Monday, February 01, 2010

ഓറഞ്ച് സ്ക്വാഷ്

ഓറഞ്ചിന്റെ സീസണല്ലേ ഇപ്പോൾ? ഓറഞ്ചുകൊണ്ട് ഒരു സ്ക്വാഷുണ്ടാക്കിയാലോ? വളരെ രുചികരമാണിത്. ശ്രമിച്ചു നോക്കൂ....


ആവശ്യമുള്ള സാധനങ്ങൾ:

  • നല്ല പഴുത്ത ഓറഞ്ച് - 5
  • പഞ്ചസാര - മുക്കാൽ കിലോ
  • വെള്ളം - മുക്കാൽ ലിറ്റർ
  • സിട്രിക്ക് ആസിഡ് ക്രിസ്റ്റൽ‌സ് - ഒന്നര ടീസ്പൂൺ (സൂപ്പർമാർക്കറ്റുകളിൽ കിട്ടും)
  • ചെറുനാരങ്ങാനീര് - ഒന്നര ചെറുനാരങ്ങയുടേത്
ഉണ്ടാക്കുന്ന വിധം:

പഞ്ചസാരയും വെള്ളവും സിട്രിക്ക് ആസിഡും കൂടി അടുപ്പത്തു വച്ച് തിളപ്പിച്ചശേഷം തണുക്കാൻ വയ്ക്കുക.

ഓറഞ്ചിന്റെ അല്ലികൾ കുരുവും പാടയും നീക്കി വൃത്തിയാക്കിയെടുക്കുക. കുറച്ചു മിനക്കെട്ട പണിയാണിത്. ഓറഞ്ച് ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിച്ചതിനുശേഷമാണെങ്കിൽ ഈ പണി കുറച്ചുകൂടി എളുപ്പമാവും. രണ്ട് ഓറഞ്ചിന്റെ തൊലി മാറ്റി വയ്ക്കുക.



മാറ്റിവച്ച ഓറഞ്ചുതൊലിയുടെ അകത്തെ വെളുത്ത ഭാഗം ചുരണ്ടിക്കളഞ്ഞെടുക്കുക. ദാ, ഇതുപോലെ:

ഈ ഓറഞ്ചുതൊലി നികക്കെ വെള്ളമൊഴിച്ച് നന്നായി തിളപ്പിച്ചശേഷം വെള്ളം ഊറ്റിക്കളഞ്ഞുവയ്ക്കുക.

അല്ലികളും തൊലിയും കൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക.


നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഈ ജ്യൂസും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിച്ചശേഷം അരിച്ചെടുക്കുക. സ്ക്വാഷ് തയ്യാറായിക്കഴിഞ്ഞു. ഇനി കുപ്പിയിലേക്ക് പകർത്തിവയ്ക്കാം. ഈ അളവിലുണ്ടാക്കുന്ന സ്ക്വാഷ് ഏകദേശം ഒന്നര ലിറ്റർ ഉണ്ടാവും. കേടാവാതിരിക്കാൻ ഒന്നുകിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക, അല്ലെങ്കിൽ പ്രിസർവേറ്റീവ് ചേർക്കുക (ഞാൻ ചേർക്കാറില്ല). സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് എന്നിവയാണ് സാധാരണ ചേർക്കുന്ന പ്രിസർവേറ്റീവ്സ് (സൂപ്പർ മാർക്കറ്റുകളിൽ കിട്ടും). ഏകദേശം രണ്ടുനുള്ളു ചേർത്താൽ മതിയാവും. അര ടീസ്പൂൺ ഫുഡ് കളർ (ഓറഞ്ച്-റെഡ്) ചേർത്താൽ നിറം കുറച്ചുകൂടി ആകർഷകമാക്കാം. ഞാൻ ചേർത്തിട്ടില്ല കേട്ടോ.



സ്ക്വാഷ് പാകത്തിന് വെള്ളം ചേർത്ത് നേർപ്പിച്ചു കഴിക്കാം. പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. വെള്ളവും സ്ക്വാഷും യഥാക്രമം 3:1 എന്ന അനുപാതത്തിൽ ചേർക്കുക. അതായത് ഒരു ഗ്ലാസ് പാനീയം തയ്യാറാക്കുവാൻ കാൽ ഗ്ലാസ് സ്ക്വാഷ് മതിയാവുമെന്നർത്ഥം.

ചിയേഴ്സ്!!!!

17 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ഓറഞ്ചിന്റെ സീസണല്ലേ ഇപ്പോൾ? ഓറഞ്ചുകൊണ്ട് ഒരു സ്ക്വാഷുണ്ടാക്കിയാലോ? വളരെ രുചികരമാണിത്. ശ്രമിച്ചു നോക്കൂ....

ഒരു ചേഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത്? :)

രഘുനാഥന്‍ said...

ബിന്ദു ചേച്ചി...മനുഷ്യനെ കൊതി പിടിപ്പിച്ചു കൊല്ലാനുള്ള പ്ലാന്‍ ആണോ?

പിരിക്കുട്ടി said...

cheers....

sharikkum atheduthu kudikkan thonny....
nice one

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മധുരമില്ലാതെ കുടിച്ചാല്‍ എങ്ങനെയിരിക്കും?

Typist | എഴുത്തുകാരി said...

ബിന്ദു, ഇതു കുറച്ചു കഷ്ടാട്ടോ, മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാന്‍ പാടില്ല!

ശ്രീ said...

നന്ദി ചേച്ചീ. ഒന്നുണ്ടാക്കി നോക്കണം

siva // ശിവ said...

ബിന്ദു ചേച്ചി,
ഇനി ഞാന്‍ എത്രകിലോ പഞ്ചസാര വാങ്ങേണ്ടി വരുമോ ആവോ :(. എങ്കിലും ഇത് വളരെ ഉപകാരപ്രദമാണ്. നമ്മുടെ നാട്ടില്‍ സര്‍ബത്ത് വാങ്ങാന്‍ കിട്ടും. ഇപ്പൊ അതിനെയാണ് വെള്ളം കുടിയ്ക്കാന്‍ ആശ്രയിക്കുക. നന്ദി.

Unknown said...

എന്നാൽ ഒന്ന് പരീക്ഷിക്കണമല്ലോ... :) ഈ മാസം ഒന്ന് നാട്ടിൽ പോകണം. അതൂടെ കഴിഞ്ഞിട്ടാട്ടെ അല്ലേ... ചിയേഴ്സ്‌... :)

നിരക്ഷരൻ said...

ഇതിന്റെയൊക്കെ പടമെടുപ്പും നിര്‍മ്മാണവും നടത്തുന്ന ദിവസം അറിയിക്കുക. നേരിട്ട് വന്ന് അല്‍പ്പം അകത്താക്കി സ്ഥലം വിട്ടോളം :)

സിനു said...

ഗ്ലാസ്സില്‍ ഒഴിച്ചു വച്ചത് കണ്ടിട്ട് സഹിക്കുന്നില്ല.
അതെടുത്തു കുടിക്കാന്‍ തോന്നുന്നു.

Unknown said...

കഴിഞ്ഞ വീക്കെന്റിൽ ഒറ്റയപ്പം ഒരു സംഭവമായി ആർമ്മാദിച്ച് കഴിച്ചൂ

സ്ക്വാഷ് എന്തായാലും ഒരീസം ഉണ്ടാക്കി നോക്കണം. വീക്കെന്റിൽ സ്ക്വാഷ് മാത്രം കുടിച്ചാൽ വിശപ്പ് മാറില്ല. എനിക്കാണേൽ ഈ വീക്കെന്റ് ആകുമ്പോ ഭയങ്കര വിശപ്പാ അതൊരു രോഗമാണോ Dr.

പടങ്ങൾ പതിവ് പോലേ ഗംഭീരം

poor-me/പാവം-ഞാന്‍ said...

പെട്ടെന്ന് കിട്ടാവുന്ന ചേരുവകകള്‍ ക്കൊണ്ട് ഉണ്ടാക്കാവുന്ന വിഭവം പരിചയപ്പെടുത്തിയതിനു നന്ദി

jyo.mds said...

നല്ല recipe-നല്ല presentation-ഇവിടെ orange അധികം കിട്ടാറില്ല-മൂസംബി സുലഭമാണ്-അതികൊണ്ടൊന്ന് ശ്രമിച്ചു നോക്കുന്നുണ്ട്-ഇത്ര ഭംഗി കാണില്ല

Unknown said...

അതെ ഓറഞ്ചിന്റെ(അതെ ആറഞ്ചോ) സീസന്‍ ആണ്.പക്ഷെ കരിംബിന്റേതല്ല!(!)
സാധനങള്‍ കയ്യിലുണ്ട്..ഇനി തുടങേണ്ട താമസം ഉള്ളൂ..
പിന്നെ ഈ ബ്ലോഗുമായി പ്രണയത്തിലായ ഞാന്‍ അതിനെ ആവാഹിച്ച് മേശപ്പുറത്ത് ഇട്ടിരിക്കുകയാണ്..ഒന്നൊന്നായി പരിക്ഷിക്കാന്‍.
എന്റെ ആര്യ പുത്രനാണ് എന്റെ ഗിനി പിഗ്...
ഇതു പ്രകാരം ആഹാരം ഉണ്ടാക്കി കഴിച്ചത് മൂലം അദ്ദേഹത്തിന്റെ ജീവനോ “പ്രോപറ്ട്ടിക്കോ“ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി താങ്കളായിരിക്കും...
(ബ്ലോഗറ്‌ ലോകത്തില്‍ നിന്നെല്ലാം വിട്ട് ഇപ്പോള്‍ മുന്തിരി ച്ചാറില്‍ നീന്തിത്തുടിച്ചു കൊണ്ടിരിക്കുകയാണെന്നറിഞു! സന്തോഷം...ഈശ്വരന്‍ അത് എന്നെന്നേക്കും നിലനിറ്ത്തി തരട്ടെ)

അഭി said...

ബിന്ദു ചേച്ചി ,
എല്ലാവരും പറഞ്ഞത് പോലെ, എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ

prakashettante lokam said...

ബീനാമ്മക്ക് പ്രിന്റ് ചെയ്ത് കൊടുത്തിട്ടുണ്ട്.
നാളെ പരീക്ഷിക്കുന്നുണ്ട്.

വിജയലക്ഷ്മി said...

ബിന്ദു :നല്ല കളര്‍ഫുള്‍ രുചികരമായിരിക്കുമെന്നു തോന്നുന്നു .
ചൂടുകാലം തുടങ്ങിയാല്‍ ,ഒരുവിധം പഴങ്ങള്‍ കൊണ്ടെല്ലാം ഞാനും സ്ക്വാഷ് തയ്യാറാക്കി വെക്കാറുണ്ട് .ഓറഞ്ച് തൊലി തൊലി ചേര്‍ക്കാറില്ല .അല്ലികള്‍ മാത്രം .കളര്‍ അല്‍പ്പം കുറവായിരിക്കും .ഇനി ഏതായാലും തൊലിചെര്‍ത്തു ഉണ്ടാക്കിനോക്കണം .

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP