Wednesday, May 25, 2011

ചക്കയട

ചക്കവരട്ടി സ്റ്റോക്കുണ്ടെങ്കില്‍ അതുകൊണ്ട് പായസം മാത്രമല്ല, അടയുമുണ്ടാക്കാം. വരട്ടിയത് ഇല്ലെങ്കില്‍ കുറച്ചു ചക്കപ്പഴം വേവിച്ച് അരച്ച്, ഒന്നു വെള്ളം വറ്റിച്ചെടുത്ത് എളുപ്പത്തില്‍ അട ഉണ്ടാക്കുകയുമാവാം. പക്ഷെ, നന്നായി വരട്ടിവച്ചിരിക്കുന്ന ചക്കകൊണ്ട് അടയും പായസവുമൊക്കെ ഉണ്ടാക്കിയാലാണ് കൂടുതല്‍ സ്വാദെന്നാണ് ഞാന്‍ പറയുക.

അപ്പോ ശരി,  നമുക്ക് അടയുണ്ടാക്കാന്‍ തുടങ്ങാം:

ആവശ്യമുള്ള സാധനങ്ങള്‍:

  • ചക്കവരട്ടിയത് - അരക്കിലോ
  • അരിപ്പൊടി(പച്ചരിയുടെ)  - ഏകദേശം 300 ഗ്രാം കരുതിവയ്ക്കുക. (വറുത്ത പൊടി എടുക്കരുത്. ഫ്രെഷ് ആയ പൊടിയാണ് വേണ്ടത്).
  • ശര്‍ക്കര - കൃത്യമായ അളവ് പറയാന്‍ പറ്റില്ല. ചക്കവരട്ടി മധുരമുള്ളതാണ്. പോരാത്തതു മാത്രം ചേര്‍ത്താല്‍ മതിയാവും)
  • തേങ്ങ ചിരകിയത് - രണ്ടു പിടി
  • തേങ്ങാക്കൊത്ത് -ഒരു മുറിയുടെ പകുതിയുടേത്
  • ഏലയ്ക്കാപ്പൊടി - ഒരു സ്പൂണ്‍
  • ചുക്കുപൊടി - കാല്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:

ശര്‍ക്കര സ്വല്പം വെള്ളമൊഴിച്ച് ഉരുക്കി, അരിച്ചെടുത്ത്, ചക്കവരട്ടിയുമായി നന്നായി യോജിപ്പിക്കുക. മിക്സിയിലിട്ട് നന്നായി അടിച്ചെടുത്താല്‍ നല്ല മയം കിട്ടും. ഇതില്‍ അരിപ്പൊടി കുറേശ്ശേയായി ചേര്‍ത്ത് യോജിപ്പിക്കുക. മാവ് ഒന്നു കട്ടിയാവാന്‍ വേണ്ട അരിപ്പൊടി ചേര്‍ത്താല്‍ മതി. കൂടുതലായാല്‍ അട തീരെ  മയമില്ലാതെ കല്ലുപോലിരിക്കും.
ഇനി തേങ്ങ ചിരകിയതും തേങ്ങാക്കൊത്തും, ഏലയ്ക്കാപ്പൊടിയും, ചുക്കുപൊടിയും കൂടി ചേര്‍ത്താല്‍ അടയ്ക്കുള്ള മാവ് റെഡിയായി.
ചിത്രം നോക്കൂ.....

ഇനി അടയുണ്ടാക്കാം. ഇതിന് പലയിടത്തും പല രീതികളുണ്ട്. പ്ലാവിലയില്‍, കറുവയുടെ(വയണ/ഇടന/ഇലവര്‍ങം) ഇലയില്‍, വാഴയിലയില്‍ ഒക്കെയാണ് സാധാരണയായി അട ഉണ്ടാക്കുന്നത്. (കറുവയിലയില്‍ ഉണ്ടാക്കുന്ന അടയ്ക്ക് കറുവാപ്പട്ടയുടെ  നേരിയ രുചിയും മണവും ഉണ്ടാവും. അത് ഇഷ്ടമുള്ളവര്‍ മാത്രം അതില്‍ ഉണ്ടാക്കിയാല്‍ മതി).  ഇനി, വേറെ ഏതെങ്കിലും ഇല ഉപയോഗിക്കുമോ എന്നെനിക്കറിയില്ല.

അടയ്ക്ക് പ്ലാവില ഉപയോഗിക്കുന്ന രീതിയാണ് താഴെ കാണുന്നത്. കുറച്ചു മാവ് ഇലയുടെ നടുക്ക് വച്ച്, ഞെട്ടുഭാഗം മടക്കി, ഞെട്ട് ഇലയിലൂടെ കോര്‍ത്ത്  “ലോക്ക്” ചെയ്യുക.

ഇതേരീതി തന്നെയാണ് കറുവയില ഉപയോഗിക്കുമ്പോഴും. പ്ലാവിലയില്‍ തയ്യാറാക്കിയ മാവും കറുവയിലയില്‍ തയ്യാറാക്കിയ മാവും യഥാക്രമം താഴെയുള്ള ചിത്രത്തില്‍ കാണാം:
ഇനി അടുത്തരീതിയാണ് സര്‍വ്വസാധാരണമായത്. അതായത് മാവ് വാഴയിലയില്‍ പൊതിയുന്ന രീതി. (എന്റെ ഭര്‍തൃഗൃഹത്തില്‍ “ചക്കപ്പൊതി” എന്നാണ് ഈ അടയ്ക്ക് പറയുന്നത്). ഇലക്കഷ്ണങ്ങള്‍ ഒന്നു വാട്ടിയെടുത്തശേഷം കുറച്ചു മാവ് നടുക്കു വച്ച്  സാധാരണ കടലാസുപൊതിയുന്നപോലെ പൊതിയുക. ഒരുപാട് വലുപ്പം വേണ്ട. ചെറിയചെറിയ പൊതികളാണ് നല്ലത്.

മേല്‍പ്പറഞ്ഞ രീതികളില്‍ ഏതാണ് ഇഷ്ടമായതെന്നു വച്ചാല്‍ അത് ചെയ്യുക. എന്നിട്ട് പ്രഷര്‍കുക്കറിലോ ഇഡ്ഡലിപ്പാത്രത്തിലോ നിരത്തിവച്ച് വേവിച്ചെടുക്കുക,കഴിക്കുക. അത്രതന്ന!
നല്ലോണം ചൂടാറിയിട്ട് കഴിച്ചാല്‍ മതീട്ടോ....അതാണ് കൂടുതല്‍ സ്വാദ്.

ഇത് കറുവയിലയില്‍ ഉണ്ടാക്കിയത്:

ഇത് പ്ലാവിലയില്‍ ഉണ്ടാക്കിയത്:

ഇത് വാഴയിലയില്‍ ഉണ്ടാക്കിയത്:

13 പേർ അഭിപ്രായമറിയിച്ചു:

ponmalakkaran | പൊന്മളക്കാരന്‍ said...

കറുവയിലയിലുള്ളവന് ഒന്നാം റാങ്ക്..........

പഥികൻ said...

very nice pics !

yousufpa said...

ചുണ്ടുകളെ ചെണ്ട കൊട്ടിച്ചു.

Mélange said...

karukayilayil mathre njangal undaakkumaayirunnullu.pinne chakkappothiye kurichu munpu kettitundu.ippo kandu.Kothi..ugran.njan karukayila kanda kaalam marannu.orthorthu kothikkarundu.nice clicks as always !

Naushu said...

ചിത്രങ്ങള്‍ കണ്ടു ആശ തീര്‍ക്കാം ...

Manoraj said...

ഇന്നലെ ചക്കയട തിന്നല്ലോ.. അത് പരുത്തിയിലയിലാട്ടോ ഉണ്ടാക്കിയത്. മാത്രമല്ല, അത് വീട്ടില്‍ അട പുഴുങ്ങുന്നതിനു പകരം വറവ് ചട്ടിയില്‍ ഇട്ട് വറത്തെടുക്കുക എന്ന് പറയില്ലേ അതായിരുന്നു ചെയ്തത് :)

ആവനാഴി said...

വളരെ നല്ല പോസ്റ്റ്. പലർക്കും ഉപകാരപ്രദമാണു.
വ്വളരെക്കാലമായി ചക്കയട കഴിച്ചിട്ട്; ഒരു മുപ്പതു കൊല്ലം.

പണ്ടു നാട്ടിൽ ആയിരുന്നപ്പോൾ വഴനയിലയിൽ ചക്കയട ഉണ്ടാക്കുമായിരുന്നു. അതിനൊരു പ്രത്യേക മണമാണു.

ചിത്രങ്ങൾ മനോഹരമായിരിക്കുന്നു.

ശ്രീക്കുട്ടന്‍ said...

ദേ മനുഷ്യനെ കൊതിപ്പിക്കുന്നതിനും ഒരു പരിധിയുണ്ട്.ചുമ്മാതെ ഒള്ള പടങ്ങളൊക്കെ കൊടുത്ത്....വായിലാണെങ്കില്‍ വെള്ളമൊക്കെയൂറി...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ippol chakkayude time alle ? chakka kondulla pala items thinnu maduthu. ini ithum koodi onnu nokkam, entha ?

Cartoonist said...

താഴെ നിന്ന്‍ മൂന്നാമത്തെ ഇലയില്‍ ചവുട്ടി ഞാന്‍ ബോധം കേട്ട് വീണു.
ആരാണീ ഫോട്ടോഗ്രാഫര്‍ ?

Mélange said...

Bindu,pindi vibhavam onnum kandillallo ? Will you post some ? pindi-payar thoran,vazhamaangu thoran okke kazhicha kaalam marannu.kothiyayittato.just a request.

ശ്രീലാല്‍ said...

ചക്കയടയിലേക്ക് എടുത്തു ചാടാനുള്ള ശക്തമായ ഉൾവിളി. :) ചുക്കുപൊടി നിർബന്ധമാണോ ?

ബിന്ദു കെ പി said...

ശ്രീലാൽ: ആദ്യം പായസം. പിന്നെ മതി അട :)
ചുക്കുപൊടി നിർബന്ധമൊന്നുമില്ല. ഏലക്കാപ്പൊടി മാത്രമായാലും മതി.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP