Wednesday, July 28, 2010

വെണ്ടയ്ക്ക കിച്ചടി

വെണ്ടയ്ക്കയും തൈരും ചേർത്തുണ്ടാക്കുന്ന രുചികരമാ‍യ വിഭവം....

ആവശ്യമുള്ള സാധനങ്ങൾ
  • വെണ്ടയ്ക്ക - കാൽകിലോ
  • തേങ്ങ ചിരകിയത് - അര മുറി
  • പച്ചമുളക് - 7-8 എണ്ണം
  • തൈര് /കട്ടിയുള്ള മോര് - ആവശ്യത്തിന്
  • കടുക് - വറുത്തിടാനും തേങ്ങയിൽ ചേർത്തരക്കാനും ആവശ്യമുള്ളത്
  • മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്
  • മുളക്, കറിവേപ്പില, വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളത്

ഉണ്ടാക്കുന്ന വിധം:

വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തിൽ കനം കുറച്ചരിയുക. ഇതിൽ മൂന്നോ നാലോ പച്ചമുളകും മുറിച്ചിടുക.

തേങ്ങ, ഒരു സ്പൂൺ കടുകും 3-4 പച്ചമുളകും ചേർത്ത് നന്നായി അരച്ചുവയ്ക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും മുളകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ അരിഞ്ഞുവച്ചിരിക്കുന്ന വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. (വേണമെങ്കിൽ വെളിച്ചെണ്ണ കുറച്ചുകൂടി ഒഴിക്കാം). വെണ്ടയ്ക്കാ കഷ്ണങ്ങൾക്ക് ഒരു കുഴപ്പമുണ്ട്: ഭയങ്കര വഴുവഴുപ്പായിരിക്കും. വറുക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാംകൂടി ആകെ കുഴഞ്ഞ പരുവത്തിലാവും. ഓരോ സ്പൂൺ ഉപ്പും, തൈരും ചേർത്തിളക്കി വറുത്താൽ ഈ “നൂലാമാല” ഒഴിവാക്കാം.

ഏതാണ്ട് ഈ പരുവമായിരിക്കണം വറുത്ത ചേരുവകൾ:

ഇനി ഇതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് പാകത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തിളപ്പിക്കുക. കുറുകാൻ തുടങ്ങുമ്പോൾ തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. (തൈര് കുറേശ്ശെയായി ചേർത്ത് പാകത്തിനാക്കുകയാണ് നല്ലത്. പുളിപ്പ് കൂടിപ്പോകാതെ നോക്കണം). ഇനി തിളപ്പിക്കേണ്ടതില്ല. തൈര് പതഞ്ഞുവരാൻ തുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം.

ഇത്രേയുള്ളൂ വെണ്ടയ്ക്ക കിച്ചടിയുടെ കഥ...!


11 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

വെണ്ടയ്ക്കയും തൈരും ചേര്‍ത്തുണ്ടാക്കുന്ന രുചികരമാ‍യ വിഭവം....

ഹരീഷ് തൊടുപുഴ said...

പാവയ്ക്ക ചേർത്തും ഇങ്ങിനെ ഉണ്ടാക്കാറുണ്ട്..
കഴിഞ്ഞ ദിവസം ഇതായിരുന്നു സ്പെഷിയൽ..

girishvarma balussery... said...

വെണ്ടയ്ക്ക പച്ചടി എനിക്ക് വളരെ ഇഷ്ടം ആണ്. അതുണ്ടെങ്കില്‍ പിന്നെ ചോറിനു വേറൊന്നും വേണ്ട...

യൂനുസ് വെളളികുളങ്ങര said...

വെണ്ടയ്‌ക്ക വേണ്ടേ വേണ്ട


വെണ്ടയ്‌ക്ക പരമാവധി വര്‍ജിക്കുന്നതാണ്‌ നല്ലത്‌ കാരണം വെണ്ടയ്‌ക്കയില്‍ അടങ്ങിയ ചില ന്യൂട്ട്രിയന്‍സുകള്‍ മനുഷ്യ ശരീരത്തിലെ സ്‌കിനുകളെ ബാധിക്കുന്നതായി കാണുന്നു.

തുടര്‍ച്ചയായ ഉപയോഗം മുഖക്കുരു, മുഖത്ത്‌ ചിലപ്പോള്‍ ചര്‍മ്മം തടിക്കല്‍ എന്നിവ കാണുന്നു.

ബഷീർ said...

വെണ്ടയ്ക്കയെ എനിക്കിഷ്ടമാണ് :)

@യൂനുസ് ,
പറഞ്ഞ് പേടിപ്പിക്കല്ലേ..

Bindhu Unny said...

ഞാനിതിനെ പച്ചടീന്ന് വിളിക്കും. :)

jyo.mds said...

പാവക്കാ പച്ചടി ഉണ്ടാക്കാറുണ്ട്-ഇതൊന്ന് ഉണ്ടാക്കി നോക്കണം.

വാക്കേറുകള്‍ said...

ഉഷാറായ്ടുണ്ട്...എന്റെ ചേച്ച്യേ ഇമ്മാതിരി സംഗതികള്‍ ഒക്കെ തിന്നാല്‍ കൊളസ്ട്രോള്‍ വന്ന് കാലാവധിയാകുമ്പോളേക്കും കാലിയടിക്കും എന്ന് ഒരു മുന്നറിയിപ്പായി എഴുതിക്കൊ..
ഇല്ലേല്‍ സകല അവന്മാരും ഇതൊക്കെ ടെസ്റ്റ് ചെയ്തു ആസ്പത്രിക്കാര്‍ക്ക് കാശുണ്ടാക്കാന്‍ ഉള്ള വഴിയുണ്ടാക്കും....അന്യായ കാശാ ഇപ്പോള്‍ ആസ്പത്രിയില്‍ ഒക്കെ..

പാചകക്കുറിപ്പ് ഒക്കെ ഉഗ്രന്‍ ആയിട്ടുണ്ട്ട് ടാ

similathi said...

good recipe

Anonymous said...

ഈ വെണ്ടക്കാ കിച്ചടി അമ്മയുണ്ടാക്കാറുണ്ട്. മാത്രമല്ല, വെണ്ടക്കക്ക് പകരം പാവയ്ക്ക ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട്. ഇതു കൂടാതെ, വെള്ളരിക്കയിട്ടും അല്ലെങ്കില്‍ പപ്പായ (കപ്ലങ്ങ എന്ന് ഞങ്ങളുടെയടുത്ത് പറയും) ഇട്ടും കിച്ചടി വക്കാറുണ്ട്. പക്ഷെ അതിനെ പച്ചടി എന്നു പറയാറില്ല കേട്ടോ. വറുക്കാറില്ല എന്ന് മാത്രം. ചില സ്ഥലങ്ങളില്‍ ഇതിനെ പച്ചടി എന്നു വിളിക്കുന്നുണ്ടാവും. പൈനാപ്പിള്‍ കൊത്തിയരിഞ്ഞ് മുന്തിരിങ്ങയും ചേര്‍ത്ത് ഉണ്ടാക്കുന്ന മധുരമുള്ള കറിയെയാണ് പച്ചടി എന്ന് ഞങ്ങളുടെ അടുത്തൊക്കെ പറയുന്നത്. കല്ല്യാണങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവം. പച്ചടിയില്‍ തേങ്ങയും ജീരകവുമാണ് അരപ്പിന് കൂട്ട് എങ്കില്‍ കിച്ചടിയില്‍ തേങ്ങയും കടുകും.

Noushu said...

എനിക്കു വളരെ ഇഷ്ടമായി.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP