Monday, May 02, 2011

ഉലുമാങ്ങ

മാങ്ങ ധാരാ‍ളമുള്ള കാലത്ത് ഭാവിയിലേക്ക് കരുതിവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഉണക്കിയും വരട്ടിയും ഉപ്പിലിട്ടുമൊക്കെ പല പല രീതികളിലാണ് ഇത് ചെയ്തിരുന്നത്. അതിലൊന്നാണ് ഉലുമാങ്ങയാക്കി ഭരണിയില്‍ സൂക്ഷിച്ചു വയ്ക്കുക എന്നത്. ഉപ്പും മുളകും ഉലുവയും ചേര്‍ന്ന മിശ്രിതത്തില്‍ മാങ്ങ ഇട്ടുവയ്ക്കുന്നതാണ് ഉലുമാങ്ങ.

ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാം:

അവശ്യമുള്ള സാധനങ്ങള്‍:

  • നല്ല നാട്ടുമാങ്ങ - രണ്ടു കിലോ (ചെറുതായി മധുരം വച്ചു തുടങ്ങിയ മാങ്ങയാണെങ്കില്‍ കൂടുതല്‍ നന്നാവും)
  • കല്ലുപ്പ് - കൃത്യമായ അളവ് പറയാന്‍ പറ്റില്ല. ഏകദേശം150/200 ഗ്രാം
  • മുളകുപൊടി - 100-120 ഗ്രാം
  • ഉലുവാപ്പൊടി -  4-5 സ്പൂണ്‍
  • കായം‌പൊടി - 4-5 സ്പൂണ്‍
  • കുറച്ചു നല്ലെണ്ണ 
  • തിളപ്പിച്ചാറിയ വെള്ളം - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:

മാങ്ങ കഴുകി വൃത്തിയാക്കി, ഇരു വശങ്ങളും പൂളുക.  പൂളുകള്‍ മാങ്ങയില്‍നിന്ന് വേര്‍പെടുത്തേണ്ട. ദാ, ഇതുപോലെ:


അതിനുശേഷം മാങ്ങകള്‍ ഉപ്പും ചേര്‍ത്ത് നല്ല അടപ്പുള്ള ഒരു പാത്രത്തില്‍ രണ്ടുദിവസം അടച്ചുവയ്ക്കണം.രണ്ടുദിവസം കഴിഞ്ഞാല്‍ പാത്രത്തില്‍ ഉപ്പുവെള്ളം ഊറിവന്നിട്ടുണ്ടാവും.

ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ മുളകുപൊടി ഇട്ട് നന്നായി ഇളക്കുക. നല്ല മൂത്ത മണം വരണം,എന്നാല്‍ നിറം മാറുകയുമരുത്. ആ ഘട്ടത്തില്‍ തീ അണച്ചശേഷം ഉലുവാപ്പൊടിയും,കായവും, മാങ്ങയിലെ ഉപ്പുവെള്ളവും ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. (പഴയ രീതിയില്‍ മുളകുപൊടി വറുക്കുന്ന പരിപാടി അല്ല. മുളകും ഉലുവയും കൂടി വറുത്ത് പൊടിക്കുകയാണ് ചെയ്യുക).

ഇതിലേക്ക് മാങ്ങ ഇട്ടിളക്കുക. വെള്ളം പോരെങ്കില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കാം. മാങ്ങയില്‍ ചാറ് നന്നായി പുരണ്ടിരിക്കണം. ചാറില്‍ ഉവുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനില്‍ക്കണം.

ഉലുമാങ്ങ റെഡിയായി. ഇനി ഇത് നല്ല അടപ്പുള്ള ഒരു ഭരണിയിലോ മറ്റൊ ഇട്ട് നന്നായി അടച്ചുവയ്ക്കുക. ഞാന്‍ ഒരു സ്ഫടികഭരണിയിലാണ് ഇട്ടത്. ഭരണിയുടെ മുകള്‍പ്പരപ്പില്‍ നല്ലെണ്ണയില്‍ മുക്കിയ ഒരു തുണിക്കഷ്ണം വിരിച്ചിടുന്നതും, വക്ക് വിനാഗിയില്‍ മുക്കിയ തുണികൊണ്ട് തുടയ്ക്കുന്നതും പൂപ്പല്‍ വരാതിരിക്കാന്‍ നല്ലതാണ്.

ഒരു മാസം കഴിഞ്ഞാല്‍ ഉപയോഗിച്ചുതുടങ്ങാം. അപ്പോഴേക്കും മാങ്ങ നല്ല മൃദുവായി,  ഉപ്പും എരിവുമൊക്കെ നന്നായി പിടിച്ച്, സൊയമ്പനായിട്ടുണ്ടാവും. (പണ്ടുകാലത്ത് ഇത്തരം സാധനങ്ങളൊക്കെ ഭരണിയിലായിക്കഴിഞ്ഞാല്‍ പിന്നെ വെളിച്ചം കാണുന്നത് കര്‍ക്കിടകമാസത്തിലാണ്).

ഉലുമാങ്ങയും കുത്തരിച്ചോറും തൈരും. ആഹാ...!!!

9 പേർ അഭിപ്രായമറിയിച്ചു:

ponmalakkaran | പൊന്മളക്കാരന്‍ said...

ഇതു ഞങ്ങളെ ഉലുവ മാങ്ങ തന്നെ.. തന്നെ.. തന്നേ............................,

പാപ്പാത്തി said...

amma ithu pole thanne undakkunnath....:))) gambeeram...!!

sadu സാധു said...

ചേച്ചി നല്ല രസികൻ പാചകം , കണ്ടിട്ട് കടുമാങ്ങപോലെയുണ്ട്. കടുമാങ്ങ ഇതുപോലെയിട്ടുകണ്ടിട്ടുണ്ട്.കൂട്ടിൽ പച്ചകടുക്ക് ചതച്ചിടും പിന്നെ അതിന് നാടൻ കണ്ണീമാങ്ങയാണ സധാരണ എടുത്തു കണ്ടത് മുറികാറില്ല. പണ്ട അമ്മുമ്മ ഇതിനെല്ലാം സമയവും കാലവും നോക്കുമായിരുന്നു. അമാവാസിനാളിൽ പറിക്കുന്ന കണ്ണിമാങ്ങകൾ തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുക്കി വെള്ളതുണിയുപയോഗിച്ചു തുടച്ചു.വൈക്കുന്നേരം ഇരുട്ടായ ശേഷം നല്ലവണ്ണം ഉണങ്ങിയ കല്ലഭരണിയിൽ മാങ്ങായും ചേരുവകളും നിരത്തി തിളപ്പിച്ചാറിയ നല്ലെണ്ണഒഴിച്ചും എണ്ണയിൽ നന്നച്ച തുണി ഇട്ട തടി അടുപ്പുമുടി കട്ടിയുള്ള തുണിച്ചുറ്റി അടച്ചുകെട്ടി തട്ടിൻ പുറ്ത്തുവെക്കും ഒരു വർഷം വരെ കെടുക്കുടാതെ ഇരിക്കു എന്നു അമ്മയിനിന്നു കേട്ടിട്ടുണ്ട്.

ബിന്ദു കെ പി said...

സാധൂ, ഉലുമാങ്ങ ഉണ്ടാക്കുന്നത് കണ്ണിമാങ്ങകൊണ്ടല്ല. നന്നായി മൂത്തു ചിനച്ച മാങ്ങയാണ് എടുക്കുക.
കടുമാങ്ങയ്ക് കണ്ണിമാങ്ങതന്നെ.

sarala said...

ഞാനൊരിക്കല്‍ ഇതൊന്നു പരീക്ഷിച്ചു... നമ്പൂതിരിമാരുടെ ഉലുവായ് മാങ്ങ...! പൂത്തു പുഷ്പിച്ചു കുളമായി..!ഇക്കൊല്ലം ഒന്നു കൂടി നോക്കട്ടെ.....

പൊറാടത്ത് said...

വായേല്‍ കപ്പലോടിക്കാറായി.

മാങ്ങേം ചക്കേം എടുത്തിട്ട് അമ്മാനമാടുകയാണല്ലോ.. നാട്ടിലാണോ?

yousufpa said...

ഞാനൊരു കവിൾ ഉമിനീരിരക്കി വായിച്ചു തീരുമ്പോഴേക്കും...

ബിന്ദു കെ പി said...

@ പൊറാടത്ത്: അതെ, ഞാനിപ്പോൾ നാട്ടിലാണ്

jyo.mds said...

ആഹ.കൊതിയായി.ആദ്യമായാണ് ഉലുമാങ്ങയെക്കുറിച്ച് കേല്‍ക്കുന്നത്.ഒന്ന് ശ്രമിച്ച് നോക്കുന്നുണ്ട്.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP