Wednesday, May 04, 2011

പുതുമയുള്ള ഒരു അവിയൽ

ചക്കയും മാങ്ങയും ചീരയും വെള്ളരിയുമൊക്കെ സുലഭമായ വേനല്‍ക്കാലത്ത് ഉണ്ടാക്കാന്‍ പറ്റിയ ഒരു സ്പെഷ്യല്‍ അവിയലാണ് ഇത്തവണ. കാഴ്ചയിലും രുചിയിലും  സാധാരണ അവിയലില്‍നിന്നും ഏറെ വ്യത്യസ്തമാണിത്.
ആവശ്യമുള്ള സാധനങ്ങള്‍:
  • ചക്കക്കുരു, വെള്ളരി, ചുവന്ന ചീര (തണ്ടും ഇലയും വേണം), മുരിങ്ങക്കായ - എല്ലാം തുല്യ അളവില്‍ (ഓരോ പിടി എന്നു വയ്ക്കുക).
  • പച്ചമാങ്ങ - ഒന്ന്
  • കുറച്ച്  മഞ്ഞള്‍പ്പൊടി, മുളകുപൊടി
  • തേങ്ങ - ഒരു മുറിയുടെ പകുതി
  • ജീരകം - ഒരു സ്പൂണ്‍
  • പച്ചമുളക് - 2-3 എണ്ണം
  • പാകത്തിന് ഉപ്പ്
  • കറിവേപ്പില, വെളിച്ചെണ്ണ


ഉണ്ടാക്കുന്ന വിധം:
പച്ചക്കറികളെല്ലാം അവിയലിന് പാകത്തിന് നീളത്തില്‍ അരിയുക. ചീരയുടെ തണ്ടും ഇലയും വെവ്വേറെയും. മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കഷ്ണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വെള്ളമൊഴിച്ച് വേവിക്കുക. ചക്കകുരു ആദ്യം ഇട്ട് ഒരു വേവാകുമ്പോള്‍ മറ്റു കഷ്ണങ്ങള്‍ ഇട്ടാല്‍ മതി. ചീരയില അവസാനവും. മാങ്ങാക്കഷ്ണങ്ങള്‍ പുളിപ്പിന് ആവശ്യമായത്ര ചേര്‍ത്താല്‍ മതി.  നല്ല പുളിയന്‍ മാങ്ങയാണെങ്കില്‍ വളരെ കുറച്ചുമാത്രം മതിയാവും. പുളി അധികമായാല്‍ സകല സ്വാദും പോവും, പറഞ്ഞേക്കാം.

കഷ്ണങ്ങള്‍ വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും കൂടി ഒതുക്കിയെടുത്തത്  ചേര്‍ത്ത് യോജിപ്പിക്കുക. ( തേങ്ങയുടെ കൂടെ   2-3 ചുവന്നുള്ളിയും ചേര്‍ക്കാം. എനിക്കിഷ്ടമല്ലാത്തതുകൊണ്ട് ഞാന്‍ ചേര്‍ത്തില്ല).  വാങ്ങിവച്ചശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി, കറിവേപ്പിലയുടെയും വെളിച്ചെണ്ണയുടേയും വാസനയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ഉടനെ അടച്ചുവയ്ക്കുക. ഇത്രേയുള്ളു!

ഈ പാചകക്കുറിപ്പിന് കടപ്പാട് : ആഗ്നേയ




6 പേർ അഭിപ്രായമറിയിച്ചു:

ചേച്ചിപ്പെണ്ണ്‍ said...

ഇത് കൊള്ളാം , ചീര അവിയല്‍ പണ്ട് മമ്മി ഉണ്ടാക്കിയിരുന്നു , ഞാന്‍ പരീക്ഷിച്ചിട്ടില്ല ..
ഉലുമാങ്ങ ക്കു ഇന്നലെ മാങ്ങാ വാങ്ങി വെച്ചിരിക്കുന്നു .... :))
നന്ദി ബിന്ദുവേ .. ( നന്ദീടെ ഒരു കഷ്ണം ഫെമിക്കും .. )

Jazmikkutty said...

പരീക്ഷിക്കണമല്ലോ ഈ പുതുമയുള്ള അവിയല്‍..പക്ഷെ ചക്കകുരുവിനു എവിടെ പോകും? :(

കുഞ്ഞൂസ് (Kunjuss) said...

കൊതിപ്പിക്കല്ലേ ബിന്ദൂ, അമ്മായിയമ്മയുടെ സ്പെഷ്യല്‍ ഐറ്റം ആയിരുന്നു ചീര അവിയല്‍ . എന്തൊരു സ്വാദായിരുന്നു , ഓര്‍ക്കുമ്പോ സങ്കടവും വരുന്നു...

siya said...

ഇത് ഒന്ന് ഉണ്ടാക്കി നോക്കണം ..ചുവന്ന ചീര കിട്ടുമോ എന്ന് നോക്കട്ടെ .

കണ്ടിട്ട് കൊതിയാവുന്നു ..ഒരു അവിയല്‍ പ്രേമി ആയതു കൊണ്ട് പറയുകയും വേണ്ടാ

വീകെ said...

അവിയലിന്റെ ചിത്രം കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറുന്നു.....!!

Cartoonist said...

ചക്കക്കുരു വായുഭഗവാന്റെ സസ്യാവതാരമാണെന്ന് 4ആം ക്ളാസ്സിലെ പരിപ്പുവടത്തോമാസാണു
അനുഭവിപ്പിച്ചുതന്നത്.
തോമാസ്സിനെ നോക്കി ഈയിടെ മരിച്ച ജോർജ്ജുമാഷ് പറയുമായിരുന്നു : ഹൌ, എന്തൊരു പെട്യാടാ തോമാസേദ്..?:(&*#@

ബൈ ദ ബൈ, ബിന്ദൂ,
ഈ ഉള്ളി മൂപ്പിച്ചിട്ട ചക്കമൊളോഷ്യം ഇവിടെ ഒരു പ്രതിപാദനം അർഹിക്കുന്നില്ലെന്നാണോ ?

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP