Saturday, December 06, 2008

അടതട്ടി അഥവാ പരിപ്പിട്ട ദോശ

അരിയും പരിപ്പും മറ്റു ചേരുവകളും ചേർത്തുണ്ടാക്കുന്ന ഒരു ദോശയാണ് അടതട്ടി. സാധാരണ ദോശയേക്കാൾ കനം കൂടുതലാണ് എന്നതുകൊണ്ട് അടതട്ടി ഉണ്ടാക്കാൻ കൂടുതൽ സമയം ആവശ്യമാണ്. നന്നായി എണ്ണ പുരട്ടി മൊരിച്ചെടുത്താലേ സ്വാദുണ്ടാവൂ.

ആവശ്യമുള്ള സാധനങ്ങൾ:

അരി - കാൽ കിലോ (പൊന്നി അരിയാണ് കൂടുതൽ നല്ലത്).
കടലപ്പരിപ്പ് - അരിയുടെ പകുതി അളവ്.
ചുവന്ന മുളക് - 3-4 എണ്ണം.
സവാള - ഒരെണ്ണം (ചുവന്നുള്ളി തൊലി കളഞ്ഞെടുക്കാനുള്ള ക്ഷമയും സമയവും ഉണ്ടെങ്കിൽ അതു തന്നെയാണ് വേണ്ടത്. 10-12 എണ്ണം എടുക്കുക).
തേങ്ങ ചിരകിയത് - ഒരു പിടി (തേങ്ങ നിർബ്ബന്ധമില്ല).
പച്ചമുളക് - 2-3 എണ്ണം അല്ലെങ്കിൽ എരിവ് വേണ്ടത്ര.
ഇഞ്ചി - ഒരു കഷ്ണം.
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
എണ്ണ - ദോശയിൽ പുരട്ടാൻ.

ഉണ്ടാക്കുന്ന വിധം:



അരിയും പരിപ്പും വെവ്വേറെ പാത്രങ്ങളിൽ വെള്ളത്തിലിട്ട് കുതിർക്കുക. അധികം നേരമൊന്നും ഇടേണ്ട ആവശ്യമില്ല. രണ്ടോ മൂന്നോ മണിക്കൂർ മതിയാവും. പരിപ്പിനോടൊപ്പം ചുവന്ന മുളകും വെള്ളത്തിലിടുക. കുതിർന്നശേഷം അരി അരച്ചെടുക്കുക. തരുതരുപ്പായി അരച്ചാൽ മതി. അതിനുശേഷം പരിപ്പും മുളകും കൂടി ഒന്നു ചതച്ചെടുക്കുക. മിക്സിയിൽ വെള്ളമൊഴിക്കാതെ ഇട്ട് ഒന്നു തിരിച്ചെടുത്താൽ മതി. അരഞ്ഞുപോകരുത്. (പണ്ടൊക്കെ പരിപ്പും മുളകും ഉള്ളിയും കൂടി അമ്മിയിൽ വച്ച് ചതച്ചെടുക്കാറാണ് പതിവ്).

ചതച്ച പരിപ്പ് ഏതാണ്ട് ഈ പരുവത്തിലിരിക്കണം:



ഉള്ളി ഒന്നുകിൽ പൊടിയായി അരിയുകയോ അല്ലെങ്കിൽ മിക്സിയിലിട്ട് ചതച്ചെടുക്കുകയോ ചെയ്യുക. അരിമാവിൽ പരിപ്പും ഉള്ളിയും തേങ്ങയും ചേർക്കുക. അതിനുശേഷം പച്ചമുളക്,ഇഞ്ചി,കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ഉപ്പും ചേർത്ത് പാകത്തിന് വെള്ളവുമൊഴിച്ച് നന്നായി ഇളക്കുക.



ഇനി ദോശയുണ്ടാക്കാം. സ്വല്പം കനത്തിൽ പരത്തുക.



തിരിച്ചും മറിച്ചുമിട്ട് എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക.



ചൂടോടെ ആണെങ്കിൽ അടതട്ടിയ്ക്ക് കൂട്ടിക്കഴിയ്ക്കാൻ പ്രത്യേകിച്ചൊന്നും ആവശ്യമില്ല. നിർബ്ബന്ധമാണെങ്കിൽ ചട്ണിയോ ചമ്മന്തിയോ കൂട്ടാം.(ഇതിന് പറ്റിയ ഒരു ചമ്മന്തിയെ ഞാൻ പിന്നീട് പരിചയപ്പെടുത്താം). ഇനി ഒരു സത്യം പറയട്ടെ, ഞാൻ ഇത് പഞ്ചസാര കൂട്ടിയാണ് കഴിയ്ക്കുന്നത് !!

16 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

അരിയും പരിപ്പും മറ്റു ചേരുവകളും ചേർത്തുണ്ടാക്കുന്ന ഒരു ദോശയാണ് അടതട്ടി. സാധാരണ ദോശയേക്കാൾ കനം കൂടുതലാണ് എന്നതുകൊണ്ട് അടതട്ടി ഉണ്ടാക്കാൻ കൂടുതൽ സമയം ആവശ്യമാണ്. നന്നായി എണ്ണ പുരട്ടി മൊരിച്ചെടുത്താലേ സ്വാദുണ്ടാവൂ.

ശ്രീ said...

ഇങ്ങനെ ഒരു ദോശയെ ആദ്യമായാണ് പരിചയപ്പെടുന്നത്.

കണ്ടിട്ടു കൊള്ളാം. :)

ആദര്‍ശ്║Adarsh said...

അതേ ... ഞാനും ആദ്യമായിട്ടാണ് ഇത്തരം ഒരു ദോശയെക്കുറിച്ച് കേള്‍ക്കുന്നത്..
അമ്മയോട് പറഞ്ഞു നോക്കട്ടെ ...

മൂര്‍ത്തി said...

തമിഴ് ബ്രാഹ്മണരുടെ ഇഷ്ടവിഭവം അല്ലേ? തമിഴന്മാരുടെ ചില ഹോട്ടലുകളില്‍ സംഭവം കിട്ടും. അടദോശൈ എന്ന് പറഞ്ഞാല്‍ മതി.

വിഭവങ്ങള്‍ പോസ്റ്റിലെ കണക്കനുസരിച്ച് ഉണ്ടാക്കിയാല്‍ എത്രപേര്‍ക്ക് തികയും, അല്ലെങ്കില്‍ എത്ര എണ്ണം കാണും എന്നുകൂടി ചേര്‍ത്താല്‍ നല്ലതായിരുന്നു.

നന്ദി കുറിപ്പിന്.

ഹരീഷ് തൊടുപുഴ said...

കൊതിയാവണല്ലോ ചേച്ച്യേ......
ഒന്നു പരീക്ഷിച്ചു നോക്കാം ല്ലേ...

മാണിക്യം said...

ബിന്ദൂ ഞാന്‍ കുറുപ്പടി എഴുതി
എടുത്തു കിച്ചനിലോട്ട് പോകുവാ ....

മാന്യ ബൂലോകരെ ഇനി എന്നെ കാണാതായാല്‍
അതിന്റെ സകല ഉത്തര വാദിത്വവും ബിന്ദുവിന്
“അടിതട്ടി” എന്ന് കരുതിക്കോ...

..വിവരണവും ആ പടവും കണ്ട് ‘കൊതി’
സഹിക്കാന്‍ വയ്യ ..എന്നെ വീട്ടിലുള്ളവര്‍
ബാക്കി വച്ചിട്ടുണ്ടേല്‍ , ഇതു കഴിഞ്ഞ് ശ്രീയുടെ ‘വ്യാഘ്രവും’ഒന്ന് പരീക്ഷിക്കണം ..

smitha adharsh said...

ശ്രീ പറഞ്ഞപോലെ ഇതു ആദ്യമായാ കാണുന്നത്.ഒരിയ്ക്കല്‍ ഏതോ,ഒരു ഹിന്ദി ചാനലില്‍ ഇങ്ങനെ ഒന്നു കാണിച്ചിരുന്നു. അന്ന് പക്ഷെ,ശ്രദ്ധിച്ചില്ല.ചമ്മന്തി കൂടി ഉണ്ടാക്കാന്‍ പറഞ്ഞു തരണേ..

smitha adharsh said...
This comment has been removed by the author.
ഗീത said...

ബിന്ദൂ, മാണിക്യം ചേച്ചിയാണ് എന്നെ ഇങ്ങോട്ട് ഓടിച്ചു വിട്ടത്. ബിന്ദുവിന്റെ ദോശപുരാണം പറഞ്ഞെന്നെ കൊതിപ്പിച്ചു. മാണിക്യം ചേച്ചി തീറ്റ റപ്പായീടെ വീട്ടില്‍ ഉണ്ടാക്കുന്നത്ര ഉണ്ടാക്കി കഴിച്ചു വത്രേ !

ബിന്ദുവിന് ചിലപ്പോള്‍ പണി കിട്ടിയേയ്ക്കും. ബിന്ദുവിന്റെ പാചകവിധി നോക്കി പാകം ചെയ്ത് അമിതമായി കഴിച്ച് വയറ് ചീത്തയായതിന്റെ ഉത്തരവാദിത്തം പിന്നെ ആര്‍ക്കാ? ബിന്ദൂന് തന്നെ. ഒന്നു കരുതിയിരുന്നോളണേ. മാണിക്യം ചേച്ചി ചീത്തപറയാന്‍ വരുമ്പോള്‍ ഞാനിവിടെ വന്നിട്ടേയില്ലെന്ന്‌ ഒന്നു പറഞ്ഞേക്കണേ.

(നാളെ ഞാനും ഉണ്ടാക്കി നോക്കാം. വയറു ചീത്തായില്ലേല്‍ വന്നു വെവരം പറയാം ട്ടോ)

ബിന്ദു കെ പി said...

ശ്രീ, ആദര്‍ശ് : രണ്ടുപേരും ഈ പുതുമുഖത്തെ ഒന്നു പരിചയപ്പെട്ടുനോക്കൂ...

മൂര്‍ത്തി : ഇത് തമിഴ്നാട്ടിലും കിട്ടുമോ? ഇപ്പോഴാണ് അറിയുന്നത്. നന്ദി.
എത്രപേർക്ക് തികയുമെന്നൊക്കെ പറയാൻ മാത്രമുള്ള പ്രൊഫഷണൽ വിവരം കമ്മിയാണ്. എങ്കിലും ശ്രമിക്കാം.

ഹരീഷ് തൊടുപുഴ : തീർച്ചയായും മടിച്ചുനിൽക്കാതെ പരീക്ഷിയ്ക്കൂ...

സ്മിത: ചമ്മന്തിയെപ്പറ്റി അടുത്തുതന്നെ എഴുതാം.

മാണിക്യംചേച്ചി, ഗീതച്ചേച്ചി:
ചതിച്ചോ ന്റെ പുത്തൻ‌വേലിത്തേവരേ, അടുക്കളത്തളം അടച്ചു സക്ഷയിടേണ്ടി വരുമോ? :) :)

മാണിക്യം said...

ആ പറഞ്ഞ അളവില്‍
ഇരട്ടി ഉണ്ടാക്കിയിട്ട് ചുട്ടത് ചുട്ടത് ചൂടോടെ തിന്നതു കൊണ്ട് എത്ര ദോശ ചുട്ടു എന്നറിയില്ല്.
സംഭവം വന്‍ വിജയം ...
ഉഗ്രന്‍ റ്റേസ്റ്റ് .
സാദാസാമ്പാറും ചമ്മന്തിയും ....
[മക്കള്‍ ഒരു കണ്‍ഗ്രാ തന്നു ബിന്ദുവിന്]

ഊണു മേശയില്‍ നിന്ന്
“വിത്യസ്താനാമൊരു ദോശയാമിവനേ .....”
എന്ന് പാരടി ഉയരുന്നുണ്ടായിരുന്നു

അതു തിന്നിട്ട് വന്നപ്പോള്‍ ഗീതയെ കണ്ടു രഹസ്യമായി പറഞ്ഞതാ ദേ കിടക്കുന്നു ..
ബിന്ദൂസേ നന്ദി :)

മുരളീധരന്‍ വി പി said...

ഞങ്ങളുടെ ഷാരത്തും കുട്ടിക്കാലത്ത് വല്ലപ്പോഴും വന്നെത്തുന്നൊരു അതിഥിയാണിത്. ബിന്ദു പറഞ്ഞ അളവില്‍ കൂടി ഒന്നു പരീക്ഷിച്ചു നോക്കട്ടെ....

Unknown said...

വീട്ടില്‍ മുന്‍പൊക്കെ മാവ് അരച്ചുവക്കാന്‍ മറന്നു പോയാല്‍ അമ്മ പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷണം ആയിരുന്നു ഇതു. ഞങ്ങള്‍ ഇതിന് വരട്ടി (as a noun) എന്നാണ് പറയുക. മറ്റു വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കട്ടെ.. thank you..

Anonymous said...

kollllao :)

Anonymous said...

ente veetil ithu undkakarundu bindhu chechi.njangal parayunna peru oratti enna.thoram parippu cherkkarillla.

BINOY C NAIR said...

അല്പം കായം കൂടി ചേർത്ത് നോക്കൂ

സ്മെൽ ബുദ്ധിമുട്ട് ഇല്ലാത്തവർക്കു ഒരു ചെറിയ അല്ലി വെളുത്തുള്ളി ചേർത്തു നോക്കാവുന്നതാണ്

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP