാലക്കിന്റെ പച്ചനിറം നഷ്ടപ്പെടും. വാങ്ങുന്നതിനുതൊട്ടുമുമ്പ് കുറച്ചു മല്ലിയില അരിഞ്ഞതും ഉലുവയിലയും ഒരു സ്പൂൺ വെണ്ണയും ചേർക്കുക.
പാലക്ക് പനീർ റെഡി! ചൂടോടെ ചപ്പാത്തിയുടെ കൂടെ കഴിക്കുക.

കുറിപ്പ്: 
 • ഈ കറി ഉണ്ടാക്കാൻ എണ്ണയ്ക്കു പകരം വെണ്ണ ഉപയോഗിച്ചാൽ സ്വാദു കൂടും
 • വാങ്ങുന്നതിനുമുമ്പ് സ്വല്പം  ഫ്രഷ് ക്രീം ചേർക്കുന്നതും സ്വാദു കൂട്ടാൻ നല്ലതാണ്.

7 പേർ അഭിപ്രായമറിയിച്ചു:

Typist | എഴുത്തുകാരി said...

അടുത്ത കാലത്താണ് ഇതുണ്ടാക്കൻ പഠിച്ചതും ഉണ്ടാക്കി തുടങ്ങിയതും. രണ്ട് വ്യത്യാസം മാത്രം. ഒന്ന് കുറച്ച് ജീരകപ്പൊടി കൂടി ഇടും മസാലയിൽ. രണ്ട് ആ മിശ്രിതം അരക്കാറില്ല. അതിലേക്കു് പാലക്ക് അരച്ചതു് നേരിട്ടു ചേർക്കും. ഇതിനായിട്ട് കസൂരി മേത്തിയും വാങ്ങി.

Typist | എഴുത്തുകാരി said...
This comment has been removed by the author.
Manoraj said...

ഈ പാലക്ക് എന്ന സാധനം എന്താ? ഞാന്‍ കേട്ടിട്ടില്ല. മറ്റെന്തെങ്കിലും കേട്ടിട്ടുള്ള ഐറ്റത്തിന്റെ വേറെ പേരാണോ? പനീര്‍ കഴിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് ഇഷ്ടവുമാണ്. പക്ഷെ ഇതൊക്കെ ഹോട്ടലില്‍ നിന്നും മാത്രമേ കഴിച്ചിട്ടുള്ളൂ. അതും എന്തെങ്കിലും ഫങ്ഷനില്‍ വെച്ച് :)

Typist | എഴുത്തുകാരി said...

പാലക്ക് എന്നു പറയുന്നതു് ഒരു തരം ചീര തന്നെ, ഒരു ഇലക്കറി.

ഞാനും നാട്ടിൽ വച്ച് പാലക് എന്നു കേട്ടിട്ടുണ്ടെങ്കിലും (ത്രുശ്ശൂർ എലൈറ്റ് സൂപ്പർ മാർക്കറ്റിൽ ചിലപ്പോൾ കണ്ടിട്ടുമുണ്ട്) അതെന്തിനാണെന്നോ എങ്ങിനെ കറി വക്കുമെന്നോ അറിയില്ലായിരുന്നു. ഇവിടെ വന്നപ്പോൾ ചീര കൊണ്ടുനടന്നുവിൽക്കുന്ന എല്ലാവരുടേയും കയ്യിലുണ്ട്. എന്നാൽ ഒന്നു പരീക്ഷിച്ചുനോക്കാം എന്നു കരുതി. വലിയ വിലയുമില്ല. മൂന്നു കെട്ടിനു (ചെറുതാണ്) പത്തു രൂപ.

ഏകദേശം ഒരു ഐഡിയ കിട്ടിയില്ലേ മനോരാജ്. എനിക്കിത്രയേ അറിയൂ. കൂടുതൽ വല്ലതുമുണ്ടെങ്കിൽ ബിന്ദു പറയട്ടെ :)

ബിന്ദു കെ പി said...

‌@ എഴുത്തുകാരി :ചേച്ചീ, ജീരകപ്പൊടി സ്റ്റോക്കുണ്ടെങ്കിൽ അതിട്ടാലും മതി. അതിനുപകരമാണ് ആദ്യം ജീരകം പൊട്ടിക്കുന്നത്. പിന്നീട് എല്ലാം കൂടി അരയ്ക്കുമല്ലോ. അപ്പോ രണ്ടും ഒന്നുതന്നെ. ഈ കറി നോർത്ത് ഇൻഡ്യൻസ് തന്നെ പല സ്ഥലങ്ങളിൽ പല തരത്തിലാണ് ഉണ്ടാക്കുന്നത്. നെറ്റിൽ പാലക് പനീർ എന്നു സേർച്ച് ചെയ്താൽ ഒരു നൂറു തരം റെസിപ്പികൾ കിട്ടും. പല തരം പരീക്ഷണങ്ങൾ നടത്തി എനിക്ക് ഏറ്റവും നല്ലതെന്ന് തോന്നുന്നതാണ് ഞാൻ പിന്നീട് സ്ഥിരമാക്കുക. അങ്ങിനെയുള്ളതാണ് ബ്ലോഗിൽ കൊടുക്കാറുള്ളതും.

@മനോരാജ് : എഴുത്തുകാരിച്ചേച്ചി പറഞ്ഞതുപോലെ പാലക്ക് എന്നത് ഒരുതരം ചീരയാണ്. അരിയുമ്പോൾ കുറച്ചു വഴുവഴുപ്പുണ്ടാകും പാലക്കിന്.സാധാരണ തമിഴന്മാരാണ് ഇത് വിൽക്കുക. തൃശ്ശൂരൊക്കെ തമിഴന്മാരുടെ വഴിയോരക്കച്ചവടത്തിൽ ഇത് ധാരാളം കാണാം. പക്ഷേ ഈയിടെയായി സാധാരണ പച്ചക്കറിക്കടകളിലും പലപ്പോഴും കാണാറുണ്ട്. ഒരിക്കൽ പറവൂരിൽ നിന്ന് ഞാൻ വാങ്ങിച്ചിട്ടുണ്ട്.

sobha said...

palak ne spinach ennu english il parayum.kettittundavum.

saji Varghese said...

കെരലതീല് ആരും പാലക് കൃഷി ചെയുന്നില്ല വീട്ടില്‍ സ്വതമായി കൃഷി ചെയാന്‍ വിത്ത് വേണമെങ്ങില്‍ വിളിക് കൊറിയറില്‍ അയച്ചുതരാം .... wayanad 9961208163 note കൃഷി ചെയാന്‍ തയരുള്ളവര്‍ മാത്രം ആദ്യം രണ്ടോ മൂനോ ചട്ടിയില്‍ മാത്രം കൃഷി ചെയ്യുക 45 ദിവസം കൊണ്ട് വിളവെടുക്കാം .....

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP