Tuesday, September 22, 2009

ചേനത്തണ്ട്-ചെറുപയർ തോരൻ

ചേനയുടെ ചെടി കണ്ടിട്ടില്ലേ? ഇളം‌പച്ച നിറത്തിലുള്ള, അവിടവിടെ പാണ്ടുകളോടുകൂടിയ, മാംസളമായ തണ്ടാണതിന്. അഗ്രഭാഗത്തുള്ള കിളുന്ത് തണ്ട് മുറിച്ചെടുത്താൽ ഒരു തോരനുള്ള വകുപ്പായി. ഒന്നു പരീക്ഷിച്ചു നോക്കൂ...


ആവശ്യമുള്ള സാധനങ്ങൾ:

ചേനത്തണ്ട് - ഒന്ന്
ചെറുപയർ - ഒരുപിടി
മഞ്ഞൾപ്പൊടി
തേങ്ങ ചിരകിയത് - അവശ്യത്തിന്
ജീരകം - അര സ്പൂൺ
കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില,വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

ചേനയേപ്പോലെതന്നെ ചേനത്തണ്ടും നല്ല ചൊറിച്ചുണ്ടാക്കുന്നതാണ്, ജാഗ്രതൈ! കയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിയശേഷം കൈകാര്യം ചെയ്താൽ ചൊറിച്ചിൽ കുറയും.
ചേനത്തണ്ട് തൊലി ചീന്തിയെടുക്കുക. തൊലി ചീന്തിക്കഴിഞ്ഞാൽ തണ്ടിന് നല്ല വഴുവഴുപ്പുണ്ടാവും. വെള്ളത്തിലിട്ട് നന്നായി കഴുകിയെടുത്താൽ വഴുവഴുപ്പ് പോയിക്കിട്ടും. അതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക.



ചെറുപയർ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചെടുക്കുക. വല്ലാതെ വെന്തുകുഴയരുത്.

തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചുവയ്ക്കുക. (നിങ്ങളുടെ അഭിരുചി അനുസരിച്ച് കുറച്ചു ചുവന്നുള്ളിയോ, വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം)

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് ചേർത്ത് ഇളക്കുക. അല്പം മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക (വെള്ളമൊഴിക്കേണ്ട ആവശ്യമില്ല). അതിനുശേഷം ചെറുപയർ വേവിച്ചതും ചതച്ചുവച്ചിരിക്കുന്ന തേങ്ങാമിശ്രിതവും ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ കുറച്ചുനേരം കൂടി വച്ചശേഷം വാങ്ങാം.

ചേനത്തണ്ട് തോരനിതാ, ഒരുങ്ങിക്കഴിഞ്ഞു! കഞ്ഞിയ്ക്കും ചോറിനുമൊക്കെ പറ്റിയതാണ്. ധാരാളം കഴിച്ചോളൂ.....ആരോഗ്യത്തിന് ഒരു ഹാനിയും വരുത്തില്ല....

13 പേർ അഭിപ്രായമറിയിച്ചു:

ശ്രീ said...

നാട്ടില്‍ വച്ച് അമ്മ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ ചേച്ചി ചേനത്തണ്ട് അവിയലില്‍ ഇടാറുണ്ട്. ബീനാമ്മ ഇടാറില്ല. അതിനാല്‍ അവളുണ്ടാക്കുന്ന അവിയല്‍ എനിക്ക് പിടിക്കാറില്ല.

ബിന്ദു പറഞ്ഞ ചേനത്തണ്ട് ചെറുപയര്‍ തോരന്‍ അടുത്ത ആഴ്ച സേതുലക്ഷ്മി വരുമ്പോള്‍ പരീക്ഷിക്കാം.

പിന്നെ ശശിയേട്ടന്റെ പുസ്തകപ്രകാശനത്തിന് പോകുന്നുണ്ടോ. ഞാനും കുട്ടന്‍ മേനോനും പോകുന്നുണ്ട്.

അബുദാബിയില്‍ തിരിച്ചെത്തിയോ?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബിന്ദൂ..

പണ്ട് അമ്മ ഉണ്ടാക്കിയിരുന്നു.ഈ മഹാനഗരത്തിൽ ചേനത്തണ്ടില്ല.
അതുകൊണ്ട് ഫോട്ടോയിലെ കറി കണ്ട് ആനന്ദിച്ചു

ആശംസകൾ!

മാണിക്യം said...

ഈ തോരന്‍ പണ്ട് മിക്കദിവസവും,
ചേനത്തണ്ട് കിട്ടുന്ന കാലം മുഴുവന്‍ ഉണ്ടാക്കും
ചിലപ്പോള്‍ മടുക്കും ..
ഇന്ന് ഇത് പടം സഹിതം കണ്ടപ്പോള്‍ കൊതി വരുന്നു
ചേനത്തണ്ട് ഇവിടില്ല.

ഐഡിയ!!
ഇന്നത്തെ തോരന്‍ ക്യാബേജ് + ചെറുപയര്‍
ബിന്ദൂനെ ഓര്മ്മിച്ചു കൊള്ളാം

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
പക്ഷെ ചേന സംബന്ധിയായ എന്തു സാധനം തിന്നാലും എനിക്ക് ചൊറിയും.

എന്തായാലും ഫൈബര്‍ കണ്ടന്റ് നല്ലോണം ഉള്ള വിഭവമാ.

ഹരീഷ് തൊടുപുഴ said...

വെറുതേ കൊതിപ്പിക്കാനായിട്ട്..!!

പിന്നേയ്; വീട്ടിൽ ചേമ്പിൻ തണ്ടും, പരിപ്പും കൂട്ടിയുള്ള ഒഴിച്ചുകൂട്ടാൻ ഉണ്ടാക്കുമായിരുന്നു..
പണ്ടതെനിക്കിഷ്ടവുമായിരുന്നു..
എന്തോ ഇപ്പോൾ അതിനോടൊരു മൂഡും തോന്നുന്നില്ല..

ഷിജു said...

കഴിച്ചാല്‍ ചൊറിയുമോ ചേച്ചീ ?

എന്തായാലും ഞങ്ങടെ കോളേജില്‍ അടുത്ത തവണ ഇത് ഒരു മെനു ആക്കണം :)

siva // ശിവ said...

ചേമ്പിന്‍ തണ്ട് തോരനായി കഴിച്ചിട്ടുണ്ട്.....

hshshshs said...

കുമ്പളത്തോരൻ കഴിച്ചതിന്റെ ക്ഷീണം മാറി ബരണേള്ളൂ..പെങ്ങളേ ങ്ങക്കിതെന്തിന്റെ കേടാ..? അല്ലേലും ങ്ങളെ പറഞ്ഞിട്ടെന്താ കാര്യം ല്ലേ..ഇതൊക്കെ കേൾക്കുമ്പോളേക്കും അടുപ്പത്താക്കുന്ന എന്റെ കെട്ട്യോളെ പറഞ്ഞാൽ പോരേ...ഹല്ലാ പി..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചേനത്തണ്ടും തോരനു പറ്റും എന്ന അറിവു പുതിയതാണ്‌. വളരെ നന്ദി.

ANITHA HARISH said...

pareekshikkan chenathandu kittunnilla.

Sureshkumar Punjhayil said...

Kothippikkunnu...!

Thanks for sharing it. Best wishes.

Unknown said...

ആകസ്മികമായി ഒരു ചേനത്തണ്ടു കിട്ടി(ബാംഗ്ലൂരിൽ) അതിനെ പൊളിച്ചടുക്കട്ടെ... റെസിപ്പിക്ക് നന്ദി....

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP