Thursday, October 21, 2010

ഉഴുന്നുവട

ഇന്ന് കുറച്ചു ഉഴുന്നുവട ഉണ്ടാക്കിനോക്കാം അല്ലേ...?

ആവശ്യമുള്ള സാധങ്ങൾ:
  • ഉഴുന്ന് - കാൽ കിലോ
  • കറിവേപ്പില, പച്ചമുളക്, ഇഞ്ചി - ആവശ്യത്തിന്
  • കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീ സ്പൂൺ
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ
  • പാകത്തിന് ഉപ്പ്
  • വറുക്കാനാവശ്യമുള്ള വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:

ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ്  ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന്  രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും. ഹൈദ്രാബാദിൽ താമാസിക്കുമ്പോൾ തെലുങ്കർ ഉഴുന്നുവട ഉണ്ടാക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാളുണ്ടാവും ഉണ്ടാക്കാൻ. ഉഴുന്നരയ്ക്കാൻ തുടങ്ങുമ്പോഴേയ്ക്കും എണ്ണ ചൂടാക്കാൻ വച്ചിട്ടുണ്ടാവും. മാവ് അദ്യത്തെ ട്രിപ്പ് റെഡിയായാൽ ഉടനെ  അടുത്ത ആൾ വട ഉണ്ടാക്കാൻ തുടങ്ങുകയായി!!

അപ്പോൾ, പറഞ്ഞപോലെ ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.

ഇനി, കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. (ചിലർ തേങ്ങാക്കൊത്തും ഉള്ളി അരിഞ്ഞതും ചേർക്കാറുണ്ടെന്നു തോന്നുന്നു). നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക.

അരിയാനുള്ളതൊക്കെ അരിഞ്ഞുവച്ചശേഷം ഉഴുന്ന് അരയ്ക്കാൻ തുടങ്ങാം. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറിൽ കുറേശ്ശെയായി ഇട്ട് അരച്ചാൽ വെള്ളമില്ലാതെ അരഞ്ഞുകിട്ടും).
ദാ, അരച്ച മാവ് ഈ പരുവത്തിലിരിക്കും:  (വെള്ളമില്ലാതെ അരച്ചാലും ഉഴുന്നുമാവ് ഇങ്ങനെ കുഴഞ്ഞ പരുവത്തിലേ ഇരിക്കൂ).

ഇനി ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. (ചില സ്ഥലങ്ങളിൽ കുരുമുളക് പൊടിക്കാതെ ഇടുന്നത് കണ്ടിട്ടുണ്ട്. അതിഷ്ടമുള്ളവർ അങ്ങിനെ ചെയ്തോളൂ. പക്ഷേ, സത്യം പറയാലോ, ഇടയ്ക്കിടെ കുരുമുളക് കടിക്കേണ്ടി വരുന്നത് ഒരു “കല്ലുകടി”യായിട്ടാണ് എനിക്ക് തോന്നാറ്). അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്. വേറെ ദുരുദ്ദേശമൊന്നുമില്ല). :)

ഇനി താമസിപ്പിക്കണ്ട....വെളിച്ചെണ്ണ ചൂടാവാൻ വച്ചോളൂ....
ചൂടായോ...?
എന്നാലിനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. ഇതു കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു കേട്ടോ... ശ്രദ്ധിച്ചില്ലെങ്കിൽ വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയിൽ മുങ്ങിയെന്നു വരും. ജാഗ്രതൈ!
എന്നുവച്ച് പേടിക്കാനൊന്നൂല്ലാട്ടോ...ആദ്യമായി ഉണ്ടാക്കുന്നവരെ ഉദ്ദേശിച്ച് പറഞ്ഞെന്നേയുള്ളൂ.
വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക(മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക. ഇത് അകൃതി നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക്  മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. (കൈ സൂക്ഷിക്കണേ...). ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം കേട്ടോ.... കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...
വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. 
(ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കാൻ മറക്കണ്ടാട്ടോ).
അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും.



ഉഴുന്നുവട  മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ..


ദാ, കണ്ടോ, വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, ഉള്ളിസാമ്പാറോ കൂട്ടിക്കഴിക്കാം. ചൂടോടെയാണെങ്കിൽ വെറുതേയും തിന്നാം. ഇനി, ബാക്കിവന്നാലോ, അതുകൊണ്ട് തൈരുവട ഉണ്ടാക്കാം. അത് പിന്നീടൊരിക്കൽ പറയാം.


അപ്പോ ശരി, ഹാപ്പി വട മേക്കിങ്ങ്!

39 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഇന്നത്തെ വിഭവം : ഉഴുന്നുവട

പാറുക്കുട്ടി said...

ഉഴുന്ന് വട ചൂടോടെ ഞാനെടുത്തേയ് !!!!

കാസിം തങ്ങള്‍ said...

ഒന്ന് പരീക്ഷിക്കണം. ശരിയാകുമോ ആവോ ?

Manickethaar said...

i will tryyy.........

yousufpa said...

ഹാവൂ....നാവിൽ വെള്ളം ഊറി വന്നു.

chithrakaran:ചിത്രകാരന്‍ said...

കൊള്ളാം...നല്ല ഉഴുന്നുവട !!!


ഉഴുന്നുവടക്കുവേണ്ടി രക്തസാക്ഷിത്വം വഹിക്കുന്ന
ഉഴുന്നിനെ ഈ പോസ്റ്റില്‍ വേണ്ടവിധം ആദരിക്കാത്തതില്‍ ശക്തിയുക്തം പ്രതിഷേധിക്കുന്നു :)
ഒരു ഉഴുന്നു ചെടിയെങ്കിലും കാണിക്കാമായിരുന്നു !!!

കുഞ്ഞൂസ് (Kunjuss) said...

കുറെ ദിവസങ്ങളായി ഉഴുന്നുവട ഉണ്ടാക്കിയിട്ട്....
ഇന്ന് ഈ പോസ്റ്റ്‌ കണ്ടപ്പോള്‍, ഉടനെ ഉണ്ടാക്കാന്‍ പോകുവാ...ചിത്രങ്ങള്‍ സഹിതമുള്ള വിവരണം അത്രയ്ക്ക് കൊതിപ്പിച്ചു ട്ടോ...

siva // ശിവ said...

ഈ നാളുകളില്‍ കൂടുതല്‍ കഴിയ്ക്കുന്ന പലഹാരം... ഇനി ഇതൊന്ന് സ്വന്തമായി ഉണ്ടാക്കാന്‍ നോക്കണം...

Unknown said...

കഴിഞ്ഞാഴ്ച ഉണ്ടാക്കി. എളുപ്പ പണിക്കു ഓട്ട ഉണ്ടാക്കാതെ പരത്തി എണ്ണയില്‍ ഇട്ട ശേഷം ചോപ് സ്ടിക് വെച്ച് ഓട്ട ഉണ്ടാക്കി!! ഫോര്സ്ദ് ബാച്ചിയാണ!!
വാമഭാഗം കൂടെ ഉണ്ടായിരുന്നപ്പോ വെറുതെ തിന്നാ മാത്രം മതിയായിരുന്നു :(

ശ്രീ said...

കൊതിയാകുന്നു :)

രമേശ്‌ അരൂര്‍ said...

ഞാന്‍ നാട്ടില്‍ പോകുന്നു ..ഇന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണം ..വീട്ടില്‍ ചെന്നാല്‍ ഉടന്‍ ഉഴുന്ന് വട ഉണ്ടാക്കി കഴിക്കണം ..എന്നിട്ട് അടുത്ത ഫ്ലൈറ്റില്‍ തിരിച്ചു പോരണം ...കൊതി വന്നേ...അതാ ...:)

അനില്‍@ബ്ലോഗ് // anil said...

അതു കലക്കി ..
ഞമ്മന്റെ ഇഷ്ട സാധനം.
:)

keraladasanunni said...

ചട്ടിണിയും സാമ്പാറും കൂട്ടി ഉഴുന്ന് വട, അല്ലെങ്കില്‍ തൈര് വടയോ, സാമ്പാര്‍ വടയോ. ഏതെങ്കിലും പോരട്ടെ

ആളവന്‍താന്‍ said...

ചേച്ചീ, എവിടെയൊക്കെയോ ഏതോക്കെയോ കമന്റ് ബോക്സുകളില്‍ ഈ മുഖം കണ്ടിട്ടുണ്ടെങ്കിലും ഇന്നാണ് ഇവിടെ എത്തിയത്. ആദ്യ വരവില്‍ തന്നെ എന്‍റെ ഇഷ്ട്ട വിഭവം ഉണ്ടാക്കിത്തന്ന് എന്നെ സ്വീകരിച്ചതില്‍ അതിയായ സന്തോഷം. നണ്ട്രി ട്ടാ......

poor-me/പാവം-ഞാന്‍ said...

ഓണ്‍ ലൈന്‍ മാത്രം പോര!!!

Jazmikkutty said...

very nice recipie

Bindhu Unny said...

കുതിര്‍ക്കുന്നതിന്റെയും പെട്ടെന്നുണ്ടാക്കുന്നതിന്റെയും പ്രാധാന്യം പറഞ്ഞുതന്നതിന് നന്ദി. ഇനീ ശ്രദ്ധിക്കാല്ലോ. :)

kARNOr(കാര്‍ന്നോര്) said...

ഹായ് ഉഴുന്നുവട.... എന്റെ ഫേവറിറ്റ്..!!

മുക്കുവന്‍ said...

ഉഴുന്നു പൊടി ഉപയോഗിച്ചാല്‍ കുഴപ്പാവോ? അല്ലാ അരക്കാന്‍ മടിയാ‍ാണെ!

ചേച്ചിപ്പെണ്ണ്‍ said...

thanx ....:D

ചേച്ചിപ്പെണ്ണ്‍ said...

thanx ....:D

Manju Manoj said...

ബിന്ദു... രണ്ടു മണികൂര്‍ മാത്രമേ ഉഴുന്ന് കുതിര്‍ക്കാവു എന്നറിയില്ലായിരുന്നു....അല്ല.. അറിഞ്ഞിട്ടും വെല്യ കാര്യം ഒന്നും ഇല്ല... ഇനി എന്നാണാവോ ഉഴുന്നുവട കഴിക്കാന്‍ പറ്റുന്നത്?? കൊതിച്ചു പോയി ട്ടോ....

jyo.mds said...

ഇത് വരെ ഉഴുന്നുവടയുടെ ഷെയ്പ്പ് ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.ഇനി ബിന്ദുവിന്റെ ടിപ്സ് ഒക്കെ വെച്ച് ഒന്ന് ശ്രമിക്കുന്നുണ്ട്-എന്നിട്ട് വരാം.

Typist | എഴുത്തുകാരി said...

ഞാനിതിപ്പഴാ കണ്ടതു്. നല്ല ചൂടൻ ഉഴുന്നുവട. കൊതിയാവുന്നു.

പഞ്ചാരകുട്ടന്‍ -malarvadiclub said...

സുകിയന്‍ ഉണ്ടാക്കുന്നത് ഒന്ന് പോസ്റ്റ്‌ ചെയ്യാമോ ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

Rare Rose said...

എന്റെ പ്രിയപ്പെട്ട പലഹാരം.കണ്ട് നല്ലോണം കൊതിച്ചു.:)

Salim PM said...

കോഴിക്കോട് റെയില്‍‌വെ സ്റ്റേഷനിലെ കൃഷ്ണക്കുറുപ്പിന്‍റെ റിഫ്രെഷ്മെന്‍റ് സ്റ്റാളില്‍ നിന്ന് ഉഴുന്നുവട തിന്ന് കൊതി മൂത്ത് അതുപോലെ പല പ്രാവശ്യം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റയ്ക്കും കൂട്ടായും പരിശ്രമിച്ചിട്ടും ഫലം നാസ്തി! അതിന്‍റെ ഏഴയലത്ത് നില്‍ക്കാന്‍ പോലും യോഗ്യതയുള്ള ഒരു വടയും ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല; ഈ റെസിപ്പി പരീക്ഷിക്കുന്നത് വരെ. തുടക്കത്തിലെഴുതിയ രണ്ട് ടിപ്പുകള്‍ക്ക് ഇത്രയധികം പ്രാധാന്യമുണ്ടെന്ന് അധികമാര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. വായിച്ചതിന്‍റെ പിറ്റെന്നു തന്നെ വീട്ടില്‍ പോയി ഉണ്ടാക്കി നോക്കി. ഇടിവെട്ട് ഉഴുന്നുവട. തുസീ ഗ്രേറ്റ് ഹൈ ബിന്ദു ജീ.

ravanan said...

ഉഴുന്ന് വടയുടെ ഷേപ്പ് സരിയകരില്ലതതിനാല്‍ ഞാന്‍ ഉഴുണ്ട് ഉണ്ടയാണ് ഉണ്ടാകാറുള്ളത് . പിന്നെ സംഭവം റെഡി ആയി കഴിഞ്ഞിട്ടേ പേര് ഇടരുള്ളൂ . കുറച്ച ചെമ്മീന്‍ ചേര്‍ത്ത് നോണ്‍ വെജ് വട സോറി ഉണ്ടയും ഉണ്ടാക്കാറുണ്ട്

ravanan said...

ഇവിടെ ( ലങ്കയില്‍) ഉഴുന്നിനു കിലോ 360 രൂപയാണ്. നാട്ടിലെ 150 രൂപ വരും

lotus paily madathiparambil said...

കൊള്ളാം കലക്കി

Roy... said...

കൊള്ളാം...
നല്ല വട...

Roy... said...

കൊള്ളാം...
നല്ല വട...

kaattu kurinji said...

ബിന്ദു വിനെ വിശ്വസിച് ഞാന്‍ ഇതാ തുടങ്ങാന്‍ പോവുന്നു....

Unknown said...

ഉഴുന്നു വട നന്നായിരിക്കുന്നു....

achu said...

ithrayaum simple aaya recipes vere evideyum kandittilla.hats of u.pala recipes-lum arippodi cherkan paranjittund.but athu pachapodi aano varuthathanonnu parayunnilla.athukoodi paranjuthannal dairyamayi thudangamarunnu

achu said...
This comment has been removed by the author.
ബിന്ദു കെ പി said...

‌@achu: പച്ചപ്പൊടിയാണ് നല്ലത്. എണ്ണപ്പലഹാരങ്ങളിൽ വറുത്തപൊടി ചേർത്താൽ എണ്ണ കുടിക്കാൻ സാധ്യതയുണ്ടെന്നുള്ളതാണ് പ്രശ്നം. പിന്നെ ഇതിൽ വളരെ കുറച്ചേ ചേർക്കുന്നുള്ളു എന്നതുകൊണ്ട് വറുത്തപൊടി ചേർത്താലും വലിയ കുഴപ്പമുണ്ടാവില്ല.

ദേവ് ഗൌരി said...

എന്റെ ജീവിതത്തിലെ ആദ്യത്തെ ഉഴുന്നുവട ഞാന്‍ ഇന്ന് ഉണ്ടാക്കി... ഈ ബ്ലോഗ്‌ ആണ് അതിണ്‌െ എന്നെ സഹായിച്ചത്.. ബിന്ദു പറഞ്ഞ എല്ലാ ടിപ്സും ഞാന്‍ ഉപയോഗിചു... വട അടിപൊളി.. തുള ഇടുന്ന കാര്യം ഇവിടെ തന്നെ ഒരാളുടെ കമന്റില്‍(ഞാന്‍ ) നിന്ന് കോപ്പി അടിച്ചു... ചോപ്സ്ടിക്കിന്റെ അറ്റം വെച്ച് തുള ഇടുന്നു എന്ന് പറഞ്ഞില്ലേ.. ഞാന്‍ പകരം ഒരു സ്പൂണ്‍ ന്റെ അറ്റം വെച്ച് തുള ഇട്ടു... എന്തായാലും നന്ദി നന്ദി നന്ദി...

ബിന്ദു കെ പി said...

@മീരാ മുരളീധരൻ: വട ഉണ്ടാക്കീട്ട് നന്നായെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ധന്യയായി :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP