Wednesday, April 13, 2011

ചക്ക വരട്ടിയത്

ചക്കപ്പഴം ധാരാളമുണ്ടെങ്കില്‍ എന്തു ചെയ്യും? എത്രയാന്നു വച്ചാ  തിന്നുക...അല്ലേ..? ബാക്കിയുള്ളത് വെറുതേ പാഴാക്കിക്കളയാതെ വരട്ടിവച്ചാല്‍ നല്ലതാണ് കേട്ടോ. കുറച്ചു മിനക്കെടണമെന്നു മാത്രം. പിന്നീട് ഇതുകൊണ്ട് അട, അപ്പം, പായസം ഒക്കെ ഉണ്ടാക്കാം. തേങ്ങ കൂട്ടി വെറുതെ തിന്നുകയും ആവാം. ചക്കപ്പഴം തിന്നാന്‍ അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് ചിലപ്പോള്‍ വരട്ടിയത് ഇഷ്ടമാവാറുമുണ്ട്. ഇനി... ഇതു രണ്ടും ഇഷ്ടമല്ലെങ്കില്‍ പിന്നെ ഞാനൊന്നും പറഞ്ഞിട്ടുമില്ല, നിങ്ങളൊന്നും കേട്ടിട്ടുമില്ല....

ഇവിടെ ചക്ക ഇക്കൊല്ലവും പതിവുതെറ്റാതെ സുലഭമായി ഉണ്ടായിട്ടുണ്ട്. കയ്യെത്തും ദൂരത്തായി നിന്നിരുന്ന ഒരു ചക്ക പഴുത്തു പാകമായെന്നു കാണിച്ചു തന്നത് കാക്കയാണ്. പിന്നെ താമസിച്ചില്ല, അമ്മയും ഞാനും കൂടി ചക്കയെ താഴെയിറക്കി നിര്‍ദ്ദയം തലങ്ങും വിലങ്ങും  വെട്ടി.....

....തുണ്ടം തുണ്ടമാക്കി...പിച്ചിപ്പറിച്ച്......   

കുനുകുനാന്ന് നുറുക്കി...അരച്ചരച്ച്....അടുപ്പത്തുവച്ച്...... ഹോ, ഒന്നും  പറയേണ്ട..... കൊടും‌പാതകമായിപ്പോയി... 


സംഭവം ഒന്നു കൂടി വിശദമായി പറയാം:

ആവശ്യമുള്ള സാധനങ്ങള്‍:
  • പഴുത്ത ചക്ക - (ഇടത്തരം വലുപ്പമുള്ളത്) ഒന്ന്
  • ശര്‍ക്കര - അരക്കിലോ.
  • നെയ്യ് - 75-100 ഗ്രാം.
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് വൃത്തിയാക്കി, ചെറുതായി നുറുക്കിയെടുത്തശേഷം കുക്കറിലാക്കി വെള്ളമൊഴിച്ച് (വെള്ളം വളരെ കുറച്ച് ഒഴിച്ചാല്‍ മതി) നല്ല മയത്തില്‍ വേവിക്കുക. ഇത് മിക്സിയിലിട്ട്  നന്നായി അരച്ചെടുക്കുക. (ഇത് എളുപ്പപ്പണിയാണ്. പണ്ടത്തെ രീതി ഇങ്ങനെയല്ല കേട്ടോ.  ചക്ക വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് വേവിച്ച്...കയ്യിലുകൊണ്ട് ഉടച്ചെടുത്ത്...അങ്ങനെയൊക്കെയാണ് പഴയ രീതി. ഇത് ഒരുപാട് സമയമെടുക്കുന്ന പരിപാടിയാണ്).

ഇനി വേണ്ടത് ഉരുളിപോലുള്ള നല്ല കട്ടിയുള്ള പാത്രമാണ്. ഉരുളിതന്നെയാണ്  ഏറ്റവും അനുയോജ്യം. ശര്‍ക്കര കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. ചക്കപ്പഴം അരച്ചതും ശര്‍ക്കരപ്പാനിയും കൂടി ഉരുളിയിലാക്കി അടുപ്പത്തു വയ്ക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അടി കരിയാതെ ശ്രദ്ധിക്കണം.ഇവിടെയാണ് ഉരുളി ഉപയോഗിച്ചാലുള്ള ഗുണം. മറ്റേതെങ്കിലും പാത്രമാണെങ്കില്‍ അടുപ്പിനടുത്തുനിന്ന് മാറാതെ തുടര്‍ച്ചയായി ഇളക്കേണ്ടിവരും.  ഉരുളിയാണെങ്കില്‍ ഇടയ്ക്കൊന്ന് നന്നായി ഇളക്കിക്കൊടുത്താല്‍ മതി. കരിഞ്ഞുപിടിക്കില്ല.

ക്രമേണ ചക്കയിലെ വെള്ളം വറ്റാന്‍ തുടങ്ങും. നെയ്യ് കുറേശ്ശെയായി പല തവണകളായി ചേര്‍ത്തുകൊടുക്കണം.

ദാ, നോക്കൂ...ചക്കവരട്ടി പാകമാവാറായി. മഞ്ഞനിറം മാറി ബ്രൗണ്‍ നിറമായതു കണ്ടോ:

ദാ, ഈ പാകമായാല്‍ വരട്ടല്‍ നിറുത്താം. എങ്കിലും, വെള്ളം പൂര്‍ണ്ണമായി വറ്റാത്ത പരുവമായതുകൊണ്ട് ഈ ഘട്ടത്തില്‍ വാങ്ങുന്ന ചക്കവരട്ടി ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടിവരും. അല്ലെങ്കില്‍ കേടാവും.

മേല്പറഞ്ഞ പാകത്തില്‍ വാങ്ങിയെടുത്ത ചക്കവരട്ടിയാണിത്:
ദാ, ഇതുകണ്ടോ....ചക്കവരട്ടി ഉണ്ടാക്കിയ ഉരുളിയുടെ അടിയിലെ ‘പറ്റിപ്പിടിക്കലുകള്‍‘ ചുരണ്ടിയെടുത്തതാണ്. കറുകറാന്ന് കറുത്ത്, ഏതാണ്ട് ടാറുപോലെ ഇരിക്കുന്ന ഇത്  ചെറിയ ഉരുളകളാക്കി, ചോക്കലേറ്റ് പോലെ വായിലിട്ട് നുണയാറുണ്ടായിരുന്നു   ഞങ്ങള്‍ കുട്ടിക്കാലത്ത്. നല്ല സ്വാദാണ് ഈ “ചോക്കലേറ്റിന്”.
ഇനി, വരട്ടുന്നത്  പിന്നെയും കുറേനേരം കൂടി  തുടരുകയാണെങ്കില്‍ ചക്കയിലെ വെള്ളം മുഴുവനായി വറ്റി, ചക്കവരട്ടി ഒരു പന്തുപോലെ ഉരുണ്ടുവരും. ഈ ഘട്ടം വരെ എത്താന്‍ നല്ല ബുദ്ധിമുട്ടുതന്നെയാണ് കേട്ടോ. പക്ഷേ ഒരു ഗുണമുള്ളത് , ഇത് ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും കേടാവില്ലെന്നുള്ളതാണ്. നല്ല അടപ്പുള്ള ഒരു  പാത്രത്തിലാക്കി നന്നായി അടച്ചുവച്ചാല്‍ മതി. ഒരു വാഴയില വാട്ടിയെടുത്ത്  നെയ്മയം പുരട്ടിയശേഷം “പന്ത്” ഈ ഇലയില്‍ പൊതിഞ്ഞിട്ടാണ് പാത്രത്തിലാക്കുക.ഒരു കേടും വരില്ല. പണ്ട് ഫ്രിഡ്ജൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഇങ്ങനെയാണ് ചക്കവരട്ടി സൂക്ഷിച്ചിരുന്നത്.

31 പേർ അഭിപ്രായമറിയിച്ചു:

siya said...

ചക്ക വരട്ടിയും/ചക്ക പഴവും ഫോട്ടോസ് കലക്കി!!!

എന്റെ ഒരു ചങ്ങാതി അത് വച്ച് ചക്ക പായസം ഉണ്ടാക്കും .അമ്മ നാട്ടില്‍ നിന്നും കൊടുത്തു വിടുന്ന ചക്ക വരട്ടി കുറച്ചു എടുത്തു പായസം ഉണ്ടാക്കും ..

രഘുനാഥന്‍ said...

ഞാന്‍ ഇനി ഈ ബ്ലോഗിലേയ്ക്ക്‌ വരുന്നില്ല..വെറുതെ മനുഷ്യനെ കൊതിപ്പിക്കാനായിട്ടു ഓരോ വിഭവങ്ങള്‍ ഉണ്ടാക്കി വച്ചിരിക്കുകയല്ലേ?
:)

Manoraj said...

മനുഷ്യനെ ബേജാറാക്കാന്‍ ഇറങ്ങിപൊറപ്പേട്ടെര്‍ക്കേണോ ബിന്ദുവേച്ചി. ചക്ക വരട്ടിയത് കിടിലന്‍. പക്ഷെ ഞാന്‍ മിണ്ടൂല്ല.. ഇത് എനിക്ക് ഉണ്ടാക്കിതരാതെ ഞാന്‍ മിണ്ടൂല്ല..

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്നെ കൊതിപ്പിക്കാന്‍ പറ്റില്ല..
നാട്ടില്‍ പോയി..ചക്കപ്പഴം ആവോളം തിന്നു.
ചക്ക വരട്ടി..ചക്കയപ്പം(ഇടനയിലയപ്പം) തിന്നു.
മാവിലെ മാങ്ങാ പറിച്ചു. മാങ്ങാപ്പഴ പുളിശ്ശേരി കഴിച്ചു..ഹി.ഹി..

Cartoonist said...

ബിന്ദു നാട്ടിലുണ്ടോ ?
എങ്ങന്യാ, വീട്ടിലെ ചക്ക വരട്ടിത്തരുന്നോ, അതോ ഞങ്ങള് ചക്കേംകൊണ്ട് വരണോ ?

ഉച്ചയ്ക്ക് പന്ത്രണ്ട്രയ്ക്കും ഒന്നരയ്ക്കും എടേല് വര്വല്ലേ നല്ലത് ?

പകര്‍ച്ച കൊണ്ടുവരാന്‍ കലത്തേക്കാള്‍ സൌകര്യം ചോറുമ്പാത്രല്ലേ ?

ഉത്തരം കിട്ടണവരെ ഞാന്‍ മരത്തില് തൊങ്ങിക്കെടക്ക്ണ്ടാവും.

ബിന്ദു കെ പി said...

ഹ..ഹ..ഞാൻ നാട്ടിൽതന്നെയുണ്ട് സജ്ജീവേട്ടാ...
നേരത്തേ കാലത്തേ പോന്നോളൂ.... ചക്ക വേണ്ട...ചെമ്പും ചോറുമ്പാത്രവും കരുതിക്കോളൂ...പായസം ചെമ്പിലാക്കാം. ന്താ?

sarala said...

chakka murichu vechathu kandittu athu nalayi murichu chakirithuppu kondu mulanjoppi adukkala muttathirunnu thinnan thonnunnu..!

ശ്രീലാല്‍ said...

അനുഗ്രഹിക്കണം :)

തൃശ്ശൂരു നിന്നും ഒരു ചക്ക എത്തിയിട്ടുണ്ട്. ഈ പോസ്റ്റും ചക്കപ്പായസത്തിന്റെ പോസ്റ്റും വായിച്ചിട്ടുള്ള ഒറ്റ ആവേശത്തിൽ ഈയുള്ളവൻ കച്ചമുറുക്കുകയാണ്. നാളെ ഉച്ച ഉച്ചരയോടെ അടുക്കളയിൽ നിന്ന് ഒരു ഹർഷാരവം ഉയരുമെന്നു പ്രതീക്ഷിക്കുന്നു.

സജ്ജീവേട്ടാ, ഉച്ചയ്ക്ക് പന്ത്രണ്ട്രയ്ക്കും ഒന്നരയ്ക്കും എടേല് ഇവ്ടെ എത്തി ഒന്ന് ടേസ്റ്റ് നോക്ക്വോ ?

ബിന്ദു കെ പി said...

ശ്രീലാൽ: പരീക്ഷണഫലം അറിയാൻ ഞാനിവിടെ ആക്രാന്തത്തോടെ കാത്തിരിക്കുന്നു....

വിജയശ്രീ ഭവ! :)

ശ്രീലാല്‍ said...

ലേറ്റസ്റ്റ് അപ്ഡേറ്റ് : ചക്ക മുറിച്ചിരിക്കുന്നു.. മാദകഗന്ധം ആകെ പരന്നിരിക്കുന്നു. തൊട്ടടുത്ത വീടുകളിൽ നിന്നുള്ള "ഉയീ.........ശ്ശ്ശ്ശ്" വിളികളലാൽ അന്തരീക്ഷം മുഖരിതമാണ്... "ഇതു നമുക്ക് ഇപ്പൊ തന്നെ തിന്നു തീർക്കാം.. പ്ലീസ്.." എന്ന ഭാര്യയുടെ പ്രലോഭനങ്ങളിൽ പെട്ട് വഞ്ചി ആടിയുലയുന്നു.. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ ...

ശ്രീലാല്‍ said...

മുന്നോട്ട് തന്നെ. !!..

അപ്ഡേറ്റ് കമന്റിടാൻ വന്ന ഒഴിവിൽ ആറേഴ് ചുള മോഷണം പോയിരിക്കുന്നു. മൊത്തത്തിൽ അളവ് കുറഞ്ഞതിൽ ഞാൻ ആശങ്കാകുലനാണ്..

ബിന്ദു കെ പി said...

ശ്രീലാലേ, പ്രലോഭനങ്ങൾക്ക് വശംവദനാവാതെ മുന്നോട്ടങ്ങനെ മുന്നോട്ട്.....

ശ്രീലാല്‍ said...

ചക്ക അടുപ്പത്ത് കയറിയിരിക്കുന്നു. വേവാകാൻ എത്ര വിസിൽ വേണം ? (ക്വാണ്ടിറ്റി കുറവാണ് - അരക്കുക്കറിൽ ലേശം കുറവ്)
ശർക്കര എത്ര വേണം ?
അർജന്റ് .. അർജ്ജന്റ്.. :)

ബിന്ദു കെ പി said...

അധികം നേരമൊന്നും വേണ്ട...രണ്ടോ മൂന്നോ വിസിൽ മതി

ശ്രീലാല്‍ said...

ഭയങ്കരമായി തുള്ളുന്നു.. കണ്ട്രോൾ ചെയ്യാൻ പാടുപെടുന്നു. കുറച്ചു വെള്ളം കൂടുതലായിപ്പോയോ എന്ന ആശങ്ക പരന്നിട്ടുണ്ട്. കട്ടിയുള്ള ചീനച്ചട്ടിയിലാണ് സംഭവം ഇപ്പോൾ . ഉരുളിയില്ലാത്തതിനാൽ ഉരുട്ടി ഉരുളയാകും വരെ കാക്കണ്ട എന്ന തീരുമാനിച്ചു. ഇളക്കി ഇളക്കി കൈയുടെ ഊപ്പാട് ഇളകുന്നതായും അനുഭവപ്പെടുന്നു.. കാത്തോൾണേ ഈശരാ..

ബിന്ദു കെ പി said...

ഹ..ഹ.. ആരാ, തുള്ളുന്നേ..? ശ്രീലാലോ ഭാര്യയോ..?
വെള്ളം കുറച്ചേ ഒഴിക്കാവൂ എന്ന് പറഞ്ഞതല്ലേ...? സാരമില്ല...തീ കുറച്ചു വയ്ക്കണം. അപ്പോ തുള്ളലിന് കുറവുണ്ടാവും. ഇപ്പോത്തന്നെ പായസം ഉണ്ടാക്കാനല്ലേ..അപ്പോ അധികം ഇട്ടുരുട്ടാനൊന്നും നിക്കേണ്ടാ..വെള്ളം വറ്റിയാൽ നേരെ പായസപ്പണിയിലേക്ക് കടക്കാം...

ശ്രീലാല്‍ said...

ഹാ !!!!! സംഭവം റെഡി .. സൂപ്പർ ടേസ്റ്റ് .. എന്ത് ചെയ്യണം എന്നറിയാതെ തെക്കും വടക്കും നടക്കുന്നു.. ടേസ്റ്റ് നോക്കി ടേസ്റ്റ് നോക്കി ഇന്ന് ഉച്ചയ്ക്ക് ഊണുവേണ്ട എന്ന തീരുമാനത്തോട് അടുക്കുന്നു...

ചക്കപ്രഥമൻ നാളെ വെക്കാൻ മന്ത്രിസഭാ തീരുമാനമായി. ഞാൻ തന്നെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അമ്മ അന്ധാളിപ്പ് രേഖപ്പെടുത്തി . ബ്യൂട്ടിഫുൾ ഡേ ! അടുക്കളത്തളത്തിനു ഒരു സാഷ്ടാംഗം.. . ഫോട്ടോസ് ഉടൻ വരുന്നു.
ഈ സജ്ജീവേട്ടനെവിടെപോയിക്കിടക്കുന്നു...?

വന്ദനം ഗുരുക്കന്മാരേ...:)

ബിന്ദു കെ പി said...

ഹോ, സമാധാനമായി! നിങ്ങളുടെ വെപ്രാളം കണ്ട് ഞാനും കുറച്ചു ടെൻഷനടിച്ചു :)

അപ്പോ പായസം ഇന്നില്ല അല്ലേ...? ഓക്കെ. നാളെ മതി. അതിനുള്ള ചക്കവരട്ടി മാറ്റിവച്ചിട്ടുമതി ഇനിയുള്ള ടേസ്റ്റ് നോക്കൽ :)

ശ്രീലാല്‍ said...

കഷ്ടപ്പെട്ട് പിടിച്ചു നിൽക്കുന്നു. പ്രഥമൻ നാളെ ഇതേ വേദിയിൽ അരങ്ങേറുന്നതാണ്.. :)
നന്ദി എ ലോട്ട് ! പ്രത്യേകിച്ച് ഓൺലൈൻ സപ്പോർട്ട് തന്നതിന് .. :)

ശ്രീലാല്‍ said...

https://picasaweb.google.com/lh/photo/X3dKl3moDMaKnKW2Z3Xv3Q?feat=directlink

:)

ബിന്ദു കെ പി said...

ഫോട്ടോസ് കലക്കി...ആ അടയുടെ ഒരു കഷ്ണം കൂടി കിട്ടിയിരുന്നെങ്കിൽ.... :)

അല്ല, അപ്പോ ഭാര്യേം ഭർത്താവും കൂടി പായസപ്പരിപാടി വേണ്ടെന്നുവച്ചോ...?

ശ്രീലാല്‍ said...

:) ഇവിടെ അടുത്തെങ്ങാനും മറ്റോ ആയിരുന്നെങ്കിൽ ഞാൻ കൊണ്ടുവന്നു തരുമായിരുന്നു. ഇത് രക്ഷയില്ലല്ലോ .. :)

ഇന്നലെ മുഴുവൻ മധുരത്തിൽ ആറാടിയതിലാലും ഇന്ന് രാവിലെ മുതൽ വരട്ടിയത് തോണ്ടിത്തിന്നു തുടങ്ങിയതിനാലും പായസം ഇന്ന് വേണ്ടാന്ന് വച്ചു. അടുത്ത ശനിയാഴ്ച വല്ലതും ബാക്കിയുണ്ടെങ്കിൽ പായസം ഉണ്ടാക്കാമെന്ന് കരുതുന്നു :)

keerantoms said...

kollam...

keerantoms said...

Kollam...

keerantoms said...

ചക്ക വരട്ടിയതു കലക്കി...

keerantoms said...

ചക്ക വരട്ടിയതു കലക്കി...
ഇന്നുതന്നെ പാചകം ചെയ്യണം

Jo जो جو ജോ said...

കൊതിപ്പിക്കുന്ന വിഭവം

Unknown said...

ചേച്ചീ ചമ്മന്തിപ്പൊടി റെസിപ്പി കളഞ്ഞോ? ഒരിക്കല്‍ ഞാന്‍ ബ്ലോഗു വായിച് അമ്മയ്ക്ക് പറഞ്ഞുകൊടുത്തു ചമ്മന്തിപ്പൊടി ഉണ്ടാക്കിച്ചിരുന്നു. അരണ ബുദ്ധി കാരണം അമ്മ അതിന്റെ പ്രിപ്പ റേഷന്‍ എങ്ങനെയാന്ന് മറന്നുപോയി. ഒന്നൂടെ പറഞ്ഞു തന്നാല്‍ വല്യ ഉപകാരം ആകുമായിരുന്നു. അന്നുണ്ടാക്കുമ്പോ ഇത്തിരി കരിഞ്ഞും പോയി. അമ്മ ആളൊരു സ്ലോ ലേഡിയാ.

ബിന്ദു കെ പി said...

@tusker komban: ചമ്മന്തിപ്പൊടി റെസിപ്പി കളയേ? ഇല്ലല്ലോ...ദാ ഇവിടെ കിടപ്പുണ്ടല്ലൊ...
http://bindukp2.blogspot.in/2009/03/blog-post_09.html

Jose Arukatty said...

പോസ്റ്റുചെയ്തു വര്‍ഷങ്ങള്‍ക്കുശേഷമാണു ഞാനിതു കാണുന്നത്. ചക്കവരട്ടി കൊള്ളാട്ടോ. അല്പം ജോലികള്‍കൂടെ ചെയ്‌താല്‍ ഇതിനെ ചക്കപ്പായസമാക്കിയും മാറ്റാം.

Unknown said...

കലക്കി ഇനി ഒരു പരീക്ഷണം നടത്തട്ടെ

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP