ഇടിച്ചക്കയെന്ന കുട്ടിച്ചക്കകൊണ്ട് തോരൻ ഉണ്ടാക്കുന്ന വിധം മുമ്പ് വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്. ഇടിച്ചക്ക കഷ്ണങ്ങളെ ഇടിച്ചു വേദനിപ്പിക്കാതെ ഒരു തീയലുണ്ടാക്കിനോക്കാം ഇത്തവണ. എന്താ?
ആവശ്യമുള്ള സധനങ്ങള്‍:
- ഇടിച്ചക്ക - ഒരെണ്ണം തീരെ ചെറുത് അല്ലെങ്കില്‍ ഏകദേശം അരക്കിലോ തൂക്കമുള്ള കഷ്ണം.
- ചുവന്നുള്ളി - കാല് കിലോ
- ലേശം മുളകുപൊടി, മഞ്ഞൾപ്പൊടി
- വറുക്കാനാവശ്യമായ വെളിച്ചെണ്ണ
- വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
- ഉപ്പ്, പുളി - പാകത്തിന്.
- തേങ്ങ ചിരകിയത് - ഒരു മുറി
- മുളക് - എരിവ് വേണ്ടത്ര. ഞാന്‍ 8-10 എണ്ണം എടുത്തു.
- ചുവന്നുള്ളി - 6-7 എണ്ണം
- മല്ലിപ്പൊടി - 3 സ്പൂണ്‍ നിറയെ (കൂടുതല്‍ വേണമെങ്കില്‍ എടുക്കാം).
- കുറച്ച് കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
ഇടിച്ചക്ക തൊലിയും മുളഞ്ഞിലും മാറ്റി കഷ്ണങ്ങളാക്കുന്ന വിധം ഇവിടെ വിശദമായി പറഞ്ഞിട്ടുണ്ട്. അങ്ങനെ വൃത്തിയാക്കിയ കഷ്ണങ്ങൾ കുറച്ചു ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വച്ച് വേവിച്ചെടുക്കുക. കുക്കറിൽ വേവിക്കുകയാണെങ്കിൽ വേവ് അധികമായി കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം. വേവിച്ചശേഷം ബാക്കിയുള്ള വെള്ളം ഊറ്റിക്കളയാം. തണുത്തശേഷം ഈ കഷ്ണങ്ങൾ ചെറുതായി നുറുക്കുക.(തീരെ ചെറുതാക്കണ്ട).ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.
ഇതാണ് അരപ്പിനുള്ള സാമഗ്രികൾ:
ഇവ സ്വല്പം വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. നല്ല ബ്രൗൺ നിറമാവുന്നതുവരെ വറുക്കണം. (മല്ലിപ്പൊടി അവസാനം ചേർത്താൽ മതി. അല്ലെങ്കിൽ കരിഞ്ഞുപോകും). ചൂടാറിയശേഷം ഇത് വെണ്ണപോലെ അരച്ചെടുക്കുക.
ഇനി ഇടിച്ചക്കക്കഷ്ണങ്ങൾ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് നന്നായി വഴറ്റി, മാറ്റി വെയ്ക്കുക.
ഇതേ പാത്രത്തിൽ ഉള്ളി അരിഞ്ഞതും നന്നായി വഴറ്റിയശേഷം വറുത്തുവച്ചിരിക്കുന്ന ഇടിച്ചക്കയും ചേർത്ത് ഇളക്കുക.
ഇതിലേക്ക് മുളകുപൊടിയും (അരപ്പിന് എരിവ് നന്നായി ഉണ്ടെങ്കിൽ മുളകുപൊടി ചേർക്കണ്ട), ഒരു നുള്ളു മഞ്ഞൾപ്പൊടിയും, പാകത്തിന് പുളി പിഴിഞ്ഞതും ചേർത്ത് വെള്ളവുമൊഴിച്ച് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേർക്കുക. (ഇടിച്ചക്ക ഉപ്പ് ചേർത്താണ് വേവിച്ചിട്ടുള്ളത്. അതുകൊണ്ട് ഇനി ഉപ്പ് അധികം വേണ്ടിവരില്ല).
അവസാനം അരപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം പോരെങ്കിൽ കുറച്ചുകൂടി ചേർക്കാം. നന്നായി തിളച്ച് യോജിച്ചാൽ വാങ്ങിവച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.
ഇടിച്ചക്ക തീയൽ റെഡി! ഒന്നു പരീക്ഷിച്ചുനോക്കൂ..ഇപ്പോൾ ചക്കയുടെ സീസണല്ലേ....
4 പേർ അഭിപ്രായമറിയിച്ചു:
തീയല്‍ തകര്‍പ്പന്‍..
ഫോട്ടംസ് കിടു കിടിലന്‍..
നാട്ടീല് ചെന്നിട്ടു വേണം പരീക്ഷിക്കാന്‍
കൊതിയാവുന്നു.
നല്ല ഇടിയന് ഇടിച്ചക്ക തീയല്‍
മല്ലിപ്പൊടിക്കു പകരം കൊത്തമല്ലി ഉപയോഗിക്കുകയാണെങ്കിൽ കുറച്ചും കൂടി രസമായിരിക്കും കരിയുകയുമ്മില്ലാ. തിയ്യലിനു കട്ടികിട്ടുവാൻ വറവിന്റെകുടെ കുറച്ചു കടലപ്പരിപ്പും കുടിയിട്ടാൽ ബഹുകേമം ആക്കും.
Post a Comment