Wednesday, March 23, 2011

കൊഴുക്കട്ട

കൊഴുക്കട്ട പലതരമുണ്ട്. മധുരമുള്ളത്, ഉപ്പുരസമുള്ളത്, എരിവുള്ളത്,  വലുപ്പമുള്ളത്, ചെറുതരം എന്നിങ്ങനെ ഓരോ സ്ഥലങ്ങളിലും ഓരോ തരത്തിലാണ് ഉണ്ടാക്കുന്നത്. ഞാനിവിടെ ഇപ്പോള്‍ പറയാന്‍ പോകുന്നത് കൊഴുക്കട്ടയുടെ ഏറ്റവും ലളിതമായ രൂപമാണ്.
ആവശ്യമുള്ള സാധനങ്ങള്‍
  • മട്ട അരി - 1 ഗ്ലാസ്
  • പൊന്നി അരി - 1 ഗ്ലാസ്
(മട്ട അരി മാത്രമായോ പൊന്നി അരി മാത്രമായോ എടുത്താലും കുഴപ്പമില്ല. എന്തായാലും പച്ചരിയായാല്‍ നന്നാവില്ല).
  • തേങ്ങ ചിരകിയത് - ഏകദേശം ഒരു ചെറിയ മുറി.
  • ജീരകം - 2 ടീ സ്പൂണ്‍
  • ഉപ്പ്, വെള്ളം  - പാകത്തിന്.
ഉണ്ടാക്കുന്ന വിധം:
അരി രണ്ടും ഒന്നിച്ച് കുതിര്‍ക്കുക. ഒരു മൂന്നുനാലു മണിക്കൂര്‍ മതിയാവും കുതിരാന്‍. അതിനുശേഷം കട്ടിയില്‍ അരച്ചെടുക്കണം. വെള്ളം ഒഴിക്കരുത്. കുറേശ്ശെയായി തളിച്ചു കൊടുത്ത് അരച്ചെടുക്കണം. (വെള്ളമില്ലാതെ അരയ്ക്കാന്‍ മിക്സിയുടെ ചട്ണി ജാര്‍ ആണ് പറ്റിയത്). തരുതരുപ്പായി അരഞ്ഞാല്‍ മതി. അരച്ച മാവ് ദാ, ഈ പരുവത്തിലായിരിക്കണം:

ഇനി ഇതില്‍ തേങ്ങ ചിരകിയതും ജീരകവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചശേഷം കുറച്ചു വലുപ്പമുള്ള ഉരുളകളായി ഉരുട്ടുക. (ഒരു പിടി മാവ് ഉരുട്ടിയാലുള്ള വലുപ്പം).

ഇനി, ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ വെള്ളം അടുപ്പത്തു വച്ച് തിളയ്ക്കുമ്പോള്‍ ഈ ഉരുളകള്‍ ഓരോന്നായി വെള്ളത്തിലിടുക. ഉരുളകള്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങിക്കിടക്കണം. അല്ലെങ്കില്‍ വേവില്ല. വെള്ളം പോരെങ്കില്‍ ഒഴിക്കുക. ഇനി പാത്രം അടച്ചുവച്ച് വേവിക്കുക.

അരി വേവിക്കുമ്പോഴെന്നപോലെ,  വെള്ളം തിളച്ച് അടപ്പിനേയും തള്ളിക്കൊണ്ട് പുറത്തേക്ക്  തൂകിപ്പോവാനുള്ള സാധ്യത ഇവിടെയും ഉണ്ട്. ജാഗ്രത! തീ കുറച്ചു വയ്ക്കുന്നതും, പാത്രം അടയ്ക്കുമ്പോള്‍ കുറച്ചു വിടവിടുന്നതും ഈ പ്രശ്നം കുറേയൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ പിന്നെ ഒരെളുപ്പവഴിയുള്ളത് ഉരുളകള്‍ ഇഡ്ഡലിത്തട്ടിലോ മറ്റോ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക എന്നതാണ്. പിന്നെ ഈവക തലവേദനകളൊന്നുമില്ല. സമയവും ലാഭം. പക്ഷേ വെള്ളത്തിലിട്ട് വേവിച്ച കൊഴുക്കട്ടയ്ക്ക് നല്ല സ്വാദും മയവും ഉണ്ടാവും. ആവിയില്‍ വേവിച്ചാല്‍ ഇതു രണ്ടും കുറയും. ഞാന്‍ പറഞ്ഞെന്നേയുള്ളു.  നിങ്ങളുടെ സമയവും സൗകര്യവുമനുസരിച്ച് ചെയ്യുക.
ഏതാണ്ട് അരമണിക്കൂര്‍ വേണ്ടി വരും വെള്ളത്തിലിട്ടു വേവിക്കുമ്പോള്‍ കൊഴുക്കട്ട വെന്തുകിട്ടാന്‍.  ഇനി കൊഴുക്കട്ടകളെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാം.



ചൂടോടെ ചട്ണി കൂട്ടി കഴിക്കാം.



തീര്‍ന്നില്ല, കൊഴുക്കട്ട വേവിച്ച വെള്ളം കളയല്ലേ....ഇതിനോടകം ഇത് നന്നായി കൊഴുത്ത് ഏതാണ്ട് കഞ്ഞിയുടെ പരുവത്തിലായിട്ടുണ്ടാവും. തേങ്ങയുടെയും ജീരകത്തിന്റേയുമൊക്കെ സ്വാദു കലര്‍ന്ന ഈ കൊഴുക്കട്ടക്കഞ്ഞി വളരെ രുചികരമാണ്. സാധാരണ കഞ്ഞികുടിക്കുന്നതുപോലെതന്നെ അച്ചാറോ മറ്റോ കൂട്ടി കുടിക്കാം. എനിക്ക് കൊഴുക്കട്ടയേക്കാള്‍ ഇത്തിരി ഇഷ്ടക്കൂടുതല്‍ ഈ കഞ്ഞിയോടാണ് കേട്ടോ.

19 പേർ അഭിപ്രായമറിയിച്ചു:

Mélange said...

Looks so tempting and homely.This way I haven't tried so far.Ugran recipe..

ചാര്‍ളി (ഓ..ചുമ്മാ ) said...

അമ്മയുണ്ടാക്കുന്ന് കൊഴുക്കട്ടയുടെ ഓര്‍മ്മകളുണര്‍ത്തി..ഒത്തിരി നന്ദി..

പുട്ടു പോലെ എന്തിന്റെ കൂടെയും തട്ടാന്‍ പറ്റുന്ന ഒരു സാധനമാണീ കൊഴുക്കട്ടയും..
എനിക്കിഷ്ടപ്പെട്ട കോമ്പിനേഷന്‍സ്

1. കൊഴുക്കട്ടയും പോത്തുലര്‍ത്തിയതും.
2. കൊഴുക്കട്ടയും കോഴി വറുത്തതും
3. കൊഴുക്കട്ടയും മുട്ട പുഴുങ്ങിയതും..

ഹാ ഹാ..

അമ്മ പക്ഷേ ആവിയില്‍ ആണു പുഴുങ്ങാ‍റ്. അതു കൊണ്ട് കൊഴുക്കോട്ട കഞ്ഞി ഇതു വരെ രുചിക്കാന്‍ പറ്റിയിട്ടില്ല.

Typist | എഴുത്തുകാരി said...

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നു്. എളുപ്പപ്പണിയായ ആവിയിൽ വേവിക്കലാണ് സ്ഥിരം ചെയ്യാറ്‌.

siya said...

ഇങ്ങനെ കൊതിപ്പിക്കാതെ ..എന്റെ ഏറ്റവും ഇഷ്ട്ട പലഹാരം ആണ് കൊഴുക്കട്ട





,പക്ഷെ അത് തേങ്ങയും ,പഞ്ചസാരയും ചേര്‍ത്ത് മാവിന് അകത്തു വച്ച് പുഴുങ്ങി എടുക്കും .

ഇത് പിടി യും കോഴിക്കറി എന്ന് പറയുന്നത് ആണോ?അത് ഇതുപോലെ വെള്ളത്തില്‍ ഇട്ടു പുഴുങ്ങി ഉണ്ടാക്കുന്നത് ആണെന്ന് തോന്നുന്നു .

എന്തായാലും ഇതും ഒരു എളുപ്പ പണി ആണല്ലോ ?

ശ്രീ said...

ഹായ്

HussainNellikkal said...

വിളിക്കാതെ വിരുന്നിനെടിയ വിരുന്നുകാരന്‍ ആന്നു ഞാന്‍ . ഇത്രയും കാലം എന്തുകൊണ്ട് ഞാന്‍ ഈ ബ്ലോഗ്‌ കണ്ടില്ല ....? (എല്ലാറ്റിനും അധിന്റെതായ സമയമുന്ദു ദാസാ ....!) എന്തായാലും മലയാളിയുടെ തനതായ രുചികള്‍ ചേച്ചി പരിചയപ്പെടുട്ടുന്നതില്‍ , കേരള യുവജനതക്ക് വേണ്ടി എല്ലാവിധ ആശംസകളും നേരുന്നു ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇത് സാധാരണ കൊഴുക്കട്ട തന്നെയാണോ.അതോ എന്തെങ്കിലും പ്രത്യേകത ഉണ്ടോ.വൈഫിന് പ്രിന്റ്‌ എടുത്തു കൊടുക്കണോ എന്ന് അറിയാനാ

ബിന്ദു കെ പി said...

സിയാ: പിടിയും കോഴിക്കറിയും-ലെ പിടി ഏതാണ്ട് ഇതു തന്നെയാണെന്നു തോന്നുന്നു.

ഇത് സാധാരണ കൊഴുക്കട്ട തന്നെയാ ഫെനിൽ...

sarala said...

nokku bindu... ithu vevikkunna vellam vatti thudangarakumpo.. alpam thenga pal ozhikkuka... oru gravi paruvam.. (kozhukkatta cheriya orulakal akkanam appo...).... chicken kooti kazhikkan nalla swada...!!!!

sarala said...

ithanu pidi ennu parayam ennu thonnunnu...oru pidi pidichal undallo...!

KTK Nadery ™ said...

"മോളെ ചെക്കനുണ്ട് വരുന്നു ഉരുട്ടി വെള്ളത്തിലിട്ടെക്കൂ "

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"KTK Nadery ™ said...

"മോളെ ചെക്കനുണ്ട് വരുന്നു ഉരുട്ടി വെള്ളത്തിലിട്ടെക്കൂ "


എന്റെ KTK Nadery
കൊഴുക്കട്ട തിന്ന്‌ അ വെള്ളവും കുടിക്കാന്‍ എത്തിയതാ കാലത്തെ

ചിരിപ്പിച്ചു കഴപ്പിച്ചല്ലൊ മാഷെ :)

ശ്രീലാല്‍ said...

പ്രസക്തമായ ചോദ്യം അടുക്കളയിൽ നിന്ന്. "വെള്ളത്തിലും ഉപ്പിടണോ?"

മറുപടി എത്രയും വേഗം തരിക, അല്ലെങ്കിൽ അടുപ്പത്തുവെച്ച വെള്ളം വറ്റും. :)

ബിന്ദു കെ പി said...

അയ്യോ ശ്രീലാലേ, വൈകിപ്പോയല്ലോ....ഇന്ന് കമ്പ്യൂട്ടർ ഓണാക്കിയത് ഇപ്പോഴാ...കൊഴുക്കട്ട എന്തു പരുവം ആയി?
പിന്നെ, കൊഴുക്കട്ട വേവിക്കുന്ന വെള്ളത്തിലും കുറച്ച് ഉപ്പിടുന്നത് നല്ലതാണ്. അധികം വേണ്ട. അത് ഞാൻ പോസ്റ്റിൽ എഴുതാൻ മറന്നുപോയെന്നു തോന്നുന്നു.

ശ്രീലാല്‍ said...

കുഴപ്പമായില്ല.. ലേശം ഉറപ്പ് കൂടിപ്പോയി.. (പുട്ട് പൊടിവച്ചായിരുന്നു അങ്കം). അതായിരിക്കുമോ ?

അവസാനം കടുകും കറിവേപ്പിലയും വറുത്തിട്ട് കൊഴുപ്പിച്ചു.. ചട്ട്ണി വിത്ത് കൊഴു. കിടു.

thank you !

ബിന്ദു കെ പി said...

ശ്ശോ, പുട്ടുപൊടിയൊക്കെ വച്ച് കൊഴുക്കട്ട ഉണ്ടാക്കിയാൽ തല്ലണ്ടേ..? വെറുതെയല്ല മയം കുറവായത്....

Unknown said...

helo salt idathe anu health nu nallathu.koode aviyal thenga chammanthi anu nallathu.........

Unknown said...

KURE RAW VEGITABLES UM THENGA YUM KAIKANAM.PACHARI UM UNAKALARIYUM ANU KOODUTHAL SUPER KUZAKATAKU

Nisha said...

Superb!!

thanks for the recipes...

മലയാളത്തില്‍ പാചകവിധികള്‍ വായിക്കുമ്പോള്‍ ഒരു അമ്മയോ ചേച്ചിയോ പറഞ്ഞു തരുന്നത് പോലെ തോന്നി പോയി..

ഇനി ഇതൊക്കെ സമയം പോലെ ഒന്ന് പരീക്ഷിക്കണം.
ഇല അട നന്നായി,, കൊഴുക്കട്ടയും അതിന്റെ കഞ്ഞിയും പഴയ കാലം ഓര്‍മിപ്പിച്ചു!!

വളരെ നന്ദി.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP