Thursday, September 22, 2011

അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)

ചേമ്പില  കീറിയെടുത്ത് ചുരുട്ടി ചെറിയ കെട്ടുകളാക്കുന്നതിനേയണ് അസ്ത്രക്കെട്ട് എന്നു പറയുന്നത്.  കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണ് കേട്ടോ ഇത്. ബുദ്ധിമുട്ടെന്നു പറഞ്ഞാൽ....മല മറിക്കുന്ന പണിയൊന്നുമല്ല. പെട്ടെന്നു ചെയ്തു തീർക്കാൻ പറ്റില്ലെന്നു മാത്രം.
എന്തായാലും, എങ്ങിനെയാണിത്  ചെയ്യുന്നതെന്നു പറയാം:

ആവശ്യത്തിന് ചേമ്പില സംഘടിപ്പിക്കുക. തളിരില നോക്കി എടുക്കണം.
ഇനി, ചേമ്പില ദീർഘചതുരാകൃതിയിലുള്ള കഷ്ണങ്ങളാ‍യി കീറിയെടുക്കുക. (ഇതിന് വേണമെങ്കിൽ കത്രികപ്രയോഗം നടത്താം) .
ഓരോ കഷ്ണവും തെറുത്തെടുത്തശേഷം നടുക്ക് കെട്ടുണ്ടാക്കുക. ഇതാണ് അസ്ത്രക്കെട്ട്. (ചെയ്തു പരിചയമുള്ളവർക്ക് നല്ല ഭംഗിയായി ചെയ്യാൻ പറ്റും. ഞാൻ ചെയ്തത് അത്ര ഭംഗിയായിട്ടില്ല)

ഇങ്ങനെ ആവശ്യത്തിന് അസ്ത്രക്കെട്ടുകൾ തയ്യാറാക്കുക.
ഇനി ഇതുകൊണ്ട് തോരനോ, മൊളോഷ്യമോ, പുളിങ്കറിയോ ഒക്കെ ഉണ്ടാക്കാം.

അസ്ത്രക്കെട്ടുകൊണ്ട് ഞാൻ ഒരു തോരൻ ഉണ്ടാക്കി.

ഉണ്ടാക്കിയ വിധം:

സാധാരണ തോരൻ ഉണ്ടാക്കുന്നതുപോലെ തന്നെ.

ആദ്യം തന്നെ കുറച്ചു തേങ്ങയും കാന്താരിമുളകും ജീരകവും ഉള്ളിയും കൂടി ചതച്ചുവച്ചു.

എന്നിട്ട് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം കുറച്ചു ഉഴുന്നുപരിപ്പിട്ട് മൂപ്പിച്ചു. അതിലേക്ക് അസ്ത്രക്കെട്ടുകൾ ഇട്ട്, കുറച്ചു പുളിവെള്ളം തളിച്ചശേഷം തേങ്ങാമിശ്രിതവും ചേർത്തിളക്കി ചെറുതീയിൽ അടച്ചുവച്ചു. (ചേമ്പിലയ്ക്ക് ചൊറിച്ചിലെങ്ങാനും ഉണ്ടെങ്കിൽ അത് പോവാനാണ് പുളിവെള്ളം തളിക്കുന്നത്). ചൂടുതട്ടുമ്പോഴേക്കും അസ്ത്രക്കെട്ടുകളെല്ലാം ശൂ..ന്നങ്ങ് ചൊട്ടി, നേർപകുതിയാവും. (ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി. ആദ്യത്തെ അളവുപ്രകാരം ഇട്ടാൽ ചിലപ്പോൾ അധികമായിപ്പോവും). വെള്ളം നന്നായി വറ്റിയശേഷം അല്പനേരം കൂടി ചെറുതീയിലിട്ട് ഇളക്കിയിട്ട് തോരൻ വാങ്ങാം. നിങ്ങളുടെ താല്പര്യമനുസരിച്ച് ചേരുവകളിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

അസ്ത്രക്കെട്ട് കൊണ്ടുണ്ടാക്കുന്ന ഈ തോരൻ വളരെ രുചികരമാണ്.


ഇത് അസ്ത്രക്കെട്ട് കൊണ്ടുണ്ടാക്കിയ മൊളോഷ്യം. പരിപ്പ് വേവിച്ചതിൽ അസ്ത്രക്കെട്ടുകളിട്ട് വേവിച്ച്, തേങ്ങയും കാന്താരിമുളകും കൂടി അരച്ചത് ചേർത്ത് യോജിപ്പിച്ചശേഷം വാങ്ങിവച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു. അത്രതന്നെ.

24 പേർ അഭിപ്രായമറിയിച്ചു:

Mélange said...

kandu kothikkaane pattu Bindu.Nalla thalirila thanne bindunte..aa thoran aanu enikku ishtamaayathu.ugran look.

mini//മിനി said...

ചേമ്പില പറിച്ചെടുക്കാൻ പോവുകയാണ്,, നന്ദി.

പഥികൻ said...

ഓഫ് ടോപിക് : ഒരു നേരത്തെ കറിക്കുവേണ്ടി ഇത്രയും പണിപ്പെടുന്നതു worth ആണോ ബിന്ദൂ...സ്ത്രീകളെ(പുരുഷന്മാരെയും) അടുക്കളക്കുള്ളിൽ തളച്ചിടാൻ കണ്ടുപിടിച്ച ഒരു ആന്റ്റി ഫെമിനിസ്റ്റ് വിഭവമാണിത്.

:)

Naushu said...

കൊള്ളാം ....

അനില്‍@ബ്ലോഗ് // anil said...

കുട്ടിക്കാലത്ത് അമ്മൂമ്മ വച്ച് തന്നിട്ടുണ്ട്. പിന്നെ ആർക്കും ഇത് വലിയ പിടിയില്ല.

ബിന്ദു കെ പി said...

ഹ..ഹ..പഥികാ...,ശരിയാ, ഞാൻ മിക്കാവാറും ഫെമിനിസ്റ്റുകളുടെ തല്ല് വാങ്ങിച്ചുകൂട്ടും.
ഇതൊരു മിനക്കെട്ട പണിയാണെന്ന മുൻ‌കൂർ ജാമ്യം നേരത്തേതന്നെ എടുത്തതു നന്നായി :)

ഇന്നത്തെ കാലത്ത് ആരും തന്നെ ഒരു വിഭവമുണ്ടാക്കാൻ വേണ്ടി ഇത്രയും ബുദ്ധിമുട്ടാൻ താല്പര്യപ്പെടില്ല. (ഞാനുൾപ്പെടെ). പണ്ടത്തെ വിഭവങ്ങളെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശം മാത്രമേ ഈ പോസ്റ്റിനു പുറകിൽ ഉള്ളു.

കാസിം തങ്ങള്‍ said...

വീട്ടില്‍ ചേമ്പ് ഉള്ള കാലത്ത് താത്ത (മൂത്ത പെങ്ങള്‍) ഉണ്ടാക്കുമായിരുന്നു ഇതൊക്കെ. മെനക്കെട്ട പണി തന്നെ.

കാസിം തങ്ങള്‍ said...

ട്രാക്കിങ്..... മറന്ന് പോയി

ധനേഷ് said...

തോരന്‍ കഴിച്ചിട്ടുണ്ട്.. പക്ഷേ ഇതു പോലെ കെട്ടിയിട്ട ചേമ്പില, കൊടമ്പുളിയിട്ട് പറ്റിച്ച്(ആളെ പറ്റിച്ചല്ല) വെക്കുന്ന കറിയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.. അത് ഓര്‍മിപ്പിച്ച സ്ഥിതിക്ക് ഇനി വീട്ടിലെത്തുമ്പോള്‍ അമ്മക്ക് പണിയായി.. :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചേമ്പില കൊണ്ടുള്ള കറികള്‍ വയറിന്‌ അസുഖം വരാതിരിക്കാന്‍ നല്ലതാണ്‌
അമ്മ പറഞ്ഞു തന്നതാണെ.
വൈദ്യന്റെ അമ്മ മാത്രമല്ല വൈദ്യന്റെ മകളും ആയിരുന്നു വിഷവൈദ്യ ആയിരുന്ന എന്റെ അമ്മ.
പക്ഷെ ഇതു ആധുനികര്‍ ഗവേഷിച്ചിട്ടുണ്ടൊ എന്നറിയില്ല

ചാര്‍ളി (ഓ..ചുമ്മാ ) said...

ധനേഷിന്റെ കമന്റിനു താഴെ ഒരൊപ്പ്..
നല്ല കുടമ്പുളീയിട്ടു വച്ച തോരന്‍/പീര (മത്തിപ്പീര തോറ്റു പോകും) ആണ് എന്റെ ഫേവറൈറ്റ്..

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.?

Manoraj said...

ഇതല്പം മെനക്കേടാ :) പിന്നെ ചെയ്യുന്നത് നമ്മളല്ലല്ലോ.. എങ്കിലും എനിക്ക് ചേമ്പ് വര്‍ഗ്ഗങ്ങള്‍ അത്ര വലിയ ഇഷ്ടമല്ലാത്തോണ്ട് വിട്ടേക്കുന്നു

mini//മിനി said...

പോസ്റ്റ് വായിച്ച ഉടനെ ചേമ്പില പറിച്ച് അസ്ത്രക്കെട്ട് ഉണ്ടാക്കി തോരൻ വെച്ചു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. പിന്നെ എനിക്ക്മാത്രം ചൊറിച്ചിൽ???

bnair66@gmail.com said...

ആളൊരു പാചകശിരോമണിയാണല്ലോ...
-ഒരു നാട്ടുകാരന്‍ (പുത്തന്‍വേലിക്കരയുടെ സമീപവാസി)
bnair66@gmail.com

Typist | എഴുത്തുകാരി said...

ഒരു സംശയം ചോദിച്ചോട്ടെ, ചേമ്പില വെറുതെ അരിഞ്ഞാലും പോരേ, ഇങ്ങനെ അസ്ത്രക്കെട്ടുകളാക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും?

കുഞ്ഞൂസ് (Kunjuss) said...

ഞാന്‍ ചോദിയ്ക്കാന്‍ വന്നത് എഴുത്തുകാരി ചേച്ചി ചോദിച്ചുല്ലോ ബിന്ദൂ.... അസ്ത്രക്കെട്ടൊക്കെ ആദ്യായിട്ട് കേള്‍ക്കുവാ...നമ്മുടെ പഴമയെ പരിചയപ്പെടുത്തുന്നതിനു നന്ദിയും ഉണ്ട് ട്ടോ...

ബിന്ദു കെ പി said...

എഴുത്തുകാരിച്ചേച്ചീ, കുഞ്ഞൂസ്:
അതിനുത്തരം എനിക്കും വലിയ പിടിയില്ല. കെട്ടുകളായി ഇടുമ്പോൾ പോലും ഇത് വല്ലാണ്ട് ചുരുങ്ങിപ്പോവുന്നുണ്ട്. അപ്പോൾ വെറുതേ അരിഞ്ഞിടുമ്പോൾ ഒരുപക്ഷെ വല്ലാതെ കുഴഞ്ഞുപോകുമായിരിക്കാം.

@മിനി: ചേമ്പില ചിലർക്ക് ചെറിയ ചൊറിച്ചിൽ ഉണ്ടാക്കും. വീട്ടിൽ ഉണ്ടാക്കുമ്പോൾ എനിക്ക് ചെറിയൊരു ചൊറിച്ചിൽ തോന്നാറുണ്ട്. മറ്റാർക്കും ഇല്ല താനും.

jyo.mds said...

ഒട്ടും കേല്‍ക്കാത്ത വിഭവം-ചേമ്പില ഇവിടെ ലഭിക്കാത്തതിനാല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കാനും പറ്റില്ല.

thanks for sharing

yousufpa said...

പുതിയ അറിവ്..

pournami said...

ahaa adhyamyi kanukyaa kollamthnaks chehci

sPidEy™ said...

ഇത് ഇച്ചിരി മെനക്കെട്ട പണിയാണല്ലോ പെങ്ങളെ..
ആദ്യായിട്ട ഇങ്ങിനെ ഒരു തോരനെ പറ്റി കേട്ടത്..
തോരന്‍ ഉഷാരായിരിക്കും... :)

Neema said...

ചിത്രത്തിലെ ചേമ്പില കണ്ടിട്ട് കണ്ടിചേമ്പിന്റെ ഇലയായി തോന്നുന്നു.. വീട്ടില്‍ സാധാരണ ചേമ്പില കൊണ്ടാണ് കെട്ടുണ്ടാക്കാര്.. അത് അത്ര ശ്രമകരമായ ജോലിയായി തോന്നില്ല..

നല്ല തളിര്‍ ചേമ്പില ഇടതു കൈ വെള്ളയില്‍ വച്ചു വലത് കൈ കൊണ്ട് ഒരറ്റത്തുന്നു മറ്റെ അറ്റത്തേക്ക് പതിയെ തെറുത്താല്‍ മതി.. തളിരില പെട്ടെന്ന് തന്നെ (പേപ്പര്‍ കഷ്ണം ചുരുളുന്ന പോലെ) ചുരുണ്ടോളും.. ചേമ്പില കഷ്ണ ങ്ങളാക്കിയിട്ടാണ് കെട്ടുന്നതെങ്കില്‍ അല്പം ചരിച്ചു (ഡയഗണല്‍ ആയി) ചുരുട്ടിയാല്‍ അറ്റങ്ങളില്‍ കട്ടി കുറഞ്ഞും കെട്ട് വരുന്ന നടുഭാഗം അല്പം കട്ടി കൂടിയുമിരിക്കും.. ഇങ്ങനാവുമ്പോ കെട്ടിന് ഉറപ്പുണ്ടാവും.. കാണാന്‍ ഒരു ഭംഗിക്കൂടുതലും തോന്നും.. :-))

പിന്നെ ഈ കെട്ടു കൊണ്ട് തേങ്ങ വറുത്തരച്ച് കുടംപുളിയിട്ടു കറി വക്കുന്നത് ഏറ്റം രുചിയാണ്..

ബിന്ദു കെ പി said...

വിവരങ്ങൾക്ക് നന്ദി നീമാ....

Unknown said...

ചേമ്പിന്റെ തണ്ടാണ് ഞാൻ തോരൻ വെക്കുവാൻ എടുക്കുന്നത് 3 തവണ വെച്ചപ്പോഴും ചൊറിച്ചൽ ഉണ്ട്ടായിരുന്നില്ല. ഇപ്പോൾ വെച്ചപ്പോൾ തൊണ്ട ചൊറിയുന്നു. എന്താണെന്നറിയിയാനാണ് ഇവിടെ കയറിയത് ഇവിടെ ഇല മാത്രമേ പറയുന്നുള്ളൂ.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP