Friday, April 29, 2011

ചക്ക മെഴുക്കുപുരട്ടി

പച്ചച്ചക്കകൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവം. പണ്ട് ചക്കസീസണില്‍ ഞങ്ങളുടെ സ്ഥിരം നാലുമണിപ്പലഹാരമായിരുന്നു ഇത്.
ആവശ്യമുള്ള സാധനങ്ങള്‍:
  • ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് നീളത്തില്‍ നുറുക്കിയത് - ആവശ്യത്തിന് (ചെറുതായി മധുരം വച്ചു തുടങ്ങിയ ചക്കയും ആവാം. പുളി വച്ച ചക്ക എന്ന് ഞങ്ങള്‍ ഇതിനു പറയും).
  • തേങ്ങ ചിരകിയത്
  • മഞ്ഞള്‍പ്പൊടി, മുളകുപൊടി
  • പാകത്തിന് ഉപ്പ്
  • വറുത്തിടാനുള്ള കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ.


ഉണ്ടാക്കുന്ന വിധം:
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും ഇട്ടിളക്കുക. കടുക് പൊട്ടിയാല്‍ ചക്കക്കഷ്ണങ്ങള്‍ ഇട്ട് പാകത്തിന് ഉപ്പും ലേശം മഞ്ഞള്‍പ്പൊടിയും എരിവിനാവശ്യമായ മുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ലേശം വെള്ളവുമൊഴിച്ച് ചെറുതീയില്‍ അടച്ചു വേവിക്കുക. വെള്ളം അധികമായാല്‍ കുഴഞ്ഞുപോകും.

വെന്ത് വെള്ളം വറ്റിയാല്‍ തേങ്ങ ചിരകിയത് ചേര്‍ത്തിളക്കുക. ഇത്രേയുള്ളു. വാങ്ങാന്‍ ധൃതി പിടിക്കേണ്ട. ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൂടി ഒഴിച്ച് ചെറുതീയില്‍ ഒരു പത്തുപതിനഞ്ചു മിനിട്ടു  കൂടി വയ്ക്കുക. ഇനി വാങ്ങാം.
ചക്ക മെഴുക്കുപുരട്ടി റെഡി! (ഞങ്ങളുടെ വീട്ടില്‍ ഉണ്ടാക്കുന്ന രീതി അതേപടി എഴുതിയെന്നേയുള്ളു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉള്ളി/വെളുത്തുള്ളി/ഇഞ്ചി/പച്ചമുളക് മുതലായവ ചേര്‍ത്ത്  പുതുമ വരുത്തുകയും ആവാം).

11 പേർ അഭിപ്രായമറിയിച്ചു:

ശാന്ത കാവുമ്പായി said...

ഏതാണ്ടിതുപോലെതന്നെ അമ്മ വെക്കാറ്.ഒരു വ്യത്യാസം വേവിച്ചതിനുശേഷം വറുത്തിടും എന്നതാണ്.

ശ്രീ said...

ഇടയ്ക്കൊക്കെ വീട്ടിലും ഉണ്ടാക്കാറുള്ളത് ഏതാണ്ടിങ്ങനെ തന്നെ ആണെന്ന് തോന്നുന്നു

Kalavallabhan said...

സീസണനുസരിച്ചാണല്ലോ വിഭവങ്ങൾ

കുഞ്ഞൂസ് (Kunjuss) said...

എന്റെ അമ്മയും ഏതാണ്ടിത് പോലെയൊക്കെയാ ഉണ്ടാക്കുന്നത് ബിന്ദൂ, ഉള്ളിയും പച്ചമുളകും വേപ്പിലയും ഒന്നു ചതച്ച്, തേങ്ങാപ്പീരയുടെ കൂടെ ഇടും, എന്നിട്ട് വെളിച്ചയും ഒഴിച്ച് കുറെ നേരം അടച്ചു വെച്ചിട്ടാ എടുക്കുക...

കാനഡയില്‍ എവിടെയും ഇതുവരെ പച്ചച്ചക്ക കണ്ടില്ല...ഹും, കൊതിപ്പിച്ചു ഈ റെസിപ്പി, കഴിക്കാനും യോഗം വേണം ല്ലോ...

sadu സാധു said...

പച്ചകുരുമുളക് ചതച്ചിട്ടും കാന്താരി അരച്ചു ചേർത്തു ഉപയോഗിക്കുന്നത്തു ഞാൻ സുൽത്താൻബത്തേരിയിൽ വച്ച കഴിച്ചിട്ടുണ്ട്. അവിടുത്തേ തണുപ്പിൽ കട്ടൻ കാപ്പിയും ചക്കയും കിട്ടിയപ്പോൾ ഒരു വലിയ ആശ്വാസമായിരുന്നു.

രഘുനാഥന്‍ said...

ഓ ...എനിക്ക് വയ്യ...ഇനി ഇതും ഉണ്ടാക്കണമല്ലോ?
(ആന്ത്രവായൂന്റെ കോപം അസാരം
ണ്ട്ട്ടോ...എന്നാലും വേണ്ടില്ല്യ ...ണ്ടാക്കീട്ട് തന്നെ ബാക്കി കാര്യം.. )

RK said...

ചക്ക പഴുത്തത് മാത്രമേ ഇഷ്ടമുള്ളൂ .എന്നാലും കുറിപ്പ് വിത്ത്‌ ചിത്രം നന്നായി .
ഓഫ് :
നാട്ടിന്‍ പുറത്തു സീസണ്‍ ആയാല്‍ രാവിലെ മുതല്‍ രാത്രി വരെ ഉള്ള ഭക്ഷണം ചക്ക കൊണ്ട് ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് .അങ്ങനെ നാട്ടിന്‍ പുറത്തെ ഭാര്യ വീട്ടില്‍ പോയ ഒരു നഗര വാസി ചക്ക തിന്നു മടുത്തപ്പോള്‍ തലയണക്ക് പകരം ചക്കയാണേല്‍ മുള്ള് ചെത്തിയിട്ടു തരണം എന്ന് പറഞ്ഞുവത്രേ .

Anil cheleri kumaran said...

ഇതൊക്കെ കണ്ട് കൊതിക്കൽ തന്നെ. :(

Mélange said...

Bindu,innu njan ee recipe post cheyuthu.undakkiyittu theernathu arinjilla.appo bookmarked eventsil ayachu.ithinte link vachitundu ketto.Thanks.

Muraligeetham said...

nice preparation...loved all your recipes..following you!

rajee said...

Hi

I am from nagercoil.I love to cook Kerala recipes. I can kind of read Malayalam. I love to follow your Blog. Nice recipe's


Rajee.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP