Monday, May 09, 2011

ചക്ക പ്രഥമൻ

ചക്ക വരട്ടിയതുകൊണ്ടാണ് സാധാരണ ഞങ്ങള്‍ പായസം ഉണ്ടാക്കുക. ചിലര്‍ ചക്കപ്പഴം വേവിച്ച് അരച്ചെടുത്ത് അപ്പോള്‍ തന്നെ പായസം ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും സദ്യകള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ചക്കവരട്ടി കൊണ്ട് ഉണ്ടാക്കുന്നതിനാണ് കൂടുതല്‍ രുചിയെന്നാണ് ഞാന്‍ പറയുക. ഞാനിവിടെ ഉണ്ടാക്കാന്‍ പോകുന്നതും അതാണ്.

ചക്കപ്പഴം വരട്ടുന്ന രീതി ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്.

അപ്പോള്‍ നമുക്ക് പായസം ഉണ്ടാക്കിനോക്കാം അല്ലേ....?

ആവശ്യമുള്ള സാധനങ്ങള്‍:
  • ചക്കവരട്ടിയത് - അര കിലോ
  • ശര്‍ക്കര - ശര്‍ക്കരയുടെ അളവ് കൃത്യമായി പറയാന്‍ കഴിയില്ല. ഒരു മുക്കാല്‍ കിലോയോളം കരുതിവയ്ക്കുക.
  • തേങ്ങ - മൂന്ന്
  • തേങ്ങാക്കൊത്ത് - അര മുറിയുടേത് (കൂടുതല്‍ വേണമെങ്കില്‍ ആവാം)
  • ചുക്ക് പൊടിച്ചത് - 3 ടീ സ്പൂണ്‍
  • ജീരകം പൊടിച്ചത് - ഒന്നര ടീ സ്പൂണ്‍
  • നെയ്യ് - കുറച്ച്
ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ  തേങ്ങ ചിരകി, ഒന്നാം പാലും രണ്ടാം പാലും, മൂന്നാം പാലും  വെവ്വേറെ എടുത്തുവയ്ക്കുക. തേങ്ങയില്‍ ലേശം വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാല്‍. നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാല്‍ എടുത്ത ശേഷമുള്ള തേങ്ങയില്‍ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാല്‍. ഇതിന് അദ്യത്തേതിനേക്കാള്‍ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേര്‍ത്ത് ഞെരടി പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാല്‍. ഇത് വളരെ നേര്‍ത്തതായിരിക്കും. ( തേങ്ങാപ്പാല്‍ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, നല്ല കട്ടിയില്‍ കലക്കിയത്, കുറച്ചുകൂടി നേര്‍പ്പിച്ചത്, വളരെ നേര്‍പ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തില്‍ പാല്‍ തയ്യാറാക്കി വയ്ക്കുക).

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.

ഉരുളിയിലോ അല്ലെങ്കില്‍ നല്ല കട്ടിയുള്ള ഏതെങ്കിലും പരന്ന പാത്രത്തിലോ വേണം പായസമുണ്ടാക്കാന്‍. അല്ലെങ്കില്‍ തുടക്കത്തില്‍ തന്നെ കരിഞ്ഞുപിടിക്കാന്‍ തുടങ്ങും.  ഉരുളിയില്‍ ചക്കവരട്ടി ഇട്ട്, ശര്‍ക്കരപ്പാനിയും ഒഴിച്ച് അടുപ്പത്തു വയ്ക്കുക. (ശര്‍ക്കരപ്പാനി അദ്യം തന്നെ മുഴുവനും ഒഴിക്കേണ്ട. ചക്കവരട്ടി മധുരമുള്ളതാണല്ലോ. അതുകൊണ്ട് ശര്‍ക്കരപ്പാനി കുറച്ചൊഴിച്ച്  മധുരം നോക്കിയശേഷം പിന്നീട്  ആവശ്യത്തിന് ചേര്‍ത്താല്‍ മതി).

മെല്ലെ ഇളക്കിയിളക്കി, ചക്കവരട്ടിയെ ഒട്ടും കട്ടയില്ലാതെ ശര്‍ക്കരപ്പാനിയിലേക്ക് ലയിപ്പിച്ചെടുക്കണം. കട്ടി കൂടുതലുണ്ടെങ്കില്‍ കുറച്ചു വെള്ളമൊഴിക്കാം. ലേശം നെയ്യ് ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്.


ഇനി, തേങ്ങയുടെ മൂന്നാം പാല്‍ കുറേശ്ശെയായി ഒഴിച്ചിളക്കുക. ഈ ഘട്ടത്തില്‍ മധുരം പാകത്തിനാണോന്ന് നോക്കുക. പോരെങ്കില്‍ പാകത്തിന് ശര്‍ക്കരപ്പാനി ചേര്‍ക്കുക.

നന്നായി തിളച്ച് യോജിച്ചാല്‍  രണ്ടാം പാല്‍ ഒഴിച്ചിളക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. തീ അധികം വേണ്ട. നെയ്യ്  ഓരോ സ്പൂണ്‍ വീതം 3-4 തവണകളായി ചേര്‍ക്കുക. 

കുറച്ചു കഴിയുമ്പോള്‍ പായസം കുറുകാന്‍ തുടങ്ങും. ഇനി തീ കെടുത്തിയശേഷം ഒന്നാം പാല്‍ സാവധാനം ഒഴിച്ച് യോജിപ്പിക്കുക.
ഒന്നാം പാല്‍ ഒഴിച്ചാല്‍ പിന്നെ തിളയ്ക്കരുതെന്നാണ് പറയുക.  ഉരുളി  ഉടനെ വാങ്ങിവയ്ക്കുക. വാങ്ങിവച്ചാലും അഞ്ച് മിനിട്ടുകൂടി ഇളക്കുന്നത് നല്ലതാണ്.
പായസം റെഡിയായി. ഇനി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഒന്നുകൂടി ഭംഗിയാക്കാം.

ചക്കയ്ക്ക് ചുക്ക് എന്നാണ് പറയുക.(ചക്കയ്ക്ക് കൂട്ടായി അല്പം ചുക്കിനേയും കൂടി അകത്തേക്ക് കടത്തിവിട്ടാല്‍ നല്ലതാണത്രേ. ദഹനക്കേടൊന്നും വരാതെ ടിയാന്‍ കാത്തോളും).  അപ്പോ പറഞ്ഞുവന്നത്, കുറച്ചു ചുക്കുപൊടിയും ജീരകപ്പൊടിയും കൂടി അങ്ങ്ട് ചേര്‍ക്കുക. അതുതന്നെ. ചക്കപ്പായസത്തില്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കുന്ന പതിവില്ല.

അവസാനമായി, തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തത് ചേര്‍ക്കുക (വറുക്കാനുപയോഗിച്ച നെയ്യുള്‍പ്പെടെ). പിന്നെ, വേണമെങ്കില്‍ അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെ ചേര്‍ത്ത് ഒന്നുകൂടി ആര്‍ഭാടമാക്കാം കേട്ടോ. ഞാന്‍ തേങ്ങാക്കൊത്ത് മാത്രമേ ചേര്‍ത്തുള്ളൂ.




12 പേർ അഭിപ്രായമറിയിച്ചു:

jayanEvoor said...

ഹായ്!

വായിൽ കപ്പലോട്ടും വാലിബൻ നാൻ താൻ!

ponmalakkaran | പൊന്മളക്കാരന്‍ said...

ത്തിരി.. കിട്ടാൻ വല്ല വഴിയുമുണ്ടോ...?
ഉഗ്രൻ.....!

മുരളീധരന്‍ വി പി said...

ചക്കപ്രഥമന്‍ ചിത്രങ്ങള്‍ ബഹുകേമം.... നമുക്കും വായില്‍ വെള്ളമൂറുന്നു...
വിഭവങ്ങളും അവയുടെ പാചകരീതികളും, പ്രത്യേകിച്ച് വിവരണങ്ങളും ചിത്രങ്ങളും കെങ്കേമം.

ponmalakkaran | പൊന്മളക്കാരന്‍ said...

Help please.........

http://ponmalakkaran.blogspot.com/2011/05/blog-post_10.html

tierra admin said...

കഥയില്‍ വേണ്ടത്ര ഹാസ്യം വരുനില്ല തേടു ചിലപ്പോള്‍ എന്റീതകാം കുഴാപ്പമില്ലാത്ത കഥ യാണ്

ബിന്ദു കെ പി said...

റമീസ്: കഥയോ! ഹാസ്യമോ!! എന്താ പ്രശ്നം? ബ്ലോഗ് മാറിപ്പോയോ?

madhu said...

ഇത് പാക്കറ്റിലാക്കി വില്പന നടത്തി ഒരു വ്യവസായം
പച്ചപിടിപ്പിച്ചുകൂടെ ?

Cartoonist said...

'ഹല, വല്യമ്മേ, ഒരു ഹാപ്പി ബെർത്ത്ഡേ'ന്നു പറയൂ ബിന്ദൂ. ഇന്ന് എന്റെ അമ്മയുടെ 84ആം പിറന്നാളാണ് :)))

ഈ ബ്ളോഗ് അമ്മയെ വൈകീട്ട് കാണിക്കും. അപ്പൊ, ആ ചക്കമൊളോഷ്യരഹസ്യം ചോർത്താം :)

Mufeed | tech tips said...

ബിന്ദു ചേച്ചിക്കെന്തൊരു സുഖമാ, ഇതൊക്കെ തിന്ന് അങ്ങനെ ഇരുന്നാ മതി. സമയം കിട്ടുമ്പൊ ഇവിടൊക്കെ ഒന്ന് വരണേ!http://mrvtnurungukal.blogspot.com/

ശ്രീലാല്‍ said...

ഒടുവിൽ ഈ മലയും ഞാൻ കീഴടക്കിയിരിക്കുന്നു... സന്തോഷം.. നന്ദി. !! :)

ബിന്ദു കെ പി said...

ശ്രീലാലേ, ഞാനും സന്തോഷം അറിയിക്കുന്നു...

venugopal said...

പാചകവിധിയിൽ സൂചിപ്പിച്ചിരിക്കുന്ന രീതിയിൽ ചക്ക അട ഉപയോഗിച്ച് ഇന്ന് പായസം ഉണ്ടാക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP