Tuesday, October 21, 2008

തേങ്ങ ചുട്ടരച്ച ചമ്മന്തി

ആവശ്യമുള്ള സാധനങ്ങൾ :

തേങ്ങ - ഒരു മുറി
പിന്നെ ആവശ്യത്തിന് ചുവന്നുള്ളി,മുളക്, പുളി, കറിവേപ്പില, ഉപ്പ്.

ഉണ്ടാക്കുന്ന വിധം:

തേങ്ങ ചുട്ടെടുക്കുകയാണ് ആദ്യം വേണ്ടത്. വിറകടുപ്പിൽ ഇതെളുപ്പമാണ്. കനലിലേയ്ക്കിട്ടു കൊടുത്താൽ മതി. എന്നുവച്ച് ഗ്യാസടുപ്പ് മാത്രമുള്ളവർക്കും ചുട്ടരച്ച ചമ്മന്തി കഴിയ്ക്കേണ്ടേ?
തേങ്ങ ആദ്യം തന്നെ കുറച്ചു വലിയ പുളുകളായി പൂളിയെടുക്കുക. ഇതിന് വൈദഗ്ദ്ധ്യം കുറഞ്ഞവർക്ക് ഒരു വഴിയുണ്ട്:
(എക്സ്‌ഹോസ്റ്റ് ഫാൻ ആദ്യം തന്നെ ഓൺ ചെയ്തിടാൻ മറക്കേണ്ട..)
താഴെയുള്ള ഫോട്ടോയിൽ കാണുന്നതുപോലെ തേങ്ങാമുറിയുടെ ചിരട്ടയുള്ള ഭാഗം തീയിൽ പിടിക്കുക. ഇടയ്ക്കിടെ തിരിച്ചും മറിച്ചും പിടിക്കണം. ചെറിയൊരു പൊട്ടലും ചീറ്റലും പുകയുമൊക്കെ ഉണ്ടാവും. പേടിക്കേണ്ട.



കുറച്ചു കഴിയുമ്പോൾ ചിരട്ട അടർന്നുപോരും. ദാ, ഇതുപോലെ:



ഇനി പൂളിയെടുക്കാൻ വളരെ എളുപ്പമാണ്. പൂളുകൾ ഒരു കമ്പിയിലോ കത്തിമുനയിലോ കുത്തിയെടുത്ത് തീയിൽ തിരിച്ചും മറിച്ചും കാണിച്ച് ചുട്ടെടുക്കുക.



എല്ലാ പൂളുകളും ഏതാണ്ട് ഇതേ പരുവത്തിലാക്കുക:



ചുവന്നുള്ളി തൊലി കളഞ്ഞതും മുളകും (മുളക് മേൽ പറഞ്ഞതുപോലെ ചുട്ടെടുക്കുകയാണെങ്കിൽ നല്ലത്) കറിവേപ്പിലയും കൂടി ചീനച്ചട്ടിയിൽ ഇട്ട് ഒന്നു ചെറുതായി വാട്ടിയെടുക്കുക. എണ്ണയൊന്നും ഒഴിയ്ക്കേണ്ട.



പിന്നെ എല്ലാം കൂടി അവശ്യത്തിന് പുളിയും ഉപ്പും ചേർത്ത്, കഴിയാവുന്നത്ര വെള്ളം കുറച്ചൊഴിച്ച് അരച്ചെടുക്കുക. അവസാനം ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്തിളക്കുക. ചമ്മന്തി തയ്യാർ! കഞ്ഞിയ്ക്ക് ഏറ്റവും അനുയോജ്യം.



കുറിപ്പ്:

പണ്ട്, അമ്മിയിൽ അരച്ചിരുന്ന കാലത്ത്, ചമ്മന്തി അരച്ചുകഴിഞ്ഞ് അമ്മി കഴുകുന്നതിനു മുൻപ് ഒരു ഉപോല്പന്നം കൂടി ഉണ്ടാക്കും: കുറച്ചു ചോറ് അമ്മിയിൽ ഇട്ട് ചമ്മന്തിയുടെ ബാക്കി പറ്റിപ്പിടിച്ചു നിൽക്കുന്നതും കൂട്ടി കുഴച്ചുരുട്ടിയെടുക്കും! “അമ്മിച്ചോറ്” എന്നാണ് ഇതിനെ വിളിച്ചിരുന്നത്. അമ്മിച്ചോറിന്റെ രുചി ഇന്നും നാവിൽ തങ്ങിനിൽക്കുന്നു...

53 പേർ അഭിപ്രായമറിയിച്ചു:

നരിക്കുന്നൻ said...

ഇന്ന് ഈ ചമ്മന്തി എന്റെ വീട്ടിലെ അടുക്കളയിലും പ്രതീക്ഷിക്കാം.

ഞാന്‍ ആചാര്യന്‍ said...

ശ്രീമതി ബിന്ദു കെ പി, അമ്മിയില്‍ അരച്ചുരുട്ടിയെടുക്കുമ്പോള്‍ എന്താ രുചി, മിക്സിയില്‍ അരച്ചാല്‍ വെള്ളം കൂടും, തേങ്ങ വേവും, അപ്പോള്‍ രുചി കുറയില്ലെ? അമ്മിക്കല്ലില്ലാതെ എന്താ വഴി? ഇഞ്ചി - ഉള്ളി ഒക്കെ മാന്വലായി ചതച്ചെടുക്കുന്ന ഒരു സംഭവം ഉണ്ടല്ലോ

Kaithamullu said...

ബിന്ദൂ,
തേങ്ങ കൊപ്രയാക്കുന്ന വിദ്യക്ക് നന്ദി.
എല്ലാം കൂടി ഗ്രൈന്‍ഡ് ചെയ്തെടുത്താ മതിയല്ലൊ, എന്നിട്ട് വെളിച്ചെണ്ണ ചേര്‍ക്കാം.
(നാവില്‍ വെള്ളമൂറുന്നൂ, എന്നാ പോട്ടെ ഊണു കഴിക്കാന്‍!)

കാസിം തങ്ങള്‍ said...

ഇതോടൊപ്പം കുറച്ച് ഉണക്കചെമ്മീന്‍ കൂടി ചേര്‍ത്താല്‍ എങ്ങനെയുണ്ടാവും. ‘അമ്മിച്ചോറ്’ നല്ലം രസം തന്നെ. അമ്മിച്ചോര്‍ തിന്നാല്‍ കല്യാണത്തിന് മഴ പെയ്യുമെന്ന് പറഞ്ഞ് ചെറുപ്പത്തില്‍ എല്ലാവരും കളിയാക്കുമായിരുന്നു. ഞങ്ങളുടെ ഏരിയയില്‍ പഴമക്കാര്‍ അങ്ങനെ പറയാറുണ്ട്.

Lathika subhash said...

ബിന്ദൂ,
ചമ്മന്തി അസ്സലായിരിക്കുന്നു.
വെറും ഒരു പാചകക്കുറിപ്പല്ല, ഇത്.
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റ്. അഭിനന്ദനങ്ങള്‍!

The Common Man | പ്രാരബ്ധം said...

ഒരു ശകലം വാളംപുളി കൂടിയുണ്ടെങ്കിലല്ലേ അതിന്റെയൊരു ഇത്‌? ഏത്‌?

Rejeesh Sanathanan said...

ബിന്ദൂ അരച്ച് വന്നപ്പോള്‍ അല്പം വെള്ളം കൂടിപോയോ? അതൊ ഇങ്ങനെ തന്നെയാണോ ഇരിക്കുന്നത്?

nandakumar said...

ഇതെന്താദ്? വൈറ്റ് വാഷ് ചെയ്ത നാളികേരമോ? ദാ പിന്നെ കരിഓയല്‍ പൂശാന്‍ നോക്കിയിരിക്കുന്നു. മുഴുവനായില്ല.ഭാഗ്യം :)

ചുടാന്‍ നേരം കിട്ടാറില്ല. അതോണ്ട് തേങ്ങ ചുടാതെ ഉണ്ടാക്കും. പ്രാരബ്ദം പറഞ്ഞ വാളന്‍ പുളിയും ചേര്‍ത്ത്
(എടാ പ്രാരാബ്ദമേ എന്റെ വീട്ടീന്ന് അന്ന് രാത്രി തേങ്ങ ചമ്മന്തി കഴിച്ചത് നിനക്കൊന്നും ഇപ്പോ ഓര്‍മ്മയില്ലല്ലേ? ഇനി അങ്ങോട്ട് ചിരട്ടപുട്ട് കഴിക്കാന്‍ വാ. ശരിയാക്കിത്തരാം നിന്നെ..)

Sarija NS said...

ഈ ബിന്ദ്വേച്ചീനെ എന്താ ചെയ്യാ? അല്ലെങ്കില്‍ തന്നെ മനുഷ്യന്‍ വീട്ടിന്നിറങ്ങിയാല്‍ പിന്നെ പണ്ട് വേണ്ടാത്ത സാധങ്ങളൊക്കെ കണ്ട് കൊതിപിടിക്കും. കണ്ണുള്ളപ്പോ കണ്ണിന്റെ കാഴ്ചയറീയില്ല എന്നത് പോലെ. ഇനീം പോരട്ടെ ബിന്ദ്വേച്ചി അടുത്ത നൊസ്റ്റാള്‍ജിക് ഐറ്റംസ്

അരുണ്‍ കരിമുട്ടം said...

എഴുതി എടുത്തിട്ടുണ്ട്.ഇന്നിതാ പരീക്ഷണം.എന്താവുമോ എന്തോ?

ശ്രീ said...

ചമ്മന്തി എന്തായാലും ശരി, അതെന്റെയൊരു വീക്ക്‍നെസ്സ് ആണ്.

കൊതിയാകുന്നു... :(

ജെ പി വെട്ടിയാട്ടില്‍ said...

ചമ്മന്തി ഉണ്ടാക്കി ബിന്ദു....
പക്ഷെ എന്റെ പെംബ്രന്നൊത്തി സഹായിച്ചില്ല...
അതിനാല്‍ രുചി മുഴുവന്‍ വന്നില്ല..
പക്ഷെ “അമ്മിച്ചോറ്” കലക്കി...... അടിപൊളി...
ഇന്നെ വൈകുന്നേരം വീണ്ടും പരീക്ഷിക്കുന്നു....
നന്നായാല്‍ മോള്‍ക്ക് എറണാംകുളത്തെക്ക് പാര്‍സല്‍ അയക്കാന്‍ പരിപാടി ഉണ്ട്.....
തേങ്ങ ചുട്ടത് ഞാന്‍ തിന്നപ്പോള്‍ നല്ല സ്വാദുണ്ടായിരുന്നു...

ബിന്ദു കെ പി said...

നരിക്കുന്നൻ- നന്ദി. ഇന്ന് കഞ്ഞിയും ചമ്മന്തിയും ആവട്ടെ അല്ലേ.

ആചാര്യൻ- അമ്മിയില്ലെങ്കിൽ മിക്സിയിൽ അരയ്ക്കുക എന്നല്ലാതെ വെറെ ഒരു വഴിയുമില്ല. മാമ്പലായി ചതയ്ക്കുക എന്നു പറഞ്ഞാലെന്താണ്? മനസ്സിലായില്ലല്ലോ...

കൈതമുള്ള്- ഹ..ഹ ഞാനിപ്പോൾ ചമ്മന്തി കൂട്ടി ഊണു കഴിച്ചതേയുള്ളൂ.

കാസിം തങ്ങൾ- ഉണക്കച്ചെമ്മീൻ ചേർത്ത് അരയ്ക്കുന്നതും നല്ലതാണ്. ഞാൻ പരീക്ഷിച്ചിട്ടുണ്ട്.

പിന്നെ എന്റെ കല്യാണത്തിന് പൊരിവെയിലായിരുന്നു കേട്ടോ. :) :)

ലതിച്ചേച്ചി- ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍! അതു തന്നെയാണ് ഈ ബ്ലോഗിനു പിന്നിലുള്ള യഥാർത്ഥ പ്രചോദനം.

The Common Man|പ്രാരാബ്ധം- വാളം പുളി ഉണക്കിയത് തന്നെയല്ലേ പുളിയായി നമ്മൾ ഉപയോഗിക്കുന്നത്? അതോ ഫ്രെഷ് പുളിയാണൊ ഉദ്ദേശിച്ചത്?

മാറുന്ന മലയാളി- മിക്സിയിൽ അരയ്ക്കുന്നതിന്റെ ന്യൂനതയാണത്. അമ്മിയിൽ അരയ്ക്കുകയാണെങ്കിൽ ശരിക്ക് ഉരുട്ടിയെടുക്കാവുന്ന പരുവത്തിൽ കിട്ടും.

നന്ദകുമാർ- :) :)
വാളമ്പുളി എന്നാൽ എന്ത്? രണ്ടു വാചകത്തിൽ കുറയാതെ നിർവ്വചിക്കുക.

സരിജ- ആ പറഞ്ഞതു വളരെ ശരി. പിന്നെ നൊസ്റ്റാള്‍ജിക് ഐറ്റംസ് എന്ന പേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ..

ബിന്ദു കെ പി said...

അരുൺ- എന്താവാൻ? ചമ്മന്തിയാകും! അത്രതന്നെ!

ശ്രീ- :)

ജെപി : ഓഹോ, അങ്കിൾ ഇത്ര പെട്ടെന്ന് ഉണ്ടാക്കിക്കഴിഞ്ഞോ?

nhalil edavalath said...

Thenga chuttaracha chammanthi enna prayogathil oru vykalyamundu....athu pratyayasastraparamaya onnanu...vadakkan malabaril ketta tenga chutta chammanthiyanu...athukondu, thenga chuttaracha chammanthi enna prayogathinte saarvaloukikatha nashtamakunnu...kevalam pradesikamaya oru aruchibhedamayi matram njangal malabarikal Binduvinte ee pareekshanathe vilayiruthendi varum...athu maatramalla bhakshanasadhanangalil maayam cherkkan nadakkunna itharam imperialist sramangalkkethire ESMA upayogikkan bhakshya mantri mararasri Divakaran Mahodayanod aavasyappedan Achummamanod abhyarthikkunnu.....laalsalam

പ്രയാസി said...

ചുട്ടരച്ച ചമ്മന്തി മാത്രമുണ്ടേല്‍ എനിക്കതു മതി
ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ പഴയതു പോലെ അരച്ചു ചമ്മന്തിയുണ്ടാക്കാനൊന്നും ഉമ്മക്കു വയ്യ, ഞാനരച്ചു കൊടുത്തു, പക്ഷെ ഉമ്മ അരച്ചുണ്ടാക്കുന്ന ആ രുചി കിട്ടിയില്ല..:(
ഇനി ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കട്ടെ,
താങ്കു ബിന്ദുജി

ശ്രീലാല്‍ said...

ഇന്ന് എന്റെ അടുക്കളയിൽ മിക്കവാറും തേങ്ങ പൊട്ടിത്തെറിക്കും. :)

Unknown said...

ആ ഹാ കൊള്ളാലോ ! ഞങ്ങള്‍ ദിവസവും രാത്രി ഹോസ്റ്റലില്‍ കഞ്ഞിയാ വെക്കാ ... കൂടെ വല്ല മാങ്ങാ അച്ചാറോ,നാരങ്ങ അച്ചാറോ ഉണ്ടാവും ( വേറെ ഒന്നും ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയില്ല!) ഇന്നിനി ബിന്ദു ചേച്ചിയുടെ ചമ്മണ്ടി കുറിപ്പ് കിട്ടിയ സ്ഥിതിക്ക് അതൊന്നു പരീക്ഷിച്ചാലോ

പക്ഷെ

ഈ ഭാഗം വായിച്ചപ്പോ ചെറിയ ഒരു പേടി '''ചെറിയൊരു പൊട്ടലും ചീറ്റലും പുകയുമൊക്കെ ഉണ്ടാവും. പേടിക്കേണ്ട.''

ഗുലുമാലാവോ ചേച്ചീ ??

Radheyan said...

ഇതിന്റെ നിറം ഇതാണോ.കുറച്ച് കൂടി കറുത്താല്‍ നന്നാകും.പുളിയും അധികം വേണം.ഒന്നു രണ്ട് കുരുമുളക്,കറിവേപ്പിലയുടെ കൂടെ ഒരു നാരകത്തിന്റെ ഇല എന്നിവ രുചിയും മണവും കൂട്ടും.

കര്‍ക്കിടകം,തുലാം- തോരാമഴക്കാലങ്ങളായ പഞ്ഞമാസങ്ങളില്‍ രാത്രി അത്താഴത്തിന് ബെസ്റ്റ്.പപ്പടം തൈര് എന്നിവ ബെസ്റ്റ് കോമ്പിനേഷന്‍.

smitha adharsh said...

ചേച്ചീ...ഞാന്‍ ദേ,ഇപ്പൊ തന്നെ ഉണ്ടാക്കി..വായിച്ചിട്ട് പോയി,ഉണ്ടാക്കി നോക്കി..എന്നിട്ട് കമന്റ് എഴുതാംന്നു വിചാരിച്ചു..
സുപ്പെര്‍...സുപ്പെര്‍
പണ്ടു,അച്ഛമ്മയും,അമ്മയും ഒക്കെ ഉണ്ടാക്കി തന്നിട്ടുണ്ട് ഇത്..ഞാനും,പഴയ കാലത്തേയ്ക്ക് തിരിച്ചു പോയി...
ഈ അമ്മിച്ചോര്‍... എനിക്ക് പുതിയ ഐറ്റം ആണ് കേട്ടോ..
തേങ്ങ അരച്ച് കൊണ്ടിരിക്കുമ്പോള്‍,അമ്മിയില്‍ നിന്നു എടുത്തു കഴിച്ചാല്‍ മഴ പെയ്യുംന്നാ ഞങ്ങളുടെ നാട്ടില്‍..
കാസിം ഭായിയുടെ നാട്ടില്‍ അങ്ങനെയും..
നന്ദി ബിന്ദു ചേച്ചി..

അനില്‍@ബ്ലോഗ് // anil said...

ഇതു കൊള്ളാം.

എന്റ്റെ ഇഷ്ട വിഭവം.

പാമരന്‍ said...

അയ്യോ ഇതെന്‍റെ ഫേവറേറ്റ്‌ ചമ്മന്തിയാണല്ലോ... ഈ ചമ്മന്തിയുണ്ടേല്‍ പിന്നെ വേറൊരു കറിയും വേണ്ട! ഒരു കലം ചൂടുചോറുമാത്രം മതി! thanks!

siva // ശിവ said...

ഒരു നാള്‍ ഇതൊക്കെ ഉണ്ടാക്കി കഴിക്കണം....ഇതൊക്കെ കഴിച്ചിട്ട് ഒരുപാട് നാളായി...

Jayasree Lakshmy Kumar said...

ബിന്ദു, ശരിക്കും കൊതിപ്പിച്ചു. മിക്സിയിലരക്കുന്നതിനേക്കാൾ കല്ലിലരച്ചുണ്ടാക്കുന്ന കറികൾക്ക് രുചിയൊന്നു വേറേ. ഹോളിഡെയ്സിനു നാട്ടിൽ പോയാൽ ഇതു തന്നെ പണി. പക്ഷെ ഇവിടെന്തു ചെയ്യാൻ. ഏതായാലും അടുത്ത വർഷം നാട്ടിൽ ചെല്ലുമ്പോൾ ഇതൊന്നു പരീക്ഷിച്ചിട്ടു തന്നെ. തേങ്ങാ ചമ്മന്തി ഉണ്ടാക്കാറുണ്ടെങ്കിലും ചുട്ടരച്ച ചമ്മന്തി ഉണ്ടാക്കീയിട്ടില്ല. അടുത്ത വട്ടം അതുറപ്പ്

പിന്നെ കൊപ്ര ഉണ്ടാക്കുന്ന ഈ ടിപ്പിന് പ്രത്യേകം നന്ദി

ജിജ സുബ്രഹ്മണ്യൻ said...

ചുട്ടരച്ച ചമ്മന്തി ഇടക്ക് ഉണ്ടാക്കാറുണ്ട്..കഞ്ഞീം ചമ്മന്തീം ...എന്നാലും ഈ ചമ്മന്തി ഇഷ്ടമായി ബിന്ദൂ
അമ്മിച്ചോറ് പ്രത്യേകിച്ചും ഇഷ്ടമായി

[ nardnahc hsemus ] said...

ചുട്ടരച്ച ചമ്മന്തികൂട്ടി കാലത്തെ കഞ്ഞി മോന്തി...

ഉം.... കലക്കന്‍!

കിഷോർ‍:Kishor said...

വായിച്ചു വെള്ളമിറക്കാം.... :-)

ബിന്ദു കെ പി said...

meghanad : ഹോ, വായിച്ചെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി!
പ്രാദേശികമായ ഈ അരുചിഭേദത്തിനും ഭക്ഷണത്തിൽ മായം ചേർത്തതിനും ഈ ഒരു പ്രാവശ്യം പൊറുക്കുക. അച്ചുമ്മാവനോട് പറയല്ലേ...പ്ലീസ്..ലാൽ‌സലാം..:) :)

പ്രയാസി : എന്തായാലും ഉമ്മ ഉണ്ടാക്കുന്ന അത്ര രുചി ഇതിനും ഉണ്ടാവില്ല.

ശ്രീലാൽ : ഈശ്വരോ രക്ഷതു! :) :)

സാബിത്ത് : തേങ്ങ നന്നായി പൂളിയെടുക്കാൻ പറ്റുമെങ്കിൽ ആദ്യത്തെ പൊട്ടൽ ചീറ്റൽ ഘട്ടം ഒഴിവാക്കിക്കോളൂ..:)

രാധേയൻ : ശരിയാണ്, വിറകടുപ്പിൽ ചുട്ടുണ്ടാക്കുന്നതിന് കുറച്ചുകൂടി കറുപ്പുനിറം ഉണ്ടാ‍വാറുണ്ട്.

സ്മിത : ജോലിത്തിരക്കിനിടയിലും ഇത്രവേഗം ഇതു പരീക്ഷിക്കാനും പറ്റിയോ..?മിടുക്കി.

അനിൽ : നന്ദി

പാമരൻ : ഹ..ഹ. അതു കലക്കി.

ശിവ : അതിനിനി നാളും മുഹൂർത്തവുമൊന്നും നോക്കണ്ട. :) :)

ലക്ഷ്മി : നാട്ടിലുണ്ടാക്കുന്ന രുചി ഉണ്ടാവില്ലെങ്കിലും അത്യാവശ്യത്തിന് എവിടെയയാലും ഇത് ഉണ്ടാക്കാവുന്നതേയുള്ളൂ.

കാന്താരിക്കുട്ടി: ഇഷ്ടായതിൽ സന്തോഷം

nardnahc hsemus : :) നന്ദി വന്നതിന്.

കിഷോർ : :) :)

മുസാഫിര്‍ said...

കഞ്ഞിയുടെ വെള്ളം ആദ്യം വലിച്ചു കുടീക്കുക,എന്നിട്ട് തേങ്ങ ചമ്മന്തി വടിച്ച് അതില്‍ ഇടുക.രണ്ടും കൂടി കൂട്ടിക്കുഴച്ച് ശാപ്പിടുക.
എന്നിട്ട് കൈ ട്രൌസറില്‍ തുടച്ച് കളിക്കാനോടുക.
.വേറൊന്നുമില്ല.ബിന്ദുവിന്റെ ഈ പോസ്റ്റ് കണ്ടപ്പോള്‍ കുട്ടിക്കാലം ഒന്ന് ഓര്‍ത്ത് പോയതാണ്.

Ranjith chemmad / ചെമ്മാടൻ said...

മുളക് ചുട്ടരച്ച് അമ്മ ഉണ്ടാക്കിത്തരാറുണ്ട്...
ഇത് എനിക്ക് കിട്ടീട്ടില്ലാ...

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

കുറ്റ്യാടിക്കാരന്‍|Suhair said...

തല്‍ക്കാലം ഇതുണ്ടാക്കാനുള്ള സെറ്റപ്പ് ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാന്‍ ട്രൈ ചെയ്യുന്നില്ല, ഫേവറിറ്റ്സിലേക്ക് കേറ്റിയിടുന്നു.
പിന്നെ ഉണ്ടാക്കാം...

നന്ദി ചേച്ചി...

ഗുരുജി said...

ഈ പോസ്റ്റുകള്‍ ഒരു ചേച്ചിയുടെ സാമീപ്യം തരുന്നുണ്ട്...എഴുതുമ്പോള്‍ ഒരുപാടു സഹോദരങ്ങളെ മനസ്സില്‍ കാണുന്നതുകൊണ്ടാകാം...അല്ലേ? ഇതൊക്കെ പ്രിന്റ് എടുത്തുവെച്ചു പ്രയോഗിക്കേണ്ടി വരുന്നുണ്ട്....നന്ദി.

ജെസില്‍ said...

ബിന്ദുചേച്ചി... ചമ്മന്തിയും ചൂടുള്ള ചോറും.., അതു എന്നും എന്റെ ഒരു ഇഷ്ട വിഭവമാണ്. പിന്നെ എനിക്കിഷ്ടപെട്ട മറ്റൊരു ചമ്മന്തി; പണ്ടു വീട്ടില്‍ വന്നിരുന്ന “ലളിത“ ചേച്ചി ഉണ്ടാക്കി തന്നിരുന്ന പച്ച കുടമ്പുളി ചുട്ട് അമ്മിയില്‍ വച്ചരച്ച ചമ്മന്തി.. ഹൊ അങ്ങിനെ എന്തെല്ലാം നാടന്‍ രുചികള്‍.. ഒറ്റ നിമിഷംകൊണ്ട് ഗൃഹാതുരതയുടെ കുറേ നല്ല ഓര്‍മകള്‍ സമ്മാനിച്ച കുറിപ്പ്.

jijijk said...
This comment has been removed by the author.
jijijk said...

ഹായ്, എന്താ കഥ! സ്റ്റൈല് റെസിപ്പികള്‍! ഈ ചമന്തിയുടെ ഒരു variation കുട്ടികാലത്തു കഴിച്ച പോലെ ഓര്‍മ്മ. അതില്‍ മുളകിന്റെ എരിവ് ഇത്തിരി കുറവായിരുന്നു; പകരം ഇഞ്ചിയുടെ എരിവ് മുന്നിട്ടു നിന്ന ടേസ്റ്റ്. അപ്പോള്‍ ഒരു മുളകു മാറ്റി ഒരു ഇഞ്ചു ഇഞ്ചി ഇട്ടാല്‍ എന്താകും എന്നാണു ഐഡിയ. അബദ്ധമാകുമോ?

എതിരന്‍ കതിരവന്‍ said...

രാധേയന്‍ പറഞ്ഞതുപോലെ നാരകത്തില ചേരത്തരയ്ക്കുന്ന പതിവുണ്ട്. വത്തല്‍ മുളകും ഒന്നു ചുട്ട് എടുക്കുകയാണു പതിവ്. അരസ്പൂണ്‍ മല്ലി ചേറ്ക്കാറുമുണ്ട്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതിനേക്കാല്‍ കറുത്തനിറം കാണും.

സ്വല്‍പ്പം ചീത്തയായ് തേങ്ങയ്ക്കും (വാടയ്ക്കാ തേങ്ങ എന്നു പറയും)ഈ ട്രീറ്റ്മെന്റ് കൊടുത്ത് ‘എരിവന്‍ പുളിവന്‍” ആക്കാറുണ്ട്.

കുറുമാന്‍ said...

കൊള്ളാം ഈ ചമ്മന്തി റെസീപ്പി. തേങ്ങ ചുട്ടെടുക്കുന്ന സൂത്രം പറഞ്ഞ് തന്നതിനു നന്ദി.

പിന്നെ ഇതിലേക്കാളും സ്വാദുള്ള ഒരു ബൈപ്രൊഡക്റ്റ് ഉണ്ട്.

മീന്‍ വറുത്ത ചട്ടിയില്‍ ചോറിട്ട്, ക്ഷമയുണ്ടെങ്കീല്‍ മീന്‍ വറുത്തതിനുശേഷം മിച്ചം വന്ന എണ്ണയില്‍ അഞ്ചെട്ട് ചെറിയുള്ളി തൊലികളഞ്ഞത് ചതച്ചതിട്ട് മൂപ്പിക്കുക. അതില്‍ ചോറിട്ട് ഇളക്കി ചൂടോടെ വാരി അടിക്കുക......ഹൌ എന്തൊരു സ്വാദ്. ഇപ്പോള്‍ കൊളസ്റ്റ്രോള്‍ ഇല്ലെങ്കിലും വന്നാലോ എന്ന പേടിയ്യാല്‍ ഒഴിവാക്കാറാണ് പതിവ്. പക്ഷെ എന്നാലും ഇടക്കൊക്കെ അത് ചെയ്യാറുണ്ട്.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ബിന്ദു എന്നെ എന്റെ കുട്ടിക്കാലത്തിലേയ്ക് കൂട്ടിക്കൊണ്ട് പോയി.അന്ന് എന്നും രാത്രിഭക്ഷണം നല്ല ആവി പറക്കുന്ന ചമ്പാവരി കഞ്ഞിയും,തേങ്ങ ചുട്ടരച്ച ചമ്മന്തിയും,ചുട്ട പപ്പടവും,അഡീഷണലായി ഒരു ചെറുപയര്‍ തോരനും.ഇത്ര പോഷകഗുണമുള്ള ഭക്ഷണം നാം മറന്നിരിക്കുന്നു(ഡാ.സി.ആര്‍.സോമന്‍ സാറിന്റെ അഭിപ്രായമാണിത്). ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍ നിന്ന് തലയൂരാന്‍ പറ്റാതെ നില്‍ക്കുന്ന മലയാളിക്ക് ഇതൊന്നും പറഞ്ഞാല്‍ തലയില്‍ കേറില്ല.പേരറിയാന്‍ പറ്റാത്ത രോഗങ്ങള്‍ ഇതിന്റെയൊക്കെ after effect.
കഞ്ഞി കോരി കുടിക്കാന്‍ പ്ലാവില കോട്ടി ഉണ്ടാക്കുന്ന കരണ്ടിയും.
നന്ദി ബിന്ദു.
ആശംസകളോടെ,
വെള്ളായണി

കുഞ്ഞന്‍ said...

ബിന്ദു ജീ..

കഴിഞ്ഞ പോസ്റ്റില്‍ ചുട്ട ചമ്മന്തി ഉണ്ടാക്കാമൊ എന്നു ചോദിച്ചേയുള്ളൂ,ക്ഷിപ്ര ഫലം..!

സാധാരണ തേങ്ങ ചുട്ട ചമ്മന്തിയുണ്ടാക്കുന്നത് കൊട്ടത്തേങ്ങയൊ അല്ലെങ്കില്‍ ഇത്തിരി മോശമായതൊ ആണ്, ഇത്തരം തേങ്ങകള്‍ ചെരവാന്‍ പറ്റില്ല ആയതിനാല്‍ പഴമക്കാര്‍ തേങ്ങ കളയാതെ പാതിയന്‍ പുറത്ത്(അടുപ്പ് ഇരിക്കുന്ന സ്ഥലം) വച്ചിരിക്കും. അത് അവിടെയിരുന്ന് ചൂടുകൊണ്ട് പിന്നെ ഒരു കുഴപ്പം കൂടാതെ അങ്ങിനെ ദിവസങ്ങളോളം ഇരിക്കും. ഈ കളക്ഷനില്‍ നിന്നാണ് ചുട്ട ചമ്മന്തിയുണ്ടാക്കാന്‍ എടുക്കാറ്.

ബിന്ദു.. ഇത്തിരികൂടി ചുട്ടാല്‍ (കൂടുതല്‍ കറുക്കുന്നതുവരെ)കൂടുതല്‍ സ്വാദ് ഉണ്ടാകും. അതുപോലെ ഒരു ചെറിയ കഷണം ഇഞ്ചി കൂടി ചുട്ടെടുത്തതുകൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

ഇവിടെ ഞാന്‍ ചെയ്യുന്ന വിദ്യ, ഗ്യാസ് സ്റ്റൌവില്‍ തീയ് ഏറ്റവും കുറച്ചു വച്ചിട്ട് ആ ബര്‍ണറിന്റെ മുകളിള്‍ ഒരോ സാധനങ്ങളും വക്കും. ഇങ്ങിനെ ചെയ്യുവാന്‍ ക്ഷമ വേണം. പക്ഷെ ഒരു ഗുണമുണ്ട് നമുക്ക് കൈകൊണ്ട് മറച്ചിടാം എന്നുമാത്രമല്ല എല്ലാ വശവും നന്നായി ചുടാന്‍ പറ്റും. ഉള്ളി ചുടുമ്പോള്‍ അതിന്റെ മുകളിലെ തൊലി കളയാതെ വച്ചാല്‍ (അത് കത്തിപ്പോയിക്കോളും)ഉള്ള് കൂടുതല്‍ പൊള്ളിക്കിട്ടും. അതുപോലെ തേങ്ങ കത്തിയാലും കുഴപ്പമില്ല അധികം കരിയാതെ നോക്കിയാല്‍ മതി. അതുപോലെ വെള്ളം ചേര്‍ക്കുന്നതിനു പകരം ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരച്ചെടുക്കും.

ബിന്ദു ടച്ച് വായിക്കുമ്പോള്‍ അമ്മയെ ഓര്‍മ്മ വരും, അതും കുറ്റം ബോധത്തോടെ, കാരണം എന്നും ഇതുപോലത്തെ ഐറ്റംസ് ഉണ്ടാക്കുന്നതിനാല്‍, ഹും എന്നും അമ്മക്ക് ഈ വക കറികള്‍ വക്കാനെ അറിയൂ വായ്ക്ക് രുചിയായി ഒരു ഇറച്ചിക്കറി ഉണ്ടാക്കിത്തരില്ല...ഇത്തരം പരിഭവങ്ങളായിരുന്നു. ഇന്ന് ആ കൈപ്പുണ്യം തിരിച്ചറിയുന്നു,അതുപോലെ അമ്മയുടെ മഹത്വവും..!

ബിന്ദു കെ പി said...

മുസാഫിര്‍, രണ്‍ജിത്, ജയരാജ്,കുറ്റ്യാടിക്കാരന്‍ രഘുവംശി, ജെസില്‍, മെര്‍കുഷിയോ: എല്ലാവർക്കും നന്ദി കേട്ടോ. :) :)

എതിരന്‍ : ഇനി നാട്ടിൽ ചെല്ലുമ്പോൾ നരകത്തില ചേർത്തു നോക്കണം..

കുറുമാൻ: നല്ല ഐഡിയ. പക്ഷേ കൊളസ്ട്രോൾ..

വെള്ളായണിവിജയന്‍ നന്ദി :)

കുഞ്ഞന്‍: വിശദമായ കമന്റിന് നന്ദി.
പണ്ട് സ്വല്പം കേടായ തേങ്ങകൊണ്ടല്ലാതെ നല്ല തേങ്ങകൊണ്ട് ചുട്ടചമ്മന്തി അരച്ചതായി ഓർമ്മ പോലുമില്ല :) :)പാതിയമ്പുറത്ത് സൂക്ഷിച്ചുവയ്ക്കുന്നതടക്കം പറഞ്ഞതത്രയും വളരെ ശരി.

പിന്നെ ഇത്തിരി കൂടി ചുട്ടാൽ കത്തിപ്പോവുമെന്ന പേടികൊണ്ടാണ് നിറുത്തിയത്.
അവസാനം പറഞ്ഞ വിദ്യകൾ കൊള്ളാം. ഇനി പരീക്ഷിച്ചു നോക്കണം..
പണ്ടത്തെ രുചിയുടെ മഹത്വങ്ങൾ അന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്നു..എത്ര ശരി..
പണ്ട് കപ്പയ്ക്ക(പപ്പായ)മൊളോഷ്യവും മറ്റും ‘അലർജി’യായിരുന്ന എന്റെ അനിയൻ ഇന്ന് ലീവിൽ നാട്ടിൽ പോകുമ്പോൾ നേരത്തേതന്നെ അമ്മയെ പറഞ്ഞേല്‍പ്പിക്കും, ചെല്ലുന്ന അന്ന് കപ്പക്കക്കൂട്ടാൻ മതിയെന്ന്!!

|santhosh|സന്തോഷ്| said...

ഹൊ എന്തുചെയ്യാം!! എന്നും ബര്‍ഗ്ഗറും, പിസ്സയും കെ എഫ് സി ചിക്കനും കഴിക്കുന്ന എനിക്ക് ഇതൊന്നും കഴിക്കന്‍ പറ്റിയിട്ടില്ല. ഉണ്ടാക്കാനും അറിയില്ല.. :(

(അമ്മേ കഞ്ഞി വെളമ്പിക്കോട്ടാ...)

:)

Pongummoodan said...

ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ഇന്ന് ഞാനിത് ചുട്ടരയ്ക്കും. കട്ടായം. :)


ബിന്ദു കെപി. വളരെ നന്ദി.

ഭക്ഷണപ്രിയനായ ഞാൻ ഈ അടുക്കളത്തളം വരെ ഇനി പതിവായി വന്ന് പോവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ :)

Science Uncle - സയന്‍സ് അങ്കിള്‍ said...

ബിന്ദു ചേച്ചിയുടെ ഹസിന് എന്നും കൂശാലു ഭക്ഷണം ആണെന്നു തോന്നുന്നു!!

Anonymous said...

Hi bindhu ....
ende ammaum ethu pole ammiyil choru puratty tharum ayirunnu ..ethavana nattl poyappolum njan kazhichu ..u made me homesick ..still feeling happy to read this post ..Nice chammanthi
love
veena

Anonymous said...

Hi bindhu ....
ende ammaum ethu pole ammiyil choru puratty tharum ayirunnu ..ethavana nattl poyappolum njan kazhichu ..u made me homesick ..still feeling happy to read this post ..Nice chammanthi
love
veena

Anonymous said...

Hi bindhu ....
ende ammaum ethu pole ammiyil choru puratty tharum ayirunnu ..ethavana nattl poyappolum njan kazhichu ..u made me homesick ..still feeling happy to read this post ..Nice chammanthi
love
veena

മാനസ said...

ബിന്ദൂ,ഈ ''ഉപോല്‍പ്പന്നം''എന്റെ അമ്മയും ഉണ്ടാക്കാറുണ്ട്. ഞാന്‍ വിചാരിച്ചു എന്റെ അമ്മക്ക് മാത്രമേ ഈ സംഭവം അറിയതുള്ളൂ എന്ന്....:)

ravanan said...

sambhavam ugran

ravanan said...

sabhavam ugran

Unknown said...

Thanx for the recipe....hav tried mulagu chutta chammanthi...very tasty....athil mulagu ithupole chudum pinne inchi uppu puli thenga cherthu vellam adhikam illathe arakkum...it goes well with kanji....

Kalesh Kumar said...

റെസീപ്പിക്ക് നന്ദി...
ഒറ്റയടിക്ക് അമ്മാമ്മച്ചീടെയടുത്തെത്തി ഞാൻ...

Anonymous said...

mm......njanum try cheythu.. chechi ee chammanthi super. Thank you very much.. onnum ariyathe eniku chilathoke ariyamennu ippo chilarkoke thonni thudangitundu. Enthayalum sambavam adipoli. :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP