Thursday, March 29, 2012

ചൗവ്വരി ഉപ്പുമാവ് (Sabudana Khichdi)

ചൗവ്വരി നമ്മൾ കേരളീയർക്ക് അത്ര പഥ്യമുള്ള സാധനമല്ല. പക്ഷേ മഹാരാഷ്ട്രക്കാർക്ക് ഇതുകൊണ്ടുള്ള ഉപ്പുമാവ് ഏറെ പ്രിയപ്പെട്ട പ്രാതൽ വിഭവമാണ്. സാബുദാന കിച്ച്ഡി എന്നാണ് അവർ പറയുന്ന പേര്. നമുക്കും ഇത് പരീക്ഷിക്കാവുന്നതേയുള്ളു. ചൗവ്വരിയും വറുത്ത കപ്പലണ്ടിയും ഉരുളക്കിഴങ്ങുമാണ് ഇതിലെ പ്രധാന ചേരുവകൾ. ഇതെല്ലാം കൂടി ചേർന്ന് വളരെ രസകരമായ വിഭവമാണ് സാബുദാന കിച്ച്ഡി. നമുക്കൊന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങൾ:
 • ചൗവ്വരി - 100 ഗ്രാം
 • കപ്പലണ്ടി - 50 ഗ്രാം
 • ഇടത്തരം വലുപ്പമുള്ള ഉരുളക്കിഴങ്ങ് - 1
 • തേങ്ങ ചിരകിയത് - ഒരു പിടി
 • പഞ്ചസാര - അര ടീസ്പൂൺ
 • ചെറുനാരങ്ങാനീര് - 1-2 ടീസ്പൂൺ
 • പച്ചമുളക് -  ആവശ്യത്തിന് (ഏകദേശം 2 എണ്ണം)
 • ജീരകം - 1 ടീസ്പൂൺ
 • പാചകയെണ്ണ (വെളിച്ചെണ്ണ ഒഴിച്ചുള്ള ഏതും) - ആവശ്യത്തിന്
 • വറുത്തിടാനുള്ള കടുക്, കറിവേപ്പില
 • കുറച്ച് മല്ലിയില
ഉണ്ടാക്കുന്ന വിധം:

ചൗവ്വരി പാകത്തിന് കുതിർത്ത് തയ്യാറാക്കുക എന്നതാണ് ഇതിലെ സുപ്രധാനമായ കാര്യം.

ചൗവ്വരി പലതരത്തിലുണ്ട്. ഏറ്റവും നല്ലയിനമാണെങ്കിൽ കുതിർത്താൽ ഒട്ടും കുഴയാതെ ഇരിക്കും. ചിലതൊക്കെ വെള്ളത്തിലിടുമ്പോഴേക്കും ആകെ കലങ്ങിപ്പോകും. തീരെ ചെറിയ‌ഇനം ഒട്ടും അനുയോജ്യമല്ല. അത് ശ്രദ്ധിക്കണം. ചിലർ മൂന്നുമണിക്കൂറോളം വെള്ളത്തിലിടാറുണ്ട്. ചിലരാകട്ടെ, വെള്ളത്തിലിടുകയേ ഇല്ല. നന്നായി കഴുകിയെടുത്തശേഷം അഞ്ചാറുമണിക്കൂർ അടച്ചുവയ്ക്കുകയേ ഉള്ളു. ചുരുക്കിപ്പറഞ്ഞാൽ, നമുക്കു കിട്ടുന്ന ചൗവ്വരിയുടെ പ്രകൃതം നോക്കി യുക്തമായ രീതിയിൽ ചെയ്തെടുക്കുകയേ നിവൃത്തിയുള്ളു.  ഉണ്ടാക്കാൻ പുറപ്പെടുന്നതിനുമുമ്പ് ചൗവ്വരി ഒന്നോ രണ്ടോ സ്പൂൺ എടുത്ത് കുതിർത്തിനോക്കി ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.

ചൗവ്വരി നന്നായി കഴുകിയശേഷം വെള്ളത്തിലിടുക. നാട്ടിലും ഗൾഫിലുമൊക്കെ  കിട്ടുന്ന ചൗവ്വരി സാധാരണ ഗതിയിൽ 15 മിനിട്ട് അല്ലെങ്കിൽ മാക്സിമം അര മണിക്കൂർ ഇട്ടാൽ മതിയാവും. അതിനുശേഷം വെള്ളം നിശ്ശേഷം ഊറ്റിക്കളഞ്ഞ് ഒരു മണിക്കൂറോളം വയ്ക്കുക. നല്ലയിനം ചൗവ്വരിയാണെങ്കിൽ നന്നായി കുതിർന്ന്, എന്നാൽ ഒട്ടും കുഴയാതെ, നല്ല മുത്തുമണികൾ പോലെ ആയിട്ടുണ്ടാവും.
ഉരുളക്കിഴങ്ങ് പുഴുങ്ങി, തൊലികളഞ്ഞ്, കഷ്ണങ്ങളാക്കിവയ്ക്കുക.
കപ്പലണ്ടി വറുത്ത് തരുതരുപ്പായി പൊടിച്ചുവയ്ക്കുക. മിക്സിയിലിട്ട് ഒന്നു തിരിച്ചാൽ മതി.
ഒരു ഫ്രയിങ്ങ് പാനിൽ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും ഇട്ടിളക്കുക. കടുക് പൊട്ടിയാൽ ജീരകമിട്ട് മൂപ്പിക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ചേർത്തിളക്കുക. സ്വല്പം ഉപ്പ് ചേർക്കാം.
ഉരുളക്കിഴങ്ങ് മൊരിഞ്ഞുവരുമ്പോൾ തേങ്ങ ചേർക്കാം.
ഇനി തയ്യാറാക്കിവച്ചിരിക്കുന്ന ചൗവ്വരിയും കപ്പലണ്ടിപ്പൊടിയും ചേർക്കുക.
പഞ്ചസാരയും പോരാത്ത ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ഈ വിഭവത്തിൽ വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
മല്ലിയില അരിഞ്ഞതും ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. അതിനുശേഷം വാങ്ങാം.
ഇത്രേയുള്ളു! ചൂടോടെ കഴിക്കണം. തണുത്താൽ റബ്ബറുപോലെ ആയിപ്പോവും.

12 പേർ അഭിപ്രായമറിയിച്ചു:

MyDreams said...

:)

Mélange said...

ha,ithile prathanappetta karyam aa tips aanu.sathyathil palappozhum kuzhangippokarullathu kondu ee chowari prathaman undakkumpolallathe ippo upayogikkreyilla.lemme try Bindu..enthannu vachal bindu undakkunnathu kanumpol pachakam madhuramayoru anubhavam pole..simple and sweet !

റോസാപൂക്കള്‍ said...

ഇരിപ്പിടത്തിലൂടെ ആണ് ഇവിടെ എത്തിയത്.എത്ര നല്ല വിഭവങ്ങളാണ് ബിന്ദു ഇവിടെ വിളമ്പുന്നത്.കുറച്ചു വൈകിപ്പോയി എന്നാലും എനിക്കും വേണം ഇതെല്ലാം.

kochumol(കുങ്കുമം) said...

എന്തായാലും ബിന്ദുവിന്റെ വിഭവങ്ങള്‍ കഴിക്കാന്‍ ഞാനും ഉണ്ട് ട്ടോ ...:)

Heera said...

hey bindu.... on every tuesday most of the maharashtrians tiffins is sabudana khichdi.... u can make sabudana vadda also...... mumbaiyil varunnathinu mumbu njanithu payasathilittu mathrame kazhichittullu.... pics looks tempting

ശ്രീലാല്‍ said...

കൊള്ളാലോ,, ഈ സാബുവിനെ ആദ്യമായി പരിചയപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ഗുജറാത്തുകാരനായ സഹപ്ര. ഉണ്ടാക്കിക്കൊണ്ടുവന്നു. കിടിലൻ ടേസ്റ്റ്. റെസിപ്പി ചോദിച്ചപ്പൊ പുള്ളി മെയിലയച്ചത് ഇങ്ങനെ.

Ek pan mai 3-4 spoon oil le(according to sabubana),usme jeera ,hingh,hari mirch or khdhi patta dale,
ab usmai boile potatoes chopped, sabudana, smash peanuts, salt, suger, lemon, and red chili powder dale or achche se hilaye....aap che to usme thoda sa hra dhaniya or sath mai fast vala mixture mila sakte hai...khichdi or bhi tasty lagei

എനിക്കാണെങ്കിൽ ഹിന്ദിയിൽ വളരെ പരിജ്ഞാനമുള്ളതുകൊണ്ട് ഞാൻ അവനെ വിളിച്ച് ഇതിനെ മലയാളത്തിലാക്കാൻ ഇരിക്കുകയായിരുന്നു. ഇന്ന് ജോലികഴിഞ്ഞ് വരുമ്പോൾ അരക്കിലോ സാബുധാന്യത്തെ വാങ്ങിയിട്ടുണ്ടായിരുന്നു. എന്നിട്ടിപ്പോ അടുക്കളത്തളത്തിൽ വരുമ്പോ ദേ സംഭവം റെഡി.. കിടിലൻ ടൈമിങ്ങ് .. thnaks a lot ....

ഉടൻ പരീക്ഷിക്കുന്നു... പ്രതീക്ഷിപ്പിൻ :)

ബിന്ദു കെ പി said...

ശ്രീലാലേ, സാബുദാന എന്തു പരുവം ആയി? പരീക്ഷിച്ചൊ?

ശ്രീലാല്‍ said...

പാചകവിധി എഴുതിയെടുക്കുന്നു... നാളെയാണ്.. നാളെയാണ്... :)

ശ്രീലാല്‍ said...

വേവാൻ എത്ര സമയാമെടുക്കും ?
3 പേർക്കുള്ള ബ്രേക്ഫാസ്റ്റിനു എത്ര കപ്പു സാബു വേണം ?

ബിന്ദു കെ പി said...

അയ്യോ! ഇപ്പഴാ കമന്റ് കണ്ടത്. ഉണ്ടാക്കിക്കഴിഞ്ഞോ? ഒരു 200 ഗ്രാമൊക്കെ ഉണ്ടെങ്കിൽ മൂന്നു പേർക്ക് കഴിക്കാൻ ധാരാളമുണ്ടാവും.
പിന്നെ, നമ്മളിത് വെള്ളമൊഴിച്ച് വേവിക്കുന്നൊന്നുമില്ലല്ലോ...എല്ലാം കൂടി ചേർത്ത് ചെറുതീയിൽ ഒരു 10 മിനിട്ടൊ മറ്റോ അടച്ചുവയ്ക്കണം അത്രേയുള്ളു. ശരിയായ രീതിയിൽ കുതിർത്തി എടുക്കുക എന്നതാണ് ഇമ്പോർട്ടന്റ് സ്റ്റെപ്പ്.

ശ്രീലാല്‍ said...

യെസ്. യെസ്.. നന്നായിരുന്നു.. ആധികാരികമായി നുമ്മടെ ഗുജറാത്തി സുഹൃത്തിനെക്കൊണ്ട് തീറ്റിച്ച് ഫീഡ്ബാക്ക് വാങ്ങി. :)

എരിവു കുറവ്, ഉരുളക്കിഴങ്ങിന്റെ വലിപ്പം കൂടുതൽ ഇത്രയേ കുഴപ്പമുള്ളൂ... ലേശം മഞ്ഞൾപ്പൊടി കൂടി ഇടാൻ പറഞ്ഞു.

thank you !

ബിന്ദു കെ പി said...

ഹോ, സമാധാനമായി! :)
അവിടന്ന് പിന്നെ അനക്കമൊന്നുമില്ലാതായപ്പോൾ പണി പാളിയോന്ന് സംശയിച്ചു :)

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP