Monday, March 02, 2009

വറുത്തരച്ച സാമ്പാർ

സാമ്പാർപൊടി സ്റ്റോക്കുണ്ടെങ്കിൽ സാമ്പാറുണ്ടാക്കാൻ വളരെ എളുപ്പമാണ്. അല്പമൊന്ന് ബുദ്ധിമുട്ടാനുള്ള മനസ്സും സമയവുമുണ്ടെങ്കിൽ പൊടി ഉപയോഗിക്കാതെ ചേരുവകൾ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറും പരീക്ഷിക്കാവുന്നതാണ്. അതിന്റെ മണവും രുചിയും ഒന്നു വേറെതന്നെയാണ്.

ഇതിനാവശ്യമുള്ള സാധനങ്ങൾ :

  •  സാമ്പാർ കഷ്ണങ്ങൾ :- അരക്കിലോ. ഞാൻ  സവാള, ഉരുളക്കിഴങ്ങ്, മുരിങ്ങക്കായ, മൂന്നുനാലു വെണ്ടയ്ക്ക, രണ്ട് തക്കാളി ഇത്രയുമാണ് എടുത്തത്. നിങ്ങൾ ഇഷ്ടമുള്ള പച്ചക്കറികൾ എടുത്തോളൂ.



  • തുവരപ്പരിപ്പ് :- 200 ഗ്രാം.

  • പുളി :- ചെറുനാരങ്ങാ വലുപ്പത്തിൽ.

  • ആവശ്യത്തിന് മഞ്ഞൾപ്പൊടി, ഉപ്പ്.

  • കായം പൊടി: 1 ടീസ്പൂൺ.

  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.


   വറുത്തരയ്ക്കാൻ:



  • മല്ലി :- 5 ടീസ്പൂൺ

  • മുളക് :- ഞാൻ 8-10 എണ്ണം എടുത്തു. എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. കൂടുതലാവാതെ ശ്രദ്ധിക്കണം.

  • ഉലുവ :- കാൽ ടീസ്പൂൺ.

  • കടലപ്പരിപ്പ് :- 2 ടീസ്പൂൺ.

  • തേങ്ങ:- 2 ടീസ്പൂൺ.

  • കറിവേപ്പില:- ഒരു തണ്ട്.


  • ഉണ്ടാക്കുന്ന വിധം :

    പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചു വയ്ക്കുക.

    വറുത്തരയ്ക്കാനുള്ള ചേരുവകൾ എല്ലാം കൂടി ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. എണ്ണയൊന്നും ഒഴിയ്ക്കേണ്ട. തീ കുറച്ചുവയ്ക്കുന്നതാണ് നല്ലത്. തുടർച്ചയായി ഇളക്കാൻ ശ്രദ്ധിക്കണം. മൂത്ത മണം വരുമ്പോൾ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക. ചീനച്ചട്ടിയുടെ ചൂടിൽത്തന്നെ ഇരുന്നാൽ മൂപ്പധികമാവുകയോ കരിയുകയോ ചെയ്യും. ഒരുപാട് മൂത്ത് കറുത്തുപോയാൽ സാമ്പാർ ഇരുണ്ടനിറമാവും, സ്വാദും കുറയും. ശരിയായ പാകത്തിൽ വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.



    വറുത്ത ചേരുവകൾ ആറിയശേഷം ഒരു സ്പൂൺ കായവും ചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക.



    നുറുക്കിയ പച്ചക്കറികൾ കുറച്ച് വെള്ളവും പുളി പിഴിഞ്ഞതും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിയ്ക്കുക. പെട്ടെന്ന് വേവുന്ന തക്കാളി, വെണ്ടയ്ക്ക മുതലായവ അവസാനമേ ഇടാവൂ. വെന്തശേഷം പരിപ്പ് ചേർത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ ഘട്ടത്തിൽ അഞ്ചാറു കറിവേപ്പില ഇടുന്നത് നല്ലതാണ്. വാങ്ങിവച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. മീതെ കുറച്ചു മല്ലിയില(ഇഷ്ടമാണെങ്കിൽ) അരിഞ്ഞതും ഇടാം.



    സമർപ്പണം: വറുത്തരച്ചല്ലാതെ ഒരിയ്ക്കലും സാമ്പാർ ഉണ്ടാക്കിയിട്ടില്ലാത്ത എന്റെ അച്ഛമ്മയ്ക്ക്.

    25 പേർ അഭിപ്രായമറിയിച്ചു:

    ബിന്ദു കെ പി said...

    സാമ്പാർപൊടി സ്റ്റോക്കുണ്ടെങ്കിൽ സാമ്പാറുണ്ടാക്കാൻ വളരെ എളുപ്പമാണ്. അല്പമൊന്ന് ബുദ്ധിമുട്ടാനുള്ള മനസ്സും സമയവുമുണ്ടെങ്കിൽ പൊടി ഉപയോഗിക്കാതെ ചേരുവകൾ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറും പരീക്ഷിക്കാവുന്നതാണ്. അതിന്റെ മണവും രുചിയും ഒന്നു വേറെതന്നെയാണ്.

    ജിജ സുബ്രഹ്മണ്യൻ said...

    എനിക്കും വറുത്തരച്ച സാമ്പാറാ ഇഷ്ടം.ഞാൻ അല്പം തേങ്ങ കൂടി വറുത്തരയ്ക്കും.അതിന്റെ രുചിയാ കൂടുതൽ ഇഷ്ടം

    ശ്രീ said...

    ബിന്ദു ചേച്ചിയുടെ അച്ഛമ്മയെപ്പോലെ തന്നെയാണ് എന്റെ കൊച്ചമ്മൂമ്മയു. കൊച്ചമ്മൂമ്മ വറുത്തരച്ച് വയ്ക്കുന്ന ആ സാമ്പാര്‍ മാത്രം മതി വയറു നിറയെ ചോറുണ്ണാന്‍... കാന്താരി ചേച്ചി പറഞ്ഞതു പോലെ അതിലും തേങ്ങ കൂടി വറുക്കുമായിരുന്നെന്നു തോന്നുന്നു.

    :)

    Anonymous said...

    മനോഹരമായ പാചകക്കുറിപ്പ്‌...ബിന്ദുചേച്ചീ.....
    ഇന്ന് ഞാൻ സാമ്പാറേ കഴിക്കൂ.....
    :)

    Unknown said...

    ഇപ്പോ മൊത്തം പൊടിയുടെ കാലമല്ലെ ബിന്ദു നല്ല സമ്പാറു നാട്ടിൽ വന്നിട്ടാ കൂട്ടിയെ

    ബിന്ദു കെ പി said...

    കാന്താരി, ശ്രീ: തേങ്ങയുടെ കാര്യം ആദ്യം കാന്താരിയും പിന്നെ ശ്രീയും പറഞ്ഞപ്പോൾ എനിയ്ക്കും സംശയമായി, ഞാൻ വിട്ടുപോയോ എന്ന്. ഇല്ല.വറുത്തരയ്ക്കുന്ന സാധനങ്ങളുടെ ലിസ്റ്റിൽ തേങ്ങയും ഉണ്ടല്ലൊ...നോക്കൂ..

    ചാണക്യന്‍ said...

    സാമ്പാര്‍ പുരാണം നന്നായി....

    അനില്‍@ബ്ലോഗ് // anil said...

    വളരെ താങ്ക്സ്.
    ബിന്ദുവിന് പൊടിപ്പരിപാടി മാത്രമേ അറിയൂ എന്നാ കരുതിയിരുന്നത്. ഇതു നന്നായി.

    Kaithamullu said...

    സാംബാര്‍ കൂട്ടി ഉച്ചയൂണ് കഴിഞ്ഞ് വന്നതാ. എന്നിട്ടും ബിന്ദൂന്റെ സാംബാര്‍ കണ്ടപ്പോ വായില്‍ വെള്ളമൂറി...

    yousufpa said...

    എന്‍റെ വായില്‍ മേളപ്പെരുക്കം....

    Bindhu Unny said...

    ഞാന്‍ കുറച്ച് ചുവന്നുള്ളി കൂടി അരിഞ്ഞ് ചേര്‍ക്കും വറുത്തരയ്ക്കുമ്പോള്‍‍. :-)

    ഉസ്മാന്‍ പള്ളിക്കരയില്‍ said...

    കൊതിയൂറുന്നു.....

    smitha adharsh said...

    ഞാനും,എന്നും വറുത്തു അരച്ചാ സാമ്പാര് ഉണ്ടാക്കാറ്.
    നല്ല പോസ്റ്റ് കേട്ടോ.

    സുജനിക said...

    സാമ്പാർ....അൽ‌പ്പം ബുദ്ധിമുട്ടിയാലും നിത്യവും വേണം.സാമ്പാർ സാക്ഷാൽ ശിവൻ ആണ്.
    സ അംബ ആറ്= അംബയോടും ആറിനോടും ചേർന്നവൻ=അംബ=പാർവതി/ ആറ്= ഗംഗ
    കാളനും ശിവൻ തന്നെ..കാളയോടു കൂടിയവൻ.
    നന്നായി.നല്ല രുചി.

    ആവനാഴി said...

    കാന്താരിക്കുട്ടീ,

    തേങ്ങ കൂടി വറുത്തരച്ചാല്‍ ടേസ്റ്റുണ്ടു എന്ന കാര്യത്തീല്‍ സംശയമില്ല. വേറിട്ടൊരു ടേസ്റ്റ്. പക്ഷെ അതിനെ തീയല്‍ എന്നാണു വിളിക്കുക. തേങ്ങ ചേര്‍ത്ത് വറുക്കുമ്പോള്‍ അല്‍പ്പം ജീരകം കൂടി ചേര്‍ത്തു വറുക്കണം. ഒന്നാം തരം തീയല്‍ റെഡി.

    ആവനാഴി said...

    ന്നാലും ന്റെ രാമനുണ്ണീ,

    കാളന്‍= കാളയോടു ചേര്‍ന്നത് എന്നു വിവക്ഷിച്ചല്ലോ! പരം ശിവ് ഞാനെന്താ ഈ കേക്കണേ?
    :)

    എതിരന്‍ കതിരവന്‍ said...

    ആവനാഴീ, തീയലിനും തേങ്ങാ വറുത്തരയ്ക്കും. പക്ഷെ പരിപ്പ് ഇടുകയില്ല. സാമ്പാറുമായി വ്യത്യാസം.
    തീയലിനു ഏതെങ്കിലും ഒരു കഷണം (മുരിങ്ങക്കായ്, ചെറിയ ഉള്ളി.....)ആണു പതിവ്.

    ആവനാഴി said...

    എതിരന്‍ കതിരവാ,

    സമ്പാറിനു തേങ്ങ പതിവില്ല. തീയലിനു തീര്‍ച്ചയായും തേങ്ങ വറുത്തരക്കുക തന്നെ വേണം. പിന്നെ ദേശാതിര്‍ത്തികളുടെ വ്യത്യാസമാകണം സമ്പാറില്‍ തേങ്ങ കടന്നു കൂടിയത്. കോഴിക്കോട്ടുകാരനായ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ സാമ്പാറില്‍ ഇഞ്ചികൂടി അരച്ചു ചേര്‍ക്കുന്നതു കണ്ടിട്ടുണ്ട്. പിന്നെ നല്ല സാമ്പാര്‍ ഉണ്ടാക്കണമെങ്കില്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കുകയാവും നല്ലത്. ചേന ഏത്തക്കായ് ഇവയൊക്കെ അത്യന്തം നന്നു. മുരിങ്ങക്കായ് അത്യാവശ്യമായും ചേര്‍ത്തിരിക്കണം.‍

    Kaithamullu said...

    ആവനാഴി മാഷേ,

    മലയാളി‘കൈപ്പുണ്യം’ മനസ്സിലാക്കണമെങ്കില്‍ തിരോന്തംകാരനും പാലാക്കാരനും കൊച്ചിക്കാരനും കുന്നംകുളംകാ‍രനും കോയ്‌ക്കോട്ടുകാരനും മാഹിക്കാരനും പിന്ന് അങ്ങ് കാസറഗോട്ട് കാരനുമൊക്കെ വയ്ക്കുന്ന സാംബാറുകള്‍ ഒരേ വേദിയില്‍, ഒന്നിച്ച് വിളമ്പി കഴിച്ച് നോക്കണം; ഒന്നിനൊന്ന് വ്യത്യസ്ഥമായിരിക്കും ഓരോന്നും. മസാലകള്‍,കഷണങ്ങള്‍, സാന്ദ്രത... എന്തീന് പുളി വരെ.

    പിന്നെ ആന്ധ്ര സാംബാര്‍, മറാഠി സാംബാര്‍, കന്നട സാംബാര്‍...തമിഴ് നാട്ടുകാരുടെ വക 10 തരമെങ്കിലുമുണ്ട്.

    -എല്ലാം കൂടെ ഒരു ‘പോസ്റ്റി‘ന്നകത്താക്കാന്‍ ശ്രമിക്കാം, സമയം കിട്ടിയാല്‍.

    ബിന്ദു കെ പി said...

    ഞാൻ പറയാൻ വന്നതാണ് വള്ളിപുള്ളി വ്യത്യാസമില്ലാതെ കൈതമുള്ള് പറഞ്ഞിരിക്കുന്നത്.

    സാമ്പാർ മാത്രമല്ല, ഏതു വിഭവമായാലും ഇത്രയധികം രുചിവൈവിധ്യം നിലവിലുള്ള ഒരു സ്ഥലം നമ്മുടെ കൊച്ചുകേരളത്തേപ്പൊലെ വേറെയുണ്ടോ എന്നു സംശയമാണ്. എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറിന്റെ യാത്രാദൂരം മാത്രമുള്ള, ഇരിങ്ങാലക്കുടയിലെ അച്ഛൻ‌വീട്ടിൽ ചെന്നാൽ പോലും സാമ്പാറിന്റെ രുചി വേറെയാണ്! പിന്നീട് എടപ്പാൾ സ്വദേശിയെ കല്യാണം കഴിച്ച് ഭർതൃഗൃഹത്തിൽ ചെല്ലുമ്പോൾ അവിടെ അതാ, മറ്റൊരു സാമ്പാർ! അമ്മയുടെ ഒരു കൂട്ടുകാരി സാമ്പാറിൽ വറുത്തരയ്ക്കുമ്പോൾ വെളുത്തുള്ളിയും ജീരകവും ചേർക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ എത്ര തരം! എഴുതിയാൽ തീരില്ല. ശരിയായ രീതി ഏതെന്ന് പറയാൻ കഴിയില്ല. എല്ലാവർക്കും അവരവർ പരിചയിച്ചതായിരിക്കും തനത് രുചി. യഥാർത്ഥത്തിൽ സാമ്പാർ ഒരു കേരളീയ വിഭവമേയല്ല എന്നാണ് എന്റെ അറിവ്. തമിഴ്നാട്ടിൽ നിന്ന് നമ്മൾ അഡോപ്റ്റ് ചെയ്തതായിരിക്കണം.

    ആവനാഴി :- തേങ്ങ ചേർത്തതുകൊണ്ടുമാത്രം സാമ്പാർ തീയലാവും എന്നു പറയാൻ കഴിയുമോ? തീയലിന് സാമാന്യം നല്ലൊരു അളവ് തേങ്ങ വറുത്തരയ്ക്കും. സാമ്പറിൽ പേരിനുമാത്രം-രണ്ടു സ്പൂൺ-ആണു ചേർക്കുന്നത്. പിന്നെ ഉരുളക്കിഴങ്ങ് മുതലായവ ഒഴിവാക്കപ്പെടണമെന്ന കാര്യത്തിൽ നൂറു ശതമാനവും യോജിക്കുന്നു. പണ്ട് ഞങ്ങളുടെ വീട്ടിൽ കപ്പയ്ക്ക(പപ്പായ) സാമ്പാറിൽ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി ഓർക്കുന്നു.

    ആവനാഴി said...

    കൈതമുള്ളു മാഷെ,

    അതെനിക്കങ്ങു ക്ഷ പിടിച്ചു. വിവിധങ്ങളായ സാമ്പാറുകളുടെ റെസിപ്പികളിങ്ങു പോരട്ടെ. എല്ലാം ഉണ്ടാക്കി ചോറുണ്ടു നോക്കണം.

    പിന്നെ ബിന്ദൂ, ഇനിയും പാചകപംക്തികള്‍ ഇടൂ. വളരെ ഉപകാരപ്രദമാണവ.

    ജെ പി വെട്ടിയാട്ടില്‍ said...

    ഞാന്‍ ബീനാമ്മയോട് ഈ സാമ്പാര്‍ ഉണ്ടാക്കി തരാന്‍ പറഞ്ഞപ്പോള്‍, അവള്‍ പറഞ്ഞു - തല്‍ക്കാലം ഞാനുണ്ടാക്കിത്തരുന്നത് കഴിച്ചാല്‍ മതിയെന്ന്.
    നാളെ രാവിലെ രാഖി ഇഡ്ഡലിക്ക് പരീക്ഷിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
    അല്ലെങ്കിലും മക്കള്‍ക്ക് തന്തയോടുള്ള സ്നേഹം, എന്റെ ബിനാമ്മക്ക് എന്നോടില്ലാ.......
    ഞാന്‍ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
    എനിക്ക് സ്വതന്ത്രമായി വിഹരിക്കാനും, എഴുതാനും, സ്വപ്നം കാണാനും...
    അവിടെ ഒരു നല്ല കിച്ചന്‍ ഭാവനയില്‍ കാണുന്നുണ്ട്..
    ബീനാമ്മയുമായി വഴക്കടിക്കുമ്പോള്‍ അവിടെ രണ്ട് ഫോസ്റ്റര്‍ ബീയറും കുടിച്ച് ഇരിക്കാമല്ലോ>

    Unknown said...

    We tried it 2day and found fantastic.
    Thanks a lot

    Shajo
    Abudhabi

    razal hamza said...

    very nice and very tasty thank you bindu chache ..

    Unknown said...

    ഞാനും ഒന്ന് പരീക്ഷിച്ചു എന്റെ കന്നി സാമ്പാര്‍ ചേച്ചിയുടെ റെസിപി.

    Related Posts Plugin for WordPress, Blogger...
    MyFreeCopyright.com Registered & Protected

    Copyright © Bindu Krishnaprasad. All rights reserved.

    പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



    Back to TOP